Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തെ ആഫ്രിക്കയാക്കാൻ തുനിഞ്ഞിറങ്ങിയ നിഷയ്ക്ക് രൂക്ഷ വിമർശനം! ഇതല്ല മാധ്യമപ്രവർത്തനം

നിപ്പാ പോലെ കേരളത്തിന് പരിചിതമല്ലാത്ത വൈറസ് ബാധ ചെറുതല്ലാത്ത ഭീതിയാണ് ആളുകൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. കൃത്യമായതല്ലാത്ത വിവരങ്ങൾ മാധ്യമങ്ങളും സോഷ്യൽ മീഡിയയും പ്രചരിപ്പിക്കുന്നത് വഴി ആ ഭീതിയുടെ ആഴം കൂടുകയും ചെയ്യുന്നു. ചാനൽ ചർച്ചകളിൽ ആരോഗ്യ പ്രവർത്തകർക്കും മുകളിൽ നിപ്പായെക്കുറിച്ച് അറിവുണ്ടെന്ന് നടിക്കുന്ന അവതാരകർ നയിക്കുന്ന ചർച്ചകളും അത്തരത്തിലുള്ളതാണ്.

മാത്യുഭൂമി ന്യൂസിൽ വേണു ബാലകൃഷ്ണൻ നയിച്ച നിപ്പാ ചർച്ചയിലെ അബദ്ധവാദങ്ങൾക്കെതിരെ നേരത്തെ ഡോക്ടർമാർ രംഗത്ത് വന്നിരുന്നു. ഏറ്റവും ഒടുവിൽ നിപ്പാ പണി കൊടുത്തിരിക്കുന്നത് മനോരമ ന്യൂസിലെ കൗണ്ടർ പോയിന്റ് എന്ന ചർച്ചാ പരിപാടി നയിച്ച അവതാരക നിഷ പുരുഷോത്തമനാണ്. ചർച്ചയിൽ പങ്കെടുത്ത ഡോക്ടർമാരടക്കം കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചിട്ടും കേരളം ആഫ്രിക്കയ്ക്ക് തുല്യമാണ് എന്ന് സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയാണ് അവതാരക കാണിച്ചതെന്നാണ് ഉയരുന്ന വിമർശനം. സർക്കാരിന്റെ ഫേസ്ബുക്ക് പേജായ ആരോഗ്യ ജാഗ്രതയും നിഷയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്നു.

ബഹളം വെച്ചൊരു ചർച്ച

ബഹളം വെച്ചൊരു ചർച്ച

മാധ്യമ ധാർമികതയെ വെല്ലുവിളിക്കുന്ന കൗണ്ടർ പോയിൻ്റുകൾ. “If everything is amplified, we hear nothing.” Jon Stewart. നിപ്പ പകർച്ച വ്യാധിയുമായി ബന്ധപ്പെട്ട് ജൂൺ രണ്ടാം തീയതി മലയാള മനോരമ ചാനലിലെ കൗണ്ടർ പോയിൻ്റ് പരിപാടി കണ്ട ഒരാൾക്ക് മുകളിലെഴുതിയ വരികൾ ശരിയാണെന്നു തോന്നിയാൽ കുറ്റം പറയാനൊക്കില്ല. കേരള സമൂഹത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ നിപ്പാ പനി നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം ജനങ്ങളിലേയ്ക്കെത്തിച്ച് അവരെ സമാധാനിപ്പിക്കാൻ ആരോഗ്യസംവിധാനങ്ങൾ കിണഞ്ഞു പരിശ്രമിക്കുന്ന സമയത്താണ് കേരളത്തിലെ ആരോഗ്യമേഖല ആഫ്രിക്കയിലേതിനു(?) തുല്യമോ എന്നു ബഹളം വച്ചുകൊണ്ട് മനോരമ ചാനൽ അവതാരക ചർച്ച നയിക്കുന്നത്.

ആരോഗ്യ മേഖലയെ താറടിക്കാൻ

ആരോഗ്യ മേഖലയെ താറടിക്കാൻ

ചർച്ചയിൽ പങ്കെടുത്ത ഡോക്ടർമാരും ജനപ്രതിനിധികളും സത്യാവസ്ഥ എന്താണെന്നും, ഈ അവസരത്തിൽ ഒരു മാധ്യമം എങ്ങനെയായിരിക്കണം ഇടപെടേണ്ടതെന്നും നിരന്തരം ചൂണ്ടിക്കാണിച്ചിട്ടും അതവഗണിച്ചുകൊണ്ട് ആദ്യത്തെ ചോദ്യം അവതാരക ഉടനീളം ആവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. ചർച്ചയിൽ പങ്കെടുത്തവർ ഈ വിഷയത്തിൽ വിദഗ്ധരായിരുന്നിട്ടും അതു മനസ്സിലാക്കാൻ താല്പര്യം കാണിക്കാതെ ആരോഗ്യ മേഖലയെ താറടിക്കാനുള്ള വ്യഗ്രതയാണവർ കാണിച്ചത്. ഇതുപോലെ വളരെ നിർണായകമായ ഒരു സന്ദർഭത്തിൽ ഒരു മാധ്യമത്തിൽ നിന്നുണ്ടാകാവുന്ന തീർത്തും അനുചിതമായ ഒരു ഇടപെടൽ രീതിയാണത് എന്നു പറയാതെ വയ്യ.

വേണ്ടത്ര അറിവുള്ള ആരുമില്ലേ

വേണ്ടത്ര അറിവുള്ള ആരുമില്ലേ

ഒരു പകർച്ച വ്യാധി പൊട്ടിപ്പുറപ്പെടുന്ന സമയത്ത് എങ്ങനെയായിരിക്കണം ഇടപെടേണ്ടതെന്ന് ആരോഗ്യസംവിധാനങ്ങൾ മാത്രം പഠിച്ചാൽ പോരാ. ജനങ്ങളിലേയ്ക്ക് ഈ വിവരങ്ങൾ പകർന്നു നൽകുന്ന മാധ്യമ സ്ഥാപനങ്ങളും അവിടത്തെ തൊഴിലാളികളും കൂടെ അറിഞ്ഞിരിക്കേണ്ടതുണ്ട്. പക്ഷേ, വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ് അവതാരക ചർച്ച നയിച്ചത്. ചർച്ചയിൽ ഒരിടത്ത് 'എനിയ്ക്ക് അറിവു കുറവുണ്ടെങ്കിൽ ക്ഷമിക്കുക' എന്ന് അവതാരക തന്നെ സമ്മതിക്കുന്നത് കാണാം. എന്നിട്ടും ഇത്ര ഗൗരവമുള്ളൊരു പ്രശ്നം അവതരിപ്പിക്കാൻ വിഷയത്തിൽ വേണ്ടത്ര ഗ്രാഹ്യമുള്ള ഒരാളെ ചുമതലപ്പെടുത്താൻ മനോരമ തയ്യാറായില്ല എന്നത് ഖേദകരമാണ്.

എങ്ങനെ ആ നിഗമനത്തിലെത്തി

എങ്ങനെ ആ നിഗമനത്തിലെത്തി

ഇവിടെ ആരെങ്കിലും ക്ഷമിക്കുമോ ഇല്ലയോ എന്നതല്ല, പക്ഷേ, അത്തരം ശ്രദ്ധക്കുറവു വഴി സമൂഹത്തിൽ പടരാനിടയുള്ള തെറ്റിദ്ധാരണകൾ സൃഷ്ടിച്ചേക്കാവുന്ന ആഘാതങ്ങളെക്കുറിച്ചുള്ള ജാഗ്രത ഉത്തരവാദിത്വമുള്ള ഒരു മാധ്യമ സ്ഥാപനത്തിൽ നിന്നും ഈ സമൂഹം പ്രതീക്ഷിക്കുന്നുണ്ട്. നിപ്പാ എവിടെ നിന്നു വന്നു എന്നതാണ് ഈ സമൂഹത്തെ അലട്ടുന്ന ഏറ്റവും വലിയ ഭീതി എന്നതാണ് അവതാരക ആവർത്തിച്ചാവർത്തിച്ചു അവകാശപ്പെടുന്നത്. എന്നാൽ ഇത്തരമൊരു നിഗമനത്തിലേയ്ക്ക് എങ്ങനെ അവർ എത്തി എന്നു മനസ്സിലാകുന്നില്ല. ഏതെങ്കിലും സർവേയുടെ അടിസ്ഥാനത്തിലാണോ?

പ്രതിരോധമാണ് ആശങ്ക

പ്രതിരോധമാണ് ആശങ്ക

അങ്ങനെ പ്രത്യേകിച്ചൊരു അറിവിൻ്റേയും അടിസ്ഥാനമില്ലാതെ എങ്ങനെയാണ് ജനങ്ങൾ ഇങ്ങനെ ചിന്തിക്കുന്നു എന്നു പറയുന്നത്? എന്നാൽ ഈ പ്രശ്നത്തിൽ ജനങ്ങളുമായി സമ്പർക്കത്തിലിരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ അനുഭവത്തിൽ നിന്നും മനസ്സിലാകുന്നത്, നിപ്പ പടർന്നു പിടിക്കാതെ എങ്ങനെ തടുക്കാം എന്നുള്ളതാണ് ജനങ്ങളുടെ പ്രധാന ആശങ്ക എന്നാണ്. ആരോഗ്യജാഗ്രത പേജിൽ വന്നു കൊണ്ടിരിക്കുന്ന നൂറു കണക്കിനു മെസേജുകളിലും ഈ ഉത്കണ്ഠയാണ് ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്.

ശ്രദ്ധ അകറ്റാനേ ഉപകരിക്കൂ

ശ്രദ്ധ അകറ്റാനേ ഉപകരിക്കൂ

ഈ സമൂഹത്തെ സംബന്ധിച്ചിടത്തോളം, ഗവണ്മെൻ്റിനേയും ആരോഗ്യസംവിധാനത്തേയും സംബന്ധിച്ചിടത്തോളം ഇനിയൊരാൾ കൂടി നിപ്പ ബാധിച്ചു മരിക്കാതെ ഇരിക്കുക എന്നതാണ് അടിയന്തിര ആവശ്യം. അതിനു പകരം, ജനങ്ങളുടെ ആശങ്ക മറ്റെന്തോ ആണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഈ സമയത്തെ ഏറ്റവും അടിയന്തിര പ്രശ്നത്തിൽ നിന്നും ശ്രദ്ധ അകറ്റാനെ ഉപകരിക്കുകയുള്ളൂ. നിപ്പാ വൈറസ് ഇതിനു മുൻപ് ലോകത്ത് അപൂർവം സ്ഥലങ്ങളിൽ മാത്രം ഏതാനും ചില സമയങ്ങളിൽ മാത്രം സംഭവിച്ച ഒരു അസുഖമാണ്.

കാര്യക്ഷമമായി തടയാനായി

കാര്യക്ഷമമായി തടയാനായി

ഈ അസുഖത്തിനു വാക്സിനേഷനോ 100 ശതമാനം രോഗ ശമനം ഉറപ്പു പറയാവുന്ന ആൻ്റി വൈറൽ മെഡിസിനോ ഇല്ല. ഇത്തരമൊരു രോഗം പൊട്ടിപ്പുറപ്പെടുന്നത് തീർത്തും അപ്രവചനീയമായാണ്. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ അതു കൂടുതൽ ആളുകളിലേയ്ക്ക് പകരാതെ തടഞ്ഞു നിർത്തുക എന്നതാണ് ചെയ്യാൻ സാധിക്കുന്നത്. അതുപോലെ രോഗം ബാധിച്ചവർക്ക് ഏറ്റവും മികച്ച പരിപാലനം നൽകി അവരെ രക്ഷിക്കാൻ ശ്രമിക്കുക എന്നതും. എന്നിട്ടും മറ്റെവിടെയൊക്കെ ഇതു പൊട്ടിപ്പുറപ്പെട്ടോ, അവിടങ്ങളിലൊക്കെ ഉള്ളതിനേക്കാൾ കാര്യക്ഷമമായ രീതിയിൽ ഇതു തടഞ്ഞു നിർത്താൻ നമുക്ക് സാധിച്ചിട്ടുണ്ട് എന്നത് ഇവിടത്തെ ആരോഗ്യസംവിധാനത്തിൻ്റെ നേട്ടമാണ്.

ജീവിതത്തിലേക്ക് തിരികെ വരുന്നു

ജീവിതത്തിലേക്ക് തിരികെ വരുന്നു

1998-99ൽൽ മലേഷ്യയിലും സിംഗപ്പൂരിലുമായി മരണപ്പെട്ടത് 106 ആളുകളാണ്. 2001ൽ സിലിഗുരിയിൽ മരണമടഞ്ഞത് 45 ആളുകളും. കേരളത്തിൽ നിപ്പ സ്ഥിരീകരിച്ചത് 18 പേർക്കാണ്. മരണമടഞ്ഞത് 16 ആളുകൾ. രണ്ടു പേർ ജീവിതത്തിലേയ്ക്ക് തിരിച്ചു കയറുന്നു എന്ന പ്രതീക്ഷയിലാണ് നമ്മൾ. ആ ചർച്ചയിൽ ഡോ അനൂപ് പറഞ്ഞതു പോലെ, ആദ്യത്തെ രോഗിയിൽ നിന്നും 18 പേരിലേയ്ക്കെത്തിയ ഈ അസുഖം 200-300 ആളുകളിലേയ്ക്ക് എത്താമെന്ന എല്ലാ സാധ്യത ഉണ്ടായിരുന്നിട്ടും അതു നടക്കാതെ പോയത് ഇവിടത്തെ ആരോഗ്യ സംവിധാനത്തിൻ്റെ മികവാണ്.

വസ്തുതകൾക്ക് വിരുദ്ധം

വസ്തുതകൾക്ക് വിരുദ്ധം

അതു വളരെ വ്യക്തമായി കണക്കുകൾ നിരത്തി വിശദീകരിക്കുമ്പോളും, മനസ്സിലാക്കാനാകാതെ, ആരോഗ്യ കേരളം ആഫ്രിക്കയിലെ ദരിദ്ര രാഷ്ട്രങ്ങൾക്ക് തുല്യമാണ് എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നത് വസ്തുതകൾക്ക് വിരുദ്ധമായ പ്രവർത്തിയാണ്. വസ്തുതകളെ മുൻനിർത്തി യാഥാർഥ്യം ജനങ്ങളിലേക്കെത്തിക്കുക എന്ന മാധ്യമ ധർമമാണ് അവതാരകയും അവരുടെ മാധ്യമ സ്ഥാപനവും വിസ്മരിച്ചത്. പകർച്ച വ്യാധികൾ പൊട്ടിപ്പുറപ്പെടുന്ന അവസരങ്ങളിൽ ജനങ്ങൾക്കിടയിൽ ഭീതി നിറയുന്നത് സ്വാഭാവികമാണ്.

കുറ്റകരമായ അനാസ്ഥ

കുറ്റകരമായ അനാസ്ഥ

അതു നിയന്ത്രണ വിധേയമാണെന്നറിഞ്ഞാൽ പോലും ആ ഭീതി കുറച്ചു കാലം കൂടെ തുടരുമെന്ന് ലോകാരോഗ്യ സംഘടനയുടെ കേസ് സ്റ്റഡികളിൽ പറയുന്നുണ്ട്. സമാനമായൊരു സാഹചര്യത്തിലാണ് കേരള സമൂഹം. പ്രത്യേകിച്ചും ഉത്തര മലബാറിലെ ജനങ്ങൾ. അത്തരമൊരു സാഹചര്യത്തിൽ അവർക്ക് ആരോഗ്യ സംവിധാനത്തിലുള്ള വിശ്വാസം തകർക്കുന്ന തരത്തിലുള്ള തെറ്റായ സന്ദേശങ്ങൾ നൽകിയാൽ സമൂഹത്തിൻ്റെ സമാധാനപൂർണ്ണമായ ജീവിതത്തെ കൂടുതൽ മോശം അവസ്ഥയിലേക്കെത്തിക്കും. അത്തരത്തിലുള്ള കുറ്റകരമായ ഒരാനസ്ഥയാണ് കൗണ്ടർ പോയിൻ്റ് എന്ന പ്രോഗ്രാമിലൂടെ ടിവി ചാനലും അവതാരകയും കാണിച്ചത്.

മാധ്യമപ്രവർത്തകർക്ക് കളങ്കം

മാധ്യമപ്രവർത്തകർക്ക് കളങ്കം

നിപ്പാ പ്രശ്നത്തിൽ ക്രിയാതമകമായി ഇടപെട്ട മാധ്യമ പ്രവർത്തകർക്കു കൂടെ കളങ്കമായിത്തീർന്നു ആ പരിപാടി. അതുപോലെ നിപ്പാ ആണെന്നു തിരിച്ചറിഞ്ഞതു മുതൽ സ്വന്തം ജീവൻ വകവയ്ക്കാതെ അപരനു വേണ്ടി സമർപ്പിച്ചു കൊണ്ടു കർമ്മ നിരതരായിരിക്കുന്ന ആരോഗ്യ പ്രവർത്തകരോടും ഇവിടത്തെ ആരോഗ്യ സംവിധാനത്തോടുമുള്ള അവഹേളനമാണിത്. മാധ്യമങ്ങളുടെ കയ്യടിയേക്കാൾ ജനങ്ങളുടെ ജീവനാണ് പ്രാധാന്യം. അതുകൊണ്ട് അപമാനമെന്നതിനേക്കാളുപരി ഇത്തരം തെറ്റിദ്ധാരണകൾ പരത്തുന്നത് നിപ്പ ഭീതിയിൽ നിന്നും സമൂഹത്തെ രക്ഷിക്കാനുള്ള സ്വന്തം പ്രവർത്തനങ്ങൾ കൂടുതൽ ദുഷ്കരമാക്കുമെന്ന ആശങ്കയാണ് ആരോഗ്യ പ്രവർത്തകർക്കുള്ളത്.

റേറ്റിംഗ് മാത്രമല്ല വേണ്ടത്

റേറ്റിംഗ് മാത്രമല്ല വേണ്ടത്

ഒരു ജനാധിപത്യ സമൂഹത്തിനകത്ത് മാധ്യമ ധാർമികതയെക്കുറിച്ച് ഉണ്ടായിരിക്കേണ്ട അടിസ്ഥാന സങ്കല്പങ്ങളെക്കുറിച്ചുള്ള ധാരണയില്ലായ്മയാണ് ഇത്തരം പ്രവണതകൾ വെളിപ്പെടുത്തുന്നത്. ഏതു വിഷയവും സെൻസേഷണലൈസ് ചെയ്ത് റേറ്റിംഗ് കൂട്ടുക എന്നതാകരുത് മാധ്യമ പ്രവർത്തകരെ പ്രചോദിപ്പിക്കേണ്ട കാര്യം. അതുകൊണ്ട് ഇത്തരം തെറ്റുകൾ തിരുത്തണമെന്നും വസ്തുതകൾ വസ്തുതകളായി ജനങ്ങളുടെ മുൻപിൽ എത്തിക്കണമെന്നും അഭ്യർഥിക്കുന്നു. അല്ലെങ്കിൽ, ഈ അവസരത്തിൽ മാത്രമല്ല, ഇനിയങ്ങോട്ടും ഇത്തരം മാധ്യമ ഇടപെടലുകൾ മനുഷ്യനന്മയ്ക്കു മുന്നിൽ വലിയ വെല്ലുവിളികളായി നിലനിൽക്കും എന്നതിൽ സംശയമില്ല.

ഫേസ്ബുക്ക് പോസ്റ്റ്

ആരോഗ്യ ജാഗ്രത ഫേസ്ബുക്ക് പേജിലെ പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+