കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഐസിസി സെക്രട്ടറിയായി ശ്രീനിവാസന്‍... രാഹുല്‍ കെട്ടിയിറക്കട്ടെ; ആരും അധീരരാവേണ്ട കാര്യമില്ല!!

  • By Muralidharan
Google Oneindia Malayalam News

എം ബിജുശങ്കര്‍

മാധ്യമപ്രവർത്തകൻ. മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ ബഹ്റൈൻ ന്യൂസ് എഡിറ്ററായിരുന്നു.

ശ്രീനിവാസന്‍ എന്നൊരാള്‍ എ ഐ സി സി സെക്രട്ടറിയായി പ്രത്യക്ഷപ്പെട്ട വിവരം കേട്ട് ഞെട്ടിയത് ഒരേ ഒരു കോണ്‍ഗ്രസ്സുകാരനാണ്. ആദര്‍ശ ധീരനായ വി എം സുധീരന്‍മാത്രം. യഥാര്‍ഥത്തില്‍ സുധീരനു ഞെട്ടാന്‍മാത്രം ഒന്നും ഇക്കാര്യത്തില്‍ സംഭവിച്ചിട്ടില്ല. താന്‍ വ്യത്യസ്ഥനാണെന്നു വരുത്തി തീര്‍ക്കാനുള്ള അദ്ദേഹത്തിന്റെ ഗിമ്മിക്കുകളില്‍ ഒന്നുമാത്രമായി ഈ ഞെട്ടലിനെ ഗണിക്കാവുന്നതാണ്.

ഇന്ദിര മുതൽ മോദി വരെ... പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ അടിയന്തിരാവസ്ഥകള്‍.. എം ബിജുശങ്കര്‍ എഴുതുന്നുഇന്ദിര മുതൽ മോദി വരെ... പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ അടിയന്തിരാവസ്ഥകള്‍.. എം ബിജുശങ്കര്‍ എഴുതുന്നു

ശ്രീനിവാസന്‍ പോസ്റ്റര്‍ ഒട്ടിക്കുകയും തല്ലുകൊള്ളുകയും ചെയ്തിട്ടുണ്ടോ എന്ന ചോദ്യം ഒട്ടും പ്രസക്തമല്ല കോണ്‍ഗ്രസ്സില്‍. ഇന്തിരാഗാന്ധി വധിക്കപ്പെടുമ്പോള്‍ വെറും പൈലറ്റായിരുന്നു രാജീവ് ഗാന്ധിക്ക് അതി ഗംഭീര നേതാവായി വാഴാന്‍ കഴിഞ്ഞു എന്നതു കോണ്‍ഗ്രസ് കാത്തു സൂക്ഷിക്കുന്ന ജനാധിപത്യ സങ്കല്‍പ്പത്തിന്റെ ശക്തിയാണ്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ നേതൃത്വമേറ്റെടുക്കാന്‍ സോണിയാ ഗാന്ധിയോടഭ്യര്‍ഥിക്കാന്‍ ആ വിശാല ജനാധിപത്യം പാര്‍ട്ടിക്കു വഴികാട്ടി. ഒന്നു സമ്മതം മൂളിയാല്‍ പ്രിയങ്ക വധേര സമുന്നതയായ നേതാവായി വാഴേണ്ട പാര്‍ട്ടിയാണിത്.

എന്തിനാണ് ആകുലപ്പെടുന്നത്?

എന്തിനാണ് ആകുലപ്പെടുന്നത്?

'ഇതൊരു ജനാധിപത്യ പാര്‍ട്ടിയാണെ'ന്നതാണ് എക്കാലത്തും കോണ്‍ഗ്രസ്സിന്റെ ശക്തി. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി തല്ലുണ്ടാക്കാനും മുണ്ടുരിയാനും എന്തും വിളിച്ചു പറയാനും ഈ ജനാധിപത്യം അവകാശം നല്‍കുന്നു. പാര്‍ട്ടി സംഘട കെട്ടിപ്പടുക്കുന്ന പ്രക്രിയയുമായി ഈ ജനാധിപത്യ സങ്കല്‍പത്തിനു വലിയ ബന്ധമൊന്നുമില്ല. പാര്‍ട്ടി ഭാരവാഹികളെ കെട്ടിയിറക്കുന്നതും നോമിനേറ്റു ചെയ്യുന്നതും നിയമിക്കുന്നതുമെല്ലാം ആ ജനാധിപത്യ സങ്കല്‍പ്പത്തിന് അലങ്കാരമാണ്. എന്നിട്ടും ഈ സുധീര ധീരന്‍ ഇപ്പോള്‍ ആകുലപ്പെടുന്നത് എന്തിനാണെന്നു മനസ്സിലാവുന്നില്ല.

കഴിവുള്ളവരെ കണ്ടെത്തി രാഷ്ട്ര സേവനത്തിനു വിനിയോഗിക്കുന്ന രാഹുല്‍ ഗാന്ധിയുടെ തന്ത്രത്തെ കുറ്റപ്പെടുത്താനാവില്ല. ശശീ തരൂരിനെ പോലുള്ളവര്‍ ബ്യൂറോക്രസിയില്‍ നിന്നു നേരിട്ടെത്തി ഔന്നത്യങ്ങളില്‍ എത്തിയപ്പോള്‍ ആരെങ്കിലും വൈക്ലഭ്യം ഭാവിച്ചിരുന്നില്ല.
പോസ്റ്റര്‍ ഒട്ടിച്ചും സമരം ചെയ്തും തല്ലുകൊണ്ടും മാത്രമല്ല ഒരാള്‍ കഴിവു നേടുന്നതും രാഷ്ട്രീയ നേതൃത്വത്തില്‍ എത്തുന്നതും. വിമാനം പറത്താന്‍ കഴിയുന്നത് രാഷ്ട്രത്തെ പറത്താനുള്ള നല്ല യോഗ്യയാവുന്നതു പോലെ, ബിസിനസ്സ് സാമ്രാജ്യം നയിക്കാനുള്ള നൈപുണ്യം രാഷ്ട്രീയത്തില്‍ വിനിയോഗിക്കുന്നത് എങ്ങനെ തെറ്റാവും??

ശ്രീനിവാസന് ഇത് പുതിയ കാര്യമല്ല

ശ്രീനിവാസന് ഇത് പുതിയ കാര്യമല്ല

1995ല്‍ കെ കരുണാകരന്‍ കേന്ദ്ര വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാവുക എന്നത് കോണ്‍ഗ്രസ്സില്‍ ചെറിയ കാര്യമല്ല. അങ്ങിനെ കടന്നു വന്ന ശ്രീനിവാസന് അതു തന്നെ വലിയ പാരമ്പര്യമാണല്ലോ. പിന്നീട് ഡല്‍ഹിയില്‍ വേരുറപ്പിച്ചു. അതുവഴി രാഹുല്‍, പ്രിയങ്ക, റോബര്‍ട്ട് വധേര എന്നിവരുടെ ഉറ്റ ചങ്ങാതിയായി മാറുക എന്നതും അധികമാര്‍ക്കും സാധ്യമാവാത്ത പാടവം തന്നെയാണ്. കൊച്ചിയില്‍ നിന്നു നെയ്മീന്‍ കൊണ്ടുപോകുന്നതിനേക്കാള്‍ എത്രയോ മടങ്ങ് മെയ്‌വഴക്കം ആവശ്യമുള്ള ശേഷി അതിനാവശ്യമാണ്.

ദില്ലിയില്‍ ചങ്ങാത്തമുണ്ടാക്കുക മാത്രമല്ല റോബര്‍ട്ട് വധേയുടെ ബിസ്സിനസ് പങ്കാളിയായിവരെ വളരുകയെന്നാല്‍, ആ ബുദ്ധി കൂര്‍മത ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിനിയോഗിക്കേണ്ടതു തന്നെയാണ്. അനേകം കമ്പനികള്‍ ഉണ്ടാവുക അതിന്റെയെല്ലാം ഡയറക്ടറായിരിക്കുക എന്നതൊന്നും ചെറിയ കാര്യമല്ല. ഡല്‍ഹിയില്‍ ഇതിനെല്ലാം സഹായിക്കുന്ന രക്ഷിതാക്കളുണ്ടാവുക എന്നത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ചേടുത്തോളം ജനാധിപത്യത്തിന്റെ ഉത്തുംഗ ശൃംഗമാണ്.

കോണ്‍ഗ്രസ് മുക്ത ഭാരതം ഇപ്പോഴുമുണ്ടോ?

കോണ്‍ഗ്രസ് മുക്ത ഭാരതം ഇപ്പോഴുമുണ്ടോ?

ദില്ലിയില്‍ വേരുള്ളവന് കേരളത്തില്‍ കാലുകുത്തന്‍ ഒരു തറവേണം. ചില എ ഐ സി സി വക്താക്കളൊക്കെ സ്ഥാനാര്‍ഥി ടിക്കറ്റുമായി പൊടന്നനെ കാലുകുത്താന്‍ ശ്രമിച്ചിട്ടു നടക്കാത്തതാണ്. കേരളത്തില്‍ ഏതെങ്കിലും ഒരു ഗ്രൂപ്പുമായി ഒട്ടി നില്‍ക്കാനുള്ള കുതന്ത്രം കൂടി വശമുണ്ടെന്നതാണു ശ്രീനിവാസന്റെ വിജയം. ലീഡറുമായുള്ള പൂര്‍വ ബന്ധം ഉള്ളതും അദ്ദേഹം ഫലപ്രദമായി വിനിയോഗിച്ചു.

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണു ബി ജെ പി മോഡി തരംഗം സൃഷ്ടിച്ചത്. മോഡിയുടെ മുഖം മൂടി അഴിഞ്ഞു വീഴുകയും ഊതിവീര്‍പ്പിച്ച പ്രഭാവം കെട്ടടങ്ങുകയും ചെയ്തതോടെ സംഘ കേന്ദ്രങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്‌നം കാണുന്നുണ്ടോ എന്നറിയില്ല.

കോൺഗ്രസിന്റെ സംഘടനാ പരമായ ദൗര്‍ബല്യം

കോൺഗ്രസിന്റെ സംഘടനാ പരമായ ദൗര്‍ബല്യം

അതിജീവനത്തിനായി പോരാടുന്ന കോണ്‍ഗ്രസിന് ഏറ്റവും വലിയ തടസ്സം അതിന്റെ സംഘടനാ പരമായ ദൗര്‍ബല്യമാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന, കെട്ടിയിറക്കലാണ് ജനാധിപത്യം എന്ന ധാരണ ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ കോണ്‍ഗ്രസ്സ് സ്വീകരിച്ചുവരുന്നു. 1969 ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ അണികള്‍ ഇന്ദിരക്കൊപ്പവും സംഘടനാ സംവിധാനം സിന്‍ഡിക്കേറ്റ് നേതാക്കള്‍ക്കൊപ്പവുമായിരുന്നു.

ഈ ഘട്ടത്തില്‍ ജനാധിപത്യ രീതിയില്‍ ഒരു പാര്‍ട്ടി സംഘടന കെട്ടിപ്പടുക്കുന്നതിനു പകരം തന്നോടുകൂറു പുലര്‍ത്തുന്നവര്‍ക്കു സ്ഥാനമാനങ്ങള്‍ പകുത്തു നല്‍കി ഇന്ദിരഗാന്ധി. രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും അതു തന്നെ തുടര്‍ന്നു. ഇപ്പോള്‍ രഹുല്‍ ഗാന്ധിയും ആ പാത പിന്‍തുടരുന്നതിനെ എങ്ങിനെ തെറ്റു പറയാനാവും.

രാഹുലിന്റെ അതിജീവന തന്ത്രങ്ങൾ

രാഹുലിന്റെ അതിജീവന തന്ത്രങ്ങൾ

കേരളം പോലെ ചിലയിടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ്സിനു പ്രവര്‍ത്തിക്കുന്ന സംഘടനയുള്ളത്. ഗ്രൂപ്പു ചേരികളുടെ കൈകളിലാണെങ്കിലും കേരളത്തില്‍ കമ്യൂണിസ്റ്റു വിരുദ്ധ വികാരം അവരെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ ഉപകരിക്കുന്നു. കേരളത്തില്‍ ഗ്രൂപ്പു കളി അവസാനിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി കെട്ടിയിറക്കിയ സുധീരന്‍, തന്നെ പുറത്താക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമെല്ലാം കളിച്ച കളികള്‍ വെളിപ്പെടുത്തുകയുണ്ടായി.

സംഘടനാ പരമായ ദൗര്‍ബല്യം ശക്തമാണെങ്കിലും രാഹുല്‍ ബ്രിഗേഡ് പോലുള്ള ഇവന്റ് മാനേജ് മെന്റ് നേതൃ സംവിധാനങ്ങള്‍ രാഹുല്‍ പ്രയോഗിച്ചു വരുന്നുണ്ട്. ഉന്നതമായ പരിശീലനത്തിലൂടെ, വ്യക്തിപരമായി അധിക്ഷേപിച്ചും അവഗണിച്ചും തന്നെ മൂലക്കിരുത്താമെന്ന സംഘ ബുദ്ധിയെ രാഹുല്‍ അതിജീവിക്കുന്നതിന്റെ സൂചനകളും ദൃശ്യമായി

മുഖം കറുപ്പിച്ചിട്ടു കാര്യമില്ല

മുഖം കറുപ്പിച്ചിട്ടു കാര്യമില്ല

കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ബെര്‍ക്ക്‌ലി ക്യാമ്പസ്സില്‍ നടത്തിയ പ്രഭാഷണത്തിലൂടെ തന്നിലെ ശക്തനായ രാഷ്ട്രീയ നേതാവിനെ തുറന്നു കാട്ടാന്‍ രാഹുല്‍ ഗാന്ധിക്കു സാധ്യമായി. രാഹുലിന്റെ നേതൃപാടവത്തിനു മാത്രം കോണ്‍ഗ്രസ്സിനെ രക്ഷിക്കാനാവില്ലെന്നു സുവ്യക്തമാണ്. 2019 ലെ പാര്‍ലിമെന്റു തെരഞ്ഞെടുപ്പിനു കൗണ്ട് ഡൗണ്‍ തുടങ്ങിയിരിക്കെ പുതിയൊരു നേതൃനിരയെ ജനാധിപത്യ പ്രക്രിയയിലൂടെ കൊണ്ടുവരികയും അസാധ്യമാണ്.

അപ്പോള്‍ രാഹുല്‍ ഗാന്ധിയെന്ന പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍ക്കു മുമ്പിലുള്ള ഒരു മാര്‍ഗം നേതൃപാടവം വിവിധ മേഖലയില്‍ തെളിയിച്ചവരുടെ സേവനം പാര്‍ട്ടിയില്‍ വിനിയോഗിക്കുക എന്നതു തന്നെയാണ്. അപ്പോള്‍ ശ്രീനിവാസന്‍മാരൊക്കെ ഇനിയും വന്നേക്കാം. അതിനെതിരെ സുധീരനെ പോലുള്ളവര്‍ മുഖം കറുപ്പിച്ചിട്ടു കാര്യമില്ല.

കൂടെ നില്‍ക്കുകയാണ് വേണ്ടത്...

കൂടെ നില്‍ക്കുകയാണ് വേണ്ടത്...

ഉലഞ്ഞ സംഘടനാ സംവിധാനവും മൃദുഹിന്ദുത്വവും കോണ്‍ഗ്രസ്സിനെ രക്ഷിക്കില്ലെന്നുകൂടി രാഹുല്‍ ഗാന്ധി തിരിച്ചറിഞ്ഞാല്‍ ബി ജെ പിക്കെതിരെ ഒരു ദേശീയ ബദലിനു നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിനു സാധിക്കും. അത്തരത്തില്‍ സുപ്രധാന രാഷ്ട്രീയ നീക്കങ്ങള്‍കൂടി അദ്ദേഹത്തില്‍ നിന്നുണ്ടാവുമോ എന്നതു മതേതര സമൂഹം ഉറ്റുനോക്കുന്നു. മോഡി ഭരണത്തിന്‍ കീഴില്‍ രാജ്യത്ത് വ്യാപകമായി മുസ്്‌ലിംകള്‍ക്കും ദലിതര്‍ക്കും എതിരെ കടന്നാക്രമണങ്ങള്‍ നടക്കുന്നു.

പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടം അത്യാചാരം പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ മതേതര, ജനാധിപത്യ പാരമ്പര്യം അപകടത്തില്‍ പെടുന്നു. ഇതിനെതിരായ ശക്തമായ രാഷ്ട്രീയ മുന്നേറ്റത്തിനു പാര്‍ട്ടിയെ സജ്ജമാക്കാന്‍ തനിക്കുകഴിയുമോ എന്നാണു രാഹുല്‍ ഗാന്ധി വ്യക്തമാക്കേണ്ടത്. കര്‍ണാടകയില്‍ കാണിച്ചതുപോലുള്ള താല്‍ക്കാലിക തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍കൊണ്ടു ബി ജെ പിയെ അധികാരത്തില്‍ നിന്നു മാറ്റി നിര്‍ത്താമെന്ന് അദ്ദേഹം കരുതുന്നുണ്ടാവില്ല. സ്വന്തം പാര്‍ട്ടിയെ രാഷ്ട്രീയമായും സംഘടനാ പരമായും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ഇനിയുള്ള ദിനങ്ങളില്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങളില്‍ സുധീരം കൂടെ നില്‍ക്കുകയല്ലെ എല്ലാവരും ചെയ്യേണ്ടത്?.

English summary
Biju Shankar writes as Srinivasan appointed AICC secretary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X