Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന്റെ മറമാറ്റിയാല്‍ കോണ്‍ഗ്രസിലെ തമ്മിലടി

UDF MLAS
കോണ്‍ഗ്രസിലെ തമ്മിലടിയും പടലപ്പിണക്കങ്ങളും തൊഴുത്തില്‍ക്കുത്തും എല്ലാ മറകളും നീക്കി പുറത്തുവരികയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നീക്കങ്ങളെ പരസ്യമായി വെല്ലുവിളിച്ച് വി ഡി സതീശന്റെയും ടി എന്‍ പ്രതാപന്റെയും നേതൃത്വത്തിലുള്ള സംഘം നെല്ലിയാമ്പതി സന്ദര്‍ശിച്ചതും ഇതില്‍ പ്രതിഷേധിച്ച് നെല്ലിയാമ്പതി സന്ദര്‍ശിച്ച യു ഡി എഫ് ഉപസമിതിയുടെ തലപ്പത്തുനിന്ന് എം എം ഹസന്‍ രാജിവച്ചതും കോണ്‍ഗ്രസിലും യു ഡി എഫിലും വലിയ പൊട്ടിത്തെറിയാണുണ്ടാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസിലെ യുവ എം എല്‍ എമാരുടെ നീക്കം അക്ഷരാര്‍ത്ഥത്തില്‍ വിമതപ്രവര്‍ത്തനം തന്നെയാണ്. നെല്ലിയാമ്പതി സന്ദര്‍ശിക്കുമെന്ന വി ഡി സതീശന്റെയും ഹൈബി ഈഡന്റെയും പ്രഖ്യാപനം സമ്മര്‍ദ്ദതന്ത്രമായിരിക്കുമെന്ന് കരുതിയ കോണ്‍ഗ്രസ് നേതൃത്വത്തെയും യു ഡി എഫ് സര്‍ക്കാരിനെയും ഞെട്ടിച്ചുകൊണ്ടാണ് നാല് കോണ്‍ഗ്രസ് എം എല്‍ എമാരും രണ്ട് ഘടകകക്ഷി എം എല്‍ എമാരും നെല്ലിയാമ്പതി മലനിരകള്‍ ചവിട്ടിക്കയറിയത്.

ഇതോടൊപ്പം കെ പി സി സി പുനസംഘടനയുമായി ബന്ധപ്പെട്ട് വി എം സുധീരന്‍ ഉയര്‍ത്തിയ എതിര്‍പ്പുകള്‍ ദേശീയതലത്തില്‍ വരെ വലിയ വാര്‍ത്താ പ്രാധാന്യമാണ് നേടിയത്. ഭരണം ഉമ്മന്‍ ചാണ്ടി കയ്യടക്കിയതും പാര്‍ട്ടി രമേശ് ചെന്നിത്തല കുത്തകയാക്കിയതിലുമുള്ള എതിര്‍പ്പുകള്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ട് ഏറെക്കാലമായെങ്കിലും എല്ലാ നിയന്ത്രണങ്ങളെയും പൊട്ടിച്ച് അവ ഇപ്പോള്‍ പുറത്തുവരികയാണ്. ടി പി ചന്ദ്രശേഖരന്‍ വധവും സി പി എമ്മിലെ പിണറായി-വി എസ് പോരുമാണ് യു ഡി എഫിലും കോണ്‍ഗ്രസിലും സര്‍ക്കാരിലുമുള്ള അസംതൃപ്തികളെയും അഭിപ്രായവ്യത്യാസങ്ങളെയും ഇത്രയും കാലം മറച്ചിരുന്നത്.

പി സി ജോര്‍ജ്ജുമായുള്ള മുഖ്യമന്ത്രിയുടെ അതിരുവിട്ട അടുപ്പവും കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമാണ് പുതിയ വിവാദങ്ങള്‍ക്കും വാക്കുതര്‍ക്കങ്ങള്‍ക്കും ഇടയാക്കിയിരിക്കുന്നത്. വി എം സുധീരനും ടി എന്‍ പ്രതാപനും വി ഡി സതീശനും തുടങ്ങിവച്ച കൊട്ടാരവിപ്ലവം അടുത്ത ദിവസങ്ങളില്‍ രൂക്ഷമാകും. ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനെ കണ്ണുമടച്ച് പിന്തുണയ്ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടുകള്‍ കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷം എം എല്‍എമാര്‍ക്കും നേതാക്കള്‍ക്കും അസഹനീയമായിട്ടുണ്ട്.

സര്‍ക്കാരിന്റെ ഭൂരിപക്ഷം നൂല്‍പ്പാലത്തിലായതിനാല്‍ ഭരണം നിലനിര്‍ത്താന്‍ പി സി ജോര്‍ജ്ജിന്റെ തന്ത്രങ്ങളെ ആശ്രയിക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി. വി ഡി ശെല്‍വരാജ് സി പി എമ്മില്‍ നിന്ന് രാജിവച്ചതടക്കമുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പി സി ജോര്‍ജ്ജ് യു ഡി എഫ് ഭരണത്തില്‍ കിംഗ് മേക്കര്‍ ചമയുകയാണെന്ന പരാതിയില്‍ കഴമ്പുണ്ടെങ്കിലും എതിര്‍പ്പുകളെ മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും കണക്കിലെടുത്തിരുന്നില്ല.

എന്നാല്‍ തോട്ടം ഭൂമിപ്രശ്‌നത്തില്‍ പി സി ജോര്‍ജ്ജിന്റെ നിലപാട് വന്‍കിട തോട്ടമുടമകള്‍ക്ക് വേണ്ടിയാണെന്ന് വ്യക്തമായിട്ടും മുഖ്യമന്ത്രിയും കെ പി സി സി നേതൃത്വവും പരസ്യമായി തന്നെ ജോര്‍ജ്ജിനെ പിന്തുണച്ചതോടെയാണ് പാര്‍ട്ടി അച്ചടക്കത്തിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ട് വി ഡി സതീശനും ടി എന്‍ പ്രതാപനും ഹൈബി ഈഡനും വി ടി ബല്‍റാമും വീണ്ടും നെല്ലിയാമ്പതിയില്‍ എത്തിയത്. എം വി ശ്രേയാംസ് കുമാറിനെയും കെ എം ഷാജിയെയും സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതോടെ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയര്‍ത്തിയ ഭൂമിപ്രശ്‌നം യു ഡി എഫിനെ ഒന്നാകെ ഇളക്കിമറിക്കാനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും സര്‍ക്കാരിന്റെയും ഔദ്യോഗിക നിലപാടുകള്‍ക്ക് വിരുദ്ധമായി ആറ് എം എല്‍ എമാര്‍ നടത്തിയ നീക്കങ്ങളെ കണ്ടുനില്‍ക്കാന്‍ മാത്രമേ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് കഴിയൂ. തങ്ങള്‍ക്കെതിരെ യാതൊരുവിധത്തിലുമുള്ള നടപടികളുമെടുത്ത് നാമമാത്ര ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ ഒരുതരത്തിലും അപകടത്തിലാക്കാന്‍ മുന്നണിയിലെ മുതിര്‍ന്ന നേതാക്കള്‍ തയ്യാറാകില്ലെന്ന ധൈര്യമാണ് നെല്ലിയാമ്പതി സന്ദര്‍ശിച്ച 'വിമത' എം എല്‍ എമാര്‍ക്കുള്ളത്.

യു ഡി എഫ് ഭരണം മുഖ്യമന്ത്രിയടക്കം രണ്ടോ മൂന്നോ കോണ്‍ഗ്രസ് മന്ത്രിമാരിലും മുസ്ലീം ലീഗിലും കേരളാ കോണ്‍ഗ്രസിലും ഒതുങ്ങിപ്പോകുന്നെന്ന പരാതിയാണ് വി എം സുധീരനും കെ മുരളീധരനും അടക്കമുള്ള നേതാക്കള്‍ക്ക് ഏറെക്കാലമായി ഉന്നയിക്കുന്നത് കോണ്‍ഗ്രസ് പുനസംഘടന ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈജാക്ക് ചെയ്ത് എ, ഐ ഗ്രൂപ്പുകള്‍ക്ക് മാത്രമായി സ്ഥാനവും പദവിയും വീതിച്ച് നല്‍കാനുള്ള നീക്കത്തിനെതിരെയുള്ള കൊട്ടാരവിപ്ലവമാണ് വി എം സുധീരന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇതിന് എ കെ ആന്റണി, ജി കാര്‍ത്തികേയന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ മൗനാശീര്‍വ്വാദങ്ങള്‍ വി എം സുധീരനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+