സ്ഥാനാര്‍ത്ഥിയാണോ... പ്രായം ഒരു പ്രശ്നമേ അല്ലെന്ന് പറയും!!! ആര്...? സ്ഥാനാര്‍ത്ഥികള്‍ തന്നെ!!!
അധികാരത്തില്‍ മുന്നില്‍ പ്രായം ഒരു പ്രശ്‌നമാകാറില്ല. തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ യൂത്തന്മാരും ന്യൂജനറേഷനുമെല്ലാം വെല്ലുവിളിച്ചാലും ചിലരങ്ങനെയാണ്. തിരഞ്ഞെടുപ്പാണ് എല്ലാം എന്ന തോന്നലില്‍ നിന്ന് മുക്തി നേടാന്‍ ഇവര്‍ക്കാകില്ല. തൃശ്ശൂര്‍ ജില്ലയില്‍ 2011 ല്‍ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ പ്രായം പരിശോധിച്ചാല്‍ ഒരു കാര്യം ഉറപ്പാകും. 50 വയസൊന്നും ഒരു വയസ്സേ അല്ലെന്ന് ഇവര്‍ ഇപ്പോഴും പറയും.
ജില്ലയിലെ 13 എംഎല്‍എമാരില്‍ 50 ല്‍ താഴെ വയസുള്ളത് രണ്ടാള്‍ മാത്രം. നാട്ടികയില്‍ നിന്നുള്ള ഗീത ഗോപിയും കയ്പമംഗലത്ത് നിന്നുള്ള വിഎസ് സുനില്‍കുമാറും. പെന്‍ഷന്‍ പ്രായമായ 56 കഴിഞ്ഞവരാണ് ഏഴ് പേര്‍. ഇതില്‍ തലമുതിര്‍ന്ന കാരണവരാണ് മന്ത്രിയായ സിഎന്‍ ബാലകൃഷ്ണന്‍. തൊട്ടടുത്ത് തേറമ്പില്‍ രാമകൃഷ്ണനാണ്.

ശാരീരികമായി പലരും ക്ഷീണിതരാണെങ്കിലും തിരഞ്ഞെടുപ്പെന്ന് കേള്‍ക്കുമ്പോള്‍ ആരോഗ്യം വീണ്ടും പൂര്‍വ്വ സ്ഥിതിയിലാകും. ഇത്തവണ മത്സര രംഗത്തേക്ക് പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയിലും ഇവരൊക്കെ തന്നെയാണ് ഇടംപിടിച്ചിട്ടുള്ളത്.
യുഡിഎഫ് എല്ലാ എംഎല്‍എമാരെയും ഉള്‍പ്പെടുത്തി എന്ന് പറഞ്ഞപ്പോള്‍ ഞെട്ടിയത് യൂത്തന്മാരാണ്. 82 കഴിഞ്ഞ സിഎന്നും 75 കഴിഞ്ഞ തേറമ്പിലിനും വേണ്ടി ഇനിയും പ്രവര്‍ത്തിക്കാന്‍ രംഗത്തിറങ്ങണം. എല്‍ഡിഎഫില്‍ കെവിഅബ്ദുള്‍ ഖാദര്‍, ബിഡി ദേവസി, ഗീത ഗോപി, പ്രൊഫ സി രവീന്ദ്രനാഥ്, വിഎസ് സുനില്‍കുമാര്‍ എന്നിവര്‍ മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായി. ഈ സീറ്റുകളില്‍ പുതിയ താരോദയം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് അഞ്ച് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരും. യുഡിഎഫില്‍ ടിഎന്‍ പ്രതാപന്‍, സിഎന്‍ ബാലകൃഷ്ണന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവര്‍ മാറി നില്‍ക്കാനുള്ള സാധ്യതകളേറെയാണ്. അങ്ങനെയെങ്കില്‍ പുതുമുഖങ്ങള്‍ വരുമായിരിക്കും.












Click it and Unblock the Notifications