വിവാദങ്ങളെ അരികിലാക്കി ബിനാലെയിലേക്ക് ആള്‍പ്രവാഹം

കൊച്ചി മുഴുവന്‍ ബിനാലെ കീഴടക്കിയിരിക്കുകയാണ്. ഫോര്‍ട്ടുകൊച്ചിയും മട്ടാഞ്ചേരിയിലുമാണ് ഈ കലാപ്രദര്‍ശങ്ങളുടെ കേന്ദ്രമെങ്കിലും എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കലാകാരന്മാര്‍ തങ്ങളുടെ സൃഷ്ടി നടത്തിക്കൊണ്ടിരിക്കുകയാണ്. ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രധാനവേദി. പ്രശസ്ത ചിത്രകാരന്മാരായ റിയാസ് കോമുവും ബോസ് കൃഷ്ണമാചാരിയുടെയും നേതൃത്വത്തിലാണ് ബിനാലെ അരങ്ങേറുന്നത്.
കൊച്ചി-മുസിരിസ് ബിനാലെ കേരളത്തില്‍ ഒട്ടേറെ വിവാദങ്ങളും വാദകോലാഹലങ്ങളും അഴിമതിയാരോപണങ്ങളും അഴിച്ചുവിട്ടിരുന്നു. മാധ്യമങ്ങളില്‍ ഇരുപക്ഷവും സത്യത്തില്‍ യുദ്ധസമാനമായ വാക്കുതര്‍ക്കങ്ങളാണ് നടത്തിയത്. ബിനാലെ തുടങ്ങുന്നതിന് മുമ്പ് തന്നെ ഇതിനെതിരെ വിജിലന്‍സ് അന്വേഷണവും ഉണ്ടായി. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സാംസ്‌കാരികമന്ത്രി എം എ ബേബി മുന്‍കൈ എടുത്താണ് ബിനാലെ ഫൗണ്ടേഷന്‍ രൂപീകരിച്ചത്. എന്നാല്‍ കേരളത്തിലെയും കേരളത്തിന് പുറത്തെയും ചിത്രകാരന്മാരും കലാകാരന്മാരും ബിനാലെയ്ക്ക് അനുകൂലമായും എതിര്‍ത്തും രംഗത്തെത്തി.
സംസ്ഥാന സര്‍ക്കാരിന്റെ കോടിക്കണക്കിന് പണം കുറെ ചിത്രകാരന്മാര്‍ ചേര്‍ന്ന് ധൂര്‍ത്തടിക്കുകയുമായിരുന്നുവെന്നായിരുന്നു പ്രധാന ആരോപണം. മുതിര്‍ന്ന കലാകാരന്മാര്‍ ബിനാലെയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തപ്പോള്‍ യുവകലാകാരന്മാര്‍ മിക്കവരും ബിനാലെയെ സ്വാഗതം ചെയ്തു. സര്‍ക്കാര്‍ മാറിവന്നപ്പോള്‍ ബിനാലെയ്‌ക്കെതിരെ അന്വേഷണവും ഉണ്ടായി. വിവാദങ്ങളെയും അന്വേഷണങ്ങളെയുമെല്ലാം നേരിട്ടുകൊണ്ടാണ് കൊച്ചി-മുസിരിസ് ബിനാലെ യാഥാര്‍ത്ഥ്യമായത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ബിനാലെ ഉദ്ഘാടനവേദിയില്‍ ഈ കലാസംരംഭത്തെ അകമഴിഞ്ഞ് പ്രശംസിച്ചത് ഇതിന്റെ സംഘാടകരുടെ വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നങ്ങള്‍ക്കുള്ള അംഗീകാരമായി.
23 രാജ്യങ്ങളില്‍ നിന്നുള്ള 84 കലാകാരന്മാരാണ് കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് എത്തിയിരിക്കുന്നത്. ഇംഗ്ലണ്ട്, ബ്രസീല്‍, ഇറാന്‍, അര്‍ജന്റീന, നെതര്‍ലാന്റ്‌സ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരാണ് 92 ദിവസം നീണ്ടുനില്‍ക്കുന്ന ബിനാലെയില്‍ പങ്കെടുക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 44 പേര്‍ പങ്കെടുക്കുന്നുണ്ട്. ചിത്ര-ശില്‍പ പ്രദര്‍ശനം മാത്രമല്ല ബിനാലെയില്‍ അരങ്ങേറുക. ഇന്ത്യന്‍ കലാലോകത്തിന് അത്രപരിചയമില്ലാത്ത ഇന്‍സ്റ്റലേഷനുകള്‍ ബിനാലെയുടെ പ്രധാന ഭാഗമാണ്. കലാകാരന്മാര്‍ തങ്ങള്‍ക്കനുവദിച്ച ഇടങ്ങളില്‍ താമസിച്ച് ദിവസങ്ങള്‍ക്കൊണ്ട് സൃഷ്ടിച്ചെടുത്തവയാണ് എല്ലാ ഇന്‍സ്റ്റലേഷനുകളും. ഇതില്‍ ചിത്രവും ശില്‍പവും എല്ലാം ഉള്‍ക്കൊള്ളുന്നുണ്ട്.
വലിയ വലിപ്പമുള്ള ഇന്‍സ്റ്റലേഷനുകളും കാണികളെ സ്തബ്ധരാക്കുന്നുണ്ട്. ബിനാലെയില്‍ ചിത്രങ്ങളുടെയും ശില്‍പങ്ങളുടെയും ഇന്‍സ്റ്റലേഷനുകളുടെയും പ്രദര്‍ശനവും പഠനവും ചര്‍ച്ചകളും സെമിനാറുകളുമാണ് പ്രധാനമായും നടക്കുക. സാധാരണ പ്രദര്‍ശങ്ങളിലേത് പോലെ ഇവിടെ കലാവസ്തുക്കളുടെ വില്‍പ്പന നടക്കില്ല. കലാപാരമ്പ്.ര്യമുള്ള ലോകോത്തര നഗരങ്ങളിലാണ് ബിനാലെ എന്ന പേരിലുള്ള വിശ്വകലോത്സവങ്ങള്‍ അരങ്ങേറിയിരുന്നത്. ലോകത്തെമ്പാടുമുള്ള കലാകാരന്മാര്‍ക്ക് എക്കാലത്തും ആവേശം പകര്‍ന്നുനല്‍കിയ ഇറ്റാലിയന്‍ നഗരമായ വെനീസിലാണ് ആദ്യ ബിനാലെ അരങ്ങേറിയത്.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മ എന്നര്‍ത്ഥമുള്ള ഇറ്റാലിയന്‍ വാക്കായ ബിനാലെ അന്നുമുതല്‍ ലോകമെമ്പാടുമുള്ള കലാകാരന്മാര്‍ക്കും കലാസ്വാദകര്‍ക്കും ആവേശം പകരുന്ന വാക്കായി. ഇന്ത്യയില്‍ ആദ്യമായി ബിനാലെയെത്തിയപ്പോള്‍ സാധാരണപ്രതീക്ഷിക്കാവുന്ന എല്ലാത്തരം വിവാദകോലാഹലങ്ങളും അരങ്ങേറിയ ശേഷമാണ് ബിനാലെയ്ക്ക് വ്യാപകമായ സ്വീകരണം ലഭിച്ചത്.












Click it and Unblock the Notifications