സീറ്റ് വിഭജനം കീറാമുട്ടിയായി കോണ്‍ഗ്രസ്
തിരുവനന്തപുരം: വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടും എന്നാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ കുഴക്കുന്ന ചോദ്യം. എന്നാല്‍ കേരളത്തിലെ പാര്‍ട്ടിക്ക് അത് അത്ര വലിയ പ്രശ്‌നമൊന്നും അല്ല. എങ്ങനെ ഇവിടെ സീറ്റ് വിഭജിക്കും എന്നതാണ് കേരള പ്രദേശ് കോണ്‍ഗ്രസ്സിനെ കുഴക്കുന്നത്.
ആകെയുള്ള 20 സീറ്റുകളില്‍ 17 എണ്ണത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണം എന്നാണ് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത്. അത് സാധ്യമാകുമോ എന്നാണ് സംസ്ഥാന കോണ്‍ഗ്രസ് സംശയിക്കുന്നത്.

സ്വതവേ ദുര്‍ബ്ബല, പിന്നെ ഗര്‍ഭിണിയും എന്ന അവസ്ഥയിലാണ് ഇപ്പോള്‍ സംസ്ഥാനത്തെ യുഡിഎഫ് സംവിധാനം. ശക്തരായ ഘടകകക്ഷികളായ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് എമ്മും പോലും അല്‍പം കടുത്ത നിലപാടുകളിലാണ്. വേണമെങ്കില്‍ മുന്നണി വിട്ടേക്കും എന്നൊരു ചര്‍ച്ച രണ്ട് പാര്‍ട്ടികളും പുറത്ത വിട്ടുകൊണ്ടിരിക്കുകയാണ്.
17 സീറ്റ് കോണ്‍ഗ്രസ് എടുത്താല്‍ ബാക്കി മൂന്ന് സീറ്റ് മാത്രം. മുസ്ലീം ലീഗിന് നിലവില്‍ രണ്ട് സീറ്റുകളും, കേരള കോണ്‍ഗ്രസിന് ഒരു സീറ്റും ആണ് ഉള്ളത്. ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിയാക്കണം എന്ന ആവശ്യം ഇത്രനാളും കോണ്‍ഗ്രസ് കേള്‍ക്കാതിരുന്നതിനാല്‍ ഇത്തവണ രണ്ട് സീറ്റുകള്‍ വേണം എന്ന് കേരള കോണ്‍ഗ്രസ് ആവശ്യം ഉന്നയിക്കും എന്ന് ഉറപ്പാണ്.
കേരളത്തിലെ എല്ലാ സീറ്റുകളും പോയപ്പോള്‍ പൊന്നാനി മണ്ഡലം ഉയര്‍ത്തിപ്പിടിച്ച ലീഗിന് ഒരു മണ്ഡലവും കൂടി കിട്ടിയാല്‍ കൊള്ളാം എന്ന് ആഗ്രഹമുണ്ട്. മാത്രമല്ല, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയത്തിന്റെ പാരമ്പര്യവും അവകാശപ്പെടാവുന്നതാണ്.
ലീഗും കേരള കോണ്‍ഗ്രസും കഴിഞ്ഞാല്‍ പിന്നെ എല്‍ഡിഎഫ് വിട്ടെത്തിയ വീരേന്ദ്ര കുമാറിന്റെ സോഷ്യലിസ്റ്റ് ജനതയാണ് പ്രശ്‌നം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് ആവശ്യപ്പെട്ടിട്ട് കിട്ടാതെ വന്നപ്പോഴാണ് വീരേന്ദ്ര കുമാര്‍ എല്‍ഡിഎഫ് വിട്ടത്. ഇത്തവണയെങ്കിലും കോഴിക്കോട് മണ്ഡലത്തില്‍ മത്സരിക്കാന്‍ കഴിയാതെ വന്നാല്‍ അത് സോഷ്യലിസ്റ്റ് ജനതയെ സംബന്ധിച്ച വലിയ നാണക്കേടാകും. അങ്ങനെ ഒരു സാഹചര്യം വന്നാല്‍ വേണമെങ്കില്‍ എല്‍ഡിഎഫിലേക്ക് തിരിച്ച് പോകുന്നതിനെ കുറിച്ച് പോലും എസ്‌ജെഡി ചിന്തിച്ചേക്കും.
ആര്‍എസ്പി ബിക്കും ജെഎസ്എസ്സിനും സിഎംപിക്കും ഒന്നും സീറ്റുകള്‍ ആവശ്യപ്പെടാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കരുത്തില്ലാതിരിക്കുന്നതാണ് ഏക ആശ്വാസം. ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസും ലോക്‌സഭ സീറ്റ് ആവശ്യപ്പെടുകയില്ല.
കേരളത്തില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതും വലിയ പ്രതിസന്ധിയില്‍ ആണ്. കെ സുധാകരനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മിലുള്ള വാക്‌പോര് പലപ്പോഴും അതിര് വിട്ട് പോവുക പോലും ഉണ്ടായി.
എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനായി ഇനി കേന്ദ്രത്തില്‍ നിന്ന് പ്രതിരോധമന്ത്രി എകെ ആന്റണിയെ രംഗത്തിറക്കാനാണ് പദ്ധതി എന്നറിയുന്നു. ഡിസംബര്‍ 30 ന് ആന്റണി കേരളത്തില്‍ വരുന്നുണ്ട്.












Click it and Unblock the Notifications