Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളുടെ മാലിന്യം നിങ്ങള്‍ തന്നെ തിന്ന്!

Vilappilsala
നിങ്ങളുണ്ടാക്കുന്ന മാലിന്യങ്ങള്‍ ഞങ്ങളുടെ വീട്ടുമുറ്റത്ത് കൊണ്ടിടാന്‍ അനുവദിക്കില്ലെന്ന നിലപാട് നഗരമാലിന്യനിക്ഷേപകേന്ദ്രങ്ങളുടെ സമീപവാസികള്‍ സ്വീകരിച്ചതോടെയാണ് വിളപ്പില്‍ശാലയില്‍ ഉള്‍പ്പെടെ കടുത്ത ജനകീയപ്രതിഷേധങ്ങള്‍ രൂപപ്പെട്ടത്. കൂടംകുളം ആണവനിലയത്തിനെതിരെ ജനങ്ങള്‍ നടത്തുന്ന സമരത്തിന് സമാനമെന്നോ അതിനേക്കാള്‍ തീവ്രമെന്നോ വിശേഷിപ്പിക്കാവുന്നതാണ് തിരുവനന്തപുരം വിളപ്പില്‍ശാലയിലെ ജനങ്ങളുടെ സംഘടിത പ്രതിഷേധം. ആണവവിപത്തിനേക്കാള്‍ മാരകമാണ് മാലിന്യവിപത്തെന്ന് വിളപ്പില്‍ശാലക്കാര്‍ വിളിച്ചുപറയുന്നത് കേള്‍ക്കാന്‍ തലസ്ഥാനത്തെ ഭരണക്കാര്‍ക്ക് ഇതുവരെ കഴിഞ്ഞില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ഉണ്ടായ സംഘടിത പ്രതിഷേധത്തേക്കാള്‍ രൂക്ഷമായിരുന്നു വെള്ളിയാഴ്ച വിളപ്പില്‍ശാലയില്‍ നടന്ന പ്രതിഷേധം.

ഫെബ്രുവരിയില്‍ ഹൈക്കോടതി വിധിയുടെ പിന്‍ബലത്തില്‍ തിരുവനന്തപുരം ജില്ലാ ഭരണകൂടവും നഗരസഭാ അധികൃതരും മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ വന്‍ പൊലീസ് സന്നാഹത്തോടെ എത്തിച്ച മാലിന്യവണ്ടികളെ അതേപോലെ തിരിച്ചയക്കാന്‍ വിളപ്പില്‍ശാലയിലെ ജനങ്ങളുടെ പ്രതിഷേധത്തിന് കഴിഞ്ഞു. വെള്ളിയാഴ്ച മാലിന്യപ്ലാന്റിലേക്ക് മലിനീകരണ ശുചീകരണപ്ലാന്റിന്റെ യന്ത്രസാമഗ്രികള്‍ എത്തിക്കാനുള്ള നീക്കമാണ് നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തടസ്സപ്പെട്ടത്. ഇത്തവണയും ഹൈക്കോടതി വിധിയുടെ പിന്‍ബലത്തിലാണ് ഭരണകൂടം വിളപ്പില്‍ശാലയിലെത്തിയത്.

ജനകീയ പ്രതിഷേധം നിയന്ത്രണാതീതമാവുകയും ചെയ്തു. വിളപ്പില്‍ശാലയിലേക്കുള്ള പ്രധാനവഴിയില്‍ തീക്കുണ്ഡമൊരുക്കിയാണ് പൊലീസിനെയും ജില്ലാ-നഗരസഭാ ഭരണകൂടത്തെയും വിളപ്പില്‍ശാലക്കാര്‍ ഏതിരേറ്റത്. പൊലീസ് വാഹനങ്ങളും ഫയര്‍ഫോഴ്‌സ് വാഹനങ്ങളും ജനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. സമരപരിസരം യുദ്ധക്കളമായതോടെ ശുചീകരണ പ്ലാന്റിന്റെ യന്ത്രസാമഗ്രികള്‍ എത്തിക്കാനുള്ള നീക്കം ജില്ലാ ഭരണകൂടം ഉപേക്ഷിച്ചു.

ശക്തമായ പോലീസ് സംരക്ഷണത്തില്‍ വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് വലിയ ലോറികളില്‍ യന്ത്രസാമഗികള്‍ എത്തിക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിച്ചത്. എന്നാല്‍ വാഹനങ്ങള്‍ വിളപ്പില്‍ പഞ്ചായത്തിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞു. ഗോബാക്ക് വിളികളുമായി വാഹനങ്ങള്‍ക്ക് മുന്നില്‍ നാട്ടുകാര്‍ കുത്തിയിരുന്നു. സ്ത്രീകള്‍ പൊങ്കാലയിട്ടായിരുന്നു നഗരസഭയുടെ നീക്കം തടയാന്‍ സംഘടിച്ചത്. പൊങ്കാലയടുപ്പുകള്‍ക്ക് മുന്നില്‍ റോഡില്‍ കുത്തിയിരുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ഒടുവില്‍ വനിതാ പോലീസ് ബലം പ്രയോഗിച്ച് ഏതാനും സ്ത്രീകളെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പൊങ്കാല അടുപ്പില്‍ നിന്നുള്ള തീ റോഡില്‍ കൂട്ടിയിട്ട് നാട്ടുകാര്‍ പോലീസിന്റെ മുന്നോട്ടുള്ള നീക്കം തടഞ്ഞു. പരിസരത്ത് നിന്നും ഓലമടലുകളും വിറകും തടിക്കഷണങ്ങളും തുണിയും ടയറും മറ്റും എത്തിച്ച് റോഡിന് കുറുകെ പോലീസിനോ വാഹനങ്ങള്‍ക്കോ കടന്നുവരാനാകാത്ത വിധത്തില്‍ തീ കൂട്ടിയാണ് നാട്ടുകാര്‍ പ്രതിരോധം തീര്‍ത്തത്. ഒടുവില്‍ ജലപീരങ്കി എത്തിച്ച് തീയണച്ച പോലീസ് റോഡിലെ തടസങ്ങള്‍ നീക്കി പതുക്കെ മുന്നോട്ടു നീങ്ങാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

പിന്നീട് പൊങ്കാലയടുപ്പുകളിലെ തിളച്ചുമറിയുന്ന പായസമാണ് സമരക്കാരായ സ്ത്രീകള്‍ ആയുധമാക്കിയത്. ചുട്ടുപൊള്ളുന്ന പായസം ദേഹത്തുവീണതോടെ പൊലീസുകാര്‍ പിന്‍വാങ്ങി. നാട്ടുകാര്‍ പിന്നീട് കല്ലാണ് പൊലീസിനെ എതിരിടാന്‍ ആയുധമാക്കിയത്. സമരക്കാര്‍ക്കൊപ്പം ഉണ്ടായിരുന്ന സ്ഥലം എം എല്‍ എയും ഡെപ്യൂട്ടി സ്പീക്കറുമായ എന്‍ ശക്തന്‍ ഇതിനിടെ മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ അറിയിച്ചു. ജനങ്ങള്‍ക്കെതിരേ ബലപ്രയോഗം പാടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടു. തുടര്‍ന്ന് ജില്ലാ കലക്ടറുടെ ചുമതലയുണ്ടായിരുന്ന എ ഡി എം പി കെ ഗിരിജ മാലിന്യപ്ലാന്റിലേക്കുള്ള യന്ത്രസാമഗ്രികളുടെ നീക്കം ഉപേക്ഷിക്കുന്നതായി അറിയിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്.

സംസ്ഥാനത്തെ പ്രധാന വന്‍കിട മാലിന്യനിക്ഷേപ കേന്ദ്രങ്ങളായ തിരുവനന്തപുരത്തെ വിളപ്പില്‍ശാലയും കൊച്ചിയിലെ ബ്രഹ്മപുരവും തൃശൂരിലെ ലാലൂരും കോഴിക്കോട്ടെ ഞെളിയന്‍പറമ്പും വര്‍ഷങ്ങളായി നീതിക്ക് വേണ്ടി മുറവിളി കൂട്ടുകയാണ്. നഗരങ്ങള്‍ ഇത്രയേറെ വികസിക്കുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഇവിടങ്ങളില്‍ ചെറിയതോതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ തുടങ്ങിയത്. നഗരം വളരുകയും നഗരവാസികളുടെ എണ്ണം കൂടുകയും മാലിന്യങ്ങളുടെ അളവ് കണക്കില്ലാതാവുകയും ചെയ്തിട്ടും ആധുനിക സംവിധാനങ്ങള്‍ സ്വീകരിക്കാതെ മാലിന്യങ്ങള്‍ പഴയതുപോലെ തുറസായ സ്ഥലങ്ങളില്‍ തള്ളുന്ന സമ്പ്രദായത്തിന് മാറ്റമുണ്ടായില്ല.

വികസനം നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുകയും നഗരം പുറന്തള്ളൂന്ന ചീഞ്ഞളിഞ്ഞ അവശിഷ്ടങ്ങള്‍ ഏറ്റുവാങ്ങാന്‍ കുറെ മനുഷ്യര്‍ വിധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണ് നീതി നിഷേധിക്കപ്പെട്ടവര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. വിളപ്പില്‍ശാലയുടെ അത്രത്തോളമില്ലെങ്കിലും ബ്രഹ്മപുരത്തും ലാലൂരിലും ഞെളിയന്‍പറമ്പിലും ജനകീയ പ്രതിഷേധങ്ങള്‍ ശക്തമാണ്. തങ്ങളുടെ മണ്ണൂം ജലവും അന്തരീക്ഷവും മലിനമാക്കുന്ന, ആരോഗ്യം നശിപ്പിക്കുന്ന, നാടിന്റെ അഭിമാനം തകര്‍ക്കുന്ന എല്ലാറ്റിനുമുപരി കുറെ നാറിയ മനുഷ്യരാക്കി മാറ്റുന്ന നഗരവത്ക്കരണത്തിനെതിരെ ജനങ്ങള്‍ സമരവുമായി ഇറങ്ങിയപ്പോള്‍ തിരുവനന്തപുരത്തെയും കൊച്ചിയിലെയും കോഴിക്കോട്ടെയും നഗരഹൃദയങ്ങള്‍ ചീഞ്ഞുനാറാന്‍ തുടങ്ങി. അപ്പോള്‍ ഭരണകൂടങ്ങള്‍ കോടതികളെ കൂട്ടുപിടിച്ചാണ് ജനകീയപ്രതിരോധങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചത്.

മെട്രോ റെയിലും മോണോറെയിലും മേല്‍പ്പാലങ്ങളും വിമാനത്താവളങ്ങളും നാലുവരിപ്പാതകളുമാണ് വികസനമെന്ന് തെറ്റിദ്ധരിരിച്ച ഭരണാധികാരികള്‍ക്കുള്ള മറുപടിയാണ് വിളപ്പില്‍ശാലയില്‍ നിന്നുയര്‍ന്നത്. യഥാര്‍ത്ഥ വികസനം ഇതല്ലെന്നുള്ള മുന്നറിയിപ്പ് കൂടിയാണ് ഭരണകൂടത്തെയും കോടതികളെയും വെല്ലുവിളിച്ചുകൊണ്ട് ജനങ്ങള്‍ നടത്തുന്ന ഈ പ്രതിഷേധം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+