തരൂര്‍; എന്നും വിവാദങ്ങളുടെ തോഴന്‍

കേന്ദ്രസഹമന്ത്രിയായി അധികാരമേറ്റ ഉടന്‍ ഔദ്യോഗികവസതിക്ക് പകരം പഞ്ചനക്ഷത്രഹോട്ടലിലെ വാസം വിവാദത്തിന് തുടക്കം കുറിച്ചു. കാശ്മീര്‍ പ്രശ്‌ന ചര്‍ച്ചയില്‍ സൗദി അറേബ്യ മധ്യസ്ഥം വഹിക്കണമെന്ന തരൂരിന്റെ നിലപാട് ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടു. മന്ത്രിമാരുടെ ചെലവുചുരുക്കല്‍ നിര്‍ദ്ദേശത്തെ അപഹസിച്ചുകൊണ്ടുള്ള കമന്റ് മറ്റൊരു പൊല്ലാപ്പായി. ഇക്കോണമി ക്ലാസ് യാത്രയെ കന്നുകാലി ക്ലാസ് എന്നു വിശേഷിപ്പിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍ പോലും തരൂരിനെതിരായ ആയുധമാക്കി മാറ്റി. കൊച്ചി ഐപിഎല്‍ ടീമിനുവേണ്ടി ശശിതരൂര്‍ നടത്തിയ നീക്കങ്ങളായിരുന്നു അടുത്ത വിവാദത്തിന് തിരികൊളുത്തിയത്. ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡി രംഗത്തുവന്നു. സുനന്ദ പുഷ്‌കറിന്റെ പ്രവേശനം കൂടിയായതോടെ കളിക്കളം കൊഴുത്തു.
സുനന്ദ പുഷ്‌കറിന് ക്രിക്കറ്റ് ടീമിലുള്ള ഓഹരി സംബന്ധിച്ച ശശിതരൂരിന്റെ വിശദീകരണം പാര്‍ലമെന്റില്‍ വന്‍വിവാദമായി. പ്രതിപക്ഷമത് ആയുധമാക്കി സര്‍ക്കാറിനെതിരേ ആഞ്ഞടിച്ചു. ധനവിനിയോഗബില്‍ പാസാക്കാന്‍ പ്രതിപക്ഷസഹകരണം അത്യാവശ്യമായതിനാല്‍ കോണ്‍ഗ്രസിന് തരൂരിനെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. 2010 ഏപ്രില്‍ 18ന് തരൂര്‍ രാജിവെയ്‌ക്കേണ്ടി വന്നത് അതുകൊണ്ടാണ്. തന്റെ എംപി സ്ഥാനം രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസിലെ ചില കസേരമോഹികള്‍ നടത്തിയ നീക്കത്തെ തന്റെ ദല്‍ഹി ബന്ധമുപയോഗിച്ച് തരൂര്‍ തന്ത്രപൂര്‍വം നേരിട്ടു. മാസങ്ങള്‍ക്കുശേഷം തരൂര്‍ ശക്തി തെളിയിച്ച് തിരിച്ചെത്തിയിരിക്കുന്നു...അടുത്ത വിവാദങ്ങളുടെ മാലപ്പടക്കത്തിന് തരൂര്‍ തിരികൊളുത്തുമോ? അതോ ശാന്തമായി മാനവ വിഭവശേഷി കാര്യാലയത്തില്‍ കഴിയുമോ? കാത്തിരുന്നു കാണാം.
രണ്ടാമൂഴത്തിന്റെ ആദ്യ ദിവസം തന്നെ പുറത്തുവന്ന വാര്‍ത്ത തരൂരിനെ വെള്ളംകുടിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വിമാനത്താവളത്തില്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സുനന്ദ പുഷ്‌കര്‍ യുവാവിന്റെ കരണത്തടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications