വെള്ളമടി പാളം തെറ്റുന്നോ?

തീവണ്ടിയില്‍ കയറുന്നത് പോയിട്ട് റെയില്‍വേ സ്‌റ്റേഷന്റെ പരിസരത്തെങ്ങാനുമെത്തിയാല്‍ തന്നെ പിടിച്ച് അകത്തിടും. ഇത്തിരി വെള്ളമടിച്ചെന്ന കുറ്റത്തിന് യാത്ര മുടങ്ങുമെന്ന് മാത്രമല്ല, 500 രൂപ പിഴയോ ആറ് മാസം തടവോ ഇവിടത്തെ പൗരന്മാര്‍ അനുഭവിയ്‌ക്കേണ്ടി വരുമെന്നും റെയില്‍വെയിലെ മേലാളന്മാരുടെ തിട്ടൂരത്തിലുണ്ട്. ലേശം വെള്ളം മോന്തി തീവണ്ടിയില്‍ യാത്ര ചെയ്യാനെത്തുന്നവരെല്ലാം വലിയ ക്രിമിനലുകളാവുമെന്ന് ചുരുക്കം.
പ്ലാറ്റ്‌ഫോമിലും തീവണ്ടി യാത്രയ്ക്കിടെയും മദ്യപിയ്ക്കുന്നത് കുറ്റകരമാണ്. മദ്യപിച്ച് അപമര്യാദയായി പെരുമാറിയാലും കുറ്റം തന്നെ. ഇതൊക്കെ ചെയ്തവരെ കണ്ടെത്താനും ശിക്ഷിയ്ക്കാനും ഇവിടെ നിയമങ്ങള്‍ ആവശ്യത്തിനേറെയുണ്ട്. അതൊക്കെ കര്‍ശനമായി നടപ്പാക്കണം. അങ്ങനെയാണ് വേണ്ടതും. അതല്ലാതെ രാജ്യത്ത് നിയമപരമായി തന്നെ വില്‍ക്കപ്പെടുന്ന കേന്ദ്രങ്ങളില്‍ നിന്നും മദ്യപിച്ച് ട്രെയിന്‍ യാത്രയ്‌ക്കെത്തിയാല്‍ അതെങ്ങനെ കുറ്റമാവുമോയെന്ന് നിയമവിദഗ്ധര്‍ തന്നെ സംശയം പ്രകടിപ്പിയ്ക്കുന്നു.
പ്രത്യക്ഷത്തില്‍ എല്ലാവരും സ്വാഗതം ചെയ്യുന്ന ഈ തീരുമാനം ഒട്ടേറെ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. മദ്യപിച്ചിട്ടുണ്ടെന്ന് പരിശോധിയ്ക്കുന്നതിനായി ഒരു യാത്രക്കാരനെ തടഞ്ഞുവെയ്‌ക്കേണ്ടി വരുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കാനെ ഇടവരുത്തൂവെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു. രക്തത്തില്‍ മദ്യത്തിന്റെ അളവ് കണ്ടെത്തുന്നതിനായുള്ള വൈദ്യപരിശോധനയ്ക്കായുള്ള കാലതാമസം ഒരാളുടെ യാത്രയ്ക്ക് തടസ്സം സൃഷ്ടിയ്ക്കും.ഇതു മാത്രമല്ല ആരോപിതിന്റെ സഞ്ചാരവകാശങ്ങളും ഇതിലൂടെ നിഷേധിയ്കപ്പെടും.
വെള്ളമടിക്കാരെ ന്യായീകരിയ്ക്കാനല്ല, ഇത്രയും പറഞ്ഞത്. മദ്യപാനം ആരോഗ്യത്തിന് ഹാനികരം തന്നെ. എല്ലാവരും ഒഴിവാക്കേണ്ട ദുശ്ശീലം തന്നെയാണിത്. എന്നാലിങ്ങനെയൊരു കാടന്‍ നിയമം അടിച്ചേല്‍പ്പിയ്ക്കുന്നതിന്റെ അനൗചിത്യമാണ് ഇവിടെ ശ്രദ്ധിയ്ക്കേണ്ടത്.
സഹയാത്രികനെ ഊതിയ്ക്കുന്നതു കണ്ട് ഊറിചിരിയ്ക്കുന്നവരാവും ഇവിടുത്തെ സ്ത്രീജനങ്ങളും മദ്യവിരുദ്ധരുമെല്ലാം. എന്നാലിതൊരു സൂചനയാണ്. നാളെയൊരു കാലത്ത് സ്ത്രീകളുടെ മോഡേണ്‍ വസ്ത്രങ്ങളാണ് പീഡനത്തിന് കാരണമെന്ന് പറഞ്ഞു ജീന്‍സും ടീഷര്‍ട്ടും അകംപുറം കാണിയ്ക്കുന്ന ബ്ലൗസും സാരിയുമെല്ലാം ധരിയ്ക്കരുതെന്ന് റെയില്‍വെയിലെ സദാചാര പൊലീസുകാര്‍ പറഞ്ഞാല്‍ അതനുസരിയ്ക്കാന്‍ അവരെല്ലാം തയാറാകുമോ?
ഇന്ത്യയില്‍ മറ്റൊരിടത്തും കുറ്റകരമല്ലാത്തതൊന്ന് ഇവിടെ കേരളത്തില്‍ കുറ്റമാണെന്ന് വിധിച്ചു കൊണ്ട് സംസ്ഥാനത്തെ റെയില്‍വെ അധികൃതര്‍ നടത്തുന്നതിന് മറ്റു ചില താത്പര്യങ്ങളാണ് പറഞ്ഞുകേള്‍ക്കുന്നത്. ജയഗീതയെന്ന യാത്രക്കാരിയെ ടിക്കറ്റ് പരിശോധകര്‍് അപമാനിച്ച സംഭവത്തില്‍ നാണംകെട്ട റെയില്‍വേ, മദ്യത്തിന്റെ പേരില്‍ യാത്രക്കാരോട് പകപോക്കുന്നുവെന്നാണ് ആക്ഷേപം. ജീവനക്കാരോ അധികൃതരോ പ്രതികളാവുന്ന എന്തെങ്കിലും സംഭവമുണ്ടായാല്‍ പ്രതികാര നടപടി റെയില്‍വേയുടെ പതിവാണെന്നും ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.
യാത്രക്കാരുടെ സുരക്ഷ പ്രത്യേകിച്ച് സത്രീകളുടെ കാര്യത്തില്‍ റെയില്‍വെ പുലര്‍ത്തുന്ന ഗുരുതരമായ അലംഭാവം, റെയില്‍വെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം, തീവണ്ടിയിലും പ്ലാറ്റ്‌ഫോമിലുമുള്ള ശുചിത്വം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളില്‍ വീഴ്ച നേരിടുന്ന വകുപ്പാണ് റെയില്‍വെ. ഇതെല്ലാം മറച്ചുവെച്ച് മദ്യപിച്ചെത്തുന്ന യാത്രക്കാരുടെ മേല്‍ കുതിര കയറുന്ന റെയില്‍വെയുടെ പൊള്ളത്തരം ജനം തിരിച്ചറിയുമെന്നുറപ്പാണ്. എന്തായാലും റെയില്‍വെയുടെ തീരുമാനം വലിയൊരു വിഭാഗം യാത്രക്കാര്‍ സ്വാഗതം ചെയ്യുന്നുണ്ടെന്നത് മറ്റൊരു സത്യം.












Click it and Unblock the Notifications