നമ്മളെന്തിന് ഇയാളെ ചാരനാക്കി?

ദേശീയ മനുഷ്യവകാശ കമ്മിഷന്‍ വിധിച്ച നഷ്ടപരിഹാരം ഉടനടി നമ്പി നാരായണന് നല്‍കണമെന്ന കോടതി വിധിയിലൂടെ ഐ എസ് ആര്‍ ഒ ചാരക്കേസ് അടുത്തിടെ വീണ്ടും ചര്‍ച്ചയായതിനിടെയാണ് താന്‍ ആത്മകഥയെഴുതുകയാണെന്ന വിവരം നമ്പി നാരായണന്‍ പുറത്തുവിട്ടത്. നമ്പി നാരായണന്റെ ആത്മകഥ ഇന്ത്യന്‍ ശാസ്ത്രസാങ്കേതിക വകുപ്പിനെയും അവിടുത്തെ വെള്ളാനകളെയും തുറന്നുകാട്ടുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. തന്റെ ദുരന്തജീവിതം മാത്രമല്ല, ചാരക്കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങളും ഈ കേസുണ്ടാകാന്‍ കാരണക്കാരായ പ്രമുഖരുടെ പ്രവര്‍ത്തനങ്ങളും ജയില്‍വാസവും കസ്റ്റഡി പീഡനവും ഐ എസ് ആര്‍ ഒയിലും ഇന്ത്യന്‍ ശാസ്ത്രസാങ്കേതികരംഗത്തെ കിടമത്സരങ്ങളും അനാശാസ്യപ്രവണതകളുമൊക്കെ നിങ്ങളെന്നെ ചാരനാക്കി എന്ന പുസ്തകത്തിലൂടെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.
ചാരക്കേസ് പൊങ്ങിവരുന്നതുവരെ ഐ എസ് ആര്‍ ഒയില്‍ പ്രധാന തസ്തികയില്‍ ഏവരുടെയും ശ്രദ്ധപിടിച്ചപറ്റിയ പ്രമുഖ ശാസ്ത്രജ്ഞനായിരുന്നു നമ്പി നാരായണന്‍. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ തലതൊട്ടപ്പന്മാരായ വിക്രംസാരാഭായിയുടെയും സതീഷ് ധവാന്റെയും പ്രിയ ശിഷ്യന്‍ കൂടിയായിരുന്നു നമ്പി നാരായണന്‍. ഇന്ത്യന്‍ ബഹിരാകാശ വകുപ്പില്‍ 35 വര്‍ഷത്തെ വിജയകരമായ ഔദ്യോഗിക ജീവിതത്തിനിടെയാണ് ചാരക്കേസ് എന്ന ദുര്‍ഭൂതം അതിന്റെ എല്ലാ കരാളതകളോടും നമ്പി നാരായണനെ ആക്രമിച്ച് തറപറ്റിച്ചത്. ഏറെകാലം റഷ്യയായിരുന്നു ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയും ഉപദേഷ്ടാവും സഹായിയും. റഷ്യയുടെ സഹായത്തോടെ ബഹിരാകാശ സാങ്കേതികവിദ്യകളും റോക്കറ്റ് വിക്ഷേപണ പദ്ധതികളും തദ്ദേശീയമായി വികസിപ്പിച്ചെടുക്കാന്‍ അശ്രാന്ത പരിശ്രമം നടത്തി അതില്‍ വലിയ ഏറെക്കുറെ വിജയം കണ്ടെത്തിയ ശാസ്ത്രജ്ഞരില്‍ പ്രമുഖനായ നമ്പി നാരായണന്‍. അതായത് ഐ എസ് ആര്‍ ഒ ചെയര്‍മാന്റെ കസേരയില്‍ വരെയെത്താന്‍ കഴിവും സാധ്യതയുമുണ്ടായിരുന്ന ഒരാള്‍. അതെ, ഈ നേട്ടങ്ങളൊക്കെ തന്നെയാണ് ചാരക്കേസിന്റെ രൂപത്തില്‍ താനറിയാതെ തന്റെ പിന്നില്‍ ഉരുണ്ടുകൂടി വേട്ടയാടിയതെന്ന് അദ്ദേഹം പറയുന്നു.
നമ്പി നാരായണന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ' എല്ലാം നഷ്ടപ്പെട്ടത് ഒരൊറ്റ ദിവസം കൊണ്ട് '.1994 മുതല്‍ നീണ്ട പതിനെട്ടുവര്‍ഷങ്ങള്‍ നിയമവും നിയമപാലകരും ഭരണകൂടവും മാധ്യമങ്ങളും പൊതുസമൂഹവും നിരപരാധിയായ ഒരു മനുഷ്യനെ കല്ലെറിയുകയായിരുന്നു. നിരപരാധിയാണെന്ന് കോടതിയും സി ബി ഐ എന്ന അന്വേഷണ ഏജന്‍സിയും കണ്ടെത്തിയിട്ടും തന്നെ കുറ്റവാളിയായി കാണാനാണ് ഇഷ്ടപ്പെട്ടതെന്ന് നമ്പി നാരായണന്‍ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. പ്രതിരോധ മേഖലയെപ്പോലെ രാജ്യത്തിന്റെ മൊത്തം ബജറ്റിന്റെ നല്ലൊരു പങ്ക് കൈപ്പറ്റുന്ന വകുപ്പാണ് ബഹിരാകാശ വകുപ്പ്.
പ്രധാനമന്ത്രിയുടെ നേരിട്ടുന്ന മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വകുപ്പില്‍ ചെലവഴിക്കപ്പെടുന്ന പണത്തിന് കണക്ക് ചോദിക്കുന്നത് തന്നെ തികച്ചും രാജ്യദ്രോഹപരമാണെന്നാണ് രാഷ്ട്രീയ-ഉദ്യോഗസ്ഥ മേധാവികളുടെ മട്ടും മനോഭാവവും. അതായത് ബഹിരാകാശ വകുപ്പില്‍ നടക്കുന്നതൊന്നും അറിയാന്‍ രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശമില്ലെന്നര്‍ത്ഥം. അടുത്തിടെ ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാനും ഇപ്പോഴത്തെ ചെയര്‍മാനും പരസ്പരം ചെളിവാരിയെറിഞ്ഞതോടെയാണ് ഇന്ത്യന്‍ ബഹിരാകാശവകുപ്പില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്ക് സമാനമായ അഴിമതി ഈ ഭൂലോകത്ത് തന്നെയുണ്ടാകില്ലെന്ന് വ്യക്തമാകുന്നത്.
ആന്‍ഡ്രിക്‌സ്-ദേവാസ് ഇടപാടിലൂടെ ടു ജി സ്‌പെക്ട്രം അഴിമതിയെ വെല്ലുന്ന തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കണ്ടെത്തലും മലയാളികളായ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണനും മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ അതിരുവിട്ടതുമൊക്കെ ഇന്ത്യന്‍ ബഹിരാകാശ വകുപ്പിന്റെ ദുഷിപ്പും തട്ടിപ്പുമാണ് പുറത്തുകൊണ്ടുവന്നത്. ചാരക്കേസിന് പിന്നില്‍ നിന്ന കറുത്തശക്തികള്‍ ഐ എസ് ആര്‍ ഒയില്‍ തന്നെയാണെന്ന് സംശയിക്കത്തക്ക വിധത്തിലുള്ള അഴിമതിയും അധികാരധുര്‍വിനിയോഗവും ഒറ്റുകൊടുക്കലുകളും കച്ചവടവും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളായി അടുത്തിടെ പുറത്തുവന്നത്.
ഐ എസ് ആര്‍ ഒയെ തകര്‍ക്കാന്‍ വേണ്ടി ആസൂത്രണം ചെയ്തതാണ് ചാരക്കേസ് എന്നാണ് നമ്പി നാരായണന്‍ വ്യക്തമാക്കുന്നത്. അതെക്കുറിച്ച് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് താന്‍ ആത്മകഥയെഴുതാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞുകഴിഞ്ഞു. ചാരക്കേസ് നമ്പിനാരായണനെ ഇരയാക്കുകയായിരുന്നു, അതോടൊപ്പം ആരും ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ചില അപ്രിയ വസ്തുതകള്‍ പുറത്തുവരാനും നമ്പിയുടെ ദുരന്തജീവിതം കാരണമാവുകയാണ്. നമ്പിയെ ചാരനാക്കിയവര്‍ വൈകാതെ വെളിച്ചത്തുവരിക തന്നെ ചെയ്യും.












Click it and Unblock the Notifications