അമിത് ഷായുടെ മാന്ത്രിക സ്പര്‍ശം അവസാനിക്കുന്നു; ബിജെപിയ്ക്ക് വേണം പുതിയ തന്ത്രങ്ങള്‍...
അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്‍ ആണ് നരേന്ദ്ര മോദിയെ അധികാരത്തിലേറ്റിയത് എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. മോദി അധികാരത്തിലേറിയതിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ വിജയം നേടിയപ്പോള്‍ അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്‍ ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു.
എന്നാല്‍ അത്രയ്ക്കുണ്ടോ അമിത് ഷായുടെ തന്ത്രങ്ങള്‍ എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം. ഭരണ വിരുദ്ധ വികാരത്തെ മറികടക്കുന്നതില്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ വന്‍ പരാജയം ആണെന്ന് പറയേണ്ടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
2017 മുതല്‍ ഇങ്ങനെ തന്നെയാണ് കാര്യങ്ങള്‍. അതില്‍ ആകെ മാറ്റി നിര്‍ത്താവുന്നത് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഫലം മാത്രമാണ്. അമിത് ഷാ പരാജയപ്പെട്ട തിരഞ്ഞെടുപ്പുകള്‍...

ഭരണം പിടിക്കാന്‍ മിടുക്കന്‍.... പക്ഷേ,
സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചെടുക്കാന്‍ അമിത് ഷാ മിടുക്കനാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മുതല്‍ ഉത്തര്‍ പ്രദേശ് വരെ അതിനുള്ള ഉദാഹരണങ്ങളാണ്. എന്നാല്‍ ഭരണം നിലനിര്‍ത്തുന്ന കാര്യത്തില്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ ഒരു പരാജയം ആണെന്ന് പറയാതിരിക്കാന്‍ ആവില്ല.

ഗോവയില്‍ സംഭവിച്ചത്
40 അംഗ ഗോവ നിയമസഭയില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയാണ് ബിജെപി 2012 ല്‍ അധികാരത്തില്‍ എത്തിയത്. അന്ന് കോണ്‍ഗ്രസ്സിന് വെറും 9 സീറ്റാണ് ലഭിച്ചത്. എന്നാല്‍ 2017 ലെ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ കൈവിട്ടുപോയി.
21 സീറ്റുകള്‍ ഉണ്ടായിരുന്ന ബിജെപി 13 ലേക്ക് ഒതുങ്ങി. കോണ്‍ഗ്രസ് 17 സീറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് വിജയത്തിന്റെ കണക്ക് നോക്കിയാല്‍ ബിജെപി പിറകിലായി. എന്നാല്‍ ചെറുപാര്‍ട്ടികളെ കൂടെ കൂട്ടി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചു.

പഞ്ചാബിലും പാളി
പഞ്ചാബില്‍ ശിരോമണി അകാലി ദളുമായി ചേര്‍ന്നായിരുന്നു 2012 ല്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കിയത്. എന്നാല്‍ 2017 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പഞ്ചാബ് തൂത്തുവാരുകയായിരുന്നു. ബിജെപിയുടെ എംഎല്‍എമാരുടെ എണ്ണം മൂന്നിലേക്ക് ചുരുങ്ങുകയും ചെയ്തു.
ഈ പരാജയത്തില്‍ ശിരോമണി അകാലി ദളിനെ പഴിചാരിയാണ് അമിത് ഷായും ബിജെപിയും രക്ഷതേടിയത്. പക്ഷേ, ആത്യന്തികമായി അത് അമിത് ഷായുടെ പരാജയം തന്നെയാണ്.

മൂന്ന് സംസ്ഥാനങ്ങള്‍
2018 ലേക്ക് എത്തിയപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. ഭരണത്തിലുണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങള്‍ ആണ് ബിജെപിയ്ക്ക് നഷ്ടപ്പെട്ടത്. ഹിന്ദി ൃദയഭൂമിയില്‍ തന്നെ ആണ് ഈ വലിയ നഷ്ടമുണ്ടായത്. മധ്യപ്രദേശും ഛത്തീസ്ഗഡും മൂന്ന് ടേമുകള്‍ തുടര്‍ച്ചയായി ഭരിച്ച സംസ്ഥാനങ്ങള്‍ ആയിരുന്നു. രാജസ്ഥാനില്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും സ്വന്തമാക്കിയതും ബിജെപി തന്നെ ആയിരുന്നു.

ആശ്വാസം ഗുജറാത്ത് മാത്രം
സ്വന്തം സംസ്ഥാനം ആയ ഗുജറാത്തിന്റെ കാര്യത്തില്‍ മാത്രമാണ് അമിത് ഷായ്ക്ക് അല്‍പമെങ്കിലും ആശ്വസിക്കാനുള്ളത്. എങ്കിലും 2012 ലെതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയ്ക്ക് സീറ്റ് നഷ്ടം സംഭവിച്ചു. കോണ്‍ഗ്രസ് അതി ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു. ആത്യന്തികമായി ഇതും അമിത് ഷായുടെ പരാജയം ആണ്.

തിരഞ്ഞെടുപ്പുകളുടെ 'മാന്‍ ഓഫ് ദ മാച്ച്'
തിരഞ്ഞെടുപ്പ് വിജയങ്ങളുടെ 'മാന്‍ ഓഫ് ദ മാച്ച്' എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അമിത് ഷായെ വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ ആ വിശേഷണം മാറ്റേണ്ട സമയമായിക്കഴിഞ്ഞു. അമിത് ഷായുടെ തന്ത്രങ്ങള്‍ മാറ്റിപ്പിടിക്കേണ്ട സാഹചര്യത്തിലാണ് ബിജെപി ഇപ്പോള്‍ ഉള്ളത്.

സ്ഥിരം ഏര്‍പ്പാട്
ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാന്‍ അമിത് ഷാ സ്ഥിരം പയറ്റുന്ന തന്ത്രമുണ്ട്. എതിര്‍പാളയത്തിലെ പ്രമുഖരെ തങ്ങളുടെ പാളയത്തിലെത്തിക്കുക എന്നതാണത്. പല സംസ്ഥാനങ്ങളും ബിജെപി പിടിച്ചടക്കിയത് ഇങ്ങനെ തന്നെ ആയിരുന്നു. അതില്‍ വലിയ നഷ്ടം സംഭവിച്ചത് കോണ്‍ഗ്രസ്സിനും.
തിരഞ്ഞെടുപ്പിന് മുമ്പായി അമിത് ഷാ നടത്തുന്ന സന്ദര്‍ശനത്തില്‍ ആകും ഇതിനുള്ള കളമൊരുങ്ങുക. പിന്നെ എല്ലാം എളുപ്പത്തില്‍ സാധ്യമാവുകയും ചെയ്യും.

ഒന്നും നടന്നില്ല
എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി അമിത് ഷായുടെ ഈ തന്ത്രം വിലപ്പോവുന്നില്ലെന്നതാണ് തെളിവ്. ഏറ്റവും ഒടുവില്‍ അധികാരം നഷ്ടപ്പെട്ട മൂന്ന് സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള തന്ത്രങ്ങള്‍ പലതും പയറ്റി നോക്കിയിരുന്നു ബിജെപി. അതെല്ലാം വെറുതേ ആവുകയായിരുന്നു.

ഹിന്ദുത്വവും വികസനവും
ഹിന്ദുത്വം ആണ് എന്നും ബിജെപിയുടെ രാഷ്ട്രീയ അജണ്ട. എന്നാല്‍ മുന്‍ തിരഞ്ഞെടുപ്പുകളില്‍ വികസനത്തിനായിരുന്നു പ്രാമുഖ്യം നല്‍കിയിരുന്നത്. പക്ഷേ, രാജ്യത്തെ 70 ശതമാനം സംസ്ഥാനങ്ങളും കീഴടക്കിയതോടെ രാഷ്ട്രീയ അജണ്ടയില്‍ പ്രകടമായിത്തന്നെ ഹിന്ദുത്വം ഒന്നാമതാവുകയും വികസനം രണ്ടാമതാവുകയും ചെയ്തു. ഇക്കാര്യം എങ്ങനെ ജനങ്ങളില്‍ പ്രതിഫലിക്കും എന്ന കാര്യം വിലയിരുത്തുന്നതില്‍ അമിത് ഷാ പരാജയപ്പെട്ടു.
Recommended Video


സ്വപ്‌നങ്ങളും വാഗ്ദാനങ്ങളും
മുന്‍ തിരഞ്ഞെടുപ്പുകളില്‍ അത്രയേറെ വാഗ്ദാനങ്ങളായിരുന്നു ബിജെപി മുന്നോട്ട് വച്ചിരുന്നത്. അത് ജനങ്ങളില്‍ പല പ്രതീക്ഷകളും ഉണ്ടാക്കി. എന്നാല്‍ ആ വാഗ്ദാനങ്ങളില്‍ എന്തൊക്കെ പാലിക്കപ്പെട്ടു എന്ന ചോദ്യം നിശ്ചമായം ഉയര്‍ന്നിരുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം കോണ്‍ഗ്രസ്സും നെഹ്‌റുവും ആണെന്ന വാദമൊന്നും സാധാരണ ജനങ്ങള്‍ക്കിടയില്‍ വിലപ്പോയില്ലെന്ന് കൂടി വ്യക്തമാക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം.












Click it and Unblock the Notifications