മൂന്നാം മുന്നണി; സത്യവും സങ്കല്‍പവും
ഏട്ടിലെ പശു പുല്ലുതിന്നില്ല എന്നൊരു പഴമൊഴിയുണ്ട് നാട്ടില്‍. അല്‍പം വിഷമത്തോടെയാണെങ്കിലും സമ്മതിക്കാതെ തരമില്ല, രാജ്യത്തെ മൂന്നാം മുന്നണിയുടെ കാര്യവും വളരെ വ്യത്യസ്തമല്ല. കുടത്തില്‍ നിന്നും ഭൂതമെന്ന പോലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ഉയര്‍ന്നുവരുന്ന മൂന്നാം മുന്നണി എന്ന 'പ്രസ്ഥാനത്തിന്റെ' സാധ്യതകള്‍ എന്തൊക്കെയാണ് എന്ന് അറിയണ്ടേ.
മൂന്നാം മുന്നണിക്ക് വേണ്ടി മുന്നിലുള്ള മൂന്ന് മുഖ്യമന്ത്രിമാര്‍ ഇവരാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മമതാ ബാനര്‍ജി, ജനതാദള്‍ യുണൈറ്റഡിന്റെ നിതീഷ് കുമാര്‍, ബി ജു ജനതാദളിന്റെ നവീന്‍ പട്‌നായിക്. തൃണമൂലിന് നിലവില്‍ 19 എം പിമാരുണ്ട്. ബി ജെ ഡിക്ക് 14 ഉം, ജെ ഡി യുവിന് 20 ഉം. മൂന്ന് കക്ഷികളും ചേര്‍ന്നാല്‍ 53 സീറ്റുകളാകും. ഇവര്‍ക്കൊപ്പം എസ് പി കൂടി കൂടുമ്പോള്‍ 75 സീറ്റിലെത്തും മൂന്നാം മുന്നണി. ഡി എം കെയുടെ 18ഉം എന്‍ സി പിയുടെ 9 ഉം കൂടി ചേര്‍ന്നാല്‍ കഷ്ടി സെഞ്ചുറി കടക്കും എന്ന് മാത്രം.

മഹാരാഷ്ട്രയിലെ ശിവസേന ബി ജെ പി വിട്ടൊരു മുന്നണിയുടെ കൂടെ പോകും എന്ന് സാധാരണ ഗതിയില്‍ പ്രതീക്ഷിക്കാനാവില്ല. 11 എം പി മാരുണ്ട് ശിവസേനയ്ക്ക്. ബി എസ് പി മുന്നില്‍ നില്‍ക്കുന്ന മുന്നണിയില്‍ എസ് പി (22) പങ്കാളികളാകുമോ എന്ന ചോദ്യം തല്‍ക്കാലം ചോദിക്കാതിരിക്കുകയാണ് നല്ലത്, കാരണം തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം സി പി എമ്മും സി പി ഐയും അടങ്ങുന്ന ഇടതുപക്ഷം (24 സീറ്റ്) ഒത്തുപോകാന്‍ സമ്മതിക്കുമോ എന്ന ചോദ്യം വരാനുണ്ട് എന്നത് തന്നെ കാര്യം.
ഡി എം കെ (18), എ ഡി എം കെ (9) കക്ഷികള്‍ കൂടെ ഒന്നിച്ചുനിന്നാലേ മൂന്നാം മുന്നണിക്ക് വിലാസമെന്നൊന്ന് ഉണ്ടാകൂ എന്ന് കണക്കുകള്‍ നോക്കിയാല്‍ മനസ്സിലാകും. അഥവാ കോണ്‍ഗ്രസ് - ബി ജെ പി പാര്‍ട്ടികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനായി ഇവരെല്ലാം ഒന്നിച്ച് നിന്നാലും ടി ഡി പി, എസ് എ ഡി, ആര്‍ എല്‍ ഡി, ജമ്മു കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്, ജെ ഡി എസ്, ജെ എം എം, എന്നിവര്‍ക്കൊപ്പം ഒന്നും രണ്ടും സീറ്റുകളുള്ള കേരള കോണ്‍ഗ്രസ് വരെയുള്ള പാര്‍ട്ടികളെ ചേര്‍ത്താലും 178 അംഗങ്ങളാകും 'മൂന്നാം മുന്നണി'യില്‍.
കോണ്‍ഗ്രസിന് 203 അംഗങ്ങളും ബി ജെ പിക്ക് 116 ഉം സീറ്റുകളാണ് നിലവില്‍ ഉള്ളത്. നിലവിലെ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ പോലും ബി ജെ പി - കോണ്‍ഗ്രസ് പാര്‍ട്ടികളില്ലാത്ത സര്‍ക്കാരിലേക്ക് സകലമാന പാര്‍ട്ടികളും ചേര്‍ന്ന് കൂട്ടിയാലും 95 അംഗങ്ങളെ ഇനിയും വേണമെന്നിരിക്കേ മൂന്നാം മുന്നണി എന്ന 'സങ്കല്‍പ്പ'ത്തിന് ഏട്ടിലെ പശു എന്നല്ലാതെ ചേരുന്ന പ്രയോഗം മറ്റെന്താണുളളത് എന്നതാണ് ചോദ്യം.












Click it and Unblock the Notifications