മാറിയും മറിഞ്ഞും നാട്ടിക... പ്രിയമെന്നും ഇടതിനോട്; പക്ഷേ പ്രതാപന്‍ വന്നപ്പോള്‍!!!
ഒരു കാലത്ത് ഇടതുകോട്ടയെന്ന് വിശേഷിപ്പിച്ചിരുന്നതാണ് നാട്ടിക മണ്ഡലത്തെ. ടിഎന്‍ പ്രതാപനിലൂടെ നാട്ടിക യുഡിഎഫ് തിരിച്ച് പിടിച്ചു. പ്രചാരണത്തിന് പുതിയ സമവാക്യങ്ങള്‍ കണ്ടെത്തിയും പൊതുരംഗത്ത് സജീവമായും പത്ത് വര്‍ഷം നാട്ടികയിലെ താരമായി പ്രതാപന്‍. 2011 ല്‍ മണ്ഡലം പുനര്‍നിര്‍ണ്ണയിച്ചതോടെ സംവരണ സീറ്റായി. ആദ്യജയം സിപിഐക്ക്. ഒരു തിരിച്ച് പിടിക്കല്‍ കൂടിയായിരുന്നു ഇത്. 2016 ല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വ്യക്തമായില്ലെങ്കിലും ആരോടൊപ്പം നില്‍ക്കുമെന്നതിലെ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നു.
ചേര്‍പ്പ് നിയോജക മണ്ഡലത്തിലായിരുന്ന താന്ന്യം, ചാഴൂര്‍, ചേര്‍പ്പ്, പാറളം, അവിണിശ്ശേരി പഞ്ചായത്തുകളും മണലൂര്‍ മണ്ഡലത്തിലെ അന്തിക്കാട് പഞ്ചായത്തും നാട്ടിക, തളിക്കുളം, വലപ്പാട് എന്നിവയും ചേരുന്നതാണ് നാട്ടികയുടെ പുതിയ രൂപം. സിപിഐ. സ്ഥാനാര്‍ത്ഥിയായിരുന്ന ഗീത ഗോപിയും സിഎംപിയിലെ വികാസ് ചക്രപാണിയും തമ്മിലായിരുന്നു കഴിഞ്ഞ തവണ മത്സരം. ഗീത ഗോപി 16054 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്.

ഇത്തവണയും ഗീത ഗോപി മത്സര രംഗത്തുണ്ടാകുമെന്ന സൂചനകളാണ് ലഭിക്കുന്നത്. യുഡിഎഫ് ഈ സിറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിക്കും. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി ദാസന്‍, കെപിസിസി.സെക്രട്ടറി എന്‍കെ സുധീര്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നിട്ടുള്ളത്. എന്‍ഡിഎയുടെ ഭാഗമായി നാട്ടിക സീറ്റില്‍ ബിഡിജെഎസ്. സ്ഥാനാര്‍ഥിയാണ് മത്സരിക്കുക.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം മണ്ഡലത്തില്‍ ഇടതുമുന്നണിക്കാണ് മുന്‍തൂക്കം. ലോകസഭ തിരഞ്ഞെടുപ്പില്‍ 13965 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ നിന്ന് ലഭിച്ചത്. എല്‍ഡിഎഫിന് 60013 വോട്ട് ലഭിച്ചപ്പോള്‍ യുഡിഎഫിന് ലഭിച്ചത് 46048 വോട്ടുകളാണ്. ബിജെപി. 16785 വോട്ട് നേടി. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ അഞ്ച് പഞ്ചായത്തില്‍ എല്‍ഡിഎഫും, നാട്ടികയില്‍ യു.ഡി.എഫും വ്യക്തമായ ഭൂരിപക്ഷം നേടി. അവിണിശ്ശേരിയില്‍ ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. രണ്ട് പഞ്ചായത്തുകളില്‍ രണ്ട് മുന്നണികള്‍ക്കും വ്യക്തമായ ഭൂരിപക്ഷവും ലഭിച്ചിട്ടില്ല.












Click it and Unblock the Notifications