പെണ്‍ ഒരുമൈ ഇഫക്ടിന്റെ ആശങ്കയില്‍ ദേവികുളം ... വോട്ട് ചോരുക ആര്‍ക്ക്?
തേയിലക്കാട് ഇറങ്ങി വന്ന പെണ്‍പട മുള്‍മുനയില്‍ നിര്‍ത്തിയ മൂന്നാര്‍ അടങ്ങുന്ന ദേവികുളത്തേക്ക് വീണ്ടുമൊരു തിരഞ്ഞെടുപ്പെത്തുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആശങ്കയിലാണ്. പെമ്പിളൈ ഒരുമൈ ഇഫക്ട് ഇപ്പോഴും മൂന്നാര്‍ തോട്ടങ്ങളില്‍ നിലനില്‍ക്കുന്നുണ്ടോ?
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നാര്‍ പഞ്ചായത്തിലെ രണ്ടു സീറ്റും ദേവികുളം ബ്ലോക്കില്‍ ഒരു സീറ്റും ഇവര്‍ നേടി. എന്നാല്‍ ആദ്യമുണ്ടായിരുന്ന ഒരുമ ഇപ്പോള്‍ പെണ്‍പടക്കില്ല. അതാണ് മുഖ്യധാരാ കക്ഷികള്‍ക്ക് കുറച്ച് ആശ്വാസം പകരുന്നത്. അതു കൊണ്ടാണ് പെണ്‍കൂട്ടം ഒരിക്കല്‍ സമരപ്പന്തലില്‍ നിന്നും തുരത്തിവിട്ട എസ് രാജേന്ദ്രനെ തന്നെ സിപിഎം മൂന്നാം ഊഴത്തിനിറക്കുന്നതും.

സുന്ദരിയായ മൂന്നാര്‍, മറയൂര്‍ ചന്ദനക്കാടുകള്‍, പിന്നെ ശീതകാല പച്ചക്കറിയുടെ കേന്ദ്രമായ കാന്തല്ലൂര്‍, കൃഷിമേഖലയായ വട്ടവട എന്നിങ്ങനെ വ്യത്യസ്തതകളുളള പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളം അടിമാലി മുതല്‍ വ്യാപിച്ചുകിടക്കുന്നു. തമിഴ് വോട്ടര്‍മാര്‍ക്ക് വലിയ സ്വാധീനമുള്ള മണ്ഡലം. വോട്ടര്‍മാരില്‍ 60 ശതമാനത്തോളം തമിഴ് വംശജര്‍. അതുകൊണ്ട് എഐഎഡിഎംകെ അവിടെ മെല്ലെ വേരുപിടിച്ചുവരുന്നുമുണ്ട്. ജില്ലയില്‍ എഐഎഡിഎംകെക്ക് ലഭിച്ച മൂന്ന് ഗ്രാമപ്പഞ്ചായത്തുകളില്‍ രണ്ടും ദേവികുളം മണ്ഡലത്തിലാണ്.
1965ല്‍ മണ്ഡലം രൂപീകൃതമായ ശേഷം നടന്നത് 12 തെരഞ്ഞെടുപ്പ്. ഏഴു തവണ സിപിഎമ്മും അഞ്ചു തവണ കോണ്‍ഗ്രസും വിജയിച്ചു. തമിഴ് വിഭാഗങ്ങളായ പള്ളര്‍, പറയര്‍ സമുദായങ്ങള്‍ക്കാണ് മുന്‍തൂക്കം. രണ്ടുതവണയായി സിപിഎമ്മിലെ എസ് രാജേന്ദ്രനാണ് ജയിക്കുന്നത്.
1965ലെ ആദ്യ തെരഞ്ഞെടുപ്പിലും സിപിഎമ്മിനായിരുന്നു വിജയം. കോണ്‍ഗ്രസിലെ ടി മുരുകേശനെ തോല്‍പ്പിച്ചത് ജി വരദന്‍. ഭൂരിപക്ഷം 989. എന്നാല്‍ 1967ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഈ സീറ്റ് പിടിച്ചെടുത്തു. ജി വരദനെ 288 വോട്ടുകള്‍ക്ക് എന്‍ ഗണപതി തോല്‍പ്പിച്ചു.1970ല്‍ വരദന്‍ വീണ്ടും മണ്ഡലം തിരിച്ചുപിടിച്ചു. സിറ്റിങ് എംഎല്‍എ ഗണപതിയെ 2889 വോട്ടുകള്‍ക്ക് അദ്ദേഹം തറപറ്റിച്ചു.
എന്നാല്‍ 1977ല്‍ വരദന്‍ വീണ്ടും തോറ്റു. കോണ്‍ഗ്രസിലെ കന്നിക്കാരനായ കിട്ടപ്പനാരായണ സ്വാമി 8399 വോട്ടുകള്‍ക്കാണ് ജയം കണ്ടത്. റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെ(16395) വരദന്‍ മണ്ഡലം തിരിച്ചുപിടിക്കുന്നതാണ് 1980ല്‍ കണ്ടത്. യുഡിഎഫ് സ്വതന്ത്രനായ പിഎ പ്രകാശനായിരുന്നു സ്ഥാനാര്‍ഥി. 1982ലും വരദന്‍ വിജയം ആവര്‍ത്തിച്ചു. എന്നാല്‍ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു(146).
1987ലും സിപിഎം വിജയം നേടി. ഇത്തവണ എസ് സുന്ദരമാണിക്യമായിരുന്നു സ്ഥാനാര്‍ഥി. 1991 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ കോണ്‍ഗ്രസിലെ എകെ മണി ഇവിടെനിന്ന് ജനപ്രതിനിധിയായി. എന്നാല്‍ 2006ല്‍ എസ് രാജേന്ദ്രനെന്ന യുവനേതാവിലൂടെ സിപിഎം സീറ്റ് തിരിച്ചുപിടിച്ചു. 5887 വോട്ടിന് എകെ മണിയെ രാജേന്ദ്രന്‍ തോല്‍പ്പിച്ചു .2011ലും രാജേന്ദ്രന്‍ വിജയം ആവര്‍ത്തിച്ചു. 4078 വോട്ടിന് മണിയെത്തന്നെയാണ് തോല്‍പ്പിച്ചത്.
1996 മുതല്‍ ബി.ജെ.പി.ഇവിടെ മത്സരിക്കുന്നുണ്ട്. 96ല്‍ 2333, 2001ല്‍ 3659, 2006ല്‍ 2787, 2011ല്‍ 3582 എന്നിങ്ങനെയാണ് അവര്‍ നേടിയ വോട്ട്.
12 പഞ്ചായത്തുകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് യുഡിഎഫ് ഭരണമുളളത്. അടിമാലി, മറയൂര്‍, മൂന്നാര്‍, പളളിവാസല്‍, ബൈസണ്‍വാലി പഞ്ചായത്തുകളാണ് യുഡിഎഫിനെ തുണച്ചത്. കാന്തല്ലൂര്‍, മാങ്കുളം, വട്ടവട, വെള്ളത്തൂവല്‍, ചിന്നക്കനാല്‍, ദേവികുളം, ഇടമലക്കുടി എന്നിവ എല്‍ഡിഎഫിനൊപ്പമാണ്.
എകെ മണി തന്നെ വീണ്ടും രാജേന്ദ്രനെ നേരിടുമെന്നാണ് സൂചന. ഡി കുമാറിനെയും ഇവിടെ യുഡിഎഫ് പരിഗണിക്കുന്നുണ്ട്.












Click it and Unblock the Notifications