ഹൈക്കോടതിയില്‍ തകരുന്ന വിജിലന്‍സ് വിധികള്‍...
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും മന്ത്രി ആര്യാടന്‍ മുഹമ്മദ് മുതല്‍ സരിത വരെ എട്ട് പേര്‍ക്ക് എതിരെ പിഡി ജോസഫ് എന്ന വ്യക്തി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയില്‍ ഉണ്ടായ ഉത്തരവും അത് ഹൈക്കോടതി സ്‌റ്റേ ചെയ്തതും പുതിയ ഒരു സംവാദത്തിനാണ് തുടക്കം കുറിച്ചിരിയ്ക്കുന്നത്. പിഡി ജോസഫിന്റെ പരാതി സിആര്‍പിസി സെക്ഷന്‍ 156(3) പ്രകാരം ആണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയത്.
പിഡി ജോസഫിന്റെ പരാതി വിജിലന്‍സ് ഡയറക്ടര്‍ക്ക് ഫോര്‍വേഡ് ചെയ്തതില്‍ വിജിലന്‍സ് കോടതി അനാവശ്യ തിടുക്കം കാണിച്ചു എന്നാണ് ഈ വിഷയത്തില്‍ നിയമവിദഗ്ധര്‍ തന്നെ ഉന്നയിയ്ക്കുന്ന എതിര്‍വാദം. ഒരു ത്വരിത/ദ്രുത പരിശോധന പോലും ഇല്ലാതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുന്നത് ഒരു പൊതു പ്രവര്‍ത്തകനോട് ചെയ്യുന്ന വലിയ അനീതിയാണെന്നും വാദമുയര്‍ന്നു. ഈ വാദം ഹൈക്കോടതി അംഗീകരിയ്ക്കുകയായിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ ഇത്രയും വിവാദത്തിന്റെ ആവശ്യമുണ്ടോ എന്നതാണ് അടിസ്ഥാനപരമായ ചോദ്യം. സിആര്‍പിസി സെക്ഷന്‍ 156(3) പ്രകാരം ഒരു പരാതി വിജിലന്‍സ് ഡയറക്ടര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്താല്‍ അതില്‍ ഉടനടി ആരേയെങ്കിലും പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് നിര്‍ബന്ധമില്ല. പരാതി അന്വേഷിച്ചതിന് ശേഷം മാത്രമേ ആരെയെങ്കിലും പ്രതി ചേര്‍ക്കേണ്ടതുണ്ടോ എന്ന കാര്യം തീരുമാനിയ്‌ക്കേണ്ടത്. പരാതിയില്‍ വസ്തുതയൊന്നും ഇല്ലെങ്കില്‍ ആ വിവരം കോടതിയെ ബോധിപ്പിയ്ക്കാം.
എന്നാല്‍ നിയമ വ്യവസ്ഥ നേരിടുന്ന ഒരു പ്രതിസന്ധിയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്, പ്രത്യേകിച്ചും അഴിമതി വിരുദ്ധ നിയമങ്ങളുടെ കാര്യത്തില്‍. എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബുവിന് എതിരെ തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിടാനുണ്ടായ സാഹചര്യവും ഇവിടെ പ്രസക്തമാണ്. ബാബുവിന് എതിരായി ഉന്നയിക്കപ്പെട്ടിരുന്ന ആരോപണത്തില്‍ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും വിജിലന്‍സ് ശരിയായ രീതിയിലുള്ള അന്വേഷണം നടത്തി അതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല. മത്രമല്ല, ദ്രുതപരിശോധന റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയും ചെയ്തു.

ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാക്കപ്പെട്ടു. ദ്രുതപരിശോധന എന്നത് ദ്രുതഗതിയില്‍ നടക്കുന്ന ഒരു അന്വേഷണമല്ല എന്നത് തന്നെ! ദ്രുതപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുന്നതിന് കൃത്യമായ സമയപരിധി അത്യാവശ്യമാണ്. അല്ലാത്തപക്ഷം ദ്രുതപരിശോധന എന്ന സംവിധാനം തന്നെ ഒരു പ്രഹസനമായി മാറും.
ബാബുവിന്റെ കാര്യത്തില്‍ വിജിലന്‍സ് കോടതി വിധി സ്‌റ്റേ ചെയ്ത ഹൈക്കോടതി നടപടിയില്‍ ചിലരെങ്കിലും സംശയാലുക്കളായാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.വിജിലന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌തെങ്കിലും ദ്രുതപരിശോധന റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്നത് സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല. ഹൈക്കോടതി നല്‍കുന്ന ഉത്തരവ് അഴിമതിക്കാരെ നിയമത്തിന്റെ മുന്നില്‍ നിന്ന് ഒളിച്ചോടാന്‍ സഹായിക്കുന്ന ഒന്നാവരുതെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം ഹൈക്കോടതിയ്ക്ക് തന്നെയാണ്.












Click it and Unblock the Notifications