Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ മൗനം വി എസ് ഭൂഷണമാക്കുകയാണ്

VS
ഇതാണ് സാക്ഷാല്‍ വി എസ്, കൊത്തിക്കൊത്തി മുറത്തില്‍ കയറി കൊത്തിയാല്‍ ചട്ടിയിലാകുമെന്ന പഴഞ്ചൊല്ല് സി പി എമ്മില്‍ മറ്റാരെക്കാളും നന്നായറിയുന്ന വി എസ് ഇപ്പോള്‍ മൗനവ്രതത്തിലാണ്. പാര്‍ട്ടിയുടെ അന്ത്യശാസനം വി എസിനെ ഒതുക്കിക്കളഞ്ഞു എന്നുവേണം പറയാന്‍. പാര്‍ട്ടിയെന്ന വലിയ സംവിധാനത്തിനുള്ളില്‍ കൊടുങ്കാറ്റുകള്‍ അഴിച്ചുവിട്ട വി എസ് ഇപ്പോള്‍ മിണ്ടുന്നില്ല. ഇനി പാര്‍ട്ടിക്ക് പുറത്തേയ്ക്ക് എന്ന തിരിച്ചറിവും പാര്‍ട്ടിയിലില്ലാത്ത വി എസ് എന്ത് വി എസ്? എന്ന ബോധ്യവുമാണ് താല്‍ക്കാലികമായെങ്കിലും നാവടക്കാന്‍ വി എസിനെ പ്രേരിപ്പിച്ചതെന്ന് വ്യക്തം.

പാര്‍ട്ടിയില്‍ കുറെക്കാലമായി താന്‍ അടക്കിക്കളിച്ച പന്ത് ഇപ്പോള്‍ തന്റെ കോര്‍ട്ടിലല്ല എന്ന തിരിച്ചറിവാണ് വി എസിന്റെ മൗനത്തിന് കാരണമെന്നതില്‍ തര്‍ക്കമില്ല. പാര്‍ട്ടിക്ക് പുറത്തുള്ള പൊതുപ്രശ്‌നങ്ങള്‍ പോലും വി എസ് കുറെ ദിവസമായി കണ്ടമട്ടേയില്ല. അച്ചടക്കവും പാര്‍ട്ടിക്കൂറുമുള്ള ഒന്നാന്തരം കമ്മ്യൂണിസ്റ്റായിരിക്കുന്നു അദ്ദേഹം. പി ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണമാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വി എസിന്റേതായി അവസാനം വന്നത്. ആയുര്‍വേദ ചികിത്സയിലായതിനാല്‍ പ്രതികരണത്തിനൊന്നും സമയമില്ലെന്ന ന്യായം പറയാമെങ്കിലും തെറ്റ് ഏറ്റുപറയണമെന്ന ആവശ്യം സി പി എം സംസ്ഥാന-കേന്ദ്രനേതൃത്വങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് വി എസ് തന്റെ വായടച്ചിരിക്കുന്നതെന്ന് വ്യക്തം.

പാര്‍ട്ടിക്കുള്ളില്‍ വി എസ് ഉയര്‍ത്തിയ പ്രത്യയശാസ്ത്ര നിലപാടുകളെക്കാള്‍ സി പി എം കേന്ദ്രനേതൃത്വം രൂക്ഷമായി കാണുന്നത് പാര്‍ട്ടിക്ക് പുറത്ത് വി എസ് സ്വീകരിച്ച നിലപാടുകളെയായിരുന്നു. ഇത് പാര്‍ട്ടിക്ക് നികത്താനാവാത്ത ക്ഷീണമുണ്ടാക്കിയെന്ന് ബോധ്യപ്പെടുത്താന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയുകയും ചെയ്തു. ഏറ്റവും അവസാനം ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് വി എസ് സ്വീകരിച്ച നിലപാട് എക്കാലത്തെയും വലിയ പ്രതിസന്ധിയിലേക്കാണ് പാര്‍ട്ടിയെ തള്ളിയിട്ടത്. പൊതുസമൂഹത്തില്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ച എല്ലാ മൂല്യങ്ങളെയും തച്ചുതകര്‍ക്കുന്നവയായിരുന്നു വി എസിന്റെ പ്രസ്താവനകള്‍. ഇതോടെയാണ് കേന്ദ്രനേതൃത്വവും മുറുകിയത്.

വിയോജിപ്പുകള്‍ പാര്‍ട്ടി ചട്ടക്കൂടിന് പുറത്ത് പരസ്യമാക്കുന്ന രീതി ശൈലിയാക്കിയ വി എസിനെ കൂച്ചുവിലങ്ങിടാനും കേന്ദ്രനേതൃത്വം തീരുമാനിച്ചത് ചന്ദ്രശേഖരന്‍ വധത്തിന് ശേഷമാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ പരസ്യമായി തന്നെ വിയോജിപ്പ് പ്രകടിപ്പിക്കുകയും തുടരെത്തുടരെ പാര്‍ട്ടി അച്ചടക്കം ലംഘിക്കുകയും ചെയ്ത വി എസുമായി മുന്നോട്ടുപോകാനാവില്ലെന്ന് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃത്വം അവസാന നിലപാടെടുത്തപ്പോഴാണ് വി എസ് തെറ്റ് ഏറ്റുപറയട്ടെ എന്ന പോംവഴിയിലേക്ക് കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തെ പിടിച്ചുവലിച്ചെത്തിച്ചത്.

ഇനിയൊരു ചാന്‍സ് ഇല്ലെന്ന് വി എസിനറിയാം. വി എസിന് ഇനിയൊരവസരം കൊടുക്കാതിരിക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന നേതൃത്വവും ജാഗ്രതയിലാണ്. വി എസിനെതിരെയുള്ള ഔദ്യോഗിക പക്ഷത്തിന്റെ വജ്രായുധമാണ് ഈ ഏറ്റുപറച്ചില്‍. എന്നാല്‍ വി എസ് ഒരിക്കലും തന്റെ 'തെറ്റുകള്‍' ഏറ്റുപറയില്ലെന്ന് പാര്‍ട്ടിയില്‍ എല്ലാവര്‍ക്കുമറിയാം. എങ്കിലും വി എസിനെ ഒതുക്കാന്‍ ഇടയ്ക്കിടെ 'ഏറ്റുപറച്ചില്‍' പുറത്തെടുക്കുകതന്നെ ചെയ്യും സി പി എം നേതൃത്വം.

വി എസ് ഏറ്റുപറയണമെന്ന് സി പി എം സംസ്ഥാന നേതൃത്വം ആഗ്രഹിക്കുന്ന 'തെറ്റുകള്‍' ഒട്ടേറെയാണ്. ഇതില്‍ പ്രഥമം ലാവ്‌ലിന്‍ കേസ് തന്നെയാണ്. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിസ്ഥാനത്ത് ഉറപ്പിച്ച് നിര്‍ത്തിയതില്‍ നിര്‍ണായകമായത് വി എസിന്റെ പ്രസ്താവനകളും അഭിപ്രായങ്ങളും തന്നെയാണ്. ലാവ്‌ലിന്‍ ഇടപാട് സി പി എമ്മിന്റെ കേന്ദ്രനേതൃത്വം പോലും അറിഞ്ഞുകൊണ്ട് നടന്ന 'ബ്രോക്കറേജ് ഇടപാടായിട്ടും' പൊതുസമൂഹത്തിന് മുന്നില്‍ പിണറായി വിജയനെതിരെ ലാവ്‌ലിന്‍ ആയുധമാക്കാനാണ് വി എസ് ശ്രമിച്ചത്.

മറ്റ് വിവാദങ്ങളില്‍ പിണറായിക്കൊപ്പം പാര്‍ട്ടിയെ കൂടി പ്രതിക്കൂട്ടിലാക്കാനായെങ്കിലും ലാവിലിന്‍ വിവാദത്തില്‍ വി എസ് ഉന്നമിട്ടത് പിണറായിയെ മാത്രമാണ്. ലോട്ടറി പ്രശ്‌നം, ഫാരീസ് അബൂബക്കര്‍ ബന്ധം, മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍, പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട വി ഐ പി വിവാദം, , ഡി ഐ സി-പി ഡി പി ബന്ധം, ചന്ദ്രശേഖരന്‍ വധം തുങ്ങി വി എസ് സ്വീകരിച്ച എല്ലാ നിലപാടുകളും പാര്‍ട്ടിക്ക് കനത്ത പ്രഹരം തന്നെയുണ്ടാക്കിയിട്ടുണ്ട്.

വി എസിന്റെ ഒപ്പം നിന്ന് പൊരുതി ഇപ്പോള്‍ അദ്ദേഹത്തിന്റെ വിമര്‍ശകരായി മാറിയ ഒട്ടേറെപ്പേരുണ്ട്. അവരുടെ വി എസ് വിമര്‍ശനത്തിന്റെ കാതല്‍ തന്നെ വി എസ് എപ്പോഴും സ്വന്തം തടി നോക്കുന്നവനാണെന്നതാണ്. അത് കൂടുതല്‍ ശരിവയ്ക്കുകയാണ് ഇപ്പോള്‍ വി എസ് തന്റെ മൗനത്തിലൂടെ. വി എസ് പാര്‍ട്ടിക്ക് പുറത്തേയ്ക്ക് വരുമെന്നും വിശാലമായൊരു ഇടതുപക്ഷത്തിന് നേതൃത്വം നല്‍കുമെന്നും വ്യാമോഹിച്ചവരും ഇപ്പോഴും ആശിക്കുന്നവരും ഏറെയാണ്. എന്നാല്‍ ഒട്ടേറെ സഖാക്കളെ പാര്‍ട്ടിക്ക് പുറത്താക്കി പിണ്ഡം വച്ച വി എസിന് നന്നായറിയാം പാര്‍ട്ടിക്ക് പുറത്തുപോയവരുടെ ഗതി. അതിനാല്‍ പറ്റിയ അവസരം വരുമ്പോള്‍ ആഞ്ഞടിക്കാന്‍ അവസരം പാര്‍ത്ത് പാര്‍ട്ടിക്കുള്ളില്‍ തന്നെ മൗനം ഭൂഷണമാക്കുകയാണ് വി എസ്,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+