ആര്‍എസ്എസ് ആഭ്യന്തരസംഘര്‍ഷം പൊട്ടിത്തെറിയിലേക്ക്

തെരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി ഉണ്ടാകുന്ന വോട്ട് ചോര്‍ച്ചയ്‌ക്കെതിരേ ആര്‍എസ്എസ് പരസ്യമായി രംഗത്തുവന്നതുമെല്ലാം ഈ സാഹചര്യത്തിലായിരുന്നു. കേസരി ലേഖനം വിവാദമാവുകയും അത് ആര്‍എസ്എസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തുവെന്ന ആരോപണം പ്രസ്ഥാനത്തിനുള്ളില്‍ ശക്തമായി ഉയര്‍ന്നപ്പോഴാണ് അയോദ്ധ്യ പ്രിന്റേഴ്‌സ് ജനറല്‍ മാനേജര്‍ കൂടിയായ ടിജെ മോഹന്‍ദാസിനോടും മുഖ്യപത്രാധിപര്‍ ജെ നന്ദകുമാറിനോടും രാജിവെയ്ക്കാന്‍ സംഘപരിവാര്‍ നേതൃത്വം ആവശ്യപ്പെട്ടത്.
ഇതിനെ തുടര്‍ന്ന് ഇവര്‍ രാജിവെയ്ക്കുകയും ചെയ്തു. ഈ നേതാക്കളുടെ രാജിയില്‍ പ്രതിഷേധിച്ചുകൊണ്ടാണ് അയോദ്ധ്യ പ്രസ് മാനേജര്‍ ആര്‍ വി ബാബുവും രാജിവെച്ചിട്ടുള്ളത്. എന്നാല്‍ സംഘപരിവാര്‍ നേതാക്കളുടെ രാജി നിര്‍ബന്ധിത രാജിയല്ലെന്നും സംഘടനാസംവിധാനത്തിലെ അഴിച്ചുപണിയ്ക്കനുസൃതമായി മറ്റുചുമതലകള്‍ നല്‍കാനാണ് ഇവര്‍ രാജിവെച്ചിരിക്കുന്നതെന്നുമാണ് സംഘപരിവാര്‍ നേതൃത്വത്തിന്റെ വിശദകീരണം.
എന്നാല്‍ നേതൃത്വത്തിന്റെ ഈ വിശദീകരണം രാജിവെച്ച പ്രമുഖര്‍ അംഗീകരിക്കുന്നില്ല. സിപിഎമ്മിനെ വാനോളം പുകഴ്ത്തിയും ഹൈന്ദവ പ്രസ്ഥാനങ്ങളും സിപിഎമ്മും കൈകോര്‍ത്തുപിടിച്ചുമുന്നേറാനുള്ള സമയം ആസന്നമായിരിക്കുന്നുവെന്നുമാണ് ടിജെ മോഹന്‍ദാസ് കേസരി ലേഖനത്തില്‍ വ്യക്തമാക്കിയത്.
ആര്‍എസ്എസിലെയും ബിജെപിയിലെയും ഒരു വിഭാഗം നേതാക്കളുടെ പിന്തുണയോടെയാണ് മോഹന്‍ദാസ് കേരളം കാത്തിരിക്കുന്ന സൗഹൃദം എന്ന ലേഖനമെഴുതിയതെന്ന് വ്യക്തം. ഇതര മാധ്യമങ്ങളിലൂടെ ഈ വിഷയം ചര്‍ച്ചയായപ്പോഴാണ് ആര്‍എസ്എസിനെതിരേ കര്‍ക്കശ വിമര്‍ശനവുമായി പിണറായി വിജയന്‍ രംഗത്തുവന്നത്. ഒപ്പം തന്നെ ബിജെപിയിലെയും സംഘപരിവാറിലെയും വലിയ വിഭാഗം പ്രവര്‍ത്തകരും കേസരി ലേഖനത്തിനെതിരേ രംഗത്തുവന്നു.
ക്വിറ്റ് ഇന്ത്യാ സമരത്തില്‍ സിപിഎം സ്വീകരിച്ച നടപടിയെ ന്യായീകരിച്ചതും അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത പ്രസ്ഥാനമാണ് സിപിഎം എന്നു വിശേഷിപ്പിച്ചതും നേതൃ തലത്തില്‍ തന്നെ അമര്‍ഷത്തിനു വഴിയൊരുക്കിയിരുന്നു. കേസരി ലേഖനത്തിനെതിരേ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്ന വികാരത്തെ സമാധാനിപ്പിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് സംഘപരിവാര്‍ നേതൃത്വം ഈ പ്രമുഖരുടെ രാജി ആവശ്യപ്പെട്ടത്.
കേസരി ലേഖനത്തിനു പുറമെ മറ്റു മാധ്യമങ്ങളിലും സംഘടനാ നിലപാടിനെതിരേ മോഹന്‍ദാസ് ലേഖനങ്ങള്‍ എഴുതിയിരുന്നു എന്ന ആരോപണം ഒരു വിഭാഗം പ്രവര്‍ത്തകര്‍ ശക്തമായി ഉന്നയിച്ചിരുന്നു. വല്ലാര്‍പ്പാടം വികസനം സംബന്ധിച്ച് ബിജെപി നിലപാടിനെതിരേ ഇദ്ദേഹം എഴുതിയ ലേഖനം വിവാദമായിരുന്നു. ഇതിനെതിരേ ജന്മഭൂമി പത്രാധിപര്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. വിഎസ് അച്യുതാനന്ദനേക്കാള്‍ ഭേദം പിണറായി വിജയനാണെന്ന മോഹന്‍ദാസ് മംഗളം പത്രത്തില്‍ നടത്തിയ വിശകലനത്തിനെതിരേയും നേതൃത്വത്തിനും അണികള്‍ക്കിടയിലും അഭിപ്രായവ്യത്യാസം ശക്തമായിരുന്നു.
ഇത് ബിജെപിക്കുള്ളില്‍ രൂക്ഷമായ ചേരിതിരിവിന് ആക്കം കൂട്ടി. ഈ സാഹചര്യത്തിലാണ് പ്രമുഖരുടെ രാജി ഒരു വിഭാഗം സംഘപരിവാര്‍ നേതാക്കള്‍ ആവശ്യപ്പെട്ടത്. നേതാക്കളുടെ രാജി വിവാദമാകും എന്നറിഞ്ഞു തന്നെയാണ് ഇവര്‍ക്ക് ദേശീയ സംഘടനാ ചുമതല നല്‍കുന്നതായി സംഘപരിവാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനോട് ഈ പ്രമുഖര്‍ എന്ത് നിലപാടെടുക്കുമെന്നത് കാത്തിരുന്നു കാണാം.












Click it and Unblock the Notifications