ലീഗിന്റെ ഉരുക്കു കോട്ടയില്‍ ചെങ്കൊടി പാറുമോ?പിടി തരാതെ തിരൂര്‍
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഴുത്തച്ഛന്റെ മണ്ണില്‍ പച്ചക്കൊടി തന്നെ പാറുമോ അതോ ചെങ്കൊടി ഉയരുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. ലീഗിന്റെ ഉറച്ച കോട്ടയെന്ന വിളിപ്പേരുണ്ടെങ്കിലും അതിനൊക്കെ മാറ്റം കണ്ടു തുടങ്ങിയെന്നാണ് ഇടതുപക്ഷം വിശ്വസിക്കുന്നത്.
ഇത്തവണത്തെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതും അത് തന്നെയാണെന്ന് എല്‍ഡിഎഫ് കരുതുന്നു. കടുത്ത മത്സരത്തിലൂടെ തിരൂര്‍ നഗരസഭയും തലക്കാട് പഞ്ചായത്തും എല്‍ഡിഎഫ് വിജയച്ചിരുന്നു.എന്നാല്‍ ഇതൊന്നും തങ്ങളുടെ കോട്ടയ്ക്ക് ഇളക്കം തട്ടിച്ചതായി കരുതാനാകില്ലെന്ന് മുസ്ലീം ലീഗും പറയുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 23,566 വോട്ടുകളുടെ വമ്പന്‍ ഭൂരിപക്ഷത്തിലാണ് സി മമ്മുട്ടി എല്‍ഡിഎഫില്‍ നിന്ന് മണ്ഡലം തിരിച്ച് പിടിച്ചത്. സി മമ്മുട്ടി തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥി. 2006ല്‍ എല്‍ഡിഎഫിലെ പിപി അബ്ദുളളക്കുട്ടി 8680 വോട്ടിന്റെ കന്നി വിജയം നേടിയിരുന്നു. പൊതുസമ്മതനായ സ്വതന്ത്രനെ നിര്‍ത്തി ഈ വിജയത്തിന്റെ ബാക്കി പത്രം ആവര്‍ത്തിക്കാനുളള തയ്യാറെടുപ്പിലാണ് എല്‍ഡിഎഫ്.
എന്നാല്‍ പിപി അബ്ദുളളക്കുട്ടി നേടിയ വോട്ടിന്റെ മൂന്നിരട്ടി ഭൂരിപക്ഷത്തിലാണ് 2011ല്‍ സി മമ്മുട്ടി വിജയിച്ചത്. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലാണ് തിരൂര്‍ ഉള്‍പ്പെടുന്നത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരൂര്‍ മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീറിന് 7245 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. ഇടിക്ക് 63,711 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥിയായ എല്‍ഡിഎഫിലെ വി അബ്ദുറഹ്മാന് 56,466 വോട്ടും ലഭിച്ചു. ബിജെപി യിലെ കെ നാരായണന് 6860 വോട്ടും എസ്ഡിപിഐയുടെ ഇഖ്‌റാമുല്‍ഹഖിന് 3988 വോട്ടും ലഭിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച വി അബ്ദുറഹ്മാന്‍ തന്നെ ഇത്തവണ എല്‍ഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തിരൂരില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2006 ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫും ഇനിയൊരിക്കലും തങ്ങളുടെ കോട്ട കൈ വിടില്ലെന്ന ഉറപ്പോടെ യുഡിഎഫും കടുത്ത മത്സരം കാഴ്ചവെയ്ക്കുമെന്നുറപ്പ്.












Click it and Unblock the Notifications