എയര്‍ ഇന്ത്യയ്ക്ക് എന്താ കേരളീയരോടിത്ര പുച്ഛം

ഇത് പോരാഞ്ഞ് വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും മുടങ്ങാതെ പൈലറ്റുമാര്‍ മുതല്‍ തൂപ്പുകാര്‍ വരെയുള്ള ജീവനക്കാര്‍ അനിശ്ചിതകാല സമരം നടത്തുന്ന ലോകത്തെ ഏക വിമാനക്കമ്പനിയും എയര്‍ ഇന്ത്യയാണ്. യാത്രക്കാരുടെ ബാഗേജുകള്‍ കൃത്യമായി എത്തിക്കാത്തതിന്റെ പേരിലും വിമാനത്താവളം മാറി ലാന്റ് ചെയ്യുന്നതിന്റെ പേരിലും പരാതികളും തര്‍ക്കങ്ങളും പതിവ് സംഭവങ്ങളുമാണ്. ചോദിക്കുന്ന പണവും കൊടുത്ത് ടിക്കറ്റ് വാങ്ങി യാത്ര ചെയ്യുന്നവരെ വിമാനത്തില്‍ കയറ്റുന്നത് എന്തോ ഔദാര്യമാണെന്ന മട്ടിലാണ് എയര്‍ ഇന്ത്യ ജീവനക്കാരുടെ പെരുമാറ്റം തന്നെ. പ്രവാസികളായ കേരളീയര്‍ എയര്‍ ഇന്ത്യ എന്ന കള്ളക്കൂട്ടത്തെ സഹിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.
അബുദബിയില്‍ നിന്ന് കൊച്ചിയിലിറങ്ങേണ്ട വിമാനം തിരുവനന്തപുരത്തിറക്കിയത് ചോദ്യം ചെയ്ത യാത്രക്കാരെ ഭീകരന്മാരാക്കി വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന് പരാതിപ്പെട്ട എയര്‍ ഇന്ത്യ ജീവനക്കാരെ കുറഞ്ഞത് ജീവപര്യന്തം തടവിനെങ്കിലും ശിക്ഷിക്കണം. കൊച്ചിയിലിറങ്ങേണ്ട ആളുകളെ തിരുവനന്തപുരത്തിറക്കിയാല്‍ പ്രതിഷേധിക്കേണ്ടെന്ന് പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്. സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 210 യാത്രക്കാരുമായെത്തിയ വിമാനത്തിലെ ജീവനക്കാരുടെ പെരുമാറ്റം അത്യന്തം മനുഷ്യത്വരഹിതമാണെന്നതില്‍ തര്‍ക്കമില്ല. സംസ്ഥാന-ദേശീയ മനുഷ്യാവകാശ കമ്മിഷനുകളും വ്യോമയാന വകുപ്പും അടിന്തിരമായി ഈ വിഷയത്തില്‍ ഇടപെട്ട് പീഡനങ്ങള്‍ക്കും കയ്യേറ്റത്തിനും ഇരയായ പ്രവാസി മലയാളികള്‍ക്ക് നീതി ലഭ്യമാക്കണം.
നീതി നിഷേധിക്കപ്പെട്ടതിന് പ്രതിഷേധിച്ചതിന്റെ പേരില്‍ വ്യോമയാനരംഗത്തെ ഏറ്റവും കടുത്ത കുറ്റങ്ങളിലൊന്ന് സാധാരണക്കാരായ യാത്രക്കാരുടെ മേല്‍ ചാര്‍ത്തിക്കൊടുക്കുകയും പൊലീസിനെയും മറ്റ് സുരക്ഷാസംവിധാനങ്ങളെയും ഉപയോഗപ്പെടുത്തി ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുന്നതിന് അവസരമൊരുക്കുകയും ചെയ്ത എയര്‍ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിട്ട് നിയമനടപടികള്‍ക്ക് വിധേയരാക്കുക തന്നെ വേണം.
കാശുകൊടുത്ത് ടിക്കറ്റ് വാങ്ങി യാത്ര ചെയ്യുന്നവന് ഒരവകാശവുമില്ലാത്ത സംവിധാനം തന്നെയാണ് എല്ലാക്കാലത്തും എയര്‍ ഇന്ത്യ. കേരളത്തിന്റെയും കേരളത്തിന് പുറത്തെയും വിവിധ വിമാനത്താവളങ്ങളിലേക്ക് ഡസന്‍കണക്കിന് വിദേശ വിമാനക്കമ്പനികള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. അവരൊന്നും ഇത്തരത്തില്‍ യാത്രക്കാരോട് മോശമായി പെരുമാറുന്ന സംഭവങ്ങള്‍ കേള്‍ക്കാന്‍ കൂടിയില്ലെന്ന വസ്തുത നിലനില്‍ക്കുമ്പോഴാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യാ എക്‌സ്പ്രസും വിമാനയാത്രക്കാരെ കന്നുകാലികളെ പരിഗണിക്കുന്നതിനേക്കാള്‍ മോശമായി പെരുമാറിക്കൊണ്ടിരിക്കുന്നത്.
റംസാന്‍-ഓണം ആഘോഷകാലത്ത് ജീവനക്കാരുടെ സമരം മൂലം മുഴുവന്‍ സര്‍വ്വീസുകളും റദ്ദാക്കി ഗള്‍ഫിലെയടക്കമുള്ള കേരളീയരുടെ അവധിക്കാലം നശിപ്പിച്ച എയര്‍ ഇന്ത്യ വിദേശ വിമാനക്കമ്പനികള്‍ക്ക് കേരളീയരെ കൊള്ളടയിക്കാനുള്ള സൗകര്യവും ഒരുക്കിക്കൊടുക്കുകയായിരുന്നു. ഹജ്ജ് സീസണിന്റെ തുടക്കത്തില്‍ തന്നെ കേരളാ സെക്ടറിലേക്കുള്ള വിമാനങ്ങള്‍ ഒന്നാകെ പിന്‍വലിച്ച് ഉത്തരേന്ത്യന്‍ സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ടാവുകയും കേന്ദ്രമന്ത്രിമാര്‍ തന്നെ ഇടപെടുകയും ചെയ്തപ്പോഴാണ് സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറായത്.
രാജ്യത്തിന്റെ വിദേശനാണ്യത്തില്‍ ഗണ്യമായ പങ്ക് സംഭാവന ചെയ്യുന്നത് കേരളീയരായ പ്രവാസികളാണെന്നതിന് ആരും ഇതുവരെ ഒരു തര്‍ക്കവും പറഞ്ഞിട്ടില്ല. എന്നാല്‍ പ്രവാസികള്‍ നേരിടുന്ന യാത്രാദുരിതത്തിന് പരിഹാരം കാണാന്‍ ഒരു സര്‍ക്കാരും മതിയായ സംവിധാനമൊരുക്കുന്നില്ലെന്നത് പരാതിയല്ല, വസ്തുത തന്നെയാണ്.
എയര്‍ ഇന്ത്യയ്ക്കും എയര്‍ ഇന്ത്യാ എക്പ്രസിനും കനത്ത തിരിച്ചടി നല്‍കാന്‍ എയര്‍ കേരള എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കുകയാണ് വേണ്ടത്. എയര്‍ കേരളയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടായപ്പോള്‍ തന്നെ പ്രവാസികള്‍ ഈ സ്വപ്‌ന പദ്ധതിയെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചതിന് പിന്നിലുള്ള ചേതോവികാരം, എയര്‍ ഇന്ത്യ എന്ന കൊള്ളയടി വിമാനക്കമ്പനിയില്‍ നിന്ന് കാലങ്ങളായി സഹിക്കുന്ന പീഡനങ്ങളും അവണനകളും നേരിടുന്നതുകൊണ്ടാണ്. എയര്‍ കേരളയ്ക്ക് വേണ്ടി എത്രപണവും സ്വരൂപിക്കാന്‍ പ്രവാസി മലയാളി തയ്യാറായത് മാന്യമായും ന്യായമായും യാത്ര ചെയ്യാനുള്ള സംവിധാനം സ്വപ്‌നം കണ്ടുതന്നെയാണ്.
ഇന്ത്യന്‍ ഗവണ്‍മെന്റിനെയും നികുതിദായകരായ ഇന്ത്യന്‍ പൗരന്മാരെയും അക്ഷരാര്‍ത്ഥത്തില്‍ കൊള്ളയടിക്കുന്ന എയര്‍ ഇന്ത്യ എന്ന വെള്ളാനയെ ഒന്നുകില്‍ അടച്ചുപൂട്ടുകയോ അല്ലെങ്കില്‍ പരിപൂര്‍ണമായി സ്വകാര്യവത്ക്കരിക്കുകയോ ആണ് വേണ്ടത്. എല്ലാക്കാലവും സര്‍ക്കാരിന്റെ വന്‍തുക കൈപ്പറ്റി മുന്നോട്ടുപോകുന്ന ഈ വിമാനക്കമ്പനി രാജ്യത്തിനും ജനങ്ങള്‍ക്കും ബാധ്യതയും തലവേദനയും തന്നെയാണ്.












Click it and Unblock the Notifications