പ്രൈവറ്റ് ബസ് മേഖലയിലെ കോട്ടയം മാതൃക

പൊലീസില്‍ പരാതിപ്പെട്ടിട്ട് കാര്യമൊന്നുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അടുത്തിടെ കോഴിക്കോട് മൊഫ്യൂസല്‍ ബസ്സ്റ്റാന്റില്‍ ചില്ലറ ചോദിച്ച ഡോക്ടര്‍ക്കെതിരെയുള്ള മര്‍ദ്ദനവും അതിന് തൊട്ടുമുമ്പ് കുടുംബവുമൊത്ത് ബസില്‍ കയറാനെത്തിയ യുവാവിനെ ബസ് ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് തല്ലിക്കൊഴിച്ചതുമൊക്കെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഒരു നടപടിയുമുണ്ടായില്ല, തല്ലിയവര്‍ അന്തസായി നെഞ്ചുവിരിച്ച് നടക്കുന്നു, തല്ലുകൊണ്ടവന്‍ പൊലീസ് സ്റ്റേഷനും ആശുപത്രിയും കയറിയിറങ്ങുന്നു. കേസ് കോടതിയിലെത്തി വിചാരണ തുടങ്ങാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. അപ്പോള്‍ തല്ലിയവന്‍ മിക്കവാറും ഗള്‍ഫിലെത്തിയിരിക്കും, തല്ലിയതിന് തെളിവുമുണ്ടാകില്ല.
ബസുകാര്‍ക്കും പറയാനേറെ ന്യായങ്ങളും പരാതികളുമുണ്ട്. അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ദ്ധനവ്, റോഡുകളുടെ മോശം അവസ്ഥ, ഒരേ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകളുടെ ആധിക്യം, ജീവനക്കാരെ കിട്ടാനുള്ള പ്രയാസം, ജീവനക്കാരുടെ കൂലി വര്‍ദ്ധനവ്, വിദ്യാര്‍ത്ഥികളെ കയറ്റുന്നതിലുള്ള സാമ്പത്തിക നഷ്ടം തുടങ്ങി അവരുടെ പരാതികള്‍ നീളും. പ്രശ്‌നങ്ങള്‍ ഗുരുതരമാണെങ്കിലും അല്ലെങ്കിലും ഒരു ദിവസം കേരളത്തിലെ പ്രൈവറ്റ് ബസുകള്‍ സര്‍വ്വീസ് മുടക്കിയാല്‍ കേരളീയര്‍ വിവരമറിയും. ഒക്ടോബര്‍ 29ന് കേരളത്തിലെ പ്രൈവറ്റ് ബസ് തൊഴിലാളികള്‍ നടത്തിയ സൂചനാ പണിമുടക്ക് കേരളത്തെ സ്തംഭിപ്പിച്ചിരുന്നു. കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഏറെ നടത്തുന്നുണ്ടെങ്കിലും ഹ്രസ്വദൂരയാത്രയ്ക്ക കേരളീയര്‍ ആശ്രയിക്കുന്നത് പ്രൈവറ്റ് ബസുകളെ തന്നെയാണെന്നതാണ് ഇതിന് കാരണം.
പ്രൈവറ്റ് ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ട് മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ പല ശ്രമങ്ങളും സര്‍ക്കാരിന്റെയും ബസ് ഉടമാസംഘത്തിന്റെയും തൊഴിലാളി സംഘടനകളുടെയും നേതൃത്തില്‍ നടക്കുന്നുണ്ടെങ്കിലും കോട്ടയത്ത് നിലവില്‍ വന്ന മാതൃകാപരമായൊരു കൂട്ടായ്മ ഏറെക്കുറെ വിജയത്തിലെത്താന്‍ സാധ്യതയുണ്ട്. കോട്ടയം ജില്ലയില്‍ പ്രൈവറ്റ് ബസ് സര്‍വ്വീസുകള്‍ ഏറെയുള്ള കോട്ടയം-കുമളി റൂട്ടില്‍ ബസുടമകള്‍ ചേര്‍ന്ന് പുതിയൊരു കമ്പനി തന്നെ ഉണ്ടാക്കിയിരിക്കുകയാണ്.
ആദ്യഘട്ടത്തില്‍ കോട്ടയം, ചങ്ങനാശേറി ബസ്‌സ്റ്റാന്റുകളില്‍ നിന്ന് സര്‍വ്വീസ് നടത്തുന്ന 160 ബസുകളാണ് ഹൈറേഞ്ച് അസോസിയേറ്റ്‌സ് എന്ന പേരില്‍ സര്‍വ്വീസ് നടത്തുന്നത്. പ്രൈവറ്റ് ബസുകളുടെ സ്വകാര്യ സൗഹൃദ സര്‍വ്വീസുകള്‍ ബസ് ഉടമകള്‍ക്കും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഏറെ പ്രയോജനകരമാണെന്നാണ് കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. കോട്ടയത്തും അലപ്പുഴയിലും ചില ഹ്രസ്വദൂരറൂട്ടുകളില്‍ ഈ സംവിധാനം പരീക്ഷിച്ച് വിജയിച്ചതോടെയാണ് കോട്ടയം-കുമളി റൂട്ടില്‍ വിപുലമായ തോതില്‍ കൂടുതല്‍ ബസുകളെ ഉള്‍പ്പെടുത്തി സൗഹൃദസര്‍വ്വീസ് തുടങ്ങിയിരിക്കുന്നത്. ഈ റൂട്ടില്‍ ബസുകള്‍ ഏറെയുള്ള കമ്പനികള്‍ അടക്കം ഹൈറേഞ്ച് അസോസിയേറ്റ്‌സില്‍ പങ്കാളികളായിട്ടുണ്ട്.
മൊത്തം റൂട്ടിലെ കലക്ഷന്‍ ഓരോ ദിവസവും ഒന്നിച്ചെടുത്ത് ബസുകള്‍ നടത്തിയ സര്‍വ്വീസിന്റെ ദൈര്‍ഘ്യമനുസരിച്ച് വീതിക്കുകയാണ് ചെയ്യുക. ഇതുമൂലം എല്ലാ ബസുകള്‍ക്കും സര്‍വ്വീസിനനുസരിച്ച് കൃത്യമായും തുല്യമായും വിഹിതം ലഭിക്കും. ഇതുമൂലം ആരും മത്സരയോട്ടം നടത്തേണ്ട കാര്യമില്ല. മത്സരയോട്ടം മൂലമുള്ള അമിതവേഗവും അപകടവും ജീവനക്കാര്‍ തമ്മിലുള്ള കശപിശയും ഇന്ധനച്ചെലവും ഒഴിവാകുക മാത്രമല്ല, ഈ റൂട്ടില്‍ ശാന്തമായ അന്തരീക്ഷം സംജാതമാകുകയും ചെയ്യും.
സൗഹൃദ ബസ് സര്‍വ്വീസ് ആരംഭിക്കുന്നതിന് മറ്റൊരു പ്രധാന കാരണം ജീവനക്കാരുടെ ലഭ്യതക്കുറവാണ്. ബസുകളില്‍ നിന്ന് കണ്ടക്ടറെയും കിളി എന്ന ക്ലീനറെയും ഒഴിവാക്കാനാണ് അസോസിയേഷന്‍ തീരുമാനം. പകരം യാത്രക്കാര്‍ക്ക് ഇലക്ട്രോണിക് കാര്‍ഡുകള്‍ എടുത്ത് ബസുകളില്‍ പഞ്ച് ചെയ്ത് യാത്ര ചെയ്യാം. ഒരു മാസത്തെ ചാര്‍ജ്ജ് ഒന്നിച്ചടച്ച് പ്രത്യേക ഇളവുകളും യാത്രക്കാര്‍ക്ക് നേടാം. ബസുകളില്‍ വാക്വം ഡോറുകള്‍ വ്യാപകമായി കഴിഞ്ഞു.
മുന്നിലെയും പിന്നിലെയും ഡോറുകള്‍ സ്‌റ്റോപ്പുകളിലെത്തിയാല്‍ ഡ്രൈവര്‍ക്ക് ബട്ടണമര്‍ത്തി തുറക്കുകയും അടയ്ക്കുകയും ചെയ്യാം. ഇനി മുതല്‍ യാത്രക്കാര്‍ക്ക് ഡോര്‍ തുറന്ന് ഇടയ്ക്ക് ചാടിയിറങ്ങാനാവില്ല. അസോസിയേഷന്റെ നേതൃത്വത്തില്‍ മൊബൈല്‍ വര്‍ക്ക്‌ഷോപ്പുകളും ഈ റൂട്ടില്‍ ക്രമീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം പരിഹരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി രാവിലെയും വൈകീട്ടും പ്രത്യേകബസ് ഓടിക്കാനാണ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി അസോസിയേഷനും വിദ്യാഭ്യാസ സ്ഥാപനങ്ങളും അംഗീകരിച്ച കാര്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും.
പ്രൈവറ്റ് ബസുകള്‍ 'ടെറര്‍ സര്‍വ്വീസ്' നടത്തുന്ന തൃശൂര്‍-കോഴിക്കോട്, തൃശൂര്‍-പാലക്കാട്, പാലക്കാട്-കോഴിക്കോട്, കോഴിക്കോട്-കണ്ണൂര്‍, കണ്ണൂര്‍-കാസര്‍കോട് റൂട്ടുകളില്‍ ഇത്തരം സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് ഏറെ മനുഷ്യജീവനുകള്‍ രക്ഷപ്പെടുത്താന്‍ സഹായകമാണ്.












Click it and Unblock the Notifications