Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ കേരള: സ്വപ്‌നപദ്ധതി പ്രവാസികള്‍ ഏറ്റെടുത്തു

Air Kerala
എമര്‍ജിംഗ് കേരളയോടെ വീണ്ടും പ്രതീക്ഷയുടെ ചിറക് വിരിച്ച എയര്‍ കേരളയ്ക്ക് വേണ്ടി പ്രവാസികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നു. കേരളത്തിന്റെ സ്വന്തം ജനകീയ വിമാനക്കമ്പനിയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളില്‍ പ്രവാസി സംഘടനകളും പ്രവാസി വ്യവസായികളും സാധാരണക്കാരായ വിദേശമലയാളികളുമെല്ലാം വന്‍ പ്രതീക്ഷയാണ് വച്ചുപുലര്‍ത്തുന്നത്. ഇക്കഴിഞ്ഞ ഓണം-റംസാന്‍ കാലത്ത് വിമാനക്കമ്പനികളുടെ കണ്ണില്‍ ചോരയില്ലാത്ത നടപടികള്‍ക്ക് ഇരയാകേണ്ടിവന്ന കേരളത്തിലെ പ്രവാസികള്‍, പ്രത്യേകിച്ച് ഗള്‍ഫ് മലയാളികള്‍ ഒരുതരം വാശിയോടെയാണ് കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരംഭിക്കാന്‍ ഒരുങ്ങുന്ന എയര്‍ കേരളയ്ക്ക് വേണ്ടി നിലകൊള്ളുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ ഉത്സവം പോലെയാണ് എയര്‍ കേരളയ്ക്ക് വേണ്ടി നിക്ഷേപം നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടനകളും സംഘടനാ നേതാക്കളും വ്യക്തികളും തുടക്കം കുറിച്ചിരിക്കുന്നത്. മലയാളികളുടെ സ്വന്തം വിമാനം യാഥാര്‍ത്ഥ്യമായാല്‍ കുറഞ്ഞ യാത്രാച്ചെലവും മെച്ചപ്പെട്ട സര്‍വ്വീസുകളും ആവശ്യത്തിന് സീറ്റുകളും പ്രവാസികള്‍ക്ക് ലഭിക്കുക മാത്രമല്ല, എയര്‍ ഇന്ത്യ അടക്കമുള്ള സ്വദേശി-വിദേശി വിമാനക്കമ്പികളുടെ ധാര്‍ഷ്ട്യവും കൊള്ളയും ഏറെക്കുറെ അവസാനിക്കുകയും ചെയ്യുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.

ഓണം-റംസാന്‍ കാലത്താണ് ഗള്‍ഫ് മലയാളികള്‍ നാട്ടിലെത്തുന്നതിന്റെ ദുരിതം അതിന്റെ എല്ലാതീവ്രതകളോടും അനുഭവിച്ചത്. എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരത്തെത്തുടര്‍ന്ന് ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിച്ചത് ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന മലയാളികളായിരുന്നു. റംസാന്‍ പെരുന്നാളിനും ഓണത്തിനും വാര്‍ഷിക അവധിയെടുത്ത് നാട്ടിലെത്താറുള്ള മലയാളികള്‍ക്ക് എയര്‍ ഇന്ത്യയുടെ സമരം കടുത്ത ആഘാതം തന്നെയായിരുന്നു. എയര്‍ ഇന്ത്യ സമരം മുതലെടുത്ത് മറ്റ് വിമാനക്കമ്പനികള്‍ മൂന്നിരട്ടിയും നാലിരട്ടിയും വരെ ടിക്കറ്റ് ചാര്‍ജ്ജ് ഉയര്‍ത്തിയതോടെ സാധാരണക്കാരായ പ്രവാസികളുടെ തുച്ഛമായ സമ്പാദ്യം അക്ഷരാര്‍ത്ഥത്തില്‍ കൊള്ളയടിക്കുക തന്നെയായിരുന്നു ഈ വിമാനക്കമ്പനികള്‍. കുടുംബമായി നാട്ടിലെത്തുന്ന ഒട്ടേറെപ്പേര്‍ വിമാനക്കൂലി താങ്ങാനാവാത്തതിനാല്‍ യാത്രതന്നെ മാറ്റിവച്ചു. എയര്‍ ഇന്ത്യ സമരം മൂലം നിര്‍ത്തിവച്ച സര്‍വ്വീസുകള്‍ മാസം രണ്ട് കഴിഞ്ഞിട്ടുപോലും പൂര്‍ണതോതില്‍ പുനസ്ഥാപിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഈ സാഹചര്യമാണ് എയര്‍ കേരള എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പ്രവാസികള്‍ തന്നെ മുന്‍കൈ എടുക്കുന്നതിന് പിന്നിലുള്ള ആവേശം.

രാജ്യത്തിന് തന്നെ മാതൃകയായ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍)യാഥാര്‍ത്ഥ്യമാക്കുകയും വിജയകരമായി മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്നതിന് നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാര്‍ ഇതേ മാതൃകയില്‍ തന്നെയാണ് പുതിയ വിമാനക്കമ്പനിയും രൂപീകരിക്കുക. മുഖ്യമന്ത്രി ചെയര്‍മാനായ എയര്‍കേരള ഡയറക്ടര്‍ ബോര്‍ഡില്‍ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, കെ സി ജോസഫ്, കെ ബാബു, സിയാല്‍ എം ഡി വി ജെ കുര്യന്‍, ഡയറക്ടര്‍മാരായ എം എ യൂസഫലി, സി വി ജേക്കബ് എന്നിവരാണ് നിലവിലുള്ളത്. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ പ്രഥമയോഗത്തില്‍ വിമാനത്താവളത്തിന്റെ ഓഹരി പങ്കാളിത്തത്തെക്കുറിച്ചും നിക്ഷേപ സമാഹരണത്തെക്കുറിച്ചും തീരുമാനമുണ്ടായി. സംസ്ഥാന സര്‍ക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായി 26 ശതമാനവും പൊതുജനങ്ങള്‍ക്ക് 74 ശതമാനവുമായിരിക്കും എയര്‍ കേരളയില്‍ ഓഹരിയുണ്ടാവുക. ആദ്യഘട്ടത്തില്‍ 200 കോടി രൂപയാണ് സമാഹരിക്കുക. കുറഞ്ഞ നിക്ഷേപം പതിനായിരം രൂപയായിരിക്കും. സാധാരണക്കാര്‍ക്ക് പോലും കേരളത്തിന്റെ വിമാനക്കമ്പനിയില്‍ നിക്ഷേപം നടത്താനുള്ള സാഹചര്യമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്.

ഇന്ത്യന്‍ വ്യോമയാനനിയമ പ്രകാരം അഞ്ചുവര്‍ഷം ആഭ്യന്തരസര്‍വ്വീസ് പരിചയവും 20 വിമാനങ്ങള്‍ സ്വന്തമായുള്ള കമ്പനികള്‍ക്കാണ് അന്താരാഷ്ട്രസര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കുക. എന്നാല്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ തന്നെ വിമാനക്കമ്പനി തുടങ്ങുന്നത് കണക്കിലെടുത്തും കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്തും അതിലുപരി വിദേശമലയാളികള്‍ നേരിടുന്ന യാത്രാദുരിതത്തിന്റെ നിജസ്ഥിതി പരിഗണിച്ചും എയര്‍ കേരളയ്ക്ക് ഗള്‍ഫ് സര്‍വ്വീസ് തുടങ്ങുന്നതിന് പ്രത്യേകാനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാവുന്നതാണ്. പ്രതിരോധമന്ത്രിയും പ്രവാസികാര്യമന്ത്രിയും അടക്കമുള്ള കേരളത്തിന്റെ പ്രതിനിധികളായ കേന്ദ്രമന്ത്രിമാര്‍ ഇക്കാര്യത്തില്‍ ഉത്സാഹം കാട്ടിയാല്‍ കേന്ദ്രാനുമതി നേടിയെടുക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടി വരില്ലെന്നാണ് കേരള സര്‍ക്കാരിന്റെയും പ്രവാസികളുടെയും പ്രതീക്ഷ.

കേരളത്തിന് സ്വന്തമായൊരു വിമാനക്കമ്പനി എന്ന ആശയം 2004 മുതല്‍ തന്നെ സജീവമായിരുന്നു. 2006ല്‍ ഇത് സംബന്ധിച്ച് സാധ്യതാ പഠനവും നടന്നിരുന്നു. പ്രവാസി സംഘടനകള്‍ നിരന്തരമായി എയര്‍ കേരളയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നുണ്ടായിരുന്നു. എങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. എമര്‍ജിംഗ് കേരള നിക്ഷേപക സംഗമം നടന്നതോടെ എയര്‍ കേരളയും വീണ്ടും സജീവമായതും ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചതും നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനമുണ്ടായതും ശുഭലക്ഷണമായി തന്നെയാണ് പ്രവാസികള്‍ കാണുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+