അവൾ ആരുടേയും മകളല്ല.. ഹിന്ദു രാഷ്ട്രം പൂർത്തിയാക്കാൻ ഒഴുക്കപ്പെട്ട ചോര മാത്രമാണവൾ! വൈറലായി പോസ്റ്റ്

  • Written By:
Subscribe to Oneindia Malayalam

ഇക്കഴിഞ്ഞ ജനുവരി പതിനേഴിനാണ് കത്വയിലെ എട്ടുവയസ്സുകാരിയായ മുസ്ലീം പെൺകുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് വിധേയയാക്കി കൊലപ്പെടുത്തിയത്. മുസ്ലീം വിരോധത്തിന്റെ പേരിൽ കത്വയിലെ ഒരു കൂട്ടം ഹിന്ദു ക്രിമിനലുകളാണ് ഈ പൈശാചിക കൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. മൂന്ന് മാസങ്ങൾ കഴിഞ്ഞു ആ പെൺകുട്ടി ഇല്ലാതായിട്ട്. ഇത്രയും നാളുകൾക്കിടയിൽ ആരും അവളെ അറിഞ്ഞില്ല. എത്ര ഒളിച്ച് വെയ്ക്കാൻ ശ്രമിച്ചിട്ടും കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത് വന്നതാണ് രാജ്യവ്യാപക പ്രതിഷേധത്തിലേക്ക് ഇപ്പോൾ കാര്യങ്ങളെത്തി നിൽക്കുന്നതിനുള്ള കാരണം.

ആ പെൺകുട്ടി എന്റെ മകളാണ്, ഇന്ത്യയുടെ മകളാണ് എന്ന തരത്തിലുള്ള പോസ്റ്റുകളാൽ സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുന്നു. അവൾ പക്ഷേ മറ്റൊരു നിർഭയ അല്ല. അവളെ ആ മനോരോഗികൾ കൊന്ന് തിന്നത് കാമപൂർത്തീകരണത്തിന് വേണ്ടിയായിരുന്നില്ല എന്നതാണ് കാരണം. മതഭ്രാന്ത് എന്ന വിഷം തലച്ചോറിൽ കുത്തിവെയ്ക്കപ്പെട്ടവരാണ് ആ കുഞ്ഞിനെ പിച്ചിച്ചീന്തിയത്. ഹിന്ദുത്വ കാർഡിറക്കി വോട്ട് പിടിക്കുന്ന പാർട്ടി ഭരിക്കുന്ന രാജ്യത്ത് ഇതാർക്കും സംഭവിക്കാം എന്നല്ല പറയേണ്ടതെന്നും, ഏത് മുസ്ലീം പെൺകുട്ടിക്കും സംഭവിക്കാം എന്നാണെന്ന് പറയുന്നു അമീറ ഐഷ ബീഗം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

അവൾ ആരുടെയും മകളല്ല

അവൾ ആരുടെയും മകളല്ല

അല്ല, അവൾ ആരുടെയും മകളല്ല. അവൾ, ചിലരാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ഇരയാണ്. ജനാധിപത്യത്തെ അടിമറിച്ചിടാൻ സ്വാതന്ത്ര്യ സമര കാലംമുതൽ തുടരുന്ന ആസൂത്രിത ശ്രമങ്ങൾക്ക് ആക്കം പകരുന്ന ബലിമൃഗം.‌ അറിയുക, പാലം ഉറക്കാൻ പണ്ട് കുഞ്ഞുങ്ങളുടെ ചോര ഉപയോഗിച്ചത് പോലെ ഹിന്ദു രാഷ്ട്രം പൂർത്തിയാക്കാൻ ഒഴുക്കപ്പെട്ട ചോര മാത്രമാണവൾ.

ഹിന്ദു വികാരം ഉപയോഗിച്ച് മാത്രം അധികാരം പിടിക്കാനാവുമെന്ന് പ്രത്യയശാസ്ത്രപരമായി വിശ്വസിക്കുന്ന ഒരു ഫാഷിസ്റ്റ് സംഘടന അതിനായി കണ്ടെത്തിയ ബലി. വർഗീയ കലാപങ്ങൾ മതി തെരഞ്ഞെടുപ്പ് വിജയത്തിനെന്ന് അനുഭവിച്ചറിഞ്ഞവർ തന്ത്രപരമായി ഉപയോഗിക്കാനിരിക്കുന്ന കുരുട്ടുബുദ്ധിയുടെ ഇര.

ഒടുവിലത്തെ ബലിമൃഗം

ഒടുവിലത്തെ ബലിമൃഗം

ഭരിച്ച് മുടിച്ച ഇടങ്ങളിലെ അസംതൃപ്തി ഹിന്ദു വികാരം കൊണ്ട് മായ്ക്കാമെന്നും അടുത്തതായി നോട്ടമിട്ട ഇടങ്ങളിലെ മനുഷ്യരെ ഹിന്ദു ബോധത്തിലേക്ക് ഉണർത്തി തങ്ങൾക്ക് ചേരുന്ന വോട്ട് ബാങ്ക് ആക്കാമെന്നും കരുതുന്ന നെറികെട്ട രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ബലിമൃഗം. നമ്മളെല്ലാം പെട്ടെന്ന് മറക്കും. ഈ കണ്ണീരും ഈ രോഷവും ഈ നിസ്സഹായതയും ആ മുഖം പോലും.

എന്നാൽ, ഒരു വിഭാഗം മനുഷ്യരെ അപരരാക്കി ചിലരുടെ മേധാവിത്വം അരക്കിട്ടുറപ്പിക്കാനുള്ള പദ്ധതികൾക്കായി വിതയ്ക്കപ്പെട്ട 'സ്വാഭിമാന വിത്തുകൾ' മറവിയെ മറികടന്ന് വെറുപ്പിന്റെ ആൾക്കൂട്ടമാവും. ഇതാണ് അവരുടെ അറിവ്. അവരുടെ കുടിലതയുടെ ധൈര്യം.

അവൾ മുസ്ലീം ആയിരുന്നു

അവൾ മുസ്ലീം ആയിരുന്നു

ആസിഫ മുസ്ലിം ആയിരുന്നു എന്ന ഒറ്റക്കാരണം കൊണ്ടാണ് അവൾ കൊല്ലപ്പെട്ടത് എന്ന വാദത്തിനു മറുവാദമായി ഇത് വെറുമൊരു മനുഷ്യത്വ രഹിതമായ സംഭവം മാത്രമായിരുന്നു അതിനെ വർഗീയവത്കരിക്കരുത് എന്ന് രാം മാധവ് ഉൾപ്പെടെയുള്ള നേതാക്കൾ പറയുമ്പോഴും കുറ്റപത്രത്തിൽ കൊലയ്ക്കുള്ള മോട്ടീവ് ആയി കാണിച്ച വസ്തുത അതേ പോലെ ബാക്കി‌നിൽക്കുന്നുണ്ട്.‌

മുസ്ലിം വിഭാഗത്തിൽ പെട്ട നാടോടി ഗോത്രക്കാർ തങ്ങളുടെ സ്ഥലങ്ങൾ വാങ്ങി താമസം തുടങ്ങുന്നു എന്ന പ്രാദേശിക ഹിന്ദുക്കളുടെ അസംതൃപ്തി. ബക്കർവാൾ സമുദായത്തെ ആട്ടിയോടിക്കാൻ ആയിരുന്നു അത് എന്നത് അസ്വാഭാവികമല്ല.

അവ രണ്ടും രണ്ടാണ്

അവ രണ്ടും രണ്ടാണ്

‘മുസ്ലിം ആയതു കൊണ്ടാണ് ഞങ്ങൾ അവളെ കൊന്നതെന്ന്’ ബിജെപി- ആർ എസ്എസ് -സംഘ്പരിവാർ കൂട്ടുകെട്ട് നയിക്കുന്ന ഇന്ത്യയിൽ പറയുന്നതും ‘അവൾ ഒരു പെൺകുട്ടിയായത് കൊണ്ടാണ്, ഞങ്ങളുടെ കാമാസക്തിയുടെ പൂർത്തീകരണത്തിനിടയിലാണ് അവൾ കൊല്ലപ്പെട്ടതെന്ന്’ പറയുന്നതും ഉണ്ടാക്കുന്ന പ്രതികരണത്തിന്റെ വ്യത്യാസവും വ്യാപ്തിയും രണ്ടും രണ്ടാണ്.ഇതിൽ ഏത് ഹൈലൈറ്റ് ചെയ്യണം എന്ന് തീരുമാനിക്കുന്നത് കൃത്യമായ അജണ്ടകളോടു കൂടിയാണെന്ന് സംശയിക്കണം.

ഒരു പിഞ്ചു പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയപ്പോൾ എന്ത് കൊണ്ട് അവൾക്കു നീതി തേടി കൊടുക്കാൻ ആബാലവൃദ്ധം ജനങ്ങൾ തെരുവിലിറങ്ങിയില്ല എന്ന മറുചോദ്യം മതി രാംമാധവിനെ പോലെ ‘എല്ലാം പെണ്ണുടലുകൾ, ജാതിമത ഭേദമന്യേ ആർക്കും സംഭവിക്കാവുന്നത്’ എന്ന കണ്ണടച്ചു ഇരുട്ടാക്കൽ യുക്തിയുമായി വരുന്നവരെ നേരിടാൻ.

സംരക്ഷണ കവചമൊരുക്കൽ

സംരക്ഷണ കവചമൊരുക്കൽ

ഹിന്ദു ഏക്താ മഞ്ച് എന്ന പ്രതികൾക്ക് വേണ്ടിയുള്ള കൂട്ടായ്മയുടെ രൂപീകരണവും അവരുടെ പ്രതിഷേധ പരിപാടിയിലെ ബിജെപി പ്രതിനിധികളുടെ സാന്നിധ്യവും ഹിന്ദുക്കളായ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത് കാട്ടുനീതിയാണെന്നു ബിജെപി എം എൽ എമാർ പ്രസംഗിച്ചതും പെൺകുട്ടിക്ക് നീതി ലഭിക്കാതിരിക്കാൻ അഭിഭാഷക കൌൺസിൽ രംഗത്തിറങ്ങിയതിനും... എല്ലാത്തിനും ലളിതമായ യുക്തിയെ ഉള്ളൂ...

ഹിന്ദുത്വയുടെ കാവൽഭടന്മാരായി ഈ പ്രതികൾ അവരോധിക്കപെട്ടാൽ ഭരണകൂടവും അതിന്റെ ഏജൻസികളും തങ്ങൾക്കു സംരക്ഷണകവചം തീർക്കുമെന്ന് തിരിച്ചറിവ്. അത് കൃത്യമായി ഉപയോഗപ്പെടുത്താൻ ഈ പ്രതികൾക്ക് കഴിഞ്ഞത് കൊണ്ടാണ് ഒരു കുഞ്ഞിന്റെ ചോര കൊണ്ട് തങ്ങളുടെ ദേവസ്ഥാനം പങ്കിലമാക്കിയവർക്കെതിരെ പ്രതിഷേധം ഉയർത്തുന്നതിനു പകരം അവർക്കായി ദേശീയ പതാകയുമേന്തി പ്രകടനത്തിന് ഇറങ്ങാൻ ഒരു കൂട്ടർക്ക് കഴിയുന്നത്.

അവൾക്ക് നീതി ലഭിക്കില്ല

അവൾക്ക് നീതി ലഭിക്കില്ല

വിന്റർ ഓഫ് ദി വേൾഡ് എന്ന നോവലിൽ കെൻ ഫോളേറ്റ് ചോദിക്കുന്ന പോലെ ഒരു രാജ്യത്തിന്റെ അവശേഷിക്കുന്ന നന്മകളെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവർ എന്തുകൊണ്ടാണ് ദേശീയ പതാകയുടെ പ്രധാന വാഹകരാകുന്നത് എന്ന ചോദ്യം നമ്മളിവിടെ സ്വയം ചോദിക്കേണ്ടതുണ്ട്. ഹിന്ദുത്വയോടുള്ള കൂറ് തെളിയിച്ച ഈ പ്രതികൾ നാളെ കുറ്റംതെളിയിക്കപ്പെട്ടു കോടതി നൽകുന്ന ശിക്ഷക്ക് വിധിക്കപെട്ടാലും ഇന്ത്യൻ ജനത ഒന്നടങ്കം ആസിഫയ്ക്ക് നീതി കിട്ടി എന്നാശ്വസിക്കില്ല.

ഈ കൊടും ക്രൂരത ചെയ്തവർക്കു കോടതി പരമാവധി ശിക്ഷ വിധിച്ചാൽ നാളെ അവരെ കാത്തിരിക്കുന്നത് രക്തസാക്ഷി മണ്ഡപങ്ങളാണ്. ഇനി ജയിൽശിക്ഷ മാത്രമാണെങ്കിലും അതനുഭവിച്ചു തിരിച്ചു വരുന്ന ധീര യോദ്ധാക്കളെ രക്തതിലകം ചാർത്തി സ്വീകരിക്കുന്നതിനായി ജയിലിനു പുറത്തു തടിച്ചു കൂടുന്നവരുടെ എണ്ണം ഇന്ന് ആസിഫക്കായി തെരുവിലിറങ്ങിയവരുടെ എണ്ണത്തേക്കാൾ കൂടുതലായിരിക്കും.

രാജ്യസ്നേഹം മുസ്ലീംങ്ങളെ കൊന്നൊടുക്കൽ

രാജ്യസ്നേഹം മുസ്ലീംങ്ങളെ കൊന്നൊടുക്കൽ

ഈ നരാധമന്മാരുടെ കുടുംബം അവരുടെ കുടിലതയുടെ പേരിൽ സമൂഹത്തിൽ ഒറ്റപ്പെടില്ല. ഇത് തന്നെയാണ് വെറുപ്പിന്റെയും ധ്രുവീകരണത്തിന്റെയും കാർഡിറക്കി കളിക്കുന്നവർ അണികൾക്ക് നൽകുന്ന ഉറപ്പ്. രാജ്യസ്നേഹം എന്നാൽ മുസ്ലിംകളെ കൊന്നൊടുക്കൽ ആണെന്ന് പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രം നാളെ ഈ ക്രിമിനലുകൾക്ക് പട്ടും വളയും നൽകും.

കപട ദേശീയതാ ബോധം കൊണ്ട് ആലോചനശേഷി നഷ്ടപെട്ട ഒരു ജനത അധികാര കോട്ടകളെ ബലപ്പെടുത്തി സംരക്ഷിക്കും എന്ന ഫാഷിസ്റ്റ് തന്ത്രത്തിന്റെ ഇന്ത്യൻ പതിപ്പുമായി ഇറങ്ങിയവർക്കു വ്യക്തമായി അറിയാം എങ്ങിനെ നാളെ ആസിഫയുടെ ചോരയും ജീവനും തങ്ങൾക്കനുകൂലമായി ഉപയോഗപ്പെടുത്തണം എന്ന്. ആസിഫയുടെ കൊലപാതകം ഭരണ വിരുദ്ധ വികാരം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നത് വൃഥാ വ്യായാമമാണ്.

ഗോഡ്സെയെ ആരാധിക്കുന്നവരുടെയും നാട്

ഗോഡ്സെയെ ആരാധിക്കുന്നവരുടെയും നാട്

മുസ്ലിം സ്ത്രീകളുടെ ശവശരീരങ്ങൾ കുഴിമാടങ്ങളിൽ നിന്ന് പുറത്തെടുത്തു ബലാത്സംഗം ചെയ്യണം എന്ന് പ്രസംഗിച്ച കൂട്ടമാണ് യു പി ഭരിക്കുന്നത്.വംശഹത്യക്ക് ശേഷമുള്ള ഗുജറാത്ത് തിരഞ്ഞെടുപ്പുകളൊന്നും മത-വർഗീയ ഭ്രാന്തർക്കെതിരെയുള്ള വിധിയെഴുത്തായില്ല. ഗോഡ്സെയെ ആരാധിക്കുന്നവരുടെ കൂടെ നാടാണ് ഇന്ത്യ.

ആ തിരിച്ചറിവിൽ തന്നെയാണ് കുറ്റവാളികൾക്ക് പരസ്യ പിന്തുണയുമായി വരാൻ ഭരണകക്ഷി പ്രതിനിധികൾ തിടുക്കപ്പെടുന്നത്. നാളെ തങ്ങൾക്കനുകൂലമായി വോട്ടു ഏകീകരണത്തിനു ആസിഫയുടെ ചോര കല്ലിച്ചു കിടന്ന മൃതദേഹം സഹായകമാകുമെന്ന് മറ്റാരേക്കാളും വേഗത്തിൽ തിരിച്ചറിഞ്ഞവരാണ് അവർ.

തീവ്രഹിന്ദുത്വ കാർഡ്

തീവ്രഹിന്ദുത്വ കാർഡ്

ജനദ്രോഹ നടപടികളിൽ നിന്ന് ശ്രദ്ധ മാറ്റാൻ തീവ്ര ഹിന്ദുത്വ കാർഡ് തന്നെയാണ് നല്ലതെന്ന വെളിപാടുള്ളവർക്കു ആ പിഞ്ചു ബാലികയുടെ കൊലപാതകവും എങ്ങിനെ ഉപയോഗപ്പെടുത്തണമെന്നറിയാം. നോം ചോംസ്കി പറഞ്ഞത് പോലെ ‘ഒരു ജനതയെ ശരിക്കും തകർത്തെറിയാൻ കാരണമാകുന്ന നയങ്ങൾക്ക് സാധുത ലഭിക്കാൻ അമിത ദേശസ്നേഹം, വർണ വർഗ വിവേചനം, ഭീതി, മതയാഥാസ്ഥിതികത്വം എന്നതൊക്കെ ശരിയായ അളവിൽ ഉപയോഗപ്പെടുത്തിയാൽ മതി’. ഇത് തിരിച്ചറിഞ്ഞവർക്കു ജനങ്ങളെ എങ്ങിനെ എളുപ്പത്തിൽ വിഡ്ഢികളാക്കാൻ കഴിയും എന്ന നിലയ്ക്കാണ് ഈ വിഷയവും ഇന്ത്യൻ ജനതയോട് സംവദിക്കുന്നത് എന്നാണ് അമീറ ഐഷ ബീഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ്

അമീറ ഐഷ ബീഗത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

എട്ട് വയസ്സുകാരി മുസ്ലീം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു! കുറ്റപത്രത്തിലെ വിവരങ്ങൾ നടുക്കും

മണിയെ അധിക്ഷേപിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്.. മണിയുടെ കുടുംബം നിയമനടപടിക്ക്!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Ameera Aisha Beegum's facebook post about Kathua rape case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്