ഗൂഢാലോചനക്കാരെ സി ബി ഐക്ക് പിടിക്കാനാകുമോ?

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയവര്‍ക്കെല്ലാം കേസന്വേഷണം ഇങ്ങനെ ഒരിയ്ക്കലും അവസാനിക്കാതെ അവസാനിക്കുമെന്ന് നേരത്തെ തന്നെ ഏറെക്കുറെ അനുമാനിക്കാന്‍ കഴിഞ്ഞിരുന്നു. ആര്‍ എം പിക്കാരും ചന്ദ്രശേഖരന്റെ കുടുംബാംഗങ്ങളും ഇതൊക്കെ തന്നെയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അന്വേഷണസംഘത്തിന്റെ ആത്മാര്‍ത്ഥതയിലും കാര്യക്ഷമതയിലും ആര്‍ക്കും തെറ്റുപറയാനാകുമായിരുന്നില്ല.
കേരളാ പൊലീസിന് ചെയ്യാനാകുന്നതിന്റെ പരമാവധി അവര്‍ ചെയ്തുവെന്ന് തന്നെയാണ് എല്ലാവരുടെയും വിശ്വാസം. ഇനി സി ബി ഐക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയമെങ്കില്‍ അത്രയാകട്ടെ എന്ന ഒരു നെടുവീര്‍പ്പുകള്‍ മാത്രമാണ് ആര്‍ എം പിക്കാര്‍ സി ബി ഐ അന്വേഷണം എന്ന ആവശ്യത്തിലേക്ക് എത്തിച്ചത്.
ആര്‍ എം പിക്കാരുടെ സി ബി ഐ അന്വേഷണം എന്ന ആവശ്യം കേരളാ പൊലീസിനും ആശ്വാസത്തിന് വകയാണ്. കടുത്ത സമ്മര്‍ദ്ദങ്ങളുടെയും ഭീഷണികളുടെയും നടുവില്‍ ചന്ദ്രശേഖരന്‍ വധക്കേസ് ഇത്രയേറെ മുന്നോട്ടുകൊണ്ടുപോകാനും ചില ഉന്നതന്മാരെ അഴിക്കുള്ളിലാക്കാനും കഴിഞ്ഞത് പൊലീസ് സംഘത്തിന് അഭിമാനത്തിന് വക നല്‍കുന്ന കാര്യം തന്നെയാണ്.
എന്നാല്‍ കേസിലെ ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരിക തന്നെ ചെയ്യുമെന്ന് അന്വേഷണ സംഘം ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ ഒരിഞ്ചുപോലും മുന്നോട്ടുപോകാനാകാത്തത്ര പ്രതിരോധം തീര്‍ത്തുകഴിഞ്ഞിരിക്കുകയാണ് സി പി എം. കേരളാ പൊലീസ് അക്ഷരാര്‍ത്ഥത്തില്‍ നിസഹായര്‍ തന്നെയാണ്.
രാഷ്ട്രീയ കാരണങ്ങളാല്‍ സംസ്ഥാന സര്‍ക്കാരും. സംസ്ഥാന സര്‍ക്കാര്‍ ആദ്യം തന്നെ സി ബി ഐ അന്വേഷണം എന്ന ഓപ്ഷന്‍ മുന്നോട്ടുവച്ചതാണ്. എങ്ങനെയെങ്കിലും ഈ കേസ് സി ബി ഐയ്ക്ക് വിട്ടുകൊടുത്താല്‍ തലവേദനയൊഴിയുമെന്ന കണക്കുകൂട്ടലിലാണ് ചന്ദ്രശേഖരന്റെ കുടുംബം ആവശ്യപ്പെട്ടാല്‍ ആ നിമിഷം കേസ് സി ബി ഐക്ക് വിടാമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആവര്‍ത്തിച്ച് പ്രഖ്യാപനം നടത്തിയത്.
ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് കൃത്യം 120 ദിവസം കഴിഞ്ഞിട്ടും ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ ഉന്നതരായ പാര്‍ട്ടി നേതാക്കളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ അന്വേഷണ സംഘത്തിന് കഴിയാത്തതിന് കാരണം ശക്തമായ സമ്മര്‍ദ്ദങ്ങളും സി പി എമ്മിന്റെ ഭീഷണിയും തന്നെയാണ്.
അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരില്‍ ചിലരെ വ്യക്തിപരമായി തന്നെ ഭീഷണിപ്പെടുത്താനും അവഹേളിക്കാനും കൈകാര്യം ചെയ്യാനും അസഭ്യം പറയാനും പാര്‍ട്ടി നേതാക്കളും അണികളും പാര്‍ട്ടി നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും മത്സരിക്കുകയായിരുന്നു. ഇതുവരെ പൊലീസ് അന്വേഷണത്തില്‍ പൂര്‍ണതൃപ്തി അറിയിച്ചിരുന്ന ആര്‍ എം പിയും ചന്ദ്രശേഖരന്റെ കുടുംബാംഗങ്ങളും സംസ്ഥാന പൊലീസിന്റെ നിസഹായാവസ്ഥ കണ്ടറിഞ്ഞ് തന്നെയാണ് സി ബി ഐ അന്വേഷണം എന്ന ആവശ്യത്തിലേക്ക് എത്തിയത്.
ടി പി ചന്ദ്രശേഖരന്‍ എന്ന 'കുലംകുത്തിയെ' കൊലപ്പെടുത്തിയത് കോഴിക്കോട് ജില്ലയിലെയോ കണ്ണൂര്‍ ജില്ലയിലെയോ പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ ഗൂഢാലോചന നടത്തിയാണെന്ന് വിശ്വസിക്കാന്‍ സി പി എമ്മിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയുന്ന ആര്‍ക്കും കഴിയില്ല. മറിച്ച് ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സി പി എമ്മിന്റെ ഉന്നതരായ സംസ്ഥാന നേതാക്കള്‍ക്ക് ഇതെക്കുറിച്ച് വ്യക്തമായി അറിയാമെന്ന് ആര്‍ എം പി നേതാക്കളും പ്രവര്‍ത്തകരും ചന്ദ്രശേഖരന്റെ കുടുംബവും ബന്ധുക്കളും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഗൂഢാലോചനക്കാരെ പിടികൂടാന്‍ സി ബി ഐ അന്വേഷണം എന്ന ആവശ്യത്തിലേക്ക് ഇവര്‍ എത്തിയത്.
ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് 76 പേരെയാണ് പൊലീസ് പ്രതിചേര്‍ത്തിരിക്കുന്നത്. ഇതില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷ്, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍ എന്നിവരാണ് പൊലീസ് പട്ടികയിലെ ഉന്നതര്‍. എന്നാല്‍ ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ മുന നീണ്ട ഉന്നത നേതാക്കളിലേക്ക് അന്വേഷണ സംഘത്തിന് ചെന്നെത്താന്‍ കഴിഞ്ഞില്ല.
ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ അറസ്റ്റിലായതിന് പിന്നാലെ സി പി എം അഴിച്ചുവിട്ട അക്രമങ്ങള്‍ പൊലീസിന് മാത്രമല്ല കേരള ജനതയ്ക്കുമുള്ള താക്കീതായിരുന്നു. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉന്നതന്മാരുടെ അറസ്റ്റ് ആവര്‍ത്തിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളുടെ സാമ്പിള്‍ വെടിക്കെട്ടായിരുന്നു കണ്ണൂരിലും പിന്നീട് സംസ്ഥാനത്തുടനീളവും നടന്ന അഴിഞ്ഞാട്ടങ്ങള്‍.
ലാവ്‌ലിന്‍ കേസിലെ സി ബി ഐ അന്വേഷണം വെറും ഉമ്മാക്കിയായിരുന്നുവെന്ന് സി പി എമ്മിന് ബോധ്യമായതാണ്. അതുപോലെ തന്നെയാകും ചന്ദ്രശേഖരന്‍ വധവുമെന്നതിനാല്‍ ഈ കേസും കേരളാ പൊലീസ് അന്വേഷിക്കുന്നതിനേക്കാള്‍ സി പി എമ്മിന് താല്‍പര്യം സി ബി ഐ അന്വേഷിക്കുന്നത് തന്നെയാണ്.












Click it and Unblock the Notifications