അബ്ദുറബ്ബിനെ വര്‍ഗീയ വാദിയാക്കാന്‍ വരട്ടെ...
മുന്‍ ഉപമുഖ്യമന്ത്രി കെ അവുക്കാദര്‍ കുട്ടി നഹയുടെ മകനും വിദ്യാഭ്യാസ മന്ത്രിയുമായ പി കെ അബ്ദുറബ്ബ് വര്‍ഗീയവാദിയാണോ? കോട്ടണ്‍ ഹില്‍ സ്‌കൂളിലെ സംഭവം മാത്രമല്ല, നിലവിളക്ക് കൊളുത്താന്‍ മടി കാണിച്ചിരുന്നു, ഔദ്യോഗിക വസതിയുടെ പേര് മാറ്റിയിരുന്നു തുടങ്ങിയ സംഭവങ്ങളെല്ലാം പൊടി തട്ടിയെടുത്താണ് അബ്ദുറബ്ബിനെ ആളുകള്‍ ഇപ്പോള്‍ വര്‍ഗീയവാദി ആക്കുന്നത്.
മന്ത്രിയെ വിമര്‍ശിച്ച പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയ നടപടി പ്രതിഷേധാര്‍ഹമാണ്. ഇതിന് മന്ത്രിയോ മുഖ്യമന്ത്രിയോ നല്‍കിയ വിശദീകരണങ്ങളോട് യോജിക്കാനും എതിര്‍ക്കാനും ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഇതിനെ വര്‍ഗീയത തലയ്ക്ക് പിടിച്ച മന്ത്രിയുടെ ഭ്രാന്തന്‍ നടപടി എന്നൊക്കെ നിയമസഭയില്‍ മുന്‍ മന്ത്രിയും സി പി എം നേതാവുമായ എ കെ ബാലന്‍ പ്രസ്താവിച്ചത് എന്തുകൊണ്ടായിരിക്കും.

മുന്‍ മന്ത്രിയുടെ മനസില്‍ മാത്രമല്ല, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലടക്കം നടക്കുന്ന ചര്‍ച്ചകളിലുമുണ്ട് കോട്ടണ്‍ ഹില്‍ സംഭവത്തെ മതവുമായി കൂട്ടിക്കെട്ടാനുള്ള ശ്രമം. നടപടിക്ക് വിധേയയായ ഊര്‍മിളാ ദേവി എന്ന അധ്യാപിക പട്ടികജാതിക്കാരിയാണ് എന്നതും മന്ത്രി മുസ്ലിം ആണ് എന്നതും ഈ സംഭവത്തില്‍ ചര്‍ച്ചയാകേണ്ട കാര്യമെന്താണ്.
റിട്ടയര്‍മെന്റിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കേ സ്ഥലം മാറ്റാനാവില്ല, അസുഖ ബാധിതയായതിനാല്‍ സ്വയം ആവശ്യപ്പെട്ടാലല്ലാതെ സ്ഥലം മാറ്റാനാവില്ല തുടങ്ങിയ നിയമപരമായ പോയിന്റുകള്‍ ഉണ്ടായിരിക്കേ ഇതില്‍ മതം കുത്തിക്കയറ്റാനുള്ള ശ്രമം നടത്തുന്നത് എന്തിനാണ്. മാത്രമല്ല, കുട്ടികളുടെ പഠനസമയത്തെ കുറിച്ച് ആകുലപ്പെടുക എന്നത് ഒരു പ്രധാനാധ്യാപികയുടെ അവകാശം കൂടിയാണ്.
ഗംഗ എന്ന പേരിനില്ലാത്ത ജാതി ഗ്രേസ് എന്ന പേരിന് ഉണ്ട് എന്ന് കണ്ടെത്തുന്നവരാണ് മന്ത്രിയുടെ വീടിന്റെ പേരിനെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നത്. അതുപോലെ നിലവിളക്കും. നിലവിളക്ക് കൊളുത്താന്‍ താല്‍പര്യമില്ലാത്ത മന്ത്രിയാണെങ്കില്‍ അതിന് അവരെ നിര്‍ബന്ധിക്കേണ്ട കാര്യമെന്ത്. ഉദ്ഘാടനത്തിനായാലും പ്രകാശനത്തിനായാലും വേറെ എന്തെല്ലാം വഴികള്‍ ഇരിക്കുന്നു. അല്ലാതെ കൊളുത്താത്ത മന്ത്രിയെ കൊളുത്തിച്ചേ വിടൂ എന്ന വാശിയില്‍ നിലവിളക്കും വെച്ച് ചടങ്ങ് ഒരുക്കുന്നതിലെ യുക്തിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്. മന്ത്രിയുടെ വര്‍ഗീയതയല്ല.












Click it and Unblock the Notifications