എട്ടിന്‍റെ ലൂണാര്‍, എല്‍ഡിഎഫിന്‍റെ പ്രതികാരം... ഇടുക്കിയില്‍ ആര് മിടുക്കനാകും?
മഹേഷിന്റെ പ്രതികാരത്തിലെ മഹേഷ് ഭാവന ചെരുപ്പിടാതെ നടന്നതിന് പിന്നില്‍ ഒരു കഥയുണ്ടായിരുന്നു. എതിരാളിയെ അടിച്ചു വീഴ്ത്തിയിട്ടേ ചെരുപ്പു ധരിക്കൂ എന്നായിരുന്നു മഹേഷിന്റെ ഉറച്ച തീരുമാനം. ആ മഹേഷ് ജീവിച്ച പ്രകാശ് ഉള്‍പ്പെടെയുളള ഗ്രാമങ്ങള്‍ അടങ്ങുന്നതാണ് ഇടുക്കി അസംബ്ലി മണ്ഡലം.
ഇവിടെ തെരഞ്ഞെടുപ്പിലൊന്ന് കരകയറാനായ് ഇടതുമുന്നണിക്കാര്‍ ചെരിപ്പല്ല എന്ത് വേണമെങ്കിലും ഉപേക്ഷിക്കാന്‍ തയ്യാറാണ്. പക്ഷെ ചെരുപ്പ് തേഞ്ഞതല്ലാതെ കാര്യമായ ഫലമുണ്ടായില്ല. ഇടുക്കിയില്‍ ഇതുവരെ നടന്ന ഒമ്പത് തെരഞ്ഞെടുപ്പുകളില്‍ എട്ടുതവണയും വിജയിച്ചത് യുഡിഎഫ്. കഴിഞ്ഞ മൂന്നു തവണയായി കേരള കോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റിനാണ് ജനപ്രതിനിധി.

ക്രൈസ്തവര്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശം.ഇടുക്കി രൂപതയുടെ ആസ്ഥാനമായ കരിമ്പനും ഇവിടെ. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കാറ്റൊന്ന് മാറി വീശി. അതിലാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷയും.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഹൈറേഞ്ച് സംരക്ഷണ സമിതി നിയമോപദേശകന്‍ ജോയ്‌സ് ജോര്‍ജിന് ഇടുക്കി അസംബ്ലി മണ്ഡലം നല്‍കിയത് 24227 വോട്ടിന്റെ ഭൂരിപക്ഷം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉണ്ടാക്കിയ പ്രകമ്പനങ്ങള്‍, പട്ടയം എന്ന ചിരകാല ആവശ്യം എന്നിവയൊക്കെ പ്രതിഫലിച്ചാല്‍ റോഷിയെ കെട്ടുകെട്ടിക്കാം എന്നാണ് എല്‍ഡിഎഫിന്റെ മനസിലിരുപ്പ്. ജില്ലാപഞ്ചായത്ത് മുരിക്കാശ്ശേരി ഡിവിഷനില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാര്‍ഥി നോബിള്‍ ജോസഫ് ഇടതു പിന്തുണയോടെ വിജയിക്കുകയും ചെയ്തു.
ഇതൊന്നും വകവെക്കാതെ റോഷി അഗസ്റ്റിന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞു. പുതിയതായി പിറവിയെടുത്ത ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ നായകന്‍ ഫ്രാന്‍സിസ് ജോര്‍ജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് പരക്കെ പ്രചാരണമുണ്ട്. ഹൈറേഞ്ച് സംരക്ഷണ സമിതി മനസുതുറക്കാത്തതു കൊണ്ട് രംഗത്തിറങ്ങാന്‍ ഫ്രാന്‍സിസ് ജോര്‍ജിന് ധൈര്യം പോര. റോഷിയും ഫ്രാന്‍സീസ് ജോര്‍ജും വേണ്ടപ്പെട്ടവരായതിനാല്‍ ഇരുവരും നിയമസഭയിലുണ്ടാകണമെന്നാണ് കത്തോലിക്കാ സഭയുടെ ഉളളിലിരുപ്പെന്നും സൂചനയുണ്ട്.
1977ലാണ് മണ്ഡലം രൂപവത്ക്കരിച്ചത്.ആദ്യ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗസിലെ വിടി സെബാസ്റ്റ്യന്‍ കേരള കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പിലെ ജോണ്‍ തോമസിനെ 9173 വോട്ടുകള്‍ക്ക് തറപറ്റിച്ചു.1980ല്‍ മാണി ഗ്രൂപ്പ് എല്‍ഡിഎഫിലെത്തി. സ്ഥാനാര്‍ഥിയായി വിടി തന്നെ എത്തിയെങ്കിലും തോറ്റു. 4529 വോട്ടിന് കോണ്‍ഗ്രസിലെ ജോസ് കുറ്റിയാനിയാണ് ജയിച്ചത്.1982ലും കുറ്റിയാനി വിജയം ആവര്‍ത്തിച്ചു.4368 വോട്ടിന് തോറ്റത് കോണ്‍ഗ്രസ് എസിലെ പിപി സുലൈമാന്‍ റാവുത്തര്‍.1987ല്‍ സുലൈമാന്‍ റാവുത്തര്‍ സ്വതന്ത്രനായി രംഗത്തിറങ്ങിയെങ്കിലും വീണ്ടും തോറ്റു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ മേരി സിറിയക്ക് മൂന്നാം സ്ഥാനത്തേക്ക് പോയി. ജയിച്ചത് 1570 വോട്ടിന് കോണ്‍ഗ്രസിലെ റോസമ്മ ചാക്കോ.
1991ല്‍ കേരള കോണ്‍ഗ്രസിലെ മാണി-ജോസഫ് ഗ്രൂപ്പുകള്‍ നേരിട്ട് ഏറ്റുമുട്ടി.മാണി ഗ്രൂപ്പിലെ മാത്യു സ്റ്റീഫന്‍ 3768 വോട്ടിന് ജോസഫ് പക്ഷത്തെ ജോണി പൂമറ്റത്തെ തോല്‍പ്പിച്ചു.1996ല്‍ ആദ്യമായി മണ്ഡലം ഇടതുപക്ഷത്തേക്കു ചാഞ്ഞു. ജനതാദള്‍ സ്ഥാനാര്‍ഥിയായിരുന്ന പിപി സുലൈമാന്‍ റാവുത്തര്‍ 6413 വോട്ടിന് കേരള കോണ്‍ഗ്രസ് എമ്മിലെ ജോയി വെട്ടിക്കുഴിയെ തോല്‍പ്പിച്ചു.
2001ല്‍ സൗഹൃദ മത്സരമായിരുന്നു.കേരള കോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റിന്റെ തേരോട്ടം തുടങ്ങിയത് ആ വര്‍ഷമാണ്.13714 വോട്ടിന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എംഎസ് ജോസഫിനെ തോല്‍പ്പിക്കുകയായിരുന്നു. സുലൈമാന്‍ റാവുത്തര്‍ എല്‍ഡിഎഫ്.വിമതനായി രംഗത്തിറങ്ങിയത് റോഷിയുടെ വിജയം എളുപ്പമാക്കി. 2006ല്‍ സീറ്റ് സിപിഎം ഏറ്റെടുത്തു. സിവി വര്‍ഗീസായിരുന്നു റോഷിയുടെ എതിരാളി.16340 വോട്ടിനായിരുന്നു റോഷിയുടെ വിജയം. 2011ലും ഇവര്‍തന്നെയാണ് ഏറ്റുമുട്ടിയത്. റോഷിയുടെ ഭൂരിപക്ഷം 15806 ആയി കുറഞ്ഞെന്നുമാത്രം.
അറക്കുളം,ഇടുക്കി-കഞ്ഞിക്കുഴി,കുടയത്തൂര്‍,കാമാക്ഷി,കട്ടപ്പന നഗരസഭ,കൊന്നത്തടി,വാത്തിക്കുടി(എല്ലാം യുഡിഎഫ്), കാഞ്ചിയാര്‍, മരിയാപുരം(രണ്ടും എല്‍ഡിഎഫ്.)എന്നിവയാണ് മണ്ഡലത്തിനു കീഴില്‍ വരുന്ന ഗ്രാമപ്പഞ്ചായത്തുകള്‍. പലയിടത്തും മുന്നണികള്‍ തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ. മരിയാപുരത്ത് എല്‍ഡിഎഫ് -ഹൈറേഞ്ച് സംരക്ഷണ സമിതി സഖ്യമാണ് ഭരിക്കുന്നത്. സമിതിയുടെതാണ് പ്രസിഡന്റ്. റോഷി അഗസ്റ്റിനെ നേരിടാന്‍ ഫ്രാന്‍സിസ് ജോര്‍ജ് എത്തിയാല്‍ അത് കേരളം ഉറ്റുനോക്കുന്ന പോരാട്ടമായി മാറും. ഇടുക്കി കത്തോലിക്കാ രൂപതയുടെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും തീരുമാനമാകും ഇതില്‍ നിര്‍ണായകം.












Click it and Unblock the Notifications