കൈരളിചാനല്‍ മോര്‍ച്ചറിയാണെന്ന് ഉപദേശകന്

മത്സരം നിറഞ്ഞുതുളുമ്പുന്ന ദൃശ്യമാധ്യമസംസ്‌കാരത്തിന്റെ കുത്തൊഴുക്കില്‍ പിടിച്ചുനില്‍ക്കാന്‍ കൈരളിക്കും മസാലക്കാഴ്ചകള്‍ നിറയ്‌ക്കേണ്ടി വന്നു. വേറിട്ട മാധ്യമസംസ്‌കാരമല്ല, പണവും അധികാരമുള്ളവന്റെ പിന്തുണയുമാണ് ആധുനിക കാലത്തിന് ആവശ്യമെന്ന് പരോക്ഷമായി പ്രഖ്യാപിച്ച് എംഡി ജോണ്‍ ബ്രിട്ടാസ് മര്‍ഡോക്കിന്റെ വിശ്വസ്ത വിനീതനായി മറുകണ്ടം ചാടിയത് അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ചിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വലിയ തിരിച്ചടിയായി.
വാര്‍ത്താവിഭാഗത്തിലും കാര്യനിര്‍വഹണരംഗത്തും പുകയുന്ന അസ്വസ്ഥതകള്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന നിലയിലാണ്. എല്ലാ മാനദണ്ഡങ്ങളും മാറ്റിവെച്ചാണ് ജീവനക്കാരെ ഒതുക്കുന്നതും സ്ഥലം മാറ്റുന്നതും എന്ന ആരോപണം വളരെ ശക്തമാണ്. മുന്‍ എസ്എഫ്‌ഐ നേതാവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായി എന്‍പി ചന്ദ്രശേഖരനെ വാര്‍ത്തകളുടെ ചുമതലയില്‍ നിന്ന് മാറ്റിയതില്‍ കൈരളിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ മാത്രമല്ല സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെയും കടുത്ത അമര്‍ഷമുണ്ട്.
എക്‌സിക്യുട്ടീവ് എഡിറ്ററായിരുന്ന ഇഎം അഷ്‌റഫിന്റെ കസേരയാണ് ഏറ്റവും ഒടുവില്‍ തെറിച്ചിരിക്കുന്നത്. അദ്ദേഹത്തോട് ഗള്‍ഫ് ന്യൂസ് വിഭാഗത്തിലേക്ക് മടങ്ങാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പകരം എക്‌സിക്യുട്ടീവ് എഡിറ്ററെ ഇതുവരെ നിയമിച്ചിട്ടുമില്ല. എഡിറ്റോറിയല്‍ ഉപദേശകനാവട്ടെ തന്റെ കാബിനുമുന്നില്‍ മോര്‍ച്ചറി എന്ന ബോര്‍ഡ് തൂക്കി. കടുത്ത ഔദ്യോഗികപക്ഷ വക്താവായിരുന്ന ഈ ഉപദേശകന്‍ ദൈനംദിന വാര്‍ത്തകളില്‍ നിരന്തരം ഇടപെടുന്നതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് വാര്‍ത്തകളില്‍ അനാവശ്യമായി ഇടപെടരുതെന്ന നിര്‍ദ്ദേശം ഉപദേശകന് ലഭിച്ചത്. അതില്‍ പ്രതിഷേധിച്ചാണ് വാര്‍ത്തക്രള്‍ മരിച്ച മോര്‍ച്ചറി എന്ന ബോര്‍ഡ് തൂക്കിയത്.
ഇതും വലിയ പ്രതിഷേധത്തിന് ഇടയൊരുക്കി. തുടര്‍ന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഈ ബോര്‍ഡ് എടുത്തുമാറ്റുകയായിരുന്നു. പാര്‍ട്ടിയുടെ ശബ്ദമല്ല കൈരളി, സ്വതന്ത്ര ചാനലാണ് എന്നൊക്കെ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ് ചാനലെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ സിപിഎമ്മിനെതിരേ അടുത്തകാലത്തുയര്‍ന്ന ആരോപണങ്ങളുടെ മുനമടക്കി പ്രതിരോധിക്കാന്‍ ചാനലിനു കഴിഞ്ഞില്ല എന്ന് പാര്‍ട്ടി അണികള്‍ ചൂണ്ടി കാണിക്കുന്നു.
ടിപി ചന്ദ്രശേഖരന്‍ വധവും തുടര്‍ സംഭവവികാസങ്ങളും പാര്‍ട്ടിക്കെതിരായുള്ള ആയുധമാക്കി ഒരു വിഭാഗം മാധ്യമങ്ങള്‍ സംഘടിതമായി ഉയര്‍ത്തിയപ്പോള്‍ ബുദ്ധിപൂര്‍വം അതിനെ തടയിടാന്‍ വാര്‍ത്താവിഭാഗത്തിനു കഴിഞ്ഞില്ല എന്നായിരുന്നു ആരോപണം. ഇതുതന്നെയായിരുന്നു എക്‌സിക്യുട്ടീവ് എഡിറ്ററുടെ കസേര തെറിക്കാനും പ്രധാനകാരണം.
മുഖ്യധാരാ മാധ്യമങ്ങളിലൂടെ സിപിഎമ്മിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തിരുന്ന ഒരാള്‍ ഇപ്പോള്‍ ഔദ്യോഗികപക്ഷത്തിന്റെ വാലാട്ടിയായി ദേശാഭിമാനിയില്‍ കടന്നുകൂടിയിട്ടുണ്ട്. ഇക്കാര്യം പരിഗണിയ്ക്കുമ്പോള്‍ നക്‌സല്‍വേട്ടയ്‌ക്കെതിരേ നാടുമുഴുവന്‍ സിപിഎമ്മിനെതിരേ പുലഭ്യം പറഞ്ഞുനടന്നിരുന്ന, ഇപ്പോള്‍ സിപിഎമ്മിന്റെ സ്വയം പ്രഖ്യാപിത ചിന്തകനായ മറ്റൊരാള്‍ എക്‌സിക്യുട്ടീവ് കസേരയിലോ ഉപദേശകന്റെ കസേരയിലോ കയറിയിരുന്നാല്‍ അതില്‍ അദ്ഭുതപ്പെടാനില്ല. ഇവരെല്ലാം മറുകണ്ടം ചാടുമ്പോള്‍ മുന്‍ ത്രിവര്‍ണ പതാകക്കാരന് അടങ്ങിയിരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടായിരിക്കാം ഉപദേശകന്‍ കൈരളിയെ മോര്‍ച്ചറിയാക്കാന്‍ തീരുമാനിച്ചത്. ഇക്വിലാബില്‍ നിന്നും ജയ്ഹിന്ദിലേക്ക് ചാടാനുള്ള ചൂടാണോ ഇത്.












Click it and Unblock the Notifications