ഈ പിരിവ് സിപിഎമ്മിന്റെ ചങ്ക് തകര്‍ത്തു

ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ അറസ്റ്റിലായ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും പുറത്തിറക്കാന്‍ വേണ്ട നിയമനടപടികള്‍ക്ക് വേണ്ടി സി പി എം ഔദ്യോഗികമായി തന്നെ പിരിവ് നടത്തുന്ന സമയത്ത് തന്നെയാണ് ചന്ദ്രശേഖരന് വേണ്ടിയുള്ള പിരിവും നടന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ താക്കീത് വകവയ്ക്കാതെ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരും സാസ്‌കാരികപ്രവര്‍ത്തകരും തങ്ങള്‍ക്കാകാവുന്ന ഇടങ്ങളില്‍ നിന്നെല്ലാം പണം സ്വരൂപിക്കുകയായിരുന്നു. ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും മലയാളികള്‍ ചന്ദ്രശേഖരന്റെ കുടുംബത്തെ സഹായിക്കാന്‍ കൈയയച്ച് സംഭാവന ലഭിച്ചപ്പോള്‍ ചന്ദ്രശേഖരന്റെ കൊലയാളികള്‍ക്ക് നല്‍കാന്‍ പണം തരില്ലെന്ന നിലപാടെടുത്ത സി പി എം പ്രവര്‍ത്തകര്‍ നിരവധിയായിരുന്നു കോഴിക്കോട് ജില്ലയില്‍. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വേണ്ടിയുള്ള സി പി എമ്മിന്റെ പിരിവിനെ ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നത്് എന്‍ ജി ഒ യൂണിയന്‍കാരാണെന്നതും ശ്രദ്ധേയമാണ്. കടുത്ത പാര്‍ട്ടിപ്രവര്‍ത്തകര്‍ ഒഴികെയുള്ള സി പി എം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ പിരിവിനോട് മുഖം തിരിഞ്ഞുനില്‍ക്കുകയോ പിരിവ് നല്‍കാന്‍ നിര്‍ബന്ധിതരാവുകയോ ആണ്.
സി പി എമ്മിന്റെ പിരിവ് സംസ്ഥാനതലത്തിലാണെങ്കില്‍ ചന്ദ്രശേഖരന്റെ കുടുംബത്തിന് വേണ്ടിയുള്ള പിരിവ് പ്രധാനമായും കോഴിക്കോട് ജില്ലയില്‍ തന്നെയായിരുന്നു. ഇതിന് പ്രധാന റോളെടുത്തത് ഇപ്പോഴും സി പി എമ്മിലുള്ളവര്‍ തന്നെയാണ്. ചന്ദ്രശേഖരനെ അടുത്തറിയുന്നവരും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവരും അദ്ദേഹത്തെ ഇഷ്ടപ്പെട്ടവരും സി പി എം നേതൃത്വത്തിന്റെ ധാര്‍ഷ്യവും കപടതയും ഇഷ്ടപ്പെടാത്ത പാര്‍ട്ടി അംഗങ്ങളുമൊക്കെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് രഹസ്യമായും പരസ്യമായും നേതൃത്വം നല്‍കിയത്. ടി പി ചന്ദ്രശേഖരന്‍ എസ് എഫ് ഐയിലും ഡി വൈ എഫ് ഐയിലും ജില്ലാനേതൃത്വത്തില്‍ ഉണ്ടായിരുന്ന സമയത്ത് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവരാണ് ചന്ദ്രശേഖരന്റെ കുടുംബത്തെ സഹായിക്കാന്‍ പരസ്യമായി രംഗത്തിറങ്ങിയത്.
പിരിവില്‍ സി പി എമ്മിനെ വെല്ലാന്‍ മറ്റൊരു പാര്‍ട്ടിക്കും കഴിയില്ലെന്ന വസ്തുത കേരളത്തിലെങ്കിലും പച്ചപ്പരമാര്‍ത്ഥമാണ്. പാര്‍ട്ടി നടത്തുന്ന പിരിവുകള്‍ കോടികള്‍ കവിയുന്നത് സാധാരണമാണ്. പഴയ ബക്കറ്റ് പിരിവില്‍ നിന്ന് മാറി തുക നിശ്ചയിച്ചുള്ള നിര്‍ബന്ധിത പിരിവുകളാണ് സി പി എം ഇപ്പോള്‍ നടത്തുന്നത്. പാര്‍ട്ടി ഫണ്ടും, രക്തസാക്ഷി സഹായനിധിയും, ദേശാഭിമാനി ഫണ്ടും, സമ്മേളന ഫണ്ടുകളും കോടികളാണ് പിരിച്ചെടുക്കുന്നത്. കോഴിക്കോട്ടെ പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടിയുള്ള ഫണ്ട് പിരിവും പാര്‍ട്ടി ഉദ്ദേശിച്ചതിനേക്കാള്‍ ഗംഭീരമായിരുന്നു.
ടി പി ചന്ദ്രശേഖരന്‍ വധം പാര്‍ട്ടിക്ക് എല്ലാതരത്തിലും കടുത്ത പ്രഹരം നല്‍കിക്കൊണ്ടിരിക്കുന്നതിനിടെ ചന്ദ്രശേഖരന്റെ കുടുംബത്തെ സഹായിക്കാനുള്ള പിരിവും സി പി എമ്മിന് വന്‍ പ്രഹരമാണേല്‍പ്പിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ അടിവേരുറച്ച മണ്ണാണ് കോഴിക്കോട്ടേത്. ചന്ദ്രശേഖരന്റെ വധം പാര്‍ട്ടിയുടെ തായ്‌വേര് തന്നെ ഇളക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലെ തെളിവാണ് ചന്ദ്രശേഖരന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടിക്കാരുടെ മുന്‍കൈയില്‍ നടന്ന പിരിവ്.












Click it and Unblock the Notifications