അമേത്തിയില്‍ രാഹുലിന് എതിരാളികളില്ല..... കളം പിടിക്കാന്‍ സ്മൃതി ഇറാനി
ഹിന്ദി ഹൃദയഭൂമിയില്‍ ഏറ്റവും ശക്തമായ മണ്ഡലങ്ങളിലൊന്നാണ് അമേത്തി. രാജീവ് ഗാന്ധിയുടെ മണ്ഡലം എന്ന നിലയിലാണ് അമേത്തി എല്ലാ കാലവും പ്രശസ്തി നേടിയിരുന്നത്. ഇപ്പോള്‍ അത് അറിയപ്പെടുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലം എന്ന നിലയിലാണ്. ബിജെപി ഇവിടെ വലിയൊരു അട്ടിമറിക്കാണ് ശ്രമിക്കുന്നത്. എന്നാല്‍ ബിജെപിക്ക് കാര്യമായി വേരോട്ടമില്ലാത്ത മണ്ഡലങ്ങളിലൊന്നാണ് ഇത്. 2014നെ അപേക്ഷിച്ച് രാഹുല്‍ ഗാന്ധി ശക്തനായ നേതാവാണ് ഇപ്പോള്‍. കഴിഞ്ഞ തവണ പോലും ബിജെപിക്ക് പിടിക്കാന്‍ കഴിയാത്ത മണ്ഡലത്തില്‍ രാഹുലിനെ ഈ വര്‍ഷം തോല്‍പ്പിക്കുക അസാധ്യമാണ്. കേന്ദ്ര മന്ത്രിയെ തന്നെയാണ് ഇത്തവണ ഇവിടെ മത്സരിപ്പിക്കുന്നത്.

മോദി തരംഗം ആഞ്ഞടിച്ച 2014ല്‍ പതിവിന് വിപരീതമായി മികച്ച പോരാട്ടമാണ് അമേത്തിയില്‍ നടന്നത്. ബിജെപി പ്രശസ്ത സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയെയാണ് ഇവിടെ മത്സരിപ്പിച്ചത്. രാഹുല്‍ ഗാന്ധിക്ക് 4,08,651 വോട്ടാണ് ലഭിച്ചത്. സ്മൃതി ഇറാനിക്ക് 300,748 വോട്ടുകളാണ് ലഭിച്ചത്. ആംആദ്മി പാര്‍ട്ടിയുടെ പ്രശസ്ത സ്ഥാനാര്‍ത്ഥി കുമാര്‍ വിശ്വാസ് ഇവിടെ മത്സരിച്ചെങ്കിലും 25,527 വോട്ടുമായി നാലാം സ്ഥാനത്തെത്താനാണ് സാധിച്ചത്. ബിഎസ്പിയുടെ ധര്‍മേന്ദ്ര പ്രതാപ് സിംഗ് 57,716 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തി. ബിഎസ്പിയുടെ സാന്നിധ്യം വോട്ടുകള്‍ ഭിന്നിക്കുന്നതിന് കാരണമായിരുന്നു. 1,07,903 വോട്ടിനായിരുന്നു രാഹുലിന്റെ വിജയം. പക്ഷേ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവാണ് രാഹുല്‍ നേരിട്ടത്.

ലോക്‌സഭയിലെ പ്രകടനം നോക്കിയാല്‍ മുഴുവന്‍ മാര്‍ക്കും ഇത്തവണ രാഹുലിന് ലഭിക്കും. അഞ്ച് വര്‍ഷത്തിനിടെ രാഹുല്‍ സഭയില്‍ മോദിക്കൊപ്പം നില്‍ക്കുന്നതാണ് കണ്ടത്. സഭയില്‍ 51 ശതമാനം ഹാജരാണ് രാഹുലിന് ഉള്ളത്. 12 ചര്‍ച്ചകളുടെ ഭാഗമായിട്ടുണ്ട് അദ്ദേഹം. അതേസമയം ഇത്തവണ മോദിയെ കെട്ടിപ്പിടിച്ചതും കണ്ണിറുക്കി കാണിച്ചതും അടക്കമുള്ള സംഭവബഹുലമായ കാര്യങ്ങളാണ് രാഹുലില്‍ നിന്നുണ്ടായത്. റാഫേല്‍ ഇടപാടില്‍ വ്യക്തതയോടെ സംസാരിച്ച് അരുണ്‍ ജെയ്റ്റ്‌ലിയെയും നിര്‍മലാ സീതാരാമനെയും കടത്തിവെട്ടാനും രാഹുലിന് സാധിച്ചു. കോണ്‍ഗ്രസ് ഇത്തവണ അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഉയര്‍ത്തിക്കാണിക്കാന്‍ പോകുന്നത് രാഹുലിനെയാണ്. അതിന്റെ അലയൊലി യുപിയില്‍ ഉണ്ടാവാനുള്ള സാധ്യതയേറെയാണ്.

തിലോയ്, സാലോണ്‍, ജഗ്ദീഷ്പൂര്‍, ഗൗരിഗഞ്ച്, അമേത്തി, എന്നീ നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങിയതാണ് അമേത്തി ലോക്‌സഭാ മണ്ഡലം. അമേത്തി ഗ്രാമീണ നഗര പ്രദേശമാണ്. കര്‍ഷകരാണ് ഇവിടെ പ്രധാനമായും ഉള്ളത്. ഉത്തര്‍പ്രദേശുമായും ദില്ലിയുമായും ഒരുപോലെ അടുപ്പം പുലര്‍ത്തുന്ന മണ്ഡലമാണ് അമേത്തി. ഒരേസമയം ദില്ലിയിലെയും യുപിയിലെയും രാഷ്ട്രീയ സാഹചര്യം ഈ മണ്ഡലത്തില്‍ പ്രതിഫലിക്കാറുണ്ട്. പക്ഷേ ഇതുവരെ കോണ്‍ഗ്രസിനെ അമേത്തി കൈവിട്ടിട്ടില്ല. കാര്‍ഷിക പ്രശ്‌നങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ഉന്നയിച്ച് സ്മൃതി ഇറാനി ഈ മണ്ഡലത്തില്‍ സജീവമാണ്. രാഹുലിന് മുമ്പേ അവര്‍ ഈ മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്. ഇത്തവണ മണ്ഡലം പിടിക്കാനുള്ള നിര്‍ദേശങ്ങളും ബിജെപി നല്‍കിയിട്ടുണ്ട്.

അമേത്തി മണ്ഡലം രൂപീകരിച്ചത് മുതല്‍ ഇത് കോണ്‍ഗ്രസിന് സ്വന്തമാണ്. വിദ്യാധര്‍ വാജ്‌പേയ് ആണ് അമേത്തിയില്‍ ആദ്യമായി ജയിക്കുന്നത്. 1967ലായിരുന്നു ജയം. 1977ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടിയുടെ രവീന്ദ്ര പ്രതാപ് സിംഗ് ഈ മണ്ഡലം കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു. 1980ല്‍ സഞ്ജയ് ഗാന്ധി ഈ മണ്ഡലത്തില്‍ വീണ്ടും കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചു. പിന്നീടാണ് രാജീവ് ഗാന്ധി അമേത്തിയില്‍ മത്സരിക്കുന്നത്. 1991 വരെ മണ്ഡലത്തില്‍ അദ്ദേഹം വിജയം തുടര്‍ന്നു. 1998ലാണ് സഞ്ജയ് സിംഗിലൂടെ ബിജെപി അമേത്തി പിടിക്കുന്നത്. ഒരിക്കല്‍ മാത്രമാണ് ബിജെപി ഇവിടെ വിജയിച്ചത്. പിന്നീട് സോണിയാ ഗാന്ധി 1999ല്‍ കോണ്‍ഗ്രസിന് ജയം സമ്മാനിച്ചു. അതിന് ശേഷം മൂന്ന് തവണ ഇവിടെ നിന്ന് രാഹുല്‍ വിജയം നേടിക്കൊടുക്കുകയായിരുന്നു.

ഇത്തവണ എസ്ബിയുടെയും ബിഎസ്പിയുടെയും പിന്തുണ രാഹുല്‍ ഗാന്ധിക്കുണ്ട്. സ്മൃതി ഇറാനി മോദി സര്‍ക്കാരിലെ പ്രശസ്തയായ നേതാവല്ല. അതിന് പുറമേ രാഹുല്‍ ഇന്ന് ദേശീയ തലത്തിലെ ഏറ്റവും ശക്തനായ നേതാവാണ്. 2014ലെ പോരാട്ടവീര്യവുമായി രാഹുലിനെ നേരിടുക ബിജെപിക്ക് വലിയ വെല്ലുവിളിയാണ്. മൂന്ന് സംസ്ഥാനങ്ങളിലെ സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ വിജയവും രാഹുലിന്റെ പ്രതിച്ഛായ ഉയര്‍ത്തിയിരിക്കുകയാണ്. ഇതിനെ മറികടക്കാനാണ് മണ്ഡലത്തില്‍ നേരത്തെ തന്നെ സ്മൃതി ഇറാനി പ്രചാരണം തുടങ്ങിയത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ജനപ്രീതി കൂടുതല്‍ വര്‍ധിക്കുകയാണ് ചെയ്തിരിക്കുന്നത്. നിലവില്‍ നിയമസഭാ പോരാട്ടത്തില്‍ അമേത്തിയില്‍ ബിജെപി നേട്ടമുണ്ടാക്കിയിട്ടുണ്ട്. അത് ആവര്‍ത്തിക്കാനാണ് ഇപ്പോഴത്തെ ശ്രമം.













Click it and Unblock the Notifications