സിപിഎം-ബിജെപി കൂട്ടുകെട്ട് വരുമോ?
രാഷ്ട്രീയവൈര്യത്താല്‍ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും സ്ഥാനം. പരസ്പരം കീരിയും പാമ്പുമായി കഴിഞ്ഞിരുന്നവര്‍ അടുത്തകാലത്തായി സമന്വയത്തിന്റെ പാതയിലേക്ക് പതുക്കെ അടുത്തുവരികയാണ്. എന്താണതിനു കാരണം?

കേരളത്തില്‍ മാറി മറിഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥ തന്നെയാണതിന് വഴിയൊരുക്കുന്നത്. ക്രൈസ്തവ, മുസ്ലീം ന്യൂനപക്ഷ സാമുദായിക സംഘടനകളുടെ വിലപേശല്‍ ശേഷിയും സംഘടനാശക്തിയും എക്കാലത്തേക്കാളും പ്രബലമായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഭരണത്തിലെ രണ്ടാം കക്ഷിയായ മുസ്ലീം ലീഗിന്റെ സ്വേച്ഛാപരമായ പ്രവര്‍ത്തനങ്ങളില്‍ ആ മുന്നണിക്കുള്ളില്‍ തന്നെ പരസ്യമായ അഭിപ്രായവ്യത്യാസമാണുള്ളത്. എന്നിട്ടും അതൊന്നും കൂസാതെ ഭരണം തന്നെ മുള്‍മുനയിലാക്കുന്ന നയസമീപനങ്ങളുമായാണ് ലീഗ് നേതൃത്വം മുന്നോട്ടുപോകുന്നതെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ തുറന്നടിക്കുന്നു.
മറുഭാഗത്താകട്ടെ ഹിന്ദു ലീഗ് എന്ന ഓമന പേരില്‍ എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യശ്രമങ്ങളും ധൃതിപിടിച്ച് നടക്കുന്നു. ഹൈന്ദവ സമുദായ ശക്തിയെ ഒന്നിച്ചുനിര്‍ത്താനുള്ള ഈ ശ്രമം തങ്ങളെ ഏതുവിധത്തില്‍ ബാധിക്കുമെന്നതില്‍ ബിജെപിക്കുള്ളില്‍ കടുത്ത ആശങ്കയാണുള്ളത്.
സിപിഎം പാളയത്തിലാവട്ടെ ഇപ്പോള്‍ ആഭ്യന്തരസംഘര്‍ഷങ്ങളുടെ പെരുമഴക്കാലമാണ്. കൊലപാതകരാഷ്ട്രീയ വക്താക്കള്‍ എന്ന ലേബലില്‍ നിന്നും പുറത്തുചാടാനുള്ള സിപിഎം നേതൃത്വത്തിന്റെ ശ്രമങ്ങളൊക്കെയും വിഫലമാവുകയാണ്.
ടിപി ചന്ദ്രശേഖരന്‍, ഫസല്‍, ഷുക്കൂര്‍ വധങ്ങളും ഇടുക്കിയിലെ കൊലപാതകപരമ്പരകളും പയ്യോളിയിലെ മനോജ് വധവുമെല്ലാം പൊതുസമൂഹത്തില്‍ സിപിഎമ്മിനോടുള്ള മതിപ്പിന് ഇടിച്ചില്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നതാണ് യഥാര്‍ത്ഥ്യം. സിപിഐ അടക്കമുള്ള ഘടകകക്ഷികളുടെ ആശയസമരങ്ങള്‍ ഒരു വശത്തും. സ്വന്തം അണികളെ ബോധ്യപ്പെടുത്താനും വിമത വളര്‍ച്ചയെ തടയിടാനുമുള്ള ശ്രമങ്ങള്‍ ഇതിനിടയില്‍ ഭരണവീഴ്ചയെ തുറന്നുകാട്ടി ഫലപ്രദമായ രാഷ്ട്രീയ ആക്രമണം നടത്താന്‍ പോലും പ്രതിപക്ഷത്തിനു കഴിയുന്നില്ല. ഒറ്റയാള്‍ പട്ടാളമായി വിഎസ് ഉയര്‍ത്തുന്ന തലവേദനകള്‍ വേറെയുമുണ്ട്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സിപിഎം നേതൃത്വത്തിന് ശക്തമായ വെല്ലുവിളി നേരിടേണ്ടി വരുമെന്നുറപ്പാണ്. സ്ഥിരമായൊരു വോട്ടുബാങ്കിന്റെ പിന്‍ബലം ഉറപ്പുവരുത്തുകയെന്നത് സിപിഎമ്മിനെ സംബന്ധിച്ച് ജീവല്‍പ്രധാന വിഷയമാണ്. ഇരുമുന്നണികള്‍ക്കും വോട്ട് മറിച്ചു നല്‍കുന്നതില്‍ അത്ര വലിയ വിഷമമൊന്നുമില്ലാത്ത ബിജെപിയുമായുള്ള തൊട്ടുകൂടായ്മ മാറ്റണമെന്ന ആഗ്രഹം സിപിഎമ്മിലെ ചില നേതാക്കള്‍ക്ക് ഉണ്ടായത് ഈ സാഹചര്യത്തിലാണ്.
ഇതിനെ തുടര്‍ന്ന് അനൗപചാരിക ചര്‍ച്ചകള്‍ പലതും നടന്നു. അമര്‍ഷത്തിന്റെ മഞ്ഞുരുകിയതുകൊണ്ടാണ് ലീഗുകാര്‍ തകര്‍ത്ത സിപിഎം ഓഫിസ് ബിജെപിക്കാര്‍ സന്ദര്‍ശിച്ചത്. കൊലചെയ്യപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ സിപിഎം നേതാക്കളെത്തി ആശ്വസിപ്പിച്ചത്. സിപിഎമ്മിന്റെ പയ്യന്നൂര്‍ ഏരിയാകമ്മിറ്റി ഓഫിസ് തകര്‍ത്തപ്പോള്‍ ബിജെപിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്തും സെക്രട്ടറി യുകെ ജയന്തനും സന്ദര്‍ശിച്ചു. ഇവരെ സ്വീകരിക്കാന്‍ കണ്ണൂരിലെ സിപിഎം ജില്ലാ നേതാക്കളും ഉണ്ടായിരുന്നു.
വരാനിരിക്കുന്ന രാഷ്ട്രീയ ബാന്ധവത്തിന്റെ തുടക്കമായാണ്നിരീക്ഷകര്‍ ഇതിനെ കാണുന്നത്. എന്നാല്‍ സിപിഎം നേതൃത്വവുമായുള്ള നീക്കുപോക്കില്‍ വലിയ വിഭാഗം ബിജെപി നേതാക്കള്‍ക്ക് ഇപ്പോഴും വേണ്ടത്ര യോജിപ്പില്ല. എന്നാല്‍ സംഘപരിവാര്‍ സംഘടനകളാവട്ടെ ഇതിന് പച്ചക്കൊടി കാണിക്കുയും ചെയ്യുന്നു. അതിനുള്ള വ്യക്തമായ തെളിവാണ് ആര്‍എസ്എസിന്റെ മുഖവാരികയായ കേസരി ഭാരതീയവിചാരകേന്ദ്രം മുന്‍ ജനറല്‍ സെക്രട്ടറി ടിജി മോഹന്‍ദാസ് കേരളം കാത്തിരിക്കുന്ന സൗഹൃദം എന്ന ലേഖനമെഴുതിയത്.












Click it and Unblock the Notifications