ഈ ആന്റണി ആടല്ല, പുലിയാണ്

ആന്റണിയെ പിടികൂടുന്നതിനു കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംയുക്തസംഘം രൂപീകരിക്കുന്നതിനും കേരളാ പൊലീസ് ആലോചിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ ഇതുവരെ നടന്ന അന്വേഷണം അവിടത്തെ ക്യൂ ബ്രാഞ്ച് പോലീസിന്റെ സഹായത്തോടെയായിരുന്നു. എന്നാല്‍ പഠിച്ച കള്ളനായ ആന്റണിയെ വലയിലാക്കാന്‍ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെ ആട് ആന്റണിയും ഇയാളോടൊപ്പം ഒളിവില്‍ പോയ സൂസനും തിരുവനന്തപുരത്തെ ഒരു ബാങ്കില്‍ അക്കൗണ്ട് തുറക്കാനെത്തിയതിന്റെ സി സി ടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
മോഷണത്തില്‍ മാത്രമല്ല ആന്റണി തന്റെ മിടുക്ക് കാട്ടിയത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി 17 ഭാര്യമാര്‍ ആന്റണിക്കുണ്ടെന്നാണ് കഴിഞ്ഞ ദിവസം അന്വേഷണസംഘം വെളിപ്പെടുത്തിയത്. അന്വേഷണം മുറുകുമ്പോള്‍ ഭാര്യമാരുടെ എണ്ണം കൂടാനാണ് സാധ്യതയെന്നും പൊലീസ് പറയുന്നു. ആട് ആന്റണിക്കൊപ്പം ഒളിവില്‍ പോയ സൂസന്റെ മകളെയും ആന്റണി ഭാര്യയാക്കിയിരുന്നു. ആന്റണിക്ക് ബ്ലൂഫിലിം നിര്‍മ്മാണവും വന്‍കിട പെണ്‍വാണിഭവും ഉണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ആന്റണിയുടെ തിരുവനന്തപുരത്തെ താമസസ്ഥലത്തുനിന്ന് രണ്ട് സ്ത്രീകളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതിലൊരാള്‍ സൂസന്റെ മകള്‍ ശ്രീജയാണ്. ഈ യുവതി ഗര്‍ഭിണിയുമാണ്.
നിര്‍ദ്ധനയുവതികളെ പാട്ടിലാക്കി കൂടെത്താമസിപ്പിക്കുന്ന ഇയാള്‍ക്ക് സംസ്ഥാനത്തിനകത്തും പുറത്തും അനേകം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചുകഴിഞ്ഞു. മലയാളം കൂടാതെ തമിഴും തെലുങ്കും കന്നടയും ഹിന്ദിയും ആട് ആന്റണിക്ക് നന്നായി കൈകാര്യം ചെയ്യാനറിയാം. ഇതിനാല്‍ ഒളിത്താവളങ്ങള്‍ കണ്ടെത്തുന്നതിന് പ്രയാസമില്ലെന്നും ഇതിനാലാണ് ഇയാളെ പിടികൂടാന്‍ വൈകുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ആന്റണിയെത്തേടി ചെന്നൈയില്‍ എത്തിയ കേരളാ പൊലീസ് ഇയാളുടെ ഫഌറ്റില്‍ കണ്ടെത്തിയ സാധനസാമഗ്രികള്‍ കണ്ട് അന്തംവിട്ടിരുന്നു. പത്ത് സി പി യു, പത്ത് യു പി എസ്, നാല് ലാപ്‌ടോപ്പുകള്‍, മൂന്ന് മോണിറ്ററുകള്‍, 15 ഹാര്‍ഡ് ഡിസ്‌കുകള്‍ ഉള്‍പ്പെടെ 324 ഇനം ഇലക്്‌ട്രോണിക് സാധനങ്ങളാണ് ഫഌറ്റില്‍നിന്നു കണ്ടെടുത്തത്. ഓരോന്നിനും ഓരോ ലക്ഷത്തില്‍ അധികം വിലയുള്ള ഒമ്പത് എല്‍ സി ഡി ടിവികളും കൂട്ടത്തില്‍ ഉണ്ട്. വാഷിംഗ് മെഷീനുകള്‍, എയര്‍ കണ്ടീഷനറുകള്‍, ഫര്‍ണിച്ചറുകള്‍, സ്റ്റീല്‍ അലമാരകള്‍, മുന്തിയ ഇനം ആഭരണപ്പെട്ടികള്‍, മ്യൂസിക് സിസ്റ്റം എന്നിവയും ഇവിടെ കണ്ടെത്തി.
ട്രോളി ബാഗുകള്‍, അടുക്കളയില്‍ ആവശ്യത്തിന് ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങള്‍, രണ്ടുലക്ഷത്തിലധികം വിലവരുന്ന പോര്‍ട്ടബിള്‍ എക്‌സ്‌റേ മെഷീന്‍, എട്ടടിയോളം പൊക്കമുള്ള ആറ് നിലവിളക്കുകള്‍, ചെറുതും വലുതുമായ നിലവിളക്കുകള്‍, ഒരുലക്ഷത്തിലധികം വിലയുള്ള റാഡോ വാച്ച് അടക്കം ചെമ്പില്‍ നിര്‍മിച്ച മറ്റു ഗൃഹോപകരണങ്ങള്‍, തൊണ്ടിസാധനങ്ങളുടെ ഏകദേശവില അമ്പത് ലക്ഷമെന്നാണ് തിട്ടപ്പെടുത്തിയിരിക്കുന്നത്. ചെന്നൈയില്‍ നിന്ന് കണ്ടെയ്‌നറിലാണ് ഇവ കൊല്ലത്തെത്തിച്ചത്.
ആട് ആന്റണി വാടകയ്ക്കു താമസിച്ചിരുന്ന ചെന്നൈ മടവാരം നഗരസഭ മൂലക്കട ജംഗ്ഷനിലെ ചന്ദ്രപ്രഭു കോളനിയിലെ ഫഌറ്റില്‍നിന്നുമാണ് മോഷണമുതലുകള്‍ കണ്ടെത്തിയത്. കേരളത്തില്‍ നിന്നും മോഷ്ടിച്ച സാധനങ്ങളും ഇക്കൂട്ടത്തില്‍പ്പെടും. കമ്പ്യൂട്ടര്‍ എന്‍ജിനീയറാണെന്ന വ്യാജേനയാണ് ഇയാള്‍ ചെന്നൈയില്‍ താമസിച്ചിരുന്നത്. പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെ കൊലപ്പെടുത്തിയത് തമിഴ് കവര്‍ച്ചാസംഘമാണെന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ്. പിന്നീടാണ് സംശയം ആട് ആന്റണിയിലേക്കെത്തിയത്.
ജൂണ്‍ 26ന് രാത്രി കൊല്ലം പാരിപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചാത്തന്നൂരിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കവര്‍ച്ചാസംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് മണിയന്‍പിള്ള (47) കുത്തേറ്റു മരിച്ചത്. കൊലപാതകത്തിനുശേഷം മാരുതി വാനില്‍ രക്ഷപ്പെട്ടത് കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്‍ണി ആയിരുന്നുവെന്നു പിന്നീടു പൊലീസ് കണ്ടെത്തുകയായിരുന്നു. മോഷ്ടാവ് എന്നതിലുപരി ഓരോ ദിവസവും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അന്വേഷണസംഘം ആന്റണിയെപ്പറ്റി പുറത്തുവിടുന്നത്. എന്നാല്‍ ആട് ആന്റണിയുടെ വിശദവിവരങ്ങള്‍ പൊലീസിനും വ്യക്തമല്ല. കൊല്ലം എസ് പിയുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങള്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും കര്‍ണാടകത്തിലും വടക്കന്‍ കേരളത്തിലും തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ആട് ആന്റണി വഴുതിമാറിക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications