മോഡിയും നായിഡുവും തമ്മിലുള്ള ബന്ധം

ആന്ധ്രപ്രദേശിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറെന്ന വിശേഷണം ആസ്വദിച്ചു. യൂറോപ്പിക്കും ചൈനക്കുമിടയിലെ പാലമായി ഹൈദരാബാദിനെ മാറ്റി. വരുംനൂറ്റാണ്ടില്‍ നിലനില്‍ക്കുന്ന ഏക ഇസം ടൂറിസം മാത്രമാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ടെലികോം വിപ്‌ളവത്തിന്റെ സൂത്രധാരനും അദ്ദേഹംതന്നെ. വിവരവിനിമയത്തില്‍ വിപ്‌ളവം നടത്താനായി ടെലികോം മേഖലയില്‍ സ്വകാര്യസംരംഭകരുടെ സഹായം തേടിയതും നായിഡുതന്നെ. അത് ഇന്ത്യയില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ചില്ലറയല്ല. സോഷ്യല്‍ മീഡിയകള്‍ സജീവമാകുന്ന കാലം അദ്ദേഹം സ്വപ്നംകണ്ടു.
നായിഡുവിനെപ്പോലെ വിവര സാങ്കേതിക വിദ്യയുടെ സാധ്യതകളെ വല്ലാതെ പ്രണയിക്കുന്ന മറ്റൊരാളുണ്ട് ഗുജറാത്തില്‍. മുഖ്യമന്ത്രി നരേന്ദ്രമോഡി. ഭാവി പ്രധാനമന്ത്രിയെന്ന തരത്തില്‍ രാജ്യം ഉറ്റുനോക്കുന്ന നേതാവിലേക്കുള്ള വളര്‍ച്ചക്കുപിന്നില്‍ അദ്ദേഹത്തിന്റെ സാങ്കേതിക ജ്ഞാനത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. ചന്ദ്രബാബുവില്‍ പലതരത്തില്‍ വ്യത്യസ്തനുമാണ് മോഡി.
നഗരകേന്ദ്രീകൃതമായിരുന്നു നായിഡുവിന്റെ സിലിക്കണ്‍ സ്വപ്നങ്ങള്‍. എന്നാല്‍ ഗ്രാമങ്ങളെ മുറുകെ പിടിച്ചാണ് നരേന്ദ്രമോഡിയുടെ പ്രവര്‍ത്തനം. ടെക്‌നോക്രാറ്റുകളായ രണ്ടു നേതാക്കളുടെ പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ ടുഡേ കോണ്‍ക്‌ളേവ്. ഒപ്പം നായിഡുവിന് പിഴച്ചിടത്ത് മോഡിക്ക് പിഴവില്ലെന്ന് തെളിയിക്കുന്നതുമായിരുന്നു അത്.
ഹൈദരാബാദിന്റെ വികസനത്തിലുപരി ആന്ധ്രയോളം ചിന്തിക്കാവുന്നത്ര കാര്യങ്ങള്‍ നായിഡു ചെയ്തില്ലെന്ന് അന്നേ വിമര്‍ശനമുയര്‍ന്നിരുന്നു. നഗരകേന്ദ്രീകൃത വികസനം പാവപ്പെട്ട ഗ്രാമീണരെ മറന്നുകൊണ്ടായതാണ് നായിഡുവിന്റെ അടിതെറ്റിച്ചത്. നഗരങ്ങള്‍ വല്ലാതെ മുന്നേറിയപ്പോള്‍ ഗ്രാമങ്ങള്‍ പടുകുഴിയിലായി. അതിന്റെ ഫലം തെരഞ്ഞെടുപ്പില്‍ കാണുകയും ചെയ്തു. നായിഡുവിന് കനത്ത പരാജയം രുചിച്ചു.
ഗുജറാത്തിലത്തെുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. കൃഷിക്കും ജലസേചനത്തിനും വേണ്ടത്ര പരിഗണന നല്‍കിയാണ് മോഡിയുടെ ഗ്രാമീണസേവനം. ഒപ്പം ഗുജറാത്തില്‍ 50 നഗരങ്ങള്‍ വിപുലപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളും സജീവമാണ്. ഗുജറാത്ത് തിളങ്ങുന്നു എന്ന മുദ്രാവാക്യത്തോട് നീതി പുലര്‍ത്തുന്ന 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാണ് മോഡിയുടെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ക്‌ളേവില്‍ പരിചയപ്പെടുത്തിയത്. പല വിജയകഥകളും അതില്‍ ഇഴചേര്‍ന്നു. വനിതാ ശാക്തീകരണവും ഭരണ സുതാര്യതയില്‍ ഐടിയുടെ പങ്കുമെല്ലാം വിശദീകരിച്ചു.
ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിനൊടുവില്‍ അവിടെ കൂടിയ ശ്രോതാക്കളില്‍ ഏറ്റവും ഇളയവള്‍ എന്നു വിശേഷിപ്പിക്കാവുന്ന പത്തുവയസ്സുകാരിക്കൊരു സംശയം. 'അമേരിക്കന്‍ പ്രസിഡന്റ് ഒബാമയെപ്പോലെ മാറ്റം കൊണ്ടുവരുമെന്ന് പറഞ്ഞുനടക്കുകയല്ലല്ലോ അദ്ദേഹം ചെയ്യുന്നത്. ചെയ്തുകാണിക്കുകയല്ലേ. നമ്മളെന്താണ് അഹമദാബാദിലേക്ക് കുടിയേറാത്തത്'. ആ കുട്ടിക്ക് 18 വയസ്സുണ്ടായിരുന്നെങ്കില്‍ നാളെ ബാലറ്റ് കിട്ടിയാല്‍ അവള്‍ മോഡിക്കല്ലാതെ മറ്റാര്‍ക്ക് വോട്ടുചെയ്യും എന്ന സംശയം പലരുടെയും മനസ്സില്‍ചെന്ന് മുട്ടി.
കൊച്ചുകുട്ടികള്‍ക്കുപോലും വ്യക്തമാകുന്ന ഭാഷയില്‍ നന്നായി സംസാരിക്കാനുള്ള കഴിവ് തെളിയിക്കാനായി മോഡി ആ വേദി ഉപയോഗിക്കുകയായിരുന്നു. ഗുജറാത്തില്‍നിന്ന് മറ്റു പലതുമെന്നപോലെ തന്നെതന്നെ രാജ്യത്തിന് നല്‍കാനുണ്ടെന്ന് പറയാതെ പറയുകയായിരുന്നു മോഡി. വികസനസ്വപ്നങ്ങളുടെ വില്‍പനക്കാരനാവുകയായിരുന്നു മോഡി. ഒന്നിലും അതിശയോക്തിയില്ല. കാട്ടിയതില്‍ കൂടുതല്‍ പറഞ്ഞില്ല. ചെയ്തതിന്റെ നൂറിലൊന്നുപോലും കാട്ടിയില്ല. ഉട്ടോപ്യന്‍ ചിന്താഗതികള്‍ അവിടെ വിട്ട് വികസനം കാണാന്‍ അതില്‍ ഭാഗഭാക്കാകാന്‍ അവിടെ കൂടിയവരെ ഗുജറാത്തിലേക്ക് ക്ഷണിച്ചാണ് അദ്ദേഹം വാക്കുകള്‍ അവസാനിപ്പിച്ചത്.
മോഡി കൂടുന്നിടത്ത് ആളുകൂടുന്നുണ്ടെന്നതാണ് ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്ന സംഗതി. കഴിഞ്ഞ മാസം ദില്ലിയിലെ ശ്രീരാം കോളജ് ഓഫ് കൊമേഴ്‌സ് കോളജില്‍ പ്രഭാഷണം നടത്തുന്നിനിടെ ഓരോ വാക്കുകളേയും കൈയടിച്ചാണ് യുവസമൂഹം സ്വീകരിച്ചത്. മോഡിയുടെ കൈകളിലെ ചോരപ്പാടുകളെ ചൊല്ലി മാധ്യമങ്ങള്‍ ഇക്കാലമത്രയും വെണ്ടക്ക നിരത്തിയത് ഇവരിത്രവേഗം മറന്നുപോയോ എന്ന സംശയം അങ്ങിനെതന്നെ അവശേഷിച്ചു. മാറ്റത്തിനാണവര്‍ കാതോര്‍ക്കുന്നതെന്ന് അവരുടെ ശരീരഭാഷതന്നെ വിളിച്ചുപറയുന്നുണ്ടായിരുന്നു.
ആള്‍ക്കൂട്ടം ചോദ്യങ്ങളെറിയുന്നു. മോഡി അവ പിടിച്ചെടുത്ത് ലളിതസുന്ദരമായ ഭാഷയില്‍ മറുപടി നല്‍കുന്നു. രാജ്യസ്‌നേഹവും ഭാവി പ്രതീക്ഷകളും നല്ല കാഴ്ചപ്പാടുകളും അതില്‍ ഒളിഞ്ഞിരിക്കുന്നത് തിരിച്ചറിഞ്ഞ വിദ്യാര്‍ഥികള്‍ കൈയടിച്ച് പ്രോല്‍സാഹിപ്പിക്കുന്നു. നില മറക്കാതെ മോഡി പിന്നെയും അവരുടെ നല്ല സുഹൃത്താകുന്നു. നല്ല കേള്‍വിക്കാരനാകുന്നു. അങ്ങനെ ചോദ്യം ചോദിക്കാനും ഉത്തരം നല്‍കാനും കെല്‍പ്പുള്ള മഹാനായ നേതാവെന്ന് അവര്‍ അടക്കം പറയുന്നു. മോഡിയുടെ ആരാധകവൃന്ദം അങ്ങനെ നാള്‍ക്കുനാള്‍ വികസിക്കുകയാണ്. ഗുജറാത്തിലെ കലാപങ്ങളുടെ പേരില്‍ മാപ്പു പറയണമെന്ന ആവശ്യങ്ങള്‍ ഇപ്പോഴും പല കോണുകളില്‍നിന്ന് ഉയരുമ്പോഴും മോഡിക്ക് അസഹിഷ്ണുതയില്ല.
കേട്ടുമടുത്ത ചോദ്യത്തോടോ ചോദ്യകര്‍ത്താവിനോടോ വെറുപ്പോ വിദ്വേഷമോ ഇല്ല. 2004ല്‍തന്നെ ഇതിനെ താന്‍ അപലപിച്ചതാണ്. ഇനി ഞാനാണ് അതിന് ഉത്തരവാദി എന്ന് ആക്ഷേപിക്കുന്നവര്‍ക്ക് രാജ്യത്തെ നിയമവ്യവസ്ഥയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് എന്റെ മുന്നിലുണ്ട്. നീതിന്യായ കോടതിളെല്ലാം എന്നെ കുറ്റവിമുക്തനാക്കിയ കാര്യം അറിയാതെയല്ല ഈ ചോദ്യങ്ങള്‍ നിരന്തരം ഉയരുന്നതെന്നും എനിക്കറിയാമെന്ന മറുപടിയില്‍ അദ്ദേഹം എല്ലാം ഒതുക്കും.
ഇനി പുതിയ വല്ല കണ്ടത്തെലിന്‍േറയും അടിസ്ഥാനത്തില്‍ ഞാന്‍ കുറ്റവാളിയാണെന്ന് കണ്ടാല്‍ എന്നെ ശിക്ഷിക്കണമെന്നുതന്നെയാണ് അഭിപ്രായം. ഒരു ഭാരത പൗരനുളള പരിധിയും പരിമിതിയും മതിയെനിക്ക് സംശയലേശമന്യേയുള്ള മറുപടിക്ക് സ്ഫടിക വ്യക്തത. പിന്നെ, 2002ലെ കലാപത്തെ ആണത്തത്തോടെ ചോദ്യംചെയ്യാനുള്ള ചങ്കൂറ്റം കോണ്‍ഗ്രസിനില്ലെന്ന കാര്യവും മോഡി പറയും. 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ കുറ്റക്കാരനെന്ന് കണ്ടത്തെിയിട്ടുള്ളത് കോണ്‍ഗ്രസ് നേതാവായിരുന്ന ജഗദീശ് ടൈറ്റ്‌ലറെയാണ്. അതെ, കൊണ്ടും കൊടുത്തും മോഡി വളരുകയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ഏറെയില്ല ദൂരമെന്ന തിരിച്ചറിവ് നല്‍കുന്ന ആത്മവിശ്വാസത്തോടെ....












Click it and Unblock the Notifications