ഹരിപ്പാട് എല്‍ഡിഎഫിന് കഷ്ടപ്പാട്...!!! ആഭ്യന്തര മന്ത്രിയുടെ മണ്ഡലം ആര്‍ക്ക് സല്യൂട്ടടിക്കും?
കയര്‍ തൊഴിലാളികള്‍ ഏറെയുള്ള ഹരിപ്പാട് മണ്ഡലം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ തട്ടകമെന്ന പേരിലാണ് ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. രമേശിന്റെ കൈയില്‍ മണ്ഡലം ഭദ്രമാണെന്ന് ഉറപ്പുള്ളതുകൊണ്ടാകാം ഇവിടെ മറ്റൊരു സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചര്‍ച്ചപോലും യുഡിഎഫില്‍ നിന്നുണ്ടായില്ല. ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞ ചരിത്രമുള്ള ഹരിപ്പാട് ഇക്കുറിയും രമേശ് ചെന്നിത്തലയിലൂടെ യുഡിഎഫിന് സല്യൂട്ടടിക്കുമോ? രാഷ്ട്രീയ കേരളത്തിന്റെ കണ്ണുകള്‍ ഹരിപ്പാട്ടേയ്ക്ക് ഉറ്റു നോക്കുകയാണ്.
ഹരിപ്പാട് സീറ്റ് സപിഐയ്ക്ക് നല്‍കണോ സിപിഎം ഏറ്റെടുക്കണമോ എന്ന വിഷയത്തില്‍ ഇതുവരെ എല്‍ഡിഎഫില്‍ തീരുമാനമായിട്ടില്ല. നിലവില്‍ സിപിഐയുടെ കൈയിലുള്ള സീറ്റ് വാങ്ങി പകരം ജില്ലയിലെ മറ്റേതെങ്കിലും സീറ്റ് അവര്‍ക്ക് നല്‍കാനാണ് സിപിഎം. ആലോചന. അതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയം നീളും. രമേശിനെ മുട്ടുകുത്തിക്കാന്‍ പറ്റുന്ന ഒരാളെത്തന്നെ ഇവിടെ ഇറക്കാന്‍ കൂടിയാണ് സീറ്റുവെച്ചുമാറുന്നതിനെക്കുറിച്ച് സിപിഎം ആലോചിക്കാന്‍ കാരണം.

കാര്‍ത്തികപ്പള്ളി താലൂക്കിന്റെ സിംഹ ഭാഗവും ഉള്‍പ്പെടുന്നതാണ് ഹരിപ്പാട് നിയോജകമണ്ഡലം. കയര്‍ കഴിഞ്ഞാല്‍ മത്സ്യബന്ധനാണ് ഇവിടുത്തെ പ്രധാന ജീവനോപാധി. ഇവിടെ തൊഴിലാളികള്‍ക്ക് മുന്‍തൂക്കമുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍, നിയമ സഭാ തിരഞ്ഞെടുപ്പുകളില്‍ പലപ്പോഴും ഇത് പ്രതിഫലിക്കാറില്ല. ഇരുമുന്നണിയെയും മാറിമാറി വിജയപ്പിച്ച ചരിത്രമാണ് ഹരിപ്പാടിന്.
കേരള പിറവിക്ക് ശേഷം നടന്ന 14 തിരഞ്ഞെടുപ്പുകളില്‍ (ഒരെണ്ണം ഉപതിരഞ്ഞെടുപ്പ്) എട്ടെണ്ണത്തിലും കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിക്കായിരുന്നു വിജയം. ഇടതു പക്ഷത്തിന് ആറും. ഇതില്‍ 13 തിരഞ്ഞെടുപ്പുകളിലും വിജയിച്ചവരുടെ ഭൂരിപക്ഷം 5000 ല്‍ താഴെയോ അതിനടുത്തോ ആയിരുന്നെന്നതും ശ്രദ്ധേയമാണ്. ആര്‍ക്കും കുത്തക അവകാശപ്പെടാനാകില്ലെന്ന് സാരം. ഇടതു പക്ഷത്തെ തുണയ്ക്കുന്നതിനൊപ്പം യുഡിഎഫിനോട് മൃദുസമീപനം പുലര്‍ത്തുന്ന മണ്ഡലമാണിതെന്നും പറയാം.
2011ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐയിലെ ജി കൃഷ്ണപ്രസാദിനെ 5520 വോട്ടിനാണ് രമേശ് ചെന്നിത്തല തോല്‍പ്പിച്ചത്. അടിയൊഴുക്കുകളും കാലുവാരലുകളും അതിജീവിച്ചായിരുന്നു ചെന്നിത്തലയുടെ വിജയം. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഹരിപ്പാട് മണ്ഡലം യുഡിഎഫിനൊപ്പം നിന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലും ആ വിജയം ആവര്‍ത്തിക്കാന്‍ യുഡിഎഫിനായി. പുതുതായി രൂപംകൊണ്ട ഹരിപ്പാട് നഗരസഭയില്‍ 29 ല്‍ 22 സീറ്റും യു.ഡി.എഫ് നേടി. 10 ഗ്രാമ പഞ്ചായത്തുകളില്‍ രണ്ടിടത് മാത്രമാണ് എല്‍ഡിഎഫിന് ഭരണം. ഇതിലൊരിടത്ത് ഇരുമുന്നണികള്‍ക്കും സീറ്റ് നില തുല്യവും. അവിടെ നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫിന് ഭരണം കിട്ടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയുടെ ഭൂരിപക്ഷം 5520 വോട്ടായിരുന്നെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കണക്കെടുക്കുമ്പോള്‍ 12000 വോട്ടിലധികം യുഡിഎഫിന് മുന്‍തൂക്കമുണ്ട്.
സിപിഐയ്ക്ക് തന്നെ സീറ്റ് നല്‍കാന്‍ എല്‍ഡിഎഫില്‍ തീരുമാനമുണ്ടായാല്‍ മുന്‍ എംപി ടിജെ ആഞ്ചലോസ്, ജി കൃഷ്ണപ്രസാദ്, സി അനീഷ് എന്നിവരുടെ പേരാണ് പരിഗണനയില്‍. എന്‍ഡിഎയും ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.












Click it and Unblock the Notifications