കുര്യനോട് രാജ്യം അനീതി കാട്ടി

കേരളം ലോകത്തിന് സംഭാവന ചെയ്ത ഈ മനുഷ്യനെ മലയാളികളും വേണ്ടത്ര അറിയുകയോ ആദരിക്കുകയോ ചെയ്തില്ലെന്നതാണ് സത്യം. വി കുര്യന്‍ എന്ന ഇതിഹാസതുല്യനായ മനുഷ്യന് വേണ്ടി ഒരക്ഷരം ശബ്ദിക്കാന്‍ തയ്യാറാകാത്ത കേരളത്തിലെ സര്‍ക്കാരുകളും കേരളത്തിന്റെ പൊതുസമൂഹവും ലജ്ജിച്ച് തലതാഴ്ത്തുക തന്നെ വേണം. എം ജി രാമചന്ദ്രനും രാജീവ് ഗാന്ധിക്കും വരെ ലഭിച്ച ഭാരതരത്‌നം വി കുര്യന് ലഭിച്ചില്ലെന്നത് കൊണ്ട് അദ്ദേഹത്തിന്റെ മഹത്വത്തിന് കോട്ടമുണ്ടാകില്ല. മറിച്ച് അര്‍ഹിക്കുന്ന കൈകളില്‍ പുരസ്‌കാരമെത്തുമ്പോള്‍ ആ പുരസ്‌കാരത്തിന് തന്നെ തിളക്കമേറുമെന്ന കാര്യം വസ്തുതയാണ്.
രാജ്യത്തിനും രാജ്യത്തെ കര്‍ഷകര്‍ക്കും നല്‍കിയ അതുല്യമായ സേവനങ്ങളെ കണക്കിലെടുത്ത് പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷന്‍ ബഹുമതികള്‍ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുര്യനെ തേടിയെത്തിയിരുന്നു. മാഗ്‌സസെ അവാര്‍ഡും നോബല്‍ സമ്മാനത്തോട് കിടപിടിക്കുന്ന വേള്‍ഡ് ഫുഡ് പ്രൈസും വാട്‌ലര്‍ പീസ് പ്രൈസും തേടിയെത്തിയ ആളാണ് വി കുര്യന്‍. എന്നാല്‍ രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിക്കാന്‍ രാജ്യത്തെ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞില്ല. കുര്യന് പകരം വയ്ക്കാന്‍ ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ മറ്റൊരാളില്ല എന്ന യാഥാര്‍ത്ഥ്യം മനസിലാകുമ്പോഴാണ് രാജ്യം അദ്ദേഹത്തോട് ചെയ്ത അനീതി വ്യക്തമാകുക. ഒരിക്കല്‍ വി കുര്യന്‍ ഭാരതരത്‌ന നല്‍കാന്‍ രാഷ്ട്രപതി ശുപാര്‍ശ ചെയ്തപ്പോള്‍ രാഷ്ട്രീയ നേതൃത്വം തടസവാദങ്ങളുന്നയിക്കുകയായിരുന്നു. പദവികളിലും സ്ഥാനമാനങ്ങളിലും ഒരിയ്ക്കലും ഭ്രമിക്കാത്ത ഈ മനുഷ്യസ്‌നേഹിയുടെ ഖ്യാതി ഇന്ത്യയുള്ളിടത്തോളം കാലം നിലനില്‍ക്കുക തന്നെ ചെയ്യും.
വി കുര്യന്‍ ക്ഷീമമേഖലയ്ക്കായി തന്റെ ജീവിതം മാറ്റിവച്ചതുകൊണ്ട് 150 ലക്ഷം കുടുംബങ്ങളാണ് പുതിയൊരു ജീവിതം പച്ചപിടിപ്പിച്ചെടുത്തത്. അമൂല്‍ എന്ന ലോകോത്തര ബ്രാന്റിനെ ബഹുരാഷ്ട്ര കുത്തകകളെ വെല്ലുന്ന തരത്തില്‍ വളര്‍ത്തിയെടുത്തതും സഹകരണപ്രസ്ഥാനത്തിലൂടെ ഗ്രാമീണ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റിയതും ചരിത്രം തന്നെയാണ്. ലക്ഷക്കണക്കിന് ആളുകളുടെ പട്ടിണി മാറ്റുക മാത്രമല്ല ഇന്ത്യയുടെ സവിശേഷ സാധ്യതകളെ അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തോടെ തന്നെ ഉപയോഗപ്പെടുത്തി ലോകത്തിന് മാകൃകയാക്കാവുന്ന വലിയൊരു പ്രസ്ഥാനവും സമൂഹവും കെട്ടിപ്പടുക്കാന്‍ ചുക്കാന്‍ പിടിച്ചത് വി കുര്യനെന്ന മനുഷ്യനാണ്. ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടത്തില്‍ അമൂല്‍ സൃഷ്ടിച്ച മാതൃക ഏറ്റവും ഫലപ്രദമാണെന്ന് ഐക്യരാഷ്ട്രസഭയും ലോകബാങ്കും സാക്ഷ്യപ്പെടുത്തിയതിന്റെ ക്രെഡിറ്റ് മുഴുവനായും തന്നെ ഈ മനുഷ്യന് അവകാശപ്പെട്ടതാണ്.
പ്രശസ്തിയുടെയും സമൃദ്ധിയുടെയും നടുവില്‍ സാധാരണക്കാരനെപ്പോലെ ജീവിച്ച് തന്റെ കര്‍മ്മമണ്ഡലത്തില്‍ തന്നെ ജീവിതവസാനം വരെ ചെലവഴിച്ച ഈ രാജ്യസ്‌നേഹിക്കല്ലാതെ മറ്റാര്‍ക്കാണ് ഭാരതരത്‌നയ്ക്ക് അര്‍ഹതയുള്ളത്. രാജ്യത്തെ പുതിയ രാഷ്ട്രീയ മേലാളന്മാരുടെ കണ്ണിലെ കരട് തന്നെയായിരുന്നു വി കുര്യന്‍ എന്ന കാര്യം പ്രസിദ്ധമാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ അമിത ഇടപെടലുകളെയും ബ്യൂറോക്രസിയുടെ അഹമ്മതിയെയും തുറന്നെതിര്‍ക്കുകയും വിട്ടുവീഴ്ച കാട്ടാതിരിക്കുകയും ചെയ്ത വി കുര്യന്‍ എല്ലാ തലമുറകള്‍ക്കും മാതൃകയാക്കാവുന്ന ഒരസാധാരണ മനുഷ്യന്‍ തന്നെയായിരുന്നു. കുര്യനു പകരം കുര്യന്‍ മാത്രം. അദ്ദേഹത്തിന്റെ മഹത്വവും സംഭാവനകളും പരിഗണിച്ച് ഇനിയെങ്കിലും തെറ്റുതിരുത്താന്‍ രാഷ്ട്രീയ നേതൃത്വവും ഭരണകൂടവും തയ്യാറാകണം.












Click it and Unblock the Notifications