അണയാതിരിയ്ക്കാന്‍ മോഹിച്ച ജ്യോതി
എന്നെ രക്ഷിയ്ക്കൂ... എനിയ്ക്ക് ജീവിയ്ക്കണം, ദില്ലിയിലെ തെരുവില്‍ പിച്ചിച്ചീന്തപ്പെട്ട് മരണത്തോട് മല്ലടിച്ച് ആശുപത്രിയില്‍ കഴിയുന്ന നാളുകളില്‍ കടലാസുതാളില്‍ അവള്‍ കുറിച്ച വാക്കുകളാണിത്. തനിയ്‌ക്കേറ്റവും വിലപ്പെട്ട മാനം ഒരു കൂട്ടം മാംസക്കൊതിയന്മാര്‍ കവര്‍ന്നെടുക്കപ്പെട്ടിട്ടും അവള്‍ക്ക് ജീവിയ്ക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്നു.
പതിമൂന്ന് ദിനരാത്രങ്ങള്‍ മരണത്തോട് മല്ലടിച്ച് വേദന കടിച്ചമര്‍ത്തി പൊരുതി നില്‍ക്കാന്‍ അവളെ സഹായിച്ചത് ജീവിയ്ക്കാനുള്ള മോഹം തന്നെയായിരുന്നു. എന്നാല്‍ എല്ലാ വേദനകളില്‍ നിന്നും അവളെ മോചിപ്പിച്ച് കൂട്ടിക്കൊണ്ടുപോകാനായിരുന്നു മരണദേവതയുടെ തീരുമാനം.

ബിഹാറില്‍ നിന്ന് ദില്ലിയിലേക്ക് കുടിയേറിയ തൊഴിലാളി കുടുംബത്തിലെ അംഗമായ ജ്യോതി പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്. ദില്ലിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍ കോളെജില്‍ വിദ്യാഭ്യാസം. ഒരിടത്തരം കുടുംബത്തിന്റെ പ്രതീക്ഷ കൂടിയായിരുന്നു ഈ ഇരുപത്തിമൂന്നുകാരി.
മനസാക്ഷിയെ നടക്കുന്ന ക്രൂരത അരങ്ങേറിയത് ഡിസംബര്‍ 16ന് രാത്രിയിലാണ്. സുഹൃത്തിനൊപ്പം സിനിമ കണ്ട് വീട്ടിലേക്ക് പോകാനായി വാഹനം കാത്തുനില്‍ക്കുമ്പോള്‍ കാടത്തം മനസ്സിലൊളിപ്പിച്ച ഒരു സംഘം ഇവരെ തെറ്റിദ്ധരിപ്പിച്ച് ബസ്സിനുള്ളിലേക്ക് കയറ്റിയത്. സുഹൃത്തിനൊപ്പം ബസ്സില്‍ സഞ്ചരിയ്ക്കുമ്പോള്‍ തനിയ്‌ക്കൊരപകടവും സംഭവിയ്ക്കില്ലെന്ന് ഒരുപക്ഷേ ആ പെണ്‍കുട്ടി കരുതിയിരിയ്ക്കാം.
മദ്യലഹരിയില്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയവരെ സുഹൃത്ത് ചെറുത്തുനിന്നതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. യുവാവിനെ മര്‍ദ്ദിച്ച് അവശനായാക്കിയശേഷം പെണ്‍കുട്ടിയെ ബസിലുണ്ടായിരുന്നവര്‍ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. കുട്ടിയെ ഇരുമ്പുദണ്ഡുകൊണ്ട് അടിക്കുകയും ഷൂസിട്ട് ചവിട്ടുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തിരുന്നു. ചോരയുറഞ്ഞുപോകുന്ന കാടത്തങ്ങളും ആ പെണ്‍കുട്ടിയുടെ മേല്‍ അവര്‍ കാണിച്ചു.
രണ്ട് മണിക്കൂറിന് ശേഷം പെണ്‍കുട്ടിയെയും സുഹൃത്തിനെയും മഹിപാല്‍പുര്‍ ഫ്‌ളൈ ഓവറിനു സമീപം ബസില്‍നിന്നു വലിച്ചെറിഞ്ഞു. പെണ്‍കുട്ടിയുടെ സുഹൃത്ത് പോലീസ് സ്റ്റേഷനില്‍ എത്തി വിവരം പറയുമ്പോഴാണു സംഭവം പുറംലോകം അറിയുന്നത്.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുമ്പോഴം ജ്യോതി പ്രകടിപ്പിച്ച അസാമാന്യ ധൈര്യം ഡോക്ടര്‍മാരെപ്പോലും വിസ്മയിപ്പിച്ചിരുന്നു.
തനിക്ക് ജീവിക്കാന്‍ ആഗ്രഹമുണെ്ടന്നും തന്നെ രക്ഷിക്കണമെന്നും വീട്ടുകാരോടും ഡോക്ടര്‍മാരോടും ആവശ്യപ്പെട്ടിരുന്നു. 'അക്രമികളെ പിടികൂടിയോ' എന്ന് പെണ്‍കുട്ടി കുറിപ്പിലൂടെ വീട്ടുകാരോട് തിരക്കുകയും ചെയ്തു.
ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരിക്കേ വായില്‍ ട്യൂബ് ഇട്ടതുകാരണം സംസാരിക്കാന്‍ പ്രയാസമായതിനാല്‍ കുറിപ്പുകളിലൂടെയാണ് പെണ്‍കുട്ടി ആശയവിനിമയം നടത്തിയിരുന്നത്.












Click it and Unblock the Notifications