മുണ്ടൂരില്‍ ഇനി അനുനയം വിലപ്പോവില്ല
ഒഞ്ചിയത്ത് മുണ്ടൂരി തലയില്‍ കെട്ടിയ സി പി എമ്മിന് മുണ്ടൂരില്‍ ഉടുമുണ്ട് പോലും നഷ്ടപ്പെടുന്ന അവസ്ഥ. അനുനയത്തിന്റെ ഭാഷയില്‍ മുണ്ടൂരിലെ വിമതരുടെ കൊട്ടാരവിപ്ലവം പൊളിച്ചടുക്കാനുള്ള ശ്രമങ്ങള്‍ അവസാനം പൊളിറ്റ് ബ്യൂറോ അംഗത്തിന്റെ വണ്ടിതടയലില്‍ വരെയെത്തി. ഇനി മുണ്ടൂരില്‍ സി പി എം നേതൃത്വത്തിന്റെ അനുനയം വിലപ്പോവില്ല.

മുണ്ടൂര്‍ ഒഞ്ചിയത്തെക്കാള്‍ അപകടമുണ്ടാക്കുമെന്ന തിരിച്ചറിവിലാണ് ആദ്യം അനുനയത്തിന്റെ ഭാഷയില്‍ പ്രശ്‌നത്തെ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായത്. മാധ്യമങ്ങള്‍ മുണ്ടൂര്‍ പ്രശ്‌നത്തെ വഷളാക്കുമെന്ന് ഉറപ്പുള്ളതിനാല്‍ വിമതരെ കൂടുതല്‍ പ്രകോപിപ്പിക്കേണ്ടെന്നും പാര്‍ട്ടി തീരുമാനത്തിന്റെ വഴിയെ സാവധാനം അവരെ എത്തിക്കാമെന്നുമുള്ള കണക്കുകൂട്ടലാണ് ബുധനാഴ്ചത്തെ ഏരിയാ ജനറല്‍ ബോഡിയോഗത്തില്‍ പൊളിഞ്ഞത്.
ഒഞ്ചിയം ആവര്‍ത്തിക്കാതിരിക്കാന്‍ സി പി എം സംസ്ഥാന നേതൃത്വം എന്ത് വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകുമെന്ന പ്രതീക്ഷകളെ അപ്പാടെ പൊളിച്ചടുക്കുന്ന സമീപനമാണ് മുണ്ടൂര്‍ ഏരിയാ ജനറല്‍ ബോഡി യോഗത്തില്‍ സി പി എം നേതൃത്വം സ്വീകരിച്ചത്. ഗോകുല്‍ദാസിനെ ഏരിയാ കമ്മിറ്റിയില്‍ തിരിച്ചെടുക്കുക, ഗോകുല്‍ദാസ് നിര്‍ദ്ദേശിക്കുന്നയാളെ ഏരിയാ സെക്രട്ടറിയാക്കുക തുടങ്ങിയ വിമതരുടെ ആവശ്യങ്ങള്‍ അപ്പാടെ നിരസിച്ചുകൊണ്ട് വിമതനീക്കങ്ങള്‍ക്ക് പുല്ലുവില നല്‍കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ സംസ്ഥാന നേതൃത്വം.
പാര്‍ട്ടിയെ രക്ഷിക്കാനുള്ള ശ്രമമാണിതെന്ന തുടക്കത്തോടെ പാര്‍ട്ടി മുണ്ടൂര്‍ ഏരിയാ ജനറല്‍ ബോഡി യോഗത്തില്‍ സംസാരം തുടങ്ങിയ കോടിയേരി ബാലകൃഷ്ണനെ അണികള്‍ കൂവിയാര്‍ത്താണ് തിരികെ വിട്ടത്. പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ കടുംപിടുത്തങ്ങള്‍ക്ക് സംസ്ഥാന നേതൃത്വം പിന്തുണ നല്‍കുകയാണെന്നും അനുനയത്തിന്റെ പേരില്‍ ഗോകുല്‍ദാസ് ഉള്‍പ്പെടെയുള്ളവരെ വീണ്ടും ചവിട്ടിമെതിക്കാനാണ് പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നതെന്നുമാണ് ഗോകുല്‍ദാസ് അനുകൂലികളുടെ ആരോപണം.
ഏരിയ ജനറല്‍ ബോഡി കഴിഞ്ഞുമടങ്ങാനൊരുങ്ങിയ പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വാഹനം ഒരുവിഭാഗം മുദ്രാവാക്യം വിളികളോടെ തടയുകയായിരുന്നു. യോഗത്തില്‍ പങ്കെടുത്ത എ കെ ബാലന്‍ എം എല്‍ എയുടെ വാഹനത്തിന് നേരെയും മുദ്രാവാക്യം വിളിയുണ്ടായി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു.
ഗോകുല്‍ദാസിനെ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് മുദ്രാവാക്യം വിളിയുമായി നേതാക്കളുടെ വാഹനം തടഞ്ഞത്.
ഗോകുല്‍ദാസിന്റെ അപ്പീല്‍ പാര്‍ട്ടി പരിഗണിച്ചിട്ടുണ്ടെന്നും പ്രശ്‌നത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണകമ്മിറ്റിയെ വെക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും യോഗത്തില്‍ കോടിയേരി വിശദീകരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എളമരം കരീമിനെയാണ് ഇക്കാര്യം ചുമതലപ്പെടുത്തിയിട്ടുള്ളത്. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതുവരെ ഗോകുല്‍ദാസ് കോങ്ങാട് ലോക്കല്‍ കമ്മിറ്റിയിലും പി കെ സുധാകരന്‍ ഏരിയ സെക്രട്ടറിയായും തുടരുമെന്ന് കോടിയേരി പറഞ്ഞു.
ഇതോടെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് ഹാളില്‍നിന്ന് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് യോഗം അവസാനിപ്പിച്ച് ഇറങ്ങിയ നേതാക്കള്‍ വാഹനത്തില്‍ കയറിപ്പോഴാണ് ഗോകുല്‍ദാസിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച് വാഹനം തടഞ്ഞത്. അന്വേഷണ കമ്മീഷന്‍ തീരുമാനം വരുംവരെ പാര്‍ട്ടിയുമായി സഹകരിക്കില്ലെന്ന് പ്രതിഷേധിച്ചവര്‍ പറഞ്ഞു.
എന്നാല്‍ തങ്ങളെ ആരും തടഞ്ഞിട്ടില്ലെന്നും പ്രവര്‍ത്തകര്‍ തങ്ങളോട് ആശങ്കകള്‍ പങ്കുവെക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും എ കെ ബാലന്‍ പിന്നീട് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പാര്‍ട്ടി എടുത്ത തീരുമാനങ്ങളുമായി മുന്നോട്ടുപോകും. അതിന് മുണ്ടൂരിലെ മുഴുവന്‍പാര്‍ട്ടിപ്രവര്‍ത്തകരുടെയും പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗോകുല്‍ദാസ് വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് തീരുമാനങ്ങളെടുത്തിട്ടുണ്ട്. അതേസമയം മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയാണ് ശരിയെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ധരിച്ചുവച്ചിരിക്കുന്നത്. ഒഞ്ചിയത്തിന്റെ തുടര്‍ച്ച ഇവിടെയുമുണ്ടാകണം എന്നാണ് ചില മാധ്യമങ്ങളുടെ അജന്‍ഡ. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അതുമായി മുന്നോട്ടുപോകുകയാണ് അവര്‍ എന്നും എ കെ ബാലന്‍ പറഞ്ഞു.












Click it and Unblock the Notifications