ലക്ഷ്മി നായരുടെ സമ്പൂര്‍ണ ചരിത്രം ഇതാ ഇവിടെ... യോഗ്യതകള്‍ മാത്രമല്ല പ്രശ്‌നം

25 വര്‍ഷത്തിലേറെ അധ്യാപക പരിചയം ഉണ്ട് ലക്ഷ്മി നായര്‍ക്ക്. ഇതുവരെ ആറ് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ആറെണ്ണവും ലോ അക്കാദമി പ്രസിദ്ധീകരണത്തില്‍ തന്നെ ആയിരുന്നു

തിരുവനന്തപുരം ലോ അക്കാദമിയും അവിടത്തെ പ്രിന്‍സിപ്പാളും ആയ ലക്ഷ്മി മേനോന്‍ ആണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. നിയമത്തില്‍ ഗവേഷണ ബിരുദം ഉള്ള ഡോക്ടര്‍ ലക്ഷ്മി നായരുടെ അക്കാദമിക ചരിത്രവും ഇപ്പോള്‍ പരിശോധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഒരു നിയമ ബിരുദധാരിയായോ, അധ്യാപികയായോ അല്ല ലക്ഷ്മി നായര്‍ മലയാളികള്‍ക്ക് സുപരിചിതയായത്. കൈരളി ടിവിയിലെ 'മാജിക് ഓവന്‍' എന്ന പാചക പരിപാടിയിലൂടെയാണ്. അപ്പോള്‍ തന്നേയും ലോ അക്കാദമിയുമായി ലക്ഷ്മിയുടെ ബന്ധം പലര്‍ക്കും അറിയില്ലായിരുന്നു.

എന്നാല്‍ ഇന്ന് മാജിക്ക് ഓവന്‍ എന്ന പരിപാടിയുടെ അവതാരക എന്ന നിലയിലല്ല ലക്ഷ്മി മേനോന്‍ വിവാദത്തിലായിട്ടുള്ളത്. ലക്ഷ്മി നായരെ പറ്റി അധികമാരും പറയാത്ത കാര്യങ്ങള്‍ ഇതാ... അതില്‍ അവര്‍ പ്രസിദ്ധീകരിച്ചു എന്ന് പറയുന്ന പ്രബന്ധങ്ങളും പെടും!

സ്‌കൂള്‍ വിദ്യാഭ്യാസം

തിരുവനന്തപുരം സ്വദേശിനിയാണ് ലക്ഷ്മി നായര്‍. എന്‍ നാരായണന്‍ നായരുടേയും പൊന്നമ്മയുടേയും മകള്‍. തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് സ്‌കൂളിലായിരുന്നു പത്താതരം വരെ പഠനം.

പ്രീഡിഗ്രി എറണാകുളത്ത്

തിരുവനന്തപുരം സ്വദേശിനിയായ ലക്ഷ്മി നായര്‍ പത്താം തരത്തിന് ശേഷം പ്രീഡിഗ്രി പഠനത്തിനായി എത്തിയത് എറണാകുളത്തായിരുന്നു. എറണാകുളം സെന്റ് തെരാസസ് കോളേജില്‍.

റാങ്കോട് കൂടി ഡിഗ്രി

ബിരുദ പഠനത്തിനായി ലക്ഷ്മി വീണ്ടും തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം സ്വന്തമാക്കി. ബിരുദത്തിന് കേരള യൂണിവേഴ്‌സിറ്റി രണ്ടാം റാങ്കും ലക്ഷ്മി സ്വന്തമാക്കിയിട്ടുണ്ട്.

ബിരുദവും ബിരുദാനന്തര ബിരുദവും ... രണ്ട് വീതം

തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ നിന്ന് ബിഎ ഹിസ്റ്ററി റാങ്കോടെ പാസായ ലക്ഷ്മി ഹിസ്റ്ററിയില്‍ഡ ബിരുദാനനന്തര ബിരുദം നേടിയത് തിരുപ്പതിയിലെ എസ് വി യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ്. അതിന് ശേഷം നിയമത്തിലും നേടി ബിരുദവും ബിരുദാനന്ദര ബിരുദവും.

നിയമപഠനം ലോ അക്കാദമിയില്‍

ലക്ഷ്മി നായരുടെ നിയമ ബിരുദവും നിയമത്തിലുള്ള ബിരുദാനന്തര ബിരുദവും എല്ലാം ലോ അക്കാദമിയില്‍ നിന്നായിരുന്നു. സ്വന്തം പിതാവ് നാരായണന്‍ നായര്‍ തുടങ്ങി, നടത്തിക്കൊണ്ടുപോവുകയായിരുന്ന ലോ അക്കാദമിയില്‍ നിന്ന് തന്നെ.

ഗവേഷണം നടത്തി, ഡോക്ടറേറ്റ് സമ്പാദിച്ചതും

ലോ അക്കാദമിയില്‍ തന്നെ ആയിരുന്നു ലക്ഷ്മി നായരുടെ ഗവേഷണവും. ലീഗല്‍ ഡൈമെന്‍ഷന്‍സ് ഓഫ് സെക്യുലറിസം എന്നതായിരുന്നു ഗവേഷണ വിഷയം.

എല്‍എല്‍എമ്മിനും റാങ്ക്

ലോ അക്കാദമിയില്‍ എല്‍എല്‍എം വെറുതേ പൂര്‍ത്തിയാക്കിയതയല്ല, ഒന്നാം റാങ്കോടെയായിരുന്നു വിജയം. എന്നാല്‍ അതും ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ് എന്നതാണ് സത്യം.

ദൂരദര്‍ശനിലെ ലക്ഷ്മി നായര്‍

ലക്ഷ്മി നായര്‍ ആദ്യ ടിവിയില്‍ മുഖം കാണിക്കുന്നത് കൈരളി ടിവിയിലെ കുക്കറി ഷോയില്‍ ആണെന്ന് കരുതരുത്. രണ്ട് വര്‍ഷത്തോളം അവര്‍ ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരകയായിരുന്നു.

ലോ അക്കാദമിയില്‍ പഠിപ്പിക്കാന്‍

ആദ്യമായി ലോ അക്കാദമിയില്‍ അധ്യാപികയായി എത്തുമ്പോള്‍ ലക്ഷ്മി നായര്‍ പഠിപ്പിച്ചിരുന്നത് നിയമം ആയിരുന്നില്ല. ഹിസ്റ്ററി ആയിരുന്നു. 1988 ല്‍ ഹിസ്റ്ററി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ആയിട്ടായിരുന്നു തുടക്കം.

നിയമം പഠിപ്പിക്കാന്‍ തുടങ്ങി

ചരിത്രാധ്യപികയായി ലോ അക്കാദമിയില്‍ പ്രവേശിച്ചതിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ലക്ഷ്മി നായര്‍ നിയമാധ്യാപികയായി മാറുന്നത്. അത് കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷം സ്ഥിരം ലക്ചറര്‍ ആയി സ്ഥാനക്കയറ്റം കിട്ടി. 1994 ല്‍ ആയിരുന്നു ഇത്.

പ്രൊഫസറായി, പിന്നെ പ്രിന്‍സിപ്പാള്‍

2007 ല്‍ ആണ് ലക്ഷ്മി നായര്‍ ലോ അക്കാദമിയിവെ പ്രൊഫസര്‍ ആകുന്നത്. പിന്നീട് പ്രിന്‍സിപ്പാള്‍ സ്ഥാനത്തെത്താന്‍ അധിക നാളൊന്നും വേണ്ടി വന്നില്ല.

അക്കാദമിയില്‍ ഒതുങ്ങുമോ ലക്ഷ്മി നായര്‍

ലോ അക്കാദമിയിലെ ലക്ചറര്‍ ആയിരിക്കെയാണ് കൈരളി ടിവി സംപ്രേഷണം തുടങ്ങുന്നത്. അന്ന് മുതല്‍ കൈരളിയിലെ പ്രധാന പരിപാടികളില്‍ ഒന്നായ 'മാജിക് ഓവന്‍' അവതാരകയാണ് ലക്ഷ്മി നായര്‍.

ഫ്‌ലേവേഴ്‌സ് ഓഫ് ഇന്ത്യ, ഫ്‌ലേവേഴ്‌സ് ഓഫ് മലേഷ്യ

ഇതിനിടെ രാജ്യം മുഴുവന്‍ സഞ്ചരിച്ച് രുചിയറിവുകളുടെ 'ഫ്‌ലേവേഴ്‌സ് ഓഫ് ഇന്ത്യ' എന്ന ട്രാവലോഗ് പരിപാടിയും കൈരളി ടിവിയില്‍ ലക്ഷ്മി നായര്‍ അവതരിപ്പിച്ചു. ഫ്‌ലേവേഴ്‌സ് ഓഫ് മലേഷ്യ എന്ന പേരില്‍ മറ്റൊരു പരിപാടിയും

വക്കീല്‍ മാത്രമല്ല, 'ജഡ്ജിയും' ആയി

കൈരളി ടിവിയില്‍ പാചക പരിപാടിയുടെ അവതാരക മാത്രമായി ലക്ഷ്മി നായര്‍ ഒതുങ്ങിയില്ല. കൈരളി ടിവിയിലെ കിച്ചന്‍ മാജിക് എന്ന റിയാലിറ്റി ഷോയുടെ 'ജഡ്ജി'യും ആയി ലക്ഷ്മി നായര്‍. ഇതിനിടയിലാണ് രണ്ട് മത്സരാര്‍ത്ഥികള്‍ ലക്ഷ്മിയെ അസഭ്യം വിളിച്ച് പുറത്ത് പോയത്.

എഴുത്തുകാരി കൂടിയാണ് ലക്ഷ്മി

ലക്ഷ്മി നായര്‍ എന്ന എഴുത്തുകാരിയെ കൂടി പരിചയപ്പെടണം. പാചക സാഹിത്യത്തില്‍ മൂന്ന് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മാജിക് ഓവന്‍ സീരീസില്‍ പാചക കല, പാചകവിധികള്‍, പാചക രുചി എന്നിവയാണ് അവ. ഡിസി ബുക്‌സ് ആണ് ഇവ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

നിയമ പുസ്തകങ്ങളും ഉണ്ട്

പാചക പുസ്തകങ്ങള്‍ മാത്രമല്ല ലക്ഷ്മി നായര്‍ എഴുതിയിട്ടുള്ളത്. ലോ അക്കാദമി തന്നെ ലക്ഷ്മി നായര്‍ എഴുതിയ പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷണ പ്രബന്ധം പുസ്തകം ആയിക്കൊണ്ടിരിക്കുന്നു.

പ്രസിദ്ധീകരിച്ച പ്രബന്ധങ്ങള്‍

പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ പ്രസിഗ്ഘീകരിക്കപ്പെടുന്ന പ്രബന്ധങ്ങളാണ് അക്കാദമിക, ഗവേഷണ രംഗത്ത് ഒരാളുടെ സ്ഥാനം നിര്‍ണയിക്കുന്നത്. ലക്ഷ്മി നായരുടെ പ്രബന്ധങ്ങളും ഇങ്ങനെ വെളിച്ചം കണ്ടിട്ടുണ്ട്. പക്ഷേ അതില്‍ ഒരു കാര്യം ശ്രദ്ധിക്കണം എന്ന് മാത്രം

ആറ് പ്രബന്ധങ്ങള്‍... പക്ഷേ ആറും...

1995 മുതല്‍ 2005 വരെ ആറ് പ്രബന്ധങ്ങളാണ് ലക്ഷ്മി നായരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. ഈ ആറെണ്ണവും പ്രസിദ്ധീകരിച്ചിട്ടുള്ളത് ലോ അക്കദാമി പ്രസിദ്ധീകരണമായ 'അക്കാദമി ലോ റിവ്യു' വില്‍ മാത്രം ആണെന്ന് മാത്രം. ഇതും ചര്‍ച്ച ചെയ്യപ്പെടണം.

വിവാദങ്ങളൊഴിയൊതെ

ലോ അക്കാദമി സമരം തുടങ്ങിയപ്പോള്‍ തുടങ്ങിയതാണ് ലക്ഷ്മി നായര്‍ക്കെതിരെയുള്ള വിവാദങ്ങള്‍. അത് ഇപ്പോഴും തുടരുകയാണ്. ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് നീക്കാനും ധാരണയായിട്ടുണ്ട്.

ലക്ഷ്മി നായരില്‍ ഒതുങ്ങില്ല വിവാദം

ലോ അക്കാദമി വിവാദം ലക്ഷ്മി നായരില്‍ മാത്രമായി ഒതുങ്ങാന്‍ സാധ്യത കുറവാണ്. സര്‍ക്കാര്‍ ഭൂമിയും സര്‍വ്വകലാശാല അഫിലിയേഷനും അടക്കമുള്ള ഗൗരവപ്പെട്ട വിഷയങ്ങള്‍ പിന്നേയും കിടക്കുകയാണ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+