Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം പെണ്‍കുട്ടികള്‍ എപ്പോള്‍ കെട്ടണം?

എപ്പോഴാണ് ഒരു പെണ്‍കുട്ടി വിവാഹത്തിന് തയ്യാറാകുന്നത് ? മാതാപിതാക്കള്‍ക്ക് തോന്നുമ്പോള്‍ വിവാഹം കഴിപ്പിച്ചയക്കേണ്ടവരാണോ നമ്മുടെ പെണ്‍കുട്ടികള്‍. മനുഷ്യന്‍ ഒരു സാമൂഹ്യജീവി ആയതുകൊണ്ട് ജൈവീകമായ വളര്‍ച്ചയേയോ ചോദനകളെയോ മാത്രം അടിസ്ഥാനമാക്കി കാര്യങ്ങള്‍ തീരുമാനിക്കാതിരിക്കുന്നതാകും ഉചിതം.

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് പുറത്തിറങ്ങിയ സര്‍ക്കുലര്‍ യഥാര്‍ത്ഥത്തില്‍ ചര്‍ച്ചയാകേണ്ടത് മേല്‍പറഞ്ഞ വിഷയത്തെ അടിസ്ഥാനമാക്കിയാണ്. പെണ്‍കുട്ടിയുടെ ശരീരത്തിന്റെ വളര്‍ച്ചയോ പ്രത്യുത്പാദന സന്നദ്ധതയോ മാത്രം കണക്കാക്കി വിവാഹപ്രായത്തില്‍ തീരുമാനമെടുക്കുന്നത് സാമൂഹിക ഉത്തരവാദിത്തമില്ലായ്മയായിത്തന്നെ വിലയിരുത്തേണ്ടി വരും.

Muslim Bride

ഇതുവരെ പിന്തുടര്‍ന്നുവന്ന രീതികള്‍ തുടരുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് ആശാസ്യമല്ല. ആണ്‍കുട്ടികളുടെ വിവാഹ പ്രായം 21 എന്നുള്ളതും പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 എന്നുള്ളതുമൊക്കെ പരിഷ്‌കരിക്കപ്പെടുകയോ നവീകരിക്കപ്പെടുകയോ വേണ്ടത് തന്നെ. പക്ഷേ അത് നമ്മുടെ സാമൂഹിക-സാമ്പത്തിക ചുറ്റുപാടുകളെ അടിസ്ഥാനപ്പെടുത്തിയാകണം എന്ന് മാത്രം. മുമ്പ് മുസ്ലീങ്ങള്‍ക്കിടയില്‍ മാത്രമല്ല ഹിന്ദുക്കള്‍ക്കിടയിലും ശൈശവ വിവാഹങ്ങള്‍ പതിവായിരുന്നല്ലോ. പിന്നീട് ഇതര സമുദായങ്ങളില്‍ അത് കുറയുകയും മുസ്ലീങ്ങള്‍ക്കിടയില്‍ അത് താരതമ്യേന തുടരുകയും ചെയ്തത് എന്തുകൊണ്ടെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

ഇസ്ലാമില്‍ പെണ്‍കുട്ടിയുടെ കുറഞ്ഞ വിവാഹപ്രായത്തെ പറ്റി പറഞ്ഞിട്ടില്ല. രക്ഷകര്‍ത്താക്കള്‍ക്കാണ് ഇതില്‍ തീരുമാനമെടുക്കാനുള്ള അവകാശം. അങ്ങനെ വരുമ്പോള്‍ പെണ്‍കുട്ടിയെ 18 വയസ്സിന് മുമ്പ് തന്നെ വിവാഹം കഴിപ്പിക്കണെന്ന് ഇസ്ലം നിഷ്‌കര്‍ഷിക്കുന്നില്ല എന്ന് തന്നെ പറയേണ്ടി വരും. പിന്നെന്തിനാണ് മുസ്ലീം പെണ്‍കുട്ടികള്‍ക്ക് നിയമത്തില്‍ ഇത്തരം ഒരു ആനുകൂല്യം(?) നല്‍കുന്നത്.

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ 18 വയസ്സ് തികഞ്ഞില്ലെങ്കിലും കുഴപ്പമില്ല എന്ന് സൂചിപ്പിക്കുന്നതാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍. അപ്പോള്‍ ഇതര മതവിഭാഗങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് ഈ ആനുകൂല്യം(?) കിട്ടാത്തതെന്തുകൊണ്ട് എന്നും ചോദ്യം ഉയരും.

ഒരു പ്രത്യേക കാലയളവ് വരെ നടന്ന വിവാഹങ്ങള്‍ക്കാണ് സര്‍ക്കുലര്‍ ബാധകമാക്കുന്നതെങ്കില്‍ അതിനെ വേണമെങ്കില്‍ മാനുഷിക പരിഗണന (നിയമപരമായി തെറ്റാണെങ്കില്‍ പോലും) എന്ന് വിശേഷിപ്പിക്കാം. പക്ഷേ കാലയളവുകളൊന്നും പറഞ്ഞിട്ടില്ലാത്ത ഈ സര്‍ക്കുലര്‍ എത്രമാത്രം ദുരുപയോഗപ്പെട്ടേക്കും. 16 എന്നുള്ളത് 14, 12, 10 എന്നിങ്ങനെ കുറച്ചുകൊണ്ടുവരാനും ആവശ്യം ഉയര്‍ന്നേക്കാം.

വിദ്യാഭ്യാസം നേടാനുള്ള പെണ്‍കുട്ടികളുടെ അവകാശമാണ് ഇത്തരം വിവാഹങ്ങളിലൂടെ നഷ്ടമാകുന്നത്. മറ്റ് കുട്ടികള്‍ പഠിക്കുമ്പോള്‍, മാനസിക പക്വതയെത്താത്ത വീട്ടമ്മമാരായി ഇവര്‍ ഒടുങ്ങും.

വിവാഹപ്രായം 16 ആക്കി കുറച്ചുകൊണ്ടുള്ള സര്‍ക്കുലറല്ല ഇപ്പോള്‍ പുറത്തിറങ്ങിരിക്കുന്നത്. അങ്ങനെ നടന്ന വിവാഹങ്ങള്‍ക്ക് സാധുത നല്‍കുക മാത്രമായിരുന്നു ലക്ഷ്യം എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറയുന്നു. സത്യത്തില്‍ അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥം എന്താണ്. 16 വയസ്സിലുള്ള വിവാഹത്തെ നിയമപരമാക്കുകയല്ല ഞങ്ങള്‍ ചെയ്യുന്നത്. പക്ഷേ അങ്ങനെ നടക്കുന്ന വിവാഹങ്ങളെ ഞങ്ങള്‍ അംഗീകരിക്കും എന്ന് തന്നെയല്ലേ. ചുരുക്കിപ്പറഞ്ഞാല്‍ ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേരളത്തിലെ സര്‍ക്കാരിന്.

1957 ലെ മുസ്ലീം വിവാഹ നിയമമാണ് സര്‍ക്കുലറിന്റെ അടിസ്ഥാനം എന്നാണ് ആദ്യം പറഞ്ഞ് കേട്ടത്. പിന്നീട് നോക്കിയപ്പോള്‍ ആ നിയമം ഇന്ത്യയിലുണ്ടാക്കിയതേ അല്ലത്രെ. അങ്ങ് ജമൈക്കയില്‍ ഉണ്ടാക്കിയ നിയമത്തിന്റെ പിന്‍പറ്റി ഇങ്ങനെ ഒരു സര്‍ക്കുലര്‍ ഇറക്കണമെങ്കില്‍ ഗൂഗിള്‍ സെര്‍ച്ച് ചതിച്ചതാകാനെ തരമുള്ളു.

ഓരോ വ്യക്തിയുടേയും മാനസികവും ശാരീരികവും ആയ വളര്‍ച്ചാ നിരക്കുകളില്‍ വ്യത്യാസമുണ്ടാവും. ഒരു നിയമ വ്യവസ്ഥിതിയില്‍ ജീവിക്കുമ്പോള്‍ ഇതിന് ഒരു ഏകീകരണം അത്യാവശ്യമാണ് . അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നിയമ നിര്‍മ്മാണവും സാധ്യമാകൂ. അത്തരം നിയമങ്ങള്‍ അനുസരിക്കുമ്പോഴേ നാനത്വത്തില്‍ ഏകത്വമുള്ള ഒരു നല്ല സമൂഹവും ഉണ്ടാകു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+