വിജിലന്‍സ് കേസ് തങ്ങന്മാര്‍ക്കൊരു പാഠം

ഇ കെ സുന്നിവിഭാഗവും മുസ്ലീംലീഗ് അണികളും പരമപരിശുദ്ധരായി കണക്കാക്കുന്ന പാണക്കാട് കൊടപ്പനക്കുന്ന് തറവാട്ടിലെ തങ്ങന്മാരിലൊരാള്‍ ഇനി തൃശൂര്‍ വിജിലന്‍സ് കോടതി വരാന്ത കയറിയിറങ്ങേണ്ടിവരുന്ന സാഹചര്യം മലപ്പുറത്തെ മാപ്പിളമാര്‍ക്ക് ചിന്തിക്കാനാവില്ല. അന്വേഷണത്തെ നിയമപരമായി തന്നെ നേരിടുമെന്ന് ലീഗ് നേതാക്കളുടെ പ്രതികരണങ്ങള്‍ പുറത്തുവന്നെങ്കിലും ആ പറച്ചിലിന് പിന്നിലെ ശ്വാസംമുട്ടല്‍ വ്യക്തമാണ്.
പാര്‍ട്ടി അധ്യക്ഷനെതിരെയുള്ള അഴിമതി അന്വേഷണം രാഷ്ട്രീയ എതിരാളികളേക്കാള്‍ സമുദായശത്രുക്കളും സുന്നി വിരുദ്ധരും മറുവിഭാഗം സുന്നികളും നന്നായി ഉപയോഗിക്കുമെന്നാണ് ലീഗിന്റെയും ഇ കെ സുന്നി വിഭാഗത്തിന്റെയും ഭയം. മുഹമ്മദലി ശിഹാബ് തങ്ങളും ഇവരുടെ പിതാവായ പൂക്കോയ തങ്ങളും ആരോപണങ്ങള്‍ക്കതീതരായി സമുദായത്തെയും പാര്‍ട്ടിയെയും നയിക്കുകയും രാഷ്ട്രീയ സാമുദായിക എതിരാളികളുടെ സ്‌നേഹബഹുമാനാദരങ്ങള്‍ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. മറ്റ് തങ്ങന്മാരെ അപേക്ഷിച്ച് രാഷ്ട്രീയ രംഗത്തെ കാര്യപ്രാപ്തിയിലും ചുറുചുറുക്കിലും ഹൈദരലി തങ്ങള്‍ അല്‍പം പിറകിലാണെന്ന വസ്തുത നിലനില്‍ക്കുന്നതിനാല്‍ വിജിലന്‍സ് അന്വേഷണം വ്യക്തിപരമായി തന്നെ അദ്ദേഹത്തിന് വലിയൊരുപ്രഹരം തന്നെയാകും. നിലവില്‍ തങ്ങള്‍ കുടുംബത്തിലെ മൂത്തയാളെന്ന പരിഗണനയിലാണ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തിന് ശേഷം ഹൈദരലി തങ്ങള്‍ ലീഗ് അധ്യക്ഷ സ്ഥാനത്തെത്തിയത്. പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കള്‍ക്കും ഹൈദരലി തങ്ങളെപ്പോലൊരാള്‍ തലപ്പത്തിരിക്കുന്നതാണ് ഏറെ സൗകര്യവും.
കേരള രാഷ്ട്രീയം അത് ഇടതായാലും വലതായാലും ജാതീയ-സാമുദായിക പ്രീണനങ്ങള്‍ക്ക് പഞ്ഞമൊന്നുമില്ലാത്തതിനാല്‍ സമുദായനേതാക്കളെ ദൈവതുല്യരായി കൊണ്ടാടുന്ന പതിവും നാള്‍ ചെല്ലുന്തോറും ശക്തിയാര്‍ജ്ജിക്കുകയാണ്. സമുദായ-രാഷ്ട്രീയ നേതൃത്വങ്ങളുടെ അവസാനവാക്കെന്ന നിലയില്‍ തങ്ങന്മാര്‍ എല്ലാറ്റിനും അതീതരാണെന്ന പൊതുവിശ്വാസമാണ് കാലങ്ങളായി മലപ്പുറത്തെങ്കിലുമുള്ളത്. സാധാരണ മനുഷ്യരെക്കാള്‍ ഉപരിയായി ദിവ്യമായൊരു പരിവേഷവും തങ്ങന്മാര്‍ക്കുണ്ട്. ഇവര്‍ നിയമത്തിന് പോലും അതീതരാണെന്ന അണികളുടെ സങ്കല്‍പ്പങ്ങളൊന്നാകെ ഹൈദരലി തങ്ങള്‍ അഴിമതിക്കേസില്‍ പ്രതിയായതോടെ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. വിജിലന്‍സ് കേസായതിനാല്‍ കാലങ്ങള്‍ കോടതിയും കേസുമായി ചെലവഴിക്കേണ്ടിവരുമെന്ന ദുരവസ്ഥയും ഹൈദരലി തങ്ങള്‍ക്കുണ്ടായിരിക്കുകയാണ്.
ഭൂമി ദാനക്കേസുമായി പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് നേരിട്ട് ബന്ധമൊന്നുമില്ലെന്ന് വിവാദമുണ്ടാക്കുന്നവര്‍ക്കും നിയമജ്ഞര്‍ക്കും ശത്രുക്കള്‍ക്കുമൊക്കെ അറിയാം. എന്നാല്‍ വിവാദമായ ഭൂമിയിടപാടിന് നേതൃത്വം കൊടുത്ത ട്രസ്റ്റിന്റെ തലപ്പത്ത് ഹൈദരലി തങ്ങളാണുള്ളത് എന്നതിനാലാണ് അദ്ദേഹം അഴിമതിക്കേസില്‍ ഉള്‍പ്പെട്ടത്. പാണക്കാട് തങ്ങള്‍ കുടുംബത്തിലെ ഓരോരുത്തരെയും മുന്നില്‍ നിര്‍ത്തി ഡസന്‍ കണക്കിന് ട്രസ്റ്റുകളും ഫൗണ്ടേഷനുകളും സംഘടനകളും മുസ്ലീം ലീഗുകാരും ഇ കെ സുന്നികളും ഇവരോട് അടുപ്പമുള്ള സ്ഥാപിത താല്‍പര്യക്കാരും രൂപീകരിച്ചിട്ടുണ്ട്. തലപ്പത്ത് തങ്ങന്മാരാണെങ്കില്‍ സ്വാധീനശക്തിയും പണപ്പിരിവും ഉഷാറാക്കാമെന്ന് അറിയാവുന്നതുകൊണ്ടാണ് കാള പെറ്റാലും കയറിന്റെയറ്റത്ത് തങ്ങളെ പിടിച്ചുകെട്ടാന്‍ ലീഗുകാരും ഇ കെ സുന്നികളും ഉത്സാഹിക്കുന്നത്. ഇത് തിരിച്ചറിയാനുള്ള വിവേകം തങ്ങന്മാര്‍ക്കില്ലെന്ന് ആരും കരുതുന്നില്ലെങ്കിലും ഉത്സാഹക്കമ്മിറ്റിക്കാരുടെ ഉള്ള് തിരിച്ചറിയാനുള്ള കരുത്തും മനശക്തിയും തങ്ങന്മാര്‍ പുറത്തെടുത്തില്ലെങ്കിലും വിജിലന്‍സ് കേസല്ല ഇതിലും വലിയ ഊരാക്കുടുക്കുകളില്‍ ഇവര്‍ പെടുമെന്നതില്‍ സംശയമില്ല.
ലീഗിന്റെ അധ്യക്ഷ സ്ഥാനത്തുള്ള തങ്ങന്മാര്‍ പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കളുടെ താളത്തിനൊത്ത് തുള്ളുന്നവരാണെന്നും രാഷ്ട്രീയമായ ജാഗ്രത പുലര്‍ത്താറില്ലെന്നും മുമ്പ് തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഐസ്‌ക്രീം കേസിന്റെ കാലത്ത് ലീഗ് തകര്‍ന്നടിഞ്ഞത് ഇതിന്റെ മകുടോദാഹരണമാണെന്നും അന്ന് ലീഗിനെ നയിച്ച മുഹമ്മദലി ശിഹാബ് തങ്ങള്‍ കുറെക്കൂടി ജാഗ്രത കാട്ടിയെങ്കില്‍ പാര്‍ട്ടി ഇത്രയേറെ നാറില്ലായിരുന്നെന്നും ലീഗിലെ പാരമ്പര്യവാദികള്‍ തന്നെ ആശങ്കപ്പെട്ടിട്ടുണ്ട്. ഹൈദരലി തങ്ങളുടെ കാലമായപ്പോഴേയ്ക്കും ലീഗ് ഇരട്ടിക്കരുത്താര്‍ജ്ജിച്ചെങ്കിലും നേതൃത്വത്തെക്കുറിച്ചുള്ള ആക്ഷേപം നിലനില്‍ക്കുക തന്നെയാണ്.
സര്‍വ്വകലാശാല ഭൂമി തട്ടിപ്പുകേസില്‍ ലീഗ് നോമിനിയായ വൈസ് ചാന്‍സിലറും പ്രതിയായിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനും അഴിമതിക്കേസ് ആദ്യമായാണ് നേരിടേണ്ടിവരുന്നത്. മന്ത്രി എം കെ മുനീറിന് വിജിലന്‍സ് കേസ് പുത്തരിയല്ല. മന്ത്രിമാരും പാര്‍ട്ടിക്കാരും കേസില്‍ പ്രതിയാകുന്നത് ആദ്യമായല്ലെങ്കിലും കുടപ്പനക്കുന്ന് തറവാട്ടില്‍ നിന്നൊരാള്‍ കോടതി കയറുന്നത് അത്ര ശുഭലക്ഷണമായല്ല ലീഗിന്റെ അഭ്യുദയകാംക്ഷികള്‍ കാണുന്നത്.












Click it and Unblock the Notifications