പാണക്കാട്ടെ തങ്ങള്‍മാര്‍ക്കെതിരെ ഒരു 'ബിജെപി' തങ്ങള്‍...!!! ലീഗിനെ തറപറ്റിയ്ക്കാന്‍ ബാദുഷ തങ്ങള്‍
മലപ്പുറം: മുസ്ലീം ലീഗിനും പാണക്കാട് തങ്ങള്‍ കുടുംബത്തിനും എതിരെ മറ്റൊരു തങ്ങള്‍. മുസ്ലീം ലീഗിനുള്ളിലെ ഒരു അന്തച്ഛിദ്രമാണിതെന്ന് കരുതേണ്ട. സിപിഎമ്മില്‍ നിന്നോ കോണ്‍ഗ്രസ്സില്‍ നിന്നോ അല്ല ഇത്തരം ഒരു പടപ്പുറപ്പാട്. അത് കേട്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ മൂക്കത്ത് വിരല്‍വച്ച് പോകും.
പാണക്കാട് കുടുംബം ഉള്‍പ്പെടുന്ന മലപ്പുറം നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചുകൊണ്ട് ബാദുഷ തങ്ങള്‍ ആണ് ചരിത്രം കുറിച്ച് രംഗത്തിറങ്ങുന്നത്. ലീഗ് ഇതുവരെ പാവപ്പെട്ട മുസ്ലീങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്നിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പാണക്കാട് തങ്ങള്‍മാര്‍ക്ക് സാധിച്ചിട്ടില്ലെന്നും സയ്യിദ് ഹാഷിം മുശൈഖിന്റെ പിന്‍മുറക്കാരനായ ബാദുഷ തങ്ങള്‍ 'വണ്‍ ഇന്ത്യ'യോട് പറഞ്ഞു.

കാന്തപുരം എപി വിഭാഗം പ്രവര്‍ത്തകനായിരുന്ന താന്‍ സംഘടനാ നേതാക്കളോട് തനിക്ക് പിന്തുണ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതു സംബന്ധിച്ചു ചര്‍ച്ച നടന്നുവരികയാണെന്നും ബാദുഷ തങ്ങള്‍ പറഞ്ഞു. പ്രവാചകനായ മുഹമ്മദ് നബിയുടെ പിന്‍മുറക്കാരായി അറിയപ്പെടുന്ന തങ്ങള്‍ കുടുംബത്തിലെ ഒരാള്‍ ബിജെപി സ്ഥാനാര്‍ഥിയാകുന്നത് മുസ്ലിംമത വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യതയുണ്ടാക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
യമനില്‍നിന്നാണു ബാദുഷ തങ്ങളുടെ പിന്‍മുറക്കാര്‍ പായ്ക്കപ്പല്‍ വഴി 1687ല്‍ കേരളത്തിലെത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായാണു തങ്ങള്‍ കുടുബത്തിലെ ഒരംഗം ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.മലപ്പുറത്ത് ഇത്തരമൊരു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നതിലൂടെ ദേശീയ തലത്തില്‍തന്നെ ശ്രദ്ധ നേടാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
താനൂര്‍ പനങ്ങാട്ടൂര്‍ കണ്ണന്തളി സ്വദേശിയാണ് ബാദുഷ തങ്ങള്‍. ന്യൂനപക്ഷമോര്‍ച്ച മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്കൂടിയായ ഇദ്ദേഹം. കഴിഞ്ഞ രണ്ട് വര്‍ഷമായി തങ്ങള്‍ ബിജെപിയോട് ഏറെ അടുപ്പത്തിലാണ്.
തങ്ങളുടെ പൂര്‍വികര്‍ ആദ്യം എത്തിയത് ആലുവയിലാണ്. പിന്നീട് സാമൂതിരി രാജാവിന്റെ ആജ്ഞ പ്രകാരം താനൂരിലെ പനങ്ങാട്ടൂരിലെത്തുകയായിരുന്നുവെന്ന് ബാദുഷ തങ്ങള്‍ പറയുന്നു.
ആദ്യമായല്ല തങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നത്. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ താനൂരില്‍ സ്വതന്ത്ര്യസ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി താനൂര്‍ പഞ്ചായത്തിലും മത്സരിച്ചിട്ടുണ്ട്.

സുന്നി ആശയമാണ് താന്‍ പിന്‍പറ്റുന്നതെന്ന് ബാദുഷ തങ്ങള്‍ പറഞ്ഞു. താന്‍ തികഞ്ഞ വിശ്വാസിയാണ്. ബിജെപിയില്‍ ചേര്‍ന്നതുകൊണ്ട് തന്റെ വിശ്വാസങ്ങള്‍ക്ക് ഇതുവരെ മങ്ങലേറ്റിട്ടില്ല. മതവിശ്വാസങ്ങളും തന്റെ ആശയങ്ങളും പിന്തുടര്‍ന്നുതന്നെയാണു താന്‍ ജീവിക്കുന്നതന്നും ബാദുഷ തങ്ങള്‍ വ്യക്തമാക്കി.
ബിജെപി സ്ഥാനാര്‍ഥിയായതിനാല്‍ ചിലമേഖലകളില്‍നിന്ന് തങ്ങള്‍ക്ക് എതിര്‍പ്പ് നേരിടേണ്ടി വരുന്നുണ്ട്. എന്നാല്‍ അദ്ദേഹം ഇതൊന്നും കാര്യമാക്കുന്നില്ല. തന്റെ കുടുംബത്തിലെ പലരും നിലവില്‍ ബിജെപി അനുഭാവികളാണെന്ന് ബാദുഷ തങ്ങള്‍ വണ്‍ഇന്ത്യയോട് പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനംരാജശേഖരന്‍ നയിച്ച കേരള വിമോചനയാത്രയില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ ബാദുഷതങ്ങളും ഉണ്ടായിരുന്നു. നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം അംഗീകരിക്കുകമാത്രമാണു താന്‍ ചെയ്തതെന്നു സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് ബാദുഷ തങ്ങള്‍ പറഞ്ഞു. ബാദുഷ തങ്ങള്‍ക്കൊപ്പം എറണാകുളത്തും ഇപ്രാവശ്യം ബിജെപി സ്ഥാനാര്‍ഥി മുസ്ലിം പ്രതിനിധിയാണ്. ബിജെപി സംസ്ഥാന സെക്രട്ടറി എകെ നസീറാണ് ഇവിടെ മത്സരിക്കുന്നത്.
സംസ്ഥാനത്ത് മുസ്ലിം മതവിഭാഗങ്ങള്‍ക്ക് ഇനികൂടുതല്‍ പരിഗണ നല്‍കുമെന്ന് ബിജെപി സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു. ഇതിനു മുമ്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പ്രതിനിധീകരിച്ച് തിരൂരങ്ങടി, തിരൂര്‍ മണ്ഡലങ്ങളില്‍ പിടി ആലിഹാജി, പെരിന്തല്‍മണ്ണയില്‍ സികെ കുഞ്ഞിമുഹമ്മദ്, ബേപ്പൂരില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നിവര്‍ മത്സരിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷംനേടിയ മണ്ഡലമാണു മലപ്പുറം. മുസ്ലിംലീഗ് സ്ഥാനാര്‍ഥിയായിരുന്ന പി ഉബൈദുള്ള എതിര്‍സ്ഥാര്‍ഥിയെ 44508വോട്ടുകള്‍ക്കാണു പരാജയപ്പെടുത്തിയത്. ഇത്തവണവയും ലീഗ് സ്ഥാനാര്‍ഥി ഉബൈദുള്ള തന്നെയാണ്. ഇടതുസ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുമില്ല.












Click it and Unblock the Notifications