കോണ്‍ഗ്രസ്-ലീഗ്-ബിജെപി-മീഡിയ സഖ്യം; അന്നും ഇന്നും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു

ശ്രീജിത്ത് ദിവാകരൻ
കഴിഞ്ഞ ദിവസം ഇടതുപക്ഷം കുറച്ച് കാലമായി ജയിച്ച് വരുന്ന മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. ഒന്ന് കേരളത്തില്‍ ഏറ്റവുമധികം സിപിഐഎം-ബിജെപി/ആര്‍എസ്എസ് സംഘര്‍ഷങ്ങള്‍ നടന്നിട്ടുള്ള തലശ്ശേരി, രണ്ട് ക്ഷേത്ര നഗരിയുടെ പേരിലാണ് മണ്ഡലമറിയപ്പെടുന്നതെങ്കിലും സിപിഐഎം നിരന്തരം ജയിക്കുന്ന ഗുരുവായൂര്‍, മൂന്ന് തമിഴ്-കേരള സംസ്കാരങ്ങള്‍ സംഗമിക്കുന്ന, എഐഡിഎംകെ കൂടി വന്നാല്‍ ബിജെപി ശക്തിപ്പെടുന്ന ദേവികുളം.
കോണ്‍ഗ്രസ്-ലീഗ്-ബിജെപി-മീഡിയ സഖ്യം ഇടതുവിമുക്ത കേരളത്തിനായി പണിയെടുക്കുന്നുവെന്നുള്ളത് രഹസ്യമൊന്നുമല്ല. പണ്ടും കോലീബി ഉണ്ടായിരുന്നുവെന്ന് ഒ രാജഗോപാല്‍ മുതലുള്ള മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകര്‍ തന്നെ വെളിപ്പെടുത്തുന്നതും നേമത്ത് ബിജെപിക്ക് കോണ്‍ഗ്രസ് വോട്ട് ലഭിച്ചിരുന്നുവെന്നുള്ള കാര്യം പരസ്യമാക്കുന്നതും യാദൃശ്ചികമായ കാര്യമല്ല. ഇക്കാലമത്രയും ഈ സഖ്യത്തിനൊപ്പം കേരളത്തിലെ മുഖ്യധാര മാധ്യമ ലോകം ഉണ്ടായിരുന്നുവെന്നുള്ള കാര്യം ഏവര്‍ക്കും അറിയാവുന്നതുമാണ്.
അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

ഈ സഖ്യത്തിന്റെ പ്രവര്‍ത്തനം ഈ തിരഞ്ഞെടുപ്പില്‍ വളരെ പ്രധാനമായിരിക്കും. എന്തുകൊണ്ട്?
കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില മണ്ഡലങ്ങളിലൂടെ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തെ വോട്ടര്‍മാരും സ്ഥാനാര്‍ത്ഥികളും എങ്ങനെ കാണുന്നുവെന്നറിയാന്‍ സഞ്ചരിച്ചിരുന്നു. ഒരു കാര്യം വ്യക്തമാണ്- സര്‍ക്കാരിനെതിരെ വികാരമില്ല. അതുകൊണ്ട് ഇടതുപക്ഷത്തിന് എല്ലാവരും വോട്ടു ചെയ്യുമെന്നോ, ഇടതുപക്ഷം വിജയിക്കുമെന്നോ ഈ ഘട്ടത്തില്‍ ഉറപ്പിച്ച് പറയാനൊന്നും പറ്റില്ല. പക്ഷേ, സര്‍ക്കാരിനെതിരെ ജനവികാരമില്ല എന്നുള്ളത് ഏതാണ്ട് സുവ്യക്തമാണ്. മീഡിയയില്‍ കാണുന്നതല്ല സമൂഹ മധ്യത്തില്‍. ഒരോ മണ്ഡലത്തിലും ഒരോ കാരണങ്ങളും ഒരോ വിചാരങ്ങളും ഒരോ മുന്‍ഗണനകളും ഉണ്ടാകും വോട്ടര്‍മാരെ നയിക്കുന്നത്. പക്ഷേ, കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് കരുതുന്ന, ലീഗിന് വോട്ട് ചെയ്യുമെന്ന് പറയുന്ന വോട്ടര്‍മാര്‍ക്ക് പോലും സര്‍ക്കാരിനെതിരെ പരാതിയില്ല. പിണറായി വിജയന് മികച്ച നേതാവും നല്ല മുഖ്യമന്ത്രിയുമായിരുന്നുവെന്നതില് സംശയമില്ല.

ഭരണാധികാരിയെ വിശ്വസിക്കുന്ന കേരളം
ഇത് വിചിത്രമായ ഒരു സ്ഥിതി വിശേഷമാണ്. കഴിഞ്ഞ ദിവസം ആര്‍ട്ട് ലവേഴ്സ് ഓഫ് അമേരിക്ക, കാലിഫോര്‍ണിയ ചാപ്റ്റര്‍ സംഘടിപ്പിച്ച കേരള തിരഞ്ഞെടുപ്പ് ചര്‍ച്ച ഓണ്‍ലൈനില്‍ കാണുകയുണ്ടായി. ഈ ചര്‍ച്ചയില്‍ പങ്കെടുത്ത് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെജെ ജേക്കബ് പറഞ്ഞ കാര്യം വളരെ പ്രസക്തമാണ്. ''കേരളത്തിലെ സവിശേഷമായ സാഹചര്യത്തില്‍ പ്രതിപക്ഷത്തിനേയും മാധ്യമങ്ങളേയും ജനങ്ങള്‍ക്ക് വിശ്വാസമില്ല, ഭരണാധികാരിയെ ആണ് വിശ്വാസം. ഇത് ജനാധിപത്യത്തില്‍ അത്ര ആശാസ്യകരമായ സംഗതിയല്ല. മാധ്യമങ്ങളേയും പ്രതിപക്ഷത്തേയും ആണ് ജനാധിപത്യത്തില്‍ ജനങ്ങള്‍ വിശ്വസിക്കേണ്ടത്. ഭരണാധികാരിയെ സംശയത്തോടെ നോക്കേണ്ടതാണ്'. കൃത്യം ക്വാട്ട് അല്ല. ഏതാണ്ട് ആശയമിതാണ്. വളരെ പ്രധാനമായ കാര്യമാണിത്. ഇവിടെ പക്ഷേ നുണപ്രചരിപ്പിക്കുന്ന, അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ആവര്‍ത്തിച്ച് പറയുന്ന, തരിമ്പ് വിശ്വാസ്യതയില്ലാത്ത ഒരാള്‍ക്കൂട്ടമായി പ്രതിപക്ഷവും അവരുടെ അജണ്ടകള്‍ നിശ്ചയിക്കുന്ന ഗീല്ബല്സുകളായി മീഡിയയും മാറി. അതാകട്ടെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഭരണവിരുദ്ധ വികാരത്തേക്കാള്‍ ഏറെ പ്രതിപക്ഷ വിരുദ്ധ വികാരം നിലനില്‍ക്കുന്ന സംസ്ഥാനമായി കേരളം മാറുന്നത് അങ്ങനെയാണ്.

തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നത്
പക്ഷേ അതുകൊണ്ട് ഭരണതുടര്ച്ചയുണ്ടാകുമെന്നോ ഇടതുപക്ഷം ജയിച്ച് കയറുമെന്നോ പറയാനാകില്ല. ഒരോ തിരഞ്ഞെടുപ്പും പ്രചരണവും ഇടതുപക്ഷത്തിന് വലിയ അധ്വാനമാണ് കേരളത്തില്‍. മാധ്യമങ്ങള്‍, മതസാമുദായിക സംഘടനകള്‍, വലതുപക്ഷം അടിവേരാഴ്ത്തി നില്ക്കുന്ന മണ്ണാണ് കേരളം. വിദ്യാഭ്യാസവും അറിവും സാമൂഹ്യബോധവും ഉണ്ടായതിന് ശേഷവും ജാതിയും പരസ്പര വിദ്വേഷവും ആഴത്തിലുള്ള ജനത. ഇവിടെ ഇരുപക്ഷവും ഒരു പോലെ ശക്തമായ സമയത്ത് ഇടതുപക്ഷം തോറ്റിരിക്കും. വളരെ കൂടിയ തോതില്‍ ഇടതുപക്ഷത്തിന് അനുകൂലമായ ഘടകങ്ങളും ജനവികാരവും ഉണ്ടെങ്കില്‍ പോലും തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നത് മറ്റ് പല ഘടകങ്ങളേയും ആശ്രയിച്ച് ഇരിക്കും.

ബിജെപിയുടെ വളർച്ച എപ്പോൾ
2001-ലാണ്, രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, യുഡിഎഫിന് സമീപ കാലത്ത് ഏറ്റവും അധികം സീറ്റും വോട്ട് ഷെയറും ലഭിച്ചത്. 99 സീറ്റും ഏകദേശം അമ്പത് ശതമാനം വോട്ടും. അന്ന് ബിജെപിക്ക് ഉള്ള വോട്ട് അഞ്ച് ശതമാനവും ചില്ലറയുമാണ്. അത് പതിനഞ്ച് വര്‍ഷത്തിന് ശേഷം 2016-ല്‍ എത്തുമ്പോള്‍ 15 ശതമാനത്തോളമായി വര്‍ദ്ധിച്ചു. പത്തു ശതമാനം വോട്ടിന്റെ വളര്‍ച്ച. ഇത് സംഭവിച്ചതാകട്ടെ 2011-2016 കാലത്തുമാണ്. 2011-ല്‍ 72 സീറ്റ് യുഡിഎഫിനും 68 സീറ്റ് എല്‍ഡിഎഫിനുമായിരുന്നു. ചെറിയ മാര്‍ജ്ജിനിലുള്ള വിജയത്തിന് ശേഷം സഖ്യകക്ഷികളില്‍ നിന്നും പാര്‍ട്ടിക്കകത്തുനിന്നുമുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ കേരളത്തിന്റെ വലതുപക്ഷ വത്കരണം ഏകദേശം പൂര്‍ത്തിയായിരുന്നു. 2016-ല്‍, കേരള ചരിത്രത്തിലാദ്യമായി, ഒരു സീറ്റില്‍ ബിജെപി നിയമസഭയിലേയക്ക് വിജയിച്ചു. യുഡിഎഫിന്റെ വോട്ടോഹരി ദയനീയമായി ഇടിഞ്ഞു. അന്ന് യുഡിഎഫിന്റെ ബാനറില്‍ ജനതാദള്‍ യുണൈറ്റഡ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി സുരേന്ദ്രന്‍പിള്ള ഇന്ന് പറയുന്നു കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തിയെന്ന്. വിജയിച്ച രാജഗോപാലും പറയുന്നു, കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയെന്ന്.

കോൺഗ്രസിനെ വാങ്ങുന്ന ബിജെപി
രാജ്യത്തുടനീളം കോണ്‍ഗ്രസ് വിമുക്ത രാജ്യത്തിന് ബിജെപി ശ്രമിക്കുന്നത് കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പിലൂടെ ഇല്ലാതാക്കിയല്ല. അത് ബുദ്ധിമുട്ടാണ്. കാരണം നേതാക്കളാരായിലും ഇന്ത്യയിലുടനീളം കോണ്‍ഗ്രസ് ഉണ്ട്. അത് ദേശീയ പ്രസ്ഥാനത്തിന്റെ വേര് തൊട്ട് നില്ക്കുന്ന രാഷ്ട്രീയ വികാരവും വിചാരവുമാണ്. അത് മഴയും വെളിച്ചവുമില്ലങ്കില് മുള പൊട്ടാത്ത വിത്തായിരിക്കാം. പക്ഷേ കൃത്യമായ ഒരു രാഷ്ട്രീയ സന്ദര്‍ഭത്തിന്റെ വെളിച്ചവും വെള്ളവും ലഭിച്ചാല്‍ അത് മുളപൊട്ടി പടരും. അതുകൊണ്ട് തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിനെ ഇല്ലാതാക്കാം എന്ന പദ്ധതിയല്ല ബിജെപിയും സംഘപരിവാറും നടപ്പിലാക്കിയത്. കോണ്‍ഗ്രസിനെ വിലകൊടുത്ത് വാങ്ങി ഇല്ലാതാക്കാം എന്നുള്ളതാണ് അവരുടെ പദ്ധതി. അത് ജനാധിപത്യത്തിനെ അട്ടിമറിക്കുന്ന പദ്ധതി കൂടെയാണ് എന്നുള്ളത് കൊണ്ട് ബി.ജെ.പിക്ക് പ്രത്യേക ആവേശവുമുണ്ട്. ബിജെപി തിരഞ്ഞെടുപ്പുകളിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് പ്രദേശിക രാഷ്ട്രീയത്തിനെയാണ്. സംഘപരിവാര്‍ ഫാഷിസത്തിനെതിരെ ഇന്ത്യയിലുടനീളം ശബ്ദിക്കുന്നത് പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളാണ്. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാകട്ടെ, സോഷ്യലിസ്റ്റുകളാകട്ടെ, തൃണമൂലും, ദളിത്-മുസ്ലീം രാഷ്ട്രീയ കക്ഷികളാകട്ടെ, വളരെ ശക്തമായ നിലപാടുകളാണ് കൈക്കൊള്ളുന്നത്. അവര്‍ക്ക് വലിയ ശക്തിയില്ലാത്ത പ്രദേശങ്ങളിലെല്ലാം ബിജെപിക്കെതിരായ സഖ്യങ്ങളും മുന്നണികളും ഉണ്ടാക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. ഈ പാര്‍ട്ടികളുടെ പ്രതിനിധികളാണ് പാര്‍ലമെന്റില്‍ ബിജെപിക്കെതിരായ ശബ്ദവും സാന്നിധ്യവും ആകുന്നത്.

ബിജെപിയുടെ ലക്ഷ്യം കമ്യൂണിസ്റ്റ് മുക്ത കേരളം
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ആക്രമിച്ചില്ലാതാക്കാനുള്ള ബിജെപിയുടെ ശ്രമം ഇപ്പോഴാരംഭിച്ചതുമല്ല. മറ്റ് എല്ലാ സമൂഹങ്ങളേയും മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് കേരളത്തില്‍ അത് സാധിക്കാതെ പോകുന്നത് എന്താണെന്ന് അവര്‍ക്ക് അറിയാം. കേരളത്തിന്റെ ഏതാണ്ട് 40-45 ശതമാനത്തോളം ജനസംഖ്യ ന്യൂനപക്ഷ സമുദായങ്ങളാണ്. മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍. സംഘപരിവാര്‍ ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളില്‍ ചെയ്യുന്ന രീതിയനുസരിച്ച് ന്യൂനപക്ഷ സമുദായത്തിന്റെ വോട്ട് കോണ്‍ഗ്രസിനും മറ്റു സമുദായങ്ങള്‍ക്കും ലഭിച്ചാലും ഹിന്ദു വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായി സമാഹരിച്ചാല്‍ കേരളത്തില്‍ വേരുപിടിക്കാം എന്നതവര്ക്കറിയാം. ഇതിന് തടമാകുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. കേരളത്തിലെ ഹിന്ദുസമൂഹത്തിന്റെ മൈനോരിറ്റിയായ സവര്‍ണ സമൂഹത്തിലെ ഒരു വിഭാഗത്തിനെ അല്ലാതെ സംഘപരിവാറിന് ഒരു വിഭാഗത്തിന്റെ വോട്ട് സമാഹരിക്കാനും കഴിഞ്ഞിട്ടില്ല. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കീഴില്‍ അടിയുറച്ച് നില്‍ക്കുകയാണ്. അതിനെ തകര്‍ത്തില്ലെങ്കില്‍ കേരളം എന്നുള്ളത് എപ്പോഴും കീറാമുട്ടിയായി അവര്‍ക്ക് മുന്നിലവശേഷിക്കും. അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് മുക്തകേരളമാണ് ബിജെപിയുടെ പ്രാഥമിക ലക്ഷ്യം. കോണ്‍ഗ്രസിനെ അവര്‍ക്ക് പിന്നീട് നേരിടാവുന്നതേയുള്ളൂ. മാത്രമല്ല, അങ്ങനെ വരുമ്പോള്‍ ന്യൂനപക്ഷ സമുദായങ്ങളുടെ പാര്‍ട്ടിയായി കേരളത്തില്‍ കോണ്‍ഗ്രസ് നിലനില്ക്കുക എന്നത് ദേശീയതലത്തില്‍ വര്‍ഗ്ഗീയത ഇളക്കി വിടുന്ന ബിജെപി/സംഘപരിവാര്‍ രാഷ്ട്രീയത്തിന് ഗുണകരമാണ് താനും.

മാധ്യമങ്ങൾ കേരളത്തോട് ചെയ്യുന്നത്
കേരളത്തിലെ ദേശീയതലത്തില്‍ പോലും ഒരു ക്രിമിനല്‍ സംസ്ഥാനമായി ചിത്രീകരിക്കുക, കേരളത്തിന് അര്‍ഹമായ കേന്ദ്രവിഹിതങ്ങള്‍ നിഷേധിക്കുക, പ്രളയത്തിന്റെ കാലത്ത് പോലും സഹായം ലഭിക്കാതിരിക്കാന്‍ ശ്രമിക്കുക, അതിന് വേണ്ടി പ്രചരണം നടത്തുക, ലവ് ജിഹാദ് മുതല്‍ ന്യൂനപക്ഷങ്ങളില്‍ നിന്ന് ഹിന്ദുസമൂഹത്തിന് ആക്രമണം നേരിടുന്നു എന്നുവരെയുള്ള പ്രചരണങ്ങള്‍ നടത്തുക, ഹിന്ദു-മുസ്ലീം കലാപങ്ങള്‍ക്ക് ശ്രമിക്കുക തുടങ്ങി കേന്ദ്ര അന്വേഷണ ഏജന്‍സികളെ കൊണ്ട് മുഖ്യമന്ത്രിക്കും സഹമന്ത്രിമാര്‍ക്കുമെതിരെ കള്ളകേസ് സൃഷ്ടിക്കാനുള്ള ശ്രമം നടത്തുക വരെ കഴിഞ്ഞ അഞ്ച് വര്‍ഷം സംഘപരിവാര്‍ നേതൃത്വത്തില്‍ ബിജെപി നടത്തിയ ശ്രമങ്ങളാണ്. നിര്‍ലോഭമായ പിന്തുണയാണ് അതിന് കേരളത്തിലെ മാധ്യമങ്ങളില്‍ നിന്ന് വരെയുണ്ടായത്. ഇപ്പോഴും ചര്‍ച്ചയുടെ കേന്ദ്രത്തിലേയ്ക്ക് ബിജെപിയേയും കോണ്‍ഗ്രിനേയും പ്രതിഷ്ഠിച്ചുകൊണ്ട് ഇടത്പക്ഷത്തിന് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഉണ്ടായ മേല്‍കൈ ഇല്ലാതാക്കാനുള്ള ശ്രമവും മാധ്യമങ്ങള്‍ നടത്തിയിട്ടുണ്ട്.

ഇടതുപാർട്ടികളുടെ നയംമാറ്റം
ഇക്കാലയളവില്‍ കേരളത്തിലുണ്ടായ വലിയ മാറ്റം പരമ്പരാഗത മത വിശ്വാസ സമൂഹത്തിന് ഇടത്പക്ഷത്തോടുണ്ടായിരുന്ന ചരിത്രപരമായ അകല്‍ച്ച കുറഞ്ഞ് വന്നുവെന്നുള്ളതാണ്. അതില്‍ ഇടതുപാര്‍ട്ടികളുടെ നയങ്ങളിലുള്ള വ്യതിയാനവും പ്രധാനമാണ്. വിശ്വാസി സമൂഹങ്ങളെ യുക്തിരഹിതമായി അകറ്റി നിര്‍ത്തുന്ന ഒരു സമീപനം ഇടതുപക്ഷ രാഷ്ട്രീയത്തിന് മുമ്പുണ്ടായിരുന്നു. പക്ഷേ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ രാജ്യത്ത് രാഷ്ട്രീയം നിര്‍ണ്ണയിക്കപ്പെടുന്ന കാലയളവില്‍, ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ തച്ചുതകര്ക്കാന് മറു വിഭാഗം ബോധപൂര്‍വ്വം ശ്രമിക്കുമ്പോള്‍ വിശ്വാസസമൂഹങ്ങളോട് തുല്യ അകലം പാലിക്കുക എന്നത് അരാഷ്ട്രീയമായ നിലപാടാകും എന്നുള്ള വസ്തുതയുടെ വെളിച്ചത്തിലാകണം ഈ മാറ്റം. മുസ്ലീം സമൂഹത്തിന്റെ പൗരത്വത്തേയും ജീവിതത്തേയും സ്വത്തിനേയും സ്വത്വത്തിനേയും വെല്ലുവിളിച്ചുകൊണ്ട് പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യ രജിസ്റ്ററും മറ്റും കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ കേരളത്തിലത് നടക്കില്ല എന്ന് ശബ്ദമുയര്‍ത്തി ഇടത്മുന്നണിയും മുഖ്യമന്ത്രി പിണറായി വിജയനും നിന്നതും രാജ്യത്തുടനീളം പൗരത്വ പ്രക്ഷോഭത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ അണിനിരന്നതും അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ സമൂഹത്തിലുണ്ടാക്കിയിട്ടുണ്ട്. പരമ്പരാഗതമായ വിരോധങ്ങളും അകല്‍ച്ചയും ഇനിയുള്ള കാലത്ത് അത്രമേല്‍ തിരഞ്ഞെടുപ്പുകളെ ബാധിക്കില്ല എന്നുള്ളതാണ് അടിത്തട്ടിലുള്ള വികാരം. ഇതിനെ കൂടി അട്ടിമറിക്കുക എന്നുള്ളതാണ് ബിജെപിയുടെ ശ്രമം.

പത്തൊൻപതാമത്തെ അടവ്
മൂന്ന് മണ്ഡലങ്ങളില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതാകുന്നത് കേവലം നാമനിര്‍ദ്ദേശ പത്രികയുടെ പ്രശ്നമല്ല. അത് സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ പത്തൊന്‍പതാമത്തെ അടവാണ്. അതിന്റെ പ്രവര്‍ത്തനം കൂടി ഈ തിരഞ്ഞെടുപ്പില്‍ വ്യക്തമായി പ്രതിഫലിക്കും. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പുകൂടിയായി ഒരുപക്ഷേ ഇത് മാറിയേക്കും.
ട്രെൻഡി ലുക്കിൽ നേഹ - ചിത്രങ്ങൾ കാണാം
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications