ടിപി വധം: ആര്‍എംപി സര്‍ക്കാറിനെതിരേ തിരിയുന്നു

ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിന് ഇത്രയും കാലം പൂര്‍ണ പിന്തുണ നല്‍കിയ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സര്‍ക്കാരിനെതിരേ തിരിഞ്ഞു. കേസില്‍ ഉള്‍പ്പെടേണ്ട പ്രമുഖരെ ഒഴിവാക്കി പോലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും ഇതെത്തുടര്‍ന്ന് തുടരന്വേഷണം മരവിച്ചതുമാണ് റവല്യൂഷണറിക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്.
കൊലപാതകത്തിന് നേതൃത്വം നല്‍കിയവരെയും ഇതിന് ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പൊലീസ് മേധാവികളും ഇടതടവില്ലാതെ പ്രസ്താവനകള്‍ നടത്തുകയും അറസ്റ്റുകള്‍ മുറയ്ക്ക് നടക്കുകയും ചെയ്തതോടെ ചന്ദ്രശേഖരന്റെ വിധവ കെ കെ രമയും ബന്ധുക്കളും റവല്യൂഷണറിക്കാരും സംസ്ഥാന സര്‍ക്കാരും പൊലീസും എടുത്ത നിലപാടുകളില്‍ പൂര്‍ണ തൃപ്തി പരസ്യമായി അറിയിക്കുകയും സി ബി ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേസന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന് വ്യക്തമായതോടെയാണ് ഗൂഢാലോചനക്കാരെ മുഴുവന്‍ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യവുമായി റവല്യൂഷണറി നേതാക്കള്‍ രംഗത്തെത്തിയത്.
സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനന്റെ അറസ്റ്റോടെ അന്വേഷണം ഏറെക്കുറെ അവസാനിപ്പിക്കുകയായിരുന്നു പോലിസ്. പി മോഹനന്റെ അറസ്റ്റോടെ അപകടം മണത്ത സി പി എം വ്യാപകമായ അക്രമമാണ് വടക്കന്‍ ജില്ലകളില്‍ അഴിച്ചുവിട്ടത്. ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെയും ടി വി രാജേഷ് എം എല്‍ എയും അറസ്റ്റിലാവുക കൂടി ചെയ്തതോടെ പാര്‍ട്ടി അതിന്റെ ഉഗ്രരൂപം പുറത്തെടുത്തു. ഇതോടെ ടി പി വധത്തിലെ അന്വേഷണസംഘം വലിയുകയായിരുന്നു. അന്വേഷണോദ്യോഗസ്ഥരെ വ്യക്തിപരമായി തന്നെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തതോടുകൂടി എങ്ങനെയെങ്കിലും കുറ്റപത്രം സമര്‍പ്പിച്ച് തലയൂരാനായിരുന്നു പൊലീസിന്റെ ശ്രമം. കുറ്റപത്രം സമര്‍പ്പിക്കുമ്പോഴും കേസ് അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെയും അന്വേഷണോദ്യോഗസ്ഥരുടെയും വാദം.
ടി പി വധത്തില്‍ സി പി എം നേതാക്കള്‍ അടക്കം 76 പേരെ പ്രതി ചേര്‍ത്താണ് വടകര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഗൂഡാലോചന, പ്രതികളെ സഹായിക്കല്‍ എന്നിവയാണ് സി പി എം നേതാക്കള്‍ക്കെതിരേ ചാര്‍ത്തിയിട്ടുള്ള കുറ്റങ്ങള്‍. ചന്ദ്രശേഖരനെ കൊല്ലാനായി അക്രമി സംഘം എത്തിയ ഇന്നോവ കാറിന്റെ ഡ്രൈവര്‍ എം സി അനൂപാണ് ഒന്നാം പ്രതി. കൊലയാളി സംഘത്തിലുള്‍പ്പെട്ട കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, കെ കെ. മുഹമ്മദ് ഷാഫി, സിജിത്ത്, ഷിനോജ് എന്നിവരാണ് യഥാക്രമം രണ്ടു മുതല്‍ ഏഴു വരെ പ്രതികള്‍.
പ്രതിപ്പട്ടികയില്‍ സി പി എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്‍ 13-ാം പ്രതിയും കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനന്‍ 14-ാം പ്രതിയും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍ 26-ാം പ്രതിയുമാണ്. പ്രതികളെ ഒളിപ്പിച്ചതിനും രക്ഷപ്പെടാന്‍ സഹായിച്ചതിനും സി പി എം സംസ്ഥാന സമിതി അംഗം കെ കെ രാഗേഷിനെ 69-ാം പ്രതിയായി ചേര്‍ത്തിട്ടുണ്ട്. എസ് എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി 56-ാം പ്രതിയാണ്.
എന്നാല്‍ സി പി എമ്മിന്റ കോഴിക്കോട്, കണ്ണൂര്‍ ജില്ലാ നേതൃത്വവും സംസ്ഥാനതല നേതാക്കളും ടി പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടത്തിയെന്ന് റവല്യൂഷണറിക്കാര്‍ ഉറച്ച് വിശ്വസിക്കുന്നുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക് വധത്തില്‍ പങ്കുണ്ടെന്ന് കെ കെ രമയും അവരുടെ പിതാവ് കെ കെ മാധവനും റവല്യൂഷണറി നേതാക്കളും പലവട്ടം ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. അന്വേഷണം പാതിവഴിയില്‍ നിര്‍ത്തി ഉന്നതനേതാക്കളെ സംരക്ഷിക്കുകയാണ് യു ഡി എഫ് സര്‍ക്കാരെന്നാണ് റവല്യൂഷണറി നേതാക്കളുടെ ആരോപണം.
ഗൂഡാലോചന നടത്തിയ മുഴുവന്‍ സി പി എം നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് എന്‍ വേണു ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെയും അവര്‍ക്ക് സഹായങ്ങള്‍ നല്‍കിയവരെയും ഇതിനകം പോലിസ് അറസ്റ്റ് ചെയ്‌തെങ്കിലും കൊലയ്ക്കു പിന്നിലെ യഥാര്‍ത്ഥ ഗൂഡാലോചനക്കാരിലേക്ക് അന്വേഷണം എത്തിയിട്ടില്ല. അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കപ്പെട്ടവരില്‍ മാത്രം ഒതുങ്ങുന്നതല്ല ടി പി വധക്കേസ്.
ഇക്കാര്യം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍തന്നെ വ്യക്തമാക്കിയതാണ്. കൊലപാതകത്തില്‍ സി പി എമ്മിന്റെ ഉന്നതനേതൃത്വത്തിന് പങ്കുണ്ടെന്ന കാര്യം ഇതിനകം തന്നെ വ്യക്തമായതാണ്. അതിലേക്ക് കാര്യങ്ങള്‍ എത്തണമെങ്കില്‍ ഗൂഡാലോചന സംബന്ധിച്ച തുടരന്വേഷണം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അന്വേഷണസംഘം എത്രയും വേഗം അതിലേക്ക് നീങ്ങണമെന്നും വേണു ആവശ്യപ്പെട്ടു.
അന്വേഷണം നടത്തിയ പോലിസ് ഉദ്യോഗസ്ഥന്മാരുടെ വ്യക്തിപരമായ വിവരങ്ങള്‍പോലും ശേഖരിച്ച് അവരെയും കുടുംബത്തെയും ഭീഷണിപ്പെടുത്താനാണ് സി പി എം ശ്രമിക്കുന്നത്. സത്യസന്ധതയോടെ കേസന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ നിഷ്‌ക്രിയരാക്കി സി പി എം ഉന്നതനേതൃത്വത്തിന് രക്ഷപ്പെടാമെന്നാണ് അവര്‍ കരുതുന്നത്. ജനാധിപത്യവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ പാലിക്കേണ്ട മര്യാദപോലും സി പി എം ഇവിടെ ലംഘിക്കുകയാണ്. ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും വേണു ആവശ്യപ്പെട്ടു.












Click it and Unblock the Notifications