ഉമ്മന്‍ചാണ്ടിയുടെ ഫോര്‍മുലയ്ക്ക് പാര പെരുമഴ

മന്ത്രി ഗണേഷും അച്ഛന്‍ പിള്ളയും തമ്മിലുള്ള സ്‌നേഹം എല്ലാ പരിധിയും വിടുന്ന നിലയിലുമാണ്. ഒപ്പം കയിച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന പരുവത്തില്‍ പിസി ജോര്‍ജ്ജും. മുല്ലപ്പെരിയാരും വൈദ്യുതി പ്രതിസന്ധിയും പെന്‍ഷന്‍ പ്രായവും വിലക്കയറ്റവുമൊക്കെ വേറെയും കിടക്കുന്നു.
ഒരു ചന്ദ്രശേഖരന്‍ വധവും ഫസല്‍, ഷുക്കൂര്‍ കൊലപാതകങ്ങളും വീണുകിട്ടിയതുകൊണ്ട് ഒരു വിധമൊക്കെ പിടിച്ചുനില്‍ക്കുന്നു. പ്രതിപക്ഷക്കാര്‍ക്ക് സ്വന്തം കാര്യം നോക്കാന്‍ പോലും നേരം കിട്ടാത്തതുകൊണ്ട് ഈ വിധത്തില്‍ ഭരണം തട്ടി തട്ടികൊണ്ടുപോവുകയാണെന്ന് ഉമ്മന്‍ചാണ്ടിക്ക് നന്നായറിയാം.
അതുകൊണ്ടാണ് പുതിയ ഒരു ഫോര്‍മുല തന്റെ ആത്മമിത്രങ്ങളോട് ഒസി അദ്ദേഹം പങ്കുവെച്ചത്. പക്ഷേ, രഹസ്യമായ ഈ തീരുമാനം തുടക്കത്തിലേ ചോര്‍ന്നു. സ്വന്തം എംഎല്‍എമാര്‍ പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പ് തുടങ്ങുകയും ചെയ്തു.
ഭരണപ്രതിസന്ധി മറികടക്കാന്‍ എന്തായിരുന്നു മുഖ്യമന്ത്രി കണ്ടെത്തിയ ഫോര്‍മുല? സംഭവം അതീവലളിതം. വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്തുക. ഒരു കൊല്ലം കൂടി കഴിഞ്ഞാലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരും. ഇപ്പോള്‍ നിലനില്‍ക്കുന്ന അനുകൂല സാഹചര്യം ഗുണപരമായി ഉപയോഗിച്ചാല്‍ പൂര്‍വാധികം ശക്തിയോടെ അധികാരത്തിലെത്താമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. പൊതുസമൂഹത്തിന് ഇപ്പോള്‍ സിപിഎമ്മിനോടുള്ള അതൃപ്തി ഏറെ നാള്‍ നിലനില്‍ക്കണമെന്നില്ല.
അപ്പോള്‍ കാറ്റുള്ളപ്പോള്‍ തന്നെ തൂറ്റണമെന്നാണ് ഒസി ലൈന്‍. ഘടകകക്ഷികള്‍ക്കു നല്‍കുന്ന സീറ്റിന്റെ കാര്യത്തിലും മന്ത്രിസഭാ രൂപീകരണത്തിലുമെല്ലാം ശക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് അമാന്തിക്കരുതെന്നാണ് ഉമ്മന്‍ചാണ്ടി പക്ഷം. ഘടകകക്ഷികളെ നിയന്ത്രിക്കാന്‍ കഴിയുന്ന അംഗബലം കോണ്‍ഗ്രസിനുവേണം. അതിനായി ഉറപ്പുള്ള സീറ്റുകളില്‍ കൂടുതല്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ മത്സരിക്കണം.
വിഡി സതീഷന്‍, കെ മുരളീധരന്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കി പ്രതിച്ഛായ മെച്ചപ്പെടുത്തണം. ഈ വിധത്തില്‍ അഴിച്ചുപണി നടത്തിയാല്‍ അടുത്തകാലത്തൊന്നും സിപിഎമ്മിന് തലയുയര്‍ത്താന്‍ കഴിയില്ലെന്നും വിഎം സുധീരന്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുമെന്നും ഉമ്മന്‍ചാണ്ടി കരുതുന്നു.
കേള്‍ക്കാനൊക്കെ കൊള്ളാം. പക്ഷേ, നിലവിലുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്ക്ക് ഇതിലത്ര താല്‍പ്പര്യമില്ല. കാലാവധിക്കുമുമ്പെ കസേര വിട്ടുകൊടുക്കുന്നത് ആത്മഹത്യാപരമാണെന്ന് ഇവര്‍ക്ക് നന്നായറിയാം. കോണ്‍ഗ്രസാണ് പാര്‍ട്ടി. അടുത്ത കുറി ടിക്കറ്റ് കിട്ടുമെന്ന് ഒരുറപ്പുമില്ല താനും. മന്ത്രിസഭാ നാഥന്റെ മനസ്സിലിരിപ്പുകള്‍ മനസ്സിലാക്കിയ ഉടന്‍ അതിനെ പ്രതിരോധിക്കാന്‍ കേന്ദ്രത്തില്‍ പിടിക്കാനുള്ള നീക്കങ്ങള്‍ തകൃതിയായി നടത്തുകയാണ് കോണ്‍ഗ്രസ് നേതാക്കളിപ്പോള്‍.












Click it and Unblock the Notifications