Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളത്തെ ക്ലാസിക്കല്‍ ഭാഷയാക്കാനുള്ള ചിലകോമഡികള്‍

CV Raman Pillai+Changampuzha
മലയാളത്തിന് ക്ലാസിക്കല്‍ ഭാഷയെന്ന ശ്രേഷ്ഠപദവി ലഭിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരും സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളും പ്രമുഖ സാഹിത്യ-സാംസ്‌കാരിക നായകരും നടത്തുന്ന അശ്രാന്തപരിശ്രമങ്ങള്‍ക്കിടയിലാണ് തിരുവനന്തപുരത്ത് 30, 31, 1 തീയതികളില്‍ വിശ്വമലയാള മഹോത്സവം നടക്കുന്നത്. 30ന് രാഷ്ട്രപതി പ്രണാബ്കുമാര്‍ മുഖര്‍ജിയാണ് മഹോത്സവം ഉദ്ഘാടനം ചെയ്യുക.
മലയാളികളുടേത് മാത്രമല്ല ലോകമെമ്പാടുമുള്ള സാഹിത്യകുതുകികളുടെ ശ്രദ്ധാകേന്ദ്രമാകും വിശ്വമലയാള മഹോത്സവമെന്നാണ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ഇത് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മലയാളസാഹിത്യത്തിലെ മണ്‍മറഞ്ഞ മഹാരഥന്മാരായ സി വി രാമന്‍പിള്ളയെയും ചങ്ങമ്പുഴ കൃഷ്ണപിള്ളയെയും സര്‍ക്കാര്‍ ചെലവില്‍ ഔദ്യോഗികമായി തന്നെ അപമാനിച്ചത്.

സെക്രട്ടേറിയറ്റിന് മുന്നില്‍ സി വി രാമന്‍പിള്ളയുടേത് എന്നെഴുതിയ അര്‍ദ്ധകായ പ്രതിമ ലോകപ്രശസ്ത ശാസ്ത്രജ്ഞനും നോബല്‍ ജേതാവുമായ സര്‍ സി വി രാമന്റേതായിരുന്നു. അതുപോലെ ചങ്ങമ്പുഴ കൃഷ്ണപിള്ളയെന്ന മലയാളത്തിന്റെ പ്രേമഗായകന്‍ ജീവിച്ചിരിക്കുമ്പോള്‍ ആയിരക്കണക്കിനാളുകള്‍ അദ്ദേഹത്തെ ആരാധിക്കുകയും ആ കോമളരൂപനെ സ്‌നേഹിക്കുകയും ചെയ്തിരുന്നു. കേവലം മുപ്പത്തിയാറു വയസുവരെ ജീവിച്ച സുമുഖനായ കൃഷ്ണപിള്ളയെ എഴുപതുകാരനാക്കിയാണ് വിശ്വമലയാള മഹോത്സവ കമ്മിറ്റിക്കാര്‍ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. വാര്‍ത്തകള്‍ വന്നതോടെ സാംസ്‌കാരികമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മുന്‍കൈ എടുത്ത് പ്രതിമകള്‍ എടുത്തുമാറ്റിച്ചെന്നാണ് വിവരം.

സി വി രാമന്‍പിള്ളയെന്ന മലയാളം കണ്ട അതുല്യപ്രതിഭയായ എഴുത്തുകാരന്റെ രൂപം 30 വയസിന് മുകളിലോട്ടുള്ള മലയാളികള്‍ക്ക് ഒട്ടുമുക്കാലും പരിചിതമാണ്. മലയാളം പാഠ്യപദ്ധതിക്ക് സമൂലമാറ്റം വരുന്നതിന് മുമ്പുവരെ സി വി രാമന്‍ പിള്ളയെ പഠിക്കാതെ ഹൈസ്‌കൂള്‍ ക്ലാസില്‍ രക്ഷപ്പെടാനാകില്ലായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, രാമരാജാ ബഹദൂര്‍ തുടങ്ങിയ ചരിത്രാഖ്യായികകളും അനേകം നാടകങ്ങളും എഴുതിയ സി വി രാമന്‍പിള്ളയെ തിരുവനന്തപുരം നിവാസികള്‍ ആദരവോടും ഭക്തിബഹുമാനങ്ങളോടെയുമായുമാണ് കാണുന്നത്. രാമന്‍പിള്ള ജീവിച്ചുമരിച്ച അതേ തിരുവനന്തപുരത്താണ് അദ്ദേഹത്തെ സി വി രാമനാക്കിയ മാജിക് നടന്നത്. കപ്പടാമീശ മുകളിലേക്ക് പിരിച്ചുവച്ച് ഷര്‍ട്ടിടാതെ പട്ടുപുതച്ച് കുറ്റിത്തലമുടിയുമായി ഫോട്ടോയില്‍ കാണുന്ന സിംഹപ്രഭാവനായ സി വി രാമന്‍പിള്ളയുടെ ഉജ്വലരൂപം ഒരിക്കല്‍ കണ്ടവരുടെ മനസില്‍ നിന്ന് പിന്നീടൊരിക്കലും മായില്ല.

രമണന്‍, വാഴക്കുല, ദിവ്യഗീതം, മദിരോത്സവം, പാടുന്ന പിശാച് തുടങ്ങി മലയാളികള്‍ നെഞ്ചിലേറ്റിയ ഒട്ടേറെ അനശ്വരകവിതകളിലൂടെ ഇന്നും ചങ്ങമ്പുഴ ചിരഞ്ജീവിയായി നിലകൊള്ളുകയാണ്. ചങ്ങമ്പുഴ ജീവിച്ചിരിക്കുമ്പോള്‍ ഒട്ടേറെ സ്ത്രീജനങ്ങള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നെഞ്ചോടടുക്കി ജീവിച്ചിട്ടുണ്ടെന്ന് കഥകളിലൂടെ പ്രചരിച്ചിട്ടുണ്ട്. മലയാളിയുടെ കാല്‍പനിക ഭാവങ്ങളുടെ മൂര്‍ത്ത രൂപമായിരുന്നു ചങ്ങമ്പുഴയും അദ്ദേഹത്തിന്റെ കവിതകളും. ഈ യുവകോമളനായ കവിയെ വൃദ്ധനാക്കിയവരോട് മലയാളം എങ്ങനെ പൊറുക്കും!
അനശ്വരരായ എഴുത്തുകാരുടെ പ്രതിമകള്‍ സ്ഥാപിച്ചത് മുഖ്യമന്ത്രിയോ സാംസ്‌കാരികമന്ത്രിയോ വിശ്വമലയാള മഹാസമ്മേളനത്തിന്റെ നടത്തിപ്പുകാരോ നേരിട്ടല്ലായിരിക്കാം.

തമിഴ്‌നാട്ടിലോ കര്‍ണാടകയിലോ ഉള്ള ആര്‍ക്കെങ്കിലുമായിരിക്കാം ഇതിന്റെ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ക്വട്ടേഷന്‍ കൊടുത്തത്. അവര്‍ക്ക് രാമന്‍ സി വി രാമനും കൃഷ്ണപിള്ള അപ്പൂപ്പനുമായില്ലെങ്കിലേ അത്ഭുതമുള്ളൂ! എന്നാല്‍ പ്രതിമ സ്ഥാപിക്കുന്നതിന് മുമ്പ് അത് നോക്കിവിലയിരുത്തേണ്ടതും അന്തിമാനുമതി നല്‍കേണ്ടതും സംഘാടകരുടെ ചുമതലയാണ്. ഇനി സംഘാടകര്‍ക്ക് തന്നെ മരിച്ചുപോയ മഹാന്മാരെ തിരിച്ചറിയാന്‍ കഴിയില്ലെന്നുണ്ടോ? 'അഞ്ജനമെന്നാല്‍ എനിക്കറിയാം, മഞ്ഞളുപോലെ വെളുത്തിരിക്കും' എന്ന ചൊല്ലുപോലെ രാമന്‍പിള്ള സി വി രാമനാവുകയും ചങ്ങമ്പുഴ വൃദ്ധനാവുകയും ചെയ്യുന്നത് വിശ്വമാകെ മലയാളത്തിന് ആകമാനം തന്നെ ചീത്തപ്പേരാകുമെന്ന് സംഘാടകര്‍ വൈകിയ സമയത്തെങ്കിലും ഓര്‍ക്കുന്നത് നന്നായിരിക്കും.

വിശ്വമലയാള മഹാസമ്മേളനം തലസ്ഥാന നഗരിയില്‍ തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേയുള്ളൂ. ക്ലാസിക്കല്‍ ഭാഷയ്ക്ക് വേണ്ടിയുള്ള സമ്മര്‍ദ്ദങ്ങള്‍ വെറും കോമഡിയാകുന്ന രീതിയിലാണ് വിശ്വമലയാള സമ്മേളനത്തിലെ രാഷ്ട്രീയാതിപ്രസരം. കോണ്‍ഗ്രസ് നേതാക്കള്‍ അക്ഷരവിരോധികളാണെന്ന ആരോപണത്തില്‍ കഴമ്പുണ്ടെങ്കിലും ഇല്ലെങ്കിലും ഇവരില്‍ ചിലരാണ് വിശ്വമലയാള സമ്മേളനത്തിന്റെ ഉത്സാഹകമ്മിറ്റികളെ നിയന്ത്രിക്കുന്നത്.

സാഹിത്യകാരന്മാരെയും മലയാളഭാഷാ വിദഗ്ധരെയും മരുന്നിന് മാത്രമേ സംഘാടക സമിതിയിലേക്ക് അടുപ്പിച്ചിട്ടുള്ളൂ. സാഹിത്യഅക്കാദമി നിര്‍വ്വാഹക സമിതി അംഗങ്ങള്‍ തന്നെ തങ്ങളെ തഴഞ്ഞ വിശ്വമലയാള മഹോത്സവം സംഘാടക സമിതിക്കെതിരെ രംഗത്ത് വന്നിരുന്നു. മലയാള ഭാഷയെയും സാഹിത്യത്തെയും എഴുത്തുകാരെയും അവരുടെ വഴിക്ക് വിടുകയാണ് രാഷ്ട്രീയക്കാര്‍ക്ക് നല്ലത്. അല്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ കോമഡികള്‍ കാണേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+