പട്ടികജാതിക്കാരനെ വിസിയാക്കാന്‍ എസ്ഡിപിഐ
കേരളത്തിലെ യൂനിവേഴ്‌സിറ്റികളില്‍ പട്ടികജാതിക്കാര്‍ക്ക് അയിത്തമാണെന്നും സംസ്ഥാനത്ത് ഏതെങ്കിലും സര്‍വകലാശാലകളില്‍ ഇനി വൈസ് ചാന്‍സലരെ നിയമിക്കുകയാണെങ്കില്‍ അത് പട്ടികജാതിക്കാരനാവണമെന്നും ആവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയമുഖമായ എസ്ഡിപിഐ പ്രചാരണം തുടങ്ങിയിരിക്കുന്നു. വാര്‍ത്ത കേള്‍ക്കുമ്പോള്‍ മുസ്ലീം ലീഗ് ക്ഷേത്രപ്രവേശനവിളംബരത്തിന്റെ വാര്‍ഷികം ആഘോഷിച്ചതിനോട് ഒരു സാമ്യം തോന്നുന്നില്ലേ? ഞങ്ങള്‍ മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നവരും പിന്നോക്ക വിഭാഗത്തിന്റെ കാര്യസ്ഥന്മാരുമാണെന്ന് തോന്നിപ്പിക്കാനുള്ള 'എന്‍ഡിഎഫ് സംഘടനയുടെ' ശ്രമമാണ് ഇതിനു പിന്നില്‍.

'എന്തുകൊണ്ട് പോപ്പുലര്‍ ഫ്രണ്ട്?' എന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവര്‍ തന്നെയാണ് പുതിയ ജാതിക്കളിയുമായി രംഗത്തെത്തിയിട്ടുള്ളത്. ഭാഗ്യത്തിന് സിഎച്ച് മുഹമ്മദ് കോയയുടെ സര്‍വകലാശാലയില്‍ ഡോ. എം അബ്ദുസല്ലാം വൈസ് ചാന്‍സലറായിരിക്കുന്നതുകൊണ്ട് ഒരു മുസ്ലീം വേണമെന്ന് പറയാന്‍ സാധിക്കില്ല. കുസാറ്റില്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്, കേരളയില്‍ ഡോ. എ ജയകൃഷ്ണന്‍, മഹാത്മാ ഗാന്ധി യുനിവേഴ്‌സിറ്റിയില്‍ ഡോ. രാജന്‍ ഗുരുക്കള്‍, ഫിഷറീസ് യൂനിവേഴ്‌സിറ്റിയില്‍ ഡോ ബി മധുസൂദനക്കുറുപ്പ്, ലീഗല്‍ യൂനിവേഴ്‌സിറ്റിയില്‍ ഡോ എന്‍കെ ജയകുമാര്‍, മലയാളം സര്‍വകലാശാലയില്‍ ഡോ. കെ ജയകുമാര്‍, കണ്ണൂരില്‍ എംകെ മൈക്കല്‍ തകരന്‍ അങ്ങനെ നീളുന്നു എസ്ഡിപിഐ പോസ്റ്ററിലെ പേരുകള്‍. ഒരു നമ്പൂതിരിയും ആറു നായന്മാരും മൂന്നു ഈഴവരും രണ്ട് ക്രിസ്ത്യനും ഒരു മുസ്ലീമുമാണ് കേരളത്തിലെ സര്‍വകലാശാലകള്‍ ഭരിയ്്ക്കുന്നതെന്ന് ഇവര്‍ വിളിച്ചുപറയുന്നു.
കഴിയും യോഗ്യതയും വേണ്ട ഈ പോസ്റ്റിലേക്ക് ജാതി സംവരണത്തിലൂടെ ഒരാളെ കൊണ്ടുവന്നിട്ട് എസ്ഡിപിഐയ്ക്ക് എന്തുകിട്ടാന്‍? പട്ടികജാതിയില്‍ പെട്ട ഒരാള്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലാറാകുന്നതിനെ കേരളത്തില്‍ ആരും തടയാന്‍ പോകുന്നില്ല. ഇനി എസ്ഡിപിഐ പ്രക്ഷോഭം കൊണ്ട് ഒരു പട്ടികജാതിക്കാരനെ പിടിച്ച് വൈസ് ചാന്‍സലാറാക്കാനും പോകുന്നില്ല. അപ്പോള്‍ ഞങ്ങള്‍ വര്‍ഗ്ഗീയവാദികളല്ലെന്നും ന്യൂനപക്ഷവിഭാഗങ്ങള്‍ക്കൊപ്പം പിന്നോക്കവിഭാഗക്കാരെയും ഞങ്ങള്‍ സംരക്ഷിക്കുമെന്നും ഞങ്ങളെ തെറ്റിദ്ധരിയ്ക്കരുതെന്നും 'നിരോധിക്കപ്പെട്ട എന്‍ഡിഎഫും' ഞങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും പറയാതെ പറയാനാണ് എസ്ഡിപിഐക്ക് ഈ പ്രചാരണം. എസ്ഡിപിഐയില്‍ നിന്നും ജമാത്തെഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയില്‍ നിന്നും പഠിച്ച ഈ തന്ത്രം പയറ്റി നോക്കാനാണ് ലീഗ് ക്ഷേത്രപ്രവേശനവാര്‍ഷികാഘോഷത്തിലൂടെ ശ്രമിച്ചത്.












Click it and Unblock the Notifications