കള്ളിനും ഇപ്പോള്‍ വര്‍ഗീയത!

കേരളത്തില്‍ ചെത്തുന്ന കള്ളിന്റെ പത്തിരട്ടിയിലേറെയാണ് ഷാപ്പുകളിലെ വില്‍പ്പന. പണ്ട് യേശുക്രിസ്തു കാനായിലെ കല്യാണത്തിന് വീഞ്ഞുതീര്‍ന്നപ്പോള്‍ വെള്ളം വീഞ്ഞാക്കി മാറ്റിയതിനേക്കാള്‍ വലിയ അത്ഭുതമാണ് കേരളത്തിലെ ഷാപ്പ് കോണ്‍ട്രാക്ടര്‍മാരും നടത്തിപ്പുകാരും കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുതുള്ളി കള്ളുപോലുമില്ലാതെ കള്ളിന്റെ നാലിരട്ടി വീര്യമുള്ള കള്ളുണ്ടാക്കാന്‍ നമ്മുടെ ഷാപ്പുകാര്‍ക്കറിയാം.
കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന സ്പിരിറ്റ് കള്ളിന്റെ നിറത്തിലാക്കി വില്‍ക്കുകയാണെന്ന കാര്യം ഇത് വില്‍ക്കുന്നവരേക്കാള്‍ നന്നായി കുടിക്കുന്നവര്‍ക്കറിയാം. ഇത് സര്‍ക്കാരിനും പൊലീസിനും എക്‌സൈസിനും അറിയാം. പൊലീസുകാരും എക്‌സൈസുകാരും സുഭിക്ഷമായി ജീവിക്കുന്നത് ഇതുകൊണ്ടാണെന്ന് നാട്ടുകാര്‍ക്കുമറിയാം.
കള്ളിനെപ്പറ്റി കോടതിയുടെ പരാമര്‍ശമുണ്ടായ ഉടനെ മുസ്ലീം ലീഗ് നേതാക്കള്‍ കള്ള് നിരോധനം മാത്രമല്ല സംസ്ഥാനത്ത് പൂര്‍ണ മദ്യനിരോധനം തന്നെ വേണമെന്ന് ഉടനടി പ്രസ്താവനയിറക്കി. ഇസ്ലാമില്‍ കള്ള് ഹറാമാണ്. സമുദായത്തിന്റെ സംരക്ഷണം മുഖ്യഅജണ്ടയായ ലീഗിനും അതിനാല്‍ കള്ള് ഹറാമാണ്. മുസ്ലീം ലീഗ് എന്തിലെങ്കിലും ഇടപെട്ടാല്‍ അത് ഭൂരിപക്ഷ സമുദായത്തിന് എതിരാണെന്ന് ഉറപ്പാക്കേണ്ട ജോലി എസ്എന്‍ഡിപിയുടേതാണ്. നായരീഴവ ഐക്യം സംജാതമായതോടെ അത് നായന്മാരുടെ പണികൂടിയായി.
കള്ളിനെതിരെയും കള്ളുഷാപ്പുകാര്‍ക്കെതിരെയും കള്ള് കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെയും സര്‍വ്വോപരി ചെത്തുകാര്‍ക്കെതിരെയും കോടതിയും മുസ്ലീം ലീഗും ഒത്തുകളിക്കുകയാണെന്നുവരെ എസ്എന്‍ഡിപിയുടെ ആരോപിച്ചുകളയും. കള്ളിനെതിരെയുള്ള ഗൂഢാലോചന കേരളത്തിലെ ഈഴവ സമുദായത്തെ തകര്‍ക്കാനാണെന്ന കാര്യത്തില്‍ ഇപ്പോള്‍ എന്‍എസ്എസിനും സംശയമൊന്നുമില്ല. അതിനാലാണ് കള്ള് നിരോധനത്തിനെതിരെ പെരുന്നയില്‍ നിന്നും ബഹളമുയര്‍ന്നത്.
കള്ള് ചെത്തരുത്, കുടിക്കരുത്, വില്‍ക്കരുത് എന്നൊക്കെ പറഞ്ഞ ശ്രീനാരായണ ഗുരുദേവന്റെ സംഘടന കള്ളിന് വേണ്ടി നിലകൊള്ളുന്നത് കടുത്ത അപരാധമാണെന്ന് മദ്യനിരോധനക്കാര്‍ കാലങ്ങളായി പറയുന്നതൊന്നും വെള്ളാപ്പള്ളി നടേശന്‍ കാര്യമാക്കുന്നില്ല. നാട്ടിലെ ഈഴവര്‍ നാല് കാശുണ്ടാക്കി മാന്യമായി ജീവിക്കുന്നതിലുള്ള കണ്ണുകടികൊണ്ടാണ് മദ്യനിരോധനവാദികള്‍ കള്ളിനെതിരെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. കള്ളിന്റെ കാര്യം മാത്രമല്ല, വേറെയൊരുപാട് നല്ലകാര്യങ്ങള്‍ ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞിട്ടുണ്ടെന്നും ഇതൊന്നും ആരും പറയുകയും പ്രസംഗിക്കുകയും ചെയ്യാത്തതെന്താണെന്നും അദ്ദേഹം തിരിച്ച് ചോദിക്കുകയും ചെയ്യും.
കേരളത്തിലെ ന്യൂനപക്ഷ പ്രീണനം, മുസ്ലീംലീഗിന്റെ അധികാര ഗര്‍വ്വ് എന്നിവയ്‌ക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന വെള്ളാപ്പള്ളി നടേശനെയും എസ്എന്‍ഡിപിയെയും ഈഴവ സമുദായത്തെയും തറപറ്റിക്കാനാണ് കള്ള് നിരോധനവും ഷാപ്പുപൂട്ടിക്കലും മുസ്ലീം ലീഗ് അജണ്ടയായി എടുത്തിരിക്കുന്നതെന്നാണ് വെള്ളാപ്പള്ളിയുടെ ആക്ഷേപം.
ഭൂരിപക്ഷ സമുദായത്തിന്റെ ഏകീകരണത്തിനായി എന്‍എസ്എസും എസ്എന്‍ഡിപിയും ഐക്യമുണ്ടാക്കിയതിന് ശേഷം മുസ്ലീംലീഗിന്റെ വര്‍ഗീയാക്രമണം ശക്തമായതിന്റെ തെളിവാണ് കള്ളിനെതിരെയുള്ള യുദ്ധമെന്നും എസ്എന്‍ഡിപി കരുതുന്നു. ഭൂരിപക്ഷത്തെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി കൂടി കേരളത്തിലെ ഷാപ്പുകളുടെ സംരക്ഷണത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്.
നായരീഴവ ഐക്യത്തിന്റെ ഉടമ്പടിയില്‍ ഇക്കാര്യങ്ങളൊക്കെ വ്യക്തമായും രേഖപ്പെടുത്തിയിട്ടുണ്ട്. ഈഴവന്‍ ചെത്തുന്ന കള്ള് നായര്‍കൂടി കുടിക്കുന്നതിനാല്‍ കള്ളിന്റെ കാര്യത്തില്‍ ഭൂരിപക്ഷ താല്‍പര്യം സംരക്ഷിക്കേണ്ടത് നായര്‍ സമുദായത്തിന്റെ കൂടി താല്‍പര്യമാണ്. ഷാപ്പുകാര്‍ ചേര്‍ക്കുന്ന വിഷം പോരാഞ്ഞ് സമുദായ സംഘടനകള്‍ കലര്‍ത്തുന്ന വര്‍ഗീയവിഷം കൂടി അകത്താക്കേണ്ട ഗതികേടാണ് കേരളത്തിലെ കള്ളുകുടിയന്മാരുടേത്.












Click it and Unblock the Notifications