ഐടി ആക്ട് ജനവിരുദ്ധമാകുമ്പോള്‍
ഇന്‍ര്‍നെറ്റ് മൊബൈല്‍ ഫോണ്‍ തുടങ്ങിയവ നിത്യ ജീവിതത്തിന്റെ ഭാഗമായപ്പോള്‍ അതിന്റെ ദുരുപയോഗവും വര്‍ദ്ധിച്ചു. ഈ ദുരുപയോഗത്തെ ചെറുക്കാന്‍ വേണ്ടി നമ്മുടെ നിയനിര്‍മാണ സഭ ഉണ്ടാക്കിയ നിയമങ്ങള്‍ ചിലപ്പോഴെങ്കിലും ജനവിരുദ്ധവും സ്ഥാപിത താത്പര്യക്കാരുടെ കയ്യിലെ ആയുധവും ആയി മാറുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട സമയമാണിത്.
ഫേസ്ബുക്കിലൂടെയുള്ള മത നിന്ദ പ്രശ്‌നം സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ നിന്ന് വിട്ട് തെരുവിലേക്കിറങ്ങുന്ന അവസ്ഥയും ഒരാള്‍ അറസ്റ്റ് ചെയ്യപ്പെടുന്ന അവസ്ഥയും വിരല്‍ ചൂണ്ടുന്നത് നമ്മുടെ നിയമത്തിന്റെ പാകപ്പിഴകളിലേക്കാണ്. മുമ്പ് ബാല്‍ താക്കറെയുടെ മരണത്തെത്തടര്‍ന്ന് മഹാരാഷ്ട്രയില്‍ ശിവസേന നടത്തിയ ഹര്‍ത്താലിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ച രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തപ്പോഴാണ് ഐടി ആക്ടിലെ ചില വകുപ്പുകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നത്. പിന്നീട് പോലീസ് നടപടിയെ കോടതി തന്നെ ചോദ്യം ചെയ്യുകയുമുണ്ടായി.

സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍, പ്രത്യേകിച്ച് ഫേസ് ബുക്കില്‍ വര്‍ഗീയത കലര്‍ന്ന പോസ്റ്റുകള്‍ക്കും ഗ്രൂപ്പുകള്‍ക്കുമൊന്നും ഒരു പഞ്ഞവുമില്ല. ഏതെങ്കിലും ഒരു മതവിഭാഗത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നതുമല്ല ഇത്. തീവ്ര മുസ്ലീം ഗ്രൂപ്പുകളും തീവ്ര ഹിന്ദു ഗ്രൂപ്പുകളും ഇക്കാര്യത്തില്‍ അല്‍പം പോലും പിന്നിലല്ല. യഥാര്‍ത്ഥത്തില്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളും വിവാദങ്ങളും അവിടെത്തന്നെ നിര്‍ത്താന്‍ ഉപയോക്താക്കള്‍ ശ്രമിച്ചിരുന്നുവെങ്കില്‍ കാസര്‍കോട് സംഘര്‍ഷത്തിന്റേയും നിരോധനനാജ്ഞയുടേയോ ആവശ്യം തന്നെ ഉണ്ടാകുമായിരുന്നില്ല.
സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ 'വ്രണപ്പെടുത്തുന്ന' പോസ്റ്റുകള്‍ ഇനിമുതല്‍ ശക്തമായി നിരീക്ഷിമെന്നും നടപടിയെടുക്കമെന്നൊക്കെയാണ് പോലീസ് അധികൃതര്‍ പറയുന്നത്. അങ്ങനെയെങ്കില്‍സൈബര്‍ സെല്ലിന് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാന്‍ മാത്രമേ നേരം കാണൂ.
പക്ഷേ ഇവിടെ സംഭവിക്കുന്നത് മറ്റൊന്നാണ്. സ്വാധീനമുള്ളവര്‍ക്ക് മാത്രമേ ഐടി നിയമത്തിന്റെ പരിഗണന കിട്ടുന്നുള്ളൂ എന്നതാണ് പ്രശ്‌നം. മഹാരാഷ്ട്ര സംഭവത്തെത്തുടര്‍ന്ന് ഐടി ആക്ടിന്റെ ദുരുപയോഗം കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഡിവൈഎസ്പികികോ അതിന് മുകളിലോ ഉള്ളവര്‍ക്കേ ഐടി ആക്ട് പ്രകാരം കേസെടുക്കാന്‍ അധികാരമുള്ളു എന്നതായിരുന്നു അതില്‍ പ്രധാനം. പക്ഷേ കാസര്‍കോട് സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണം.
നമ്മുടെ സൈബര്‍ സെല്ലിലേക്ക് ദിനവും എത്തുന്നത് ഒട്ടേറെ പരാതികളാണ്. പലതും വലിയ സ്വാധീനമൊന്നും ഇല്ലാത്ത സാധാരണക്കാരന്റെ പരാതികള്‍. വ്യക്തിപരമായ കേസുകളായിരിക്കും അധികവും. പക്ഷേ അവക്കൊന്നും വേണ്ട പരിഗണന കിട്ടുകയില്ല. അതേ സമയം മതത്തിന്റെ പേരില്‍ പരാതികളെത്തിത്തുടങ്ങുമ്പോഴേക്കും നടപടിയും അറസ്റ്റും നിരീക്ഷണവും ഒക്കെ ഉണ്ടാവുകയും ചെയ്യും എന്നതാണ് ഇതിലെ രസകരമായ അവസ്ഥ.
ഫേസ് ബുക്കിലോ മറ്റ് സോഷ്യല്‍ മീഡിയകളിലോ പത്രങ്ങളിലോ ചാനലുകളിലോ ആകട്ടെ മറ്റൊരാളെയോ മതത്തേയോ നിന്ദിക്കാന്‍ ആര്‍ക്കും അവകാശമില്ല. അതേ സമയം ആശയ പ്രകാശനത്തിനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട് താനും. ഈ രണ്ടുകാര്യങ്ങളെ പലപ്പോഴും ചേര്‍ത്ത് വെക്കാന്‍ നമ്മുടെ നിയമ സംഹിതകള്‍ക്ക് കഴിയുന്നില്ല.
കാസര്‍കോട് സംഭവിച്ചതിന്റെ യഥാര്‍ത്ഥ ഉത്തരവാദിത്തം നമ്മുടെ പോലീസിനും രഹസ്യാന്വേഷണ സംവിധനത്തിനും ആണ്. ഫേസ് ബുക്കില്‍ തുടങ്ങിയ ഒരു വിവാദം നിരത്തിലേക്കിറങ്ങുമെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്തിനാണ് നമുക്ക് രഹസ്യാന്വേഷണ വിഭാഗം. കാലപത്തിലേക്ക് പോകും മുമ്പ് തന്നെ അതിന് തടയിടാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്തിനാണ് പോലീസ്.
മതത്തിന്റെ പേരില്‍ പരാതി കിട്ടിയപ്പോള്‍ തന്നെ ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു നമ്മുടെ പോലീസ്. ആ അറസ്റ്റ് ശരിക്കും നല്‍കുന്ന സന്ദേശമെന്താണ്. രാജ്യ ദ്രോഹക്കുറ്റം അടക്കമുള്ളവ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ അടുത്ത തലമുറക്ക് പോലീസ് നല്‍കുന്ന സൂചന എന്താണ്.
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയതതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നാടാണ് നമ്മുടേത്. ജനാധിപത്യത്തിന്റെ കേദാരമെന്നൊക്കെ വിളിക്കുമെങ്കിലും മൗലികാവകാശങ്ങള്‍ പോലും ഇവിടെ സംരക്ഷിക്കപ്പെടുന്നില്ലതാണ് സത്യം.












Click it and Unblock the Notifications