കാത്തുസൂക്ഷിച്ചൊരു പേരാമ്പ്ര മണ്ഡലം കാക്ക കൊത്തി പോകുമോ...?
അതൊരു മുന്നൊരുക്കമാണ്. പക്ഷികള്‍ അടയിരിക്കാറാവുമ്പോഴേയ്ക്കും ചിള്ളിയും കൊള്ളിയുമൊക്കെ കൊത്തി കൂടുകള്‍ മെനയുന്നതു കണ്ടില്ലേ..? ഏതാണ്ട് അതുപോലൊരു മുന്നൊരുക്കമായിരുന്നു പേരാമ്പ്രയില്‍ അഡ്വ. മുഹമ്മദ് ഇഖ്ബാലിന്റേത്. ആള് ഇന്നാട്ടുകാരനേയല്ല. കോട്ടയത്തുനിന്ന് കെഎം മാണി നൂലില്‍കെട്ടി ഇറക്കിയതാണ്. കോഴിക്കോട് ജില്ലയില്‍ കേരള കോണ്‍ഗ്രസിനു ലഭിക്കുന്ന ഏക മണ്ഡലത്തില്‍ രണ്ടിലയില്‍ ചോറുണ്ണാന്‍. അങ്ങനെ ആദ്യമായി പേരാമ്പ്രയിലെത്തിയപ്പോള്‍ ഇഖ്ബാല്‍ പൂര്‍ണമായും അപരിചിതന്‍. പോരെങ്കില്‍ പേരാമ്പ്ര ഇടതു കോട്ടയും. അങ്ങനെ ചെറുതല്ലാത്തൊരു ഭൂരിപക്ഷത്തില്‍ പുള്ളിക്കാരന്‍ വൃത്തിയായങ്ങടു തോറ്റു- സിപിഎമ്മിലെ കെ. കുഞ്ഞമ്മദ് മാസ്റ്ററോട് 15,269 വോട്ടിന്.

ഇതു പഴയകഥ. ഇന്ന് മുഹമ്മദ് ഇഖ്ബാലിനെ ചിലപ്പോള്‍ കോട്ടയത്തുകാരെക്കാള്‍ വെടിപ്പായി പേരാമ്പ്രക്കാര്‍ക്കറിയാം. കഴിഞ്ഞ തോല്‍വിക്കു ശേഷം ഇഖ്ബാല്‍ മണ്ഡലം വിട്ടുപോയതേയില്ല. പേരാമ്പ്രയുടെ മുക്കുമൂലകളില്‍, പൊതുപരിപാടികളില്‍, ചടങ്ങുകളില്‍,.. എല്ലായിടത്തും ഇഖ്ബാലിനെ കാണാം. മരണവീടുകളിലും വിവാഹവീടുകളിലും അദ്ദേഹം ഓടിച്ചെന്നു. റോഡുകള്‍ക്ക് ഫണ്ട് ലഭ്യമാക്കാന്‍ തിരുവനന്തപുരത്തേയ്ക്കു നിരന്തരം ചെന്നു. കോളനികല്‍ നവീകരിക്കാന്‍ അവിടെപ്പോയി പണമെത്തിച്ചു. കാരുണ്യ ബെനവലന്റ് ഫണ്ടുകള്‍ ലഭ്യമാക്കി. എന്നുവേണ്ട, എല്ലാറ്റിനും മുന്നിലുണ്ടായിരുന്നു ഇഖ്ബാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം, ഒരുവേള മണ്ഡലത്തിലെ എംഎല്‍എയെക്കാള്‍ മുന്‍പന്തിയില്‍. എല്ലാം എന്തിനു വേണ്ടി.... എന്തിനുവേണ്ടി... ഊഹിക്കാവുന്നതല്ലേയുള്ളൂ. അതുകൊണ്ടാണ് ഇത്തവണയെങ്കിലും സീറ്റ് കേരളാ കോണ്‍ഗ്രസില്‍നിന്നു തിരിച്ചെടുക്കണമെന്ന പതിവു പല്ലവി പോലും ആവര്‍ത്തിക്കാത്തത്.
പക്ഷെ, കോണ്‍ഗ്രസും ലീഗും കനിഞ്ഞിട്ടെന്താ.. പാര്‍ട്ടി കനിയുമോ എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. കെഎം മാണിയുടെ സ്വന്തക്കാരനാണ് ഇഖ്ബാല്‍. പക്ഷെ, മാണിക്കിപ്പൊ പാര്‍ട്ടിയില്‍ പഴയത്ര പിടിയില്ലല്ലോ. ഈ സമയം നോക്കി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പിടി ജോസ് പിടിമുറുക്കാന്‍ തുടങ്ങിയിരിക്കുന്നു. മലബാറില്‍നിന്നുള്ള പാര്‍ട്ടിയുടെ ഏക ജനറല്‍ സെക്രട്ടറിയാണ് ജോസ്. അതുകൊണ്ട് തള്ളാന്‍ പാര്‍ട്ടിക്കും പ്രയാസം. അഞ്ചുകൊല്ലത്തെ ഹോംവര്‍ക്കുകൊണ്ട് ഇഖ്ബാലിനു നേടാന്‍ കഴിയാത്തത് പുല്ലുപോലെ പാര്‍ട്ടി സ്ഥാനം വച്ച് ജോസ് നേടിയെടുക്കാന്‍ സാധ്യതയുണ്ടെന്നു ചുരുക്കം. ബാക്കി കാത്തിരുന്നു കാണാം.
കുറ്റ്യാടി, നെല്ല്യാടി പുഴകള്‍ അതിരിടുന്ന പേരാമ്പ്ര മണ്ഡലം മൂന്നു പതിറ്റാണ്ടായി ഇടതുമുന്നണിയുടെ ഉറച്ച കോട്ടകളിലൊന്നാണ്. ചങ്ങരോത്ത്, ചക്കിട്ടപ്പാറ, കൂത്താളി, പേരാമ്പ്ര, നൊച്ചാട്, അരിക്കുളം, ചെറുവണ്ണൂര്‍ മേപ്പയ്യൂര്‍, തുറയൂര്‍, കീഴരിയൂര്‍ എന്നിവയാണ് മണ്ഡലത്തിലെ പഞ്ചായത്തുകള്‍. 1957നുശേഷം നടന്ന 13 തെരഞ്ഞെടുപ്പുകളില്‍ 11 തവണയും ഇടതുമുന്നണിക്കൊപ്പമായിരുന്നു മണ്ഡലം. കേരളപ്പിറവിക്കു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എം കുമാരനായിരുന്നു മണ്ഡലത്തിലെ ആദ്യ എംഎല്‍എ. 1960ല്‍ കുമാരനെ തോല്‍പ്പിച്ച് പിഎസ്പിയിലെ പികെ നാരായണന്‍ നമ്പ്യാര്‍ എംഎല്‍എയായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷമുള്ള 1965ലെ വാശിയേറിയ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് സിപിഎമ്മിലെ വിവി ദക്ഷിണാമൂര്‍ത്തി. 1970ല്‍, ജനകീയനായ ഡോ കെജി അടിയോടിയെ രംഗത്തിറക്കിയ കോണ്‍ഗ്രസ് ലക്ഷ്യം കണ്ടു. തോല്‍പ്പിച്ചത് മൂര്‍ത്തിയെത്തന്നെ.
അടിയോടി കല്‍പ്പറ്റയിലേയ്ക്കു മാറിയതോടെ 1977ല്‍ മണ്ഡലം കേരള കോണ്‍ഗ്രസിനു നല്‍കി. ആ വര്‍ഷം മൂര്‍ത്തിയോട് ഏറ്റമുട്ടിയത് കെസി ജോസഫ്. മൂര്‍ത്തിയുടെ രണ്ടാം പരാജയം. എന്നാല്‍, 1980ല്‍ ദക്ഷിണാമൂര്‍ത്തിയിലൂടെ മണ്ഡലം തിരിച്ചുപിടിച്ച ഇടതിന് പിന്നെ പരാജയം രുചിക്കേണ്ടിവന്നതേയില്ല. 1982ലും 87ലും സിപിഎമ്മിലെ എകെ പത്മനാഭന്‍ മാസ്റ്റര്‍ വിജയിച്ചു. 1991ലും 96ലും എന്‍കെ രാധയും 2001ല്‍ ടിപി രാമകൃഷ്ണനും പേരാമ്പ്രയെ പ്രതിനിധീകരിച്ചു. 2006ല്‍ വിജയിച്ച കെ. കുഞ്ഞമ്മദ് മാസ്റ്റര്‍ 2011ല്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചു. ഇനിയാരൊക്കെ തമ്മില്‍ ഏറ്റുമുട്ടും, സുപരിചിതരോ അപരിചിതരോ..? ഇരുപക്ഷത്തും നിശ്ചയമായിട്ടില്ല ഒന്നിനും.












Click it and Unblock the Notifications