കോഴിക്കോട് നോര്‍ത്തില്‍ ആളെക്കിട്ടാതെ കോണ്‍ഗ്രസ്...! എംപിയെ രാജിവപ്പിച്ച് മത്സരിപ്പിയ്ക്കുമോ?
ആകെ ആശയക്കുഴപ്പത്തിലാണ് കോണ്‍ഗ്രസ്. കോഴിക്കോട് നോര്‍ത്തില്‍ ആരെ സ്ഥാനാര്‍ഥിയാക്കും. ആരെയെങ്കിലും നിര്‍ത്തിയാല്‍ പോരല്ലോ. മത്സരിക്കുകയാണെങ്കില്‍ യോഗ്യരായവര്‍തന്നെ വേണം. കാരണം മറ്റൊന്നുമല്ല, എ പ്രദീപ് കുമാറാണ് നോര്‍ത്തിലെ ഇടതു സ്ഥാനാര്‍ഥി. മത്സരിക്കുമ്പോള്‍ അതിനു പറ്റിയവര്‍തന്നെ വേണ്ടേ. സ്ഥാനാര്‍ഥിയെ കിട്ടാതെ വലയുകയാണ് കോണ്‍ഗ്രസ്.

അഡ്വ പിഎം സുരേഷ് ബാബുവിന്റെ പേരിനായിരുന്നു പരിഗണന. കോഴിക്കോട് കോര്‍പ്പറേഷന്‍ കിട്ടിയിരുന്നെങ്കില്‍ മേയറാവേണ്ടിയിരുന്ന പാര്‍ട്ടി നോമിനിയാണ് കക്ഷി. എന്തായാലും ഭരണം കിട്ടിയില്ല. ഇപ്പോള്‍ കേവലമൊരു പ്രതിപക്ഷനേതാവായിരിപ്പാണ്. ഇനി നോര്‍ത്തില്‍ മത്സരിപ്പിക്കാമെന്ന് ഒരുകൂട്ടര്‍. അതുപോര, ജനകീയനായ എംപി എം.കെ രാഘവന്‍ തന്നെ നോര്‍ത്തില്‍ മത്സരിക്കണമെന്ന് മറ്റൊരു കൂട്ടര്‍. എംപിയെ എംഎല്‍എ ആക്കുകയോ-- മറ്റൊരു കൂട്ടര്‍ നെറ്റിചുളിക്കുന്നു.
യുഡിഎഫ് ഭരണത്തില്‍ തിരിച്ചെത്തിയാല്‍ വെറുതെ എംഎല്‍എയായി മാത്രമായിരിക്കണ്ട, മന്ത്രിയുമാവാമെന്നാണ് മറുപടി. അതിന് ജാതിസമവാക്യങ്ങള്‍ ഒത്തില്ലെങ്കിലോ? അതും ശരിയാണല്ലോ. ഇനി ജാതിയൊക്കെ നോക്കണമെങ്കില്‍തന്നെ ആദ്യം രാഘവന്‍ തന്നെയും പിന്നെ മുന്നണിയും ജയിച്ചിട്ടുവേണ്ടേ...!! ഇങ്ങനെ നീളുന്നു കോഴിക്കോട് നോര്‍ത്തിലെ കോണ്‍ഗ്രസ് ചിന്തകള്‍..
നോര്‍ത്തിലെ താമസക്കാരനാണ് കോണ്‍ഗ്രസ് പടയാളി കെ മുരളീധരനും. അതിനാല്‍ മുരളീധരനെ മത്സരിപ്പിക്കണമെന്ന പക്ഷക്കാരുമുണ്ട്. കോണ്‍ഗ്രസുകാര്‍ക്ക് തമ്മില്‍ തമ്മില്‍ നല്ല വിശ്വാസവും ധാരണയുമായതുകൊണ്ട് മുരളീധരന്‍ എന്തായാലും ആ വഴിക്കു തിരിഞ്ഞുനോക്കിയിട്ടേയില്ലെന്നാണ് കേള്‍വി.
ഇടയ്ക്ക് ഇടത്തും വലത്തും ചായുമെങ്കിലും ഇപ്പോള്‍ സിപിഎമ്മിന് വലിയ ആത്മ വിശ്വാസമുള്ള മണ്ഡലമാണ് കോഴിക്കോട് നോര്‍ത്ത്. എ പ്രദീപ് കുമാര്‍ എംഎല്‍എയുടെ ജനസമ്മതി തന്നെ കാരണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും ലോക്‌സഭാ തെരഞ്ഞെടുപ്പായാല്‍ യുഡിഎഫിനെയും സഹായിക്കുന്നതാണ് മണ്ഡലത്തിലെ വോട്ടര്‍മാരുടെ ഇപ്പോഴത്തെ രീതി.
2011വരെ കോഴിക്കോട് ഒന്ന് എന്ന പേരിലായിരുന്നു മണ്ഡലം. അതിര്‍ത്തിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് കഴിഞ്ഞ തവണ പുനര്‍വിഭജനം നടത്തിയത്. നേരത്തെ കോഴിക്കോട് രണ്ടിന്റെ ഭാഗമായിരുന്ന ചെലവൂര്‍, മൂഴിക്കല്‍ പ്രദേശങ്ങള്‍ നോര്‍ത്തിലെത്തി. മാങ്കാവിനെ സൗത്തിലേയ്ക്കും മാറ്റി. മാവൂര്‍ റോഡിന്റെ വടക്കുഭാഗം നോര്‍ത്തിലും തെക്കുഭാഗം സൗത്തിലുമാണ്. നോര്‍ത്തില്‍ എപ്പോഴും ഹിന്ദു സ്ഥാനാര്‍ഥിയും സൗത്തില്‍ മുസ്ലിം സ്ഥാനാര്‍ഥിയുമാണ് എന്നതാണ് രസകരമായ മറ്റൊരു രസതന്ത്രം.
ആദ്യകാലത്ത് കോണ്‍ഗ്രസ് കുത്തകയായിരുന്നു മണ്ഡലം. 57ലും 60ലും കോണ്‍ഗ്രസിലെ ഒ ടി ശാരദാകൃഷ്ണന്‍ ജയിച്ചു. എന്നാല്‍, 65 ല്‍ രാഷ്ട്രീയചരിത്രം മാറി. പിസി രാഘവന്‍ നായരിലൂടെ സിപിഎം മണ്ഡലം പിടിച്ചെടുത്തു. 67ലും അദ്ദേഹം തന്നെ. എന്നാല്‍, 70ല്‍ കോണ്‍ഗ്രസ് പിവി ശങ്കരനാരായണനെ മത്സരിപ്പിച്ച് മണ്ഡലം പിടിച്ചു. തുടര്‍ന്നിങ്ങോട്ട് നാലു തവണ മണ്ഡലം സിപിഎമ്മിന്റെതന്നെ കൈകളില്‍. മൂന്നു തവണ ചന്ദ്രശശേഖര കുറുപ്പും ഒരു തവണ എം ദാസനും. 91ല്‍ മണ്ഡലം വീണ്ടും എ സുജനപാലിലൂടെ വലത്തോട്ട്. 96ല്‍ ഇടത്ത്. 2001ല്‍ വീണ്ടും സുജനപാല്‍. 2006ല്‍ പ്രദീപ് കുമാര്‍. ആ വിജയം 2011ലും അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, 2009ലെയും 2014ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ നോര്‍ത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ എംകെ രാഘവനായിരുന്നു മുന്‍തൂക്കം. 2014ല്‍ എല്‍ഡിഎഫിലെ എ. വിജയരാഘവനെക്കാള്‍ 1519 വോട്ട്.












Click it and Unblock the Notifications