Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറേണ്ടത് വ്യക്തി നിയമം;ഭരണ ഘടനയല്ല

Constitution of India
ഓരോ കാലത്തും ഓരോ വിവാദങ്ങളാണ് ചര്‍ച്ചകള്‍ നയിക്കുന്നത്. അത് മതത്തിനോടോ നിയമത്തിനോടോ ബന്ധപ്പെട്ടതെങ്കില്‍ ചര്‍ച്ചയില്‍ ആളു കൂടും. പക്ഷേ ആള് കൂടിയാല്‍ പാമ്പ് ചാവില്ല എന്ന പഴമൊഴി പോലെത്തന്നെയാകും ഒടുവില്‍ കാര്യങ്ങള്‍...ഒരു തീരുമാനവും ഉണ്ടാകില്ല.

ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ അവിടത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ നാം ബാധ്യസ്ഥനാണ്. ഒരു ജനാധിപത്യ രാജ്യത്തിലാകുമ്പോള്‍ നിയമം ജനവിരുദ്ധമാണെങ്കില്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും ലഭിക്കും. ജനാധിപത്യമല്ല, മറ്റേതെങ്കിലും സംവിധാനമാണ് നിലവില്‍ ഉള്ളതെങ്കില്‍ പറയുന്നത് കേട്ട് ജീവിക്കേണ്ടിയും വരും. അല്ലെങ്കില്‍ അതിന്റെ ശിക്ഷ അനുഭവിക്കാന്‍ തയ്യാറാവുകയും വേണം.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അതുകൊണ്ടാണ് ജനവിരുദ്ധമല്ലാത്ത നിയമങ്ങള്‍ പോലും ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നമുക്ക് ലഭിക്കുന്നത്. പലപ്പോഴും ഭരണഘടനയെപ്പോലും ചോദ്യം ചെയ്യാന്‍ ധൈര്യം കാണിക്കുന്നവരാണ് നാം.

പൊതു നിയവും, വ്യക്തി നിയമവും തമ്മിലുള്ള വടംവലികള്‍ നമ്മുടെ ഭരണ ഘടന ഉണ്ടാക്കിയ കാലം മുതലേ ഉള്ളതാണ്. ഒരു പൊതു നിയമത്തെ ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ വ്യക്തി നിയമത്തിന്റെ ആനുകൂല്യത്തില്‍ അട്ടിമറിക്കുന്നത് ഇവിടെ അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. വന്ദേമാതരം ചൊല്ലില്ല, ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കില്ല തുടങ്ങിയ ചെറിയ ചെറിയ വാശികള്‍ പലപ്പോഴും വ്യക്തി നിയമത്തിന്റെ ആനുകൂല്യത്തില്‍ നടന്ന് പോകാറുണ്ട് എന്നത് ഒരു സത്യമാണ്.

എന്നാല്‍ ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണം എന്ന പൊതു നിയമത്തെ ഏതെങ്കിലും വ്യക്തി നിയമത്തിന്റെ പേരില്‍ ചോദ്യംചെയ്താല്‍ എന്തായിരിക്കും സ്ഥിതി. എന്റെ മതം വാഹനം ഓടിക്കുമ്പോള്‍ തലയില്‍ കവചിത രക്ഷായന്ത്രം ഉപയോഗിക്കണം എന്ന് പറഞ്ഞിട്ടില്ലെന്ന് ആരെങ്കിലും വാശിപിടിച്ചാല്‍ അത് സമ്മതിച്ച് കൊടുക്കാനാകുമോ? ഞങ്ങള്‍ പണ്ട് പൊതു സ്ഥലങ്ങളില്‍ ഹുക്കയും സോമരസവും പാനം ചെയ്തിരുന്നു, ഞങ്ങളുടെ മതം അത് അനുവദിക്കുന്നുണ്ട് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിന് നിയമപരമായ സാധുത നല്‍കാനാകുമോ..? ഒരിക്കലും ഇല്ല.

രാജ്യത്ത് ഒരു ഭരണ ഘടനയും നിയമ സംവിധാനവും ഉള്ളത് കാര്യങ്ങള്‍ ഏതാണ്ട് കൃത്യമായി നടന്നു പോകുന്നതിന് വേണ്ടിയാണ്. അവയെ വ്യക്തി നിയമത്തിന്റെ പേരില്‍ ചോദ്യം ചെയ്യുന്നത് എവിടത്തെ മര്യാദയാണ്.

വിവാഹവും രതിയും എല്ലാ കാലത്തും വിവാദ വിഷയങ്ങളാണ്. വിവാഹ പ്രായവും സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായവും ഒക്കെ എന്നും ചര്‍ച്ചകളില്‍ സജീവമാണ്. വിവാഹ പ്രായം ഒന്ന് നിശ്ചയിക്കുകയും, ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള പ്രായം മറ്റൊന്നായി നിശ്ചയിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ പരിതസ്ഥിതിയിലെങ്കിലും അല്‍പം വൈരുദ്ധ്യം നിറഞ്ഞതാണ്. ഇതില്‍ ആത്യന്തികമായി ഒരു തീരുമാനത്തിലെത്താന്‍ നമ്മുടെ സര്‍ക്കാരും നിയമനിര്‍മാണക്കാരും ഒക്കെ ഭയക്കുന്നുണ്ട്. മതം തന്നെയാണ് ഈ ഭയത്തിന്റെ യഥാര്‍ത്ഥ കാരണവും.

വിവാഹ പ്രായം 16 ആക്കുകയും, ലൈംഗിക ബന്ധത്തിനുള്ള പ്രായം 18 ആയി നില നിര്‍ത്തുകയും ചെയ്താല്‍ എന്തായിരിക്കും അവസ്ഥ. കേരളത്തിലെ പോലീസിന് പിന്നെ ബലാത്സംഗ കേസുകള്‍ എടുക്കാന്‍ മാത്രമേ സമയമുണ്ടാകൂ.

പെണ്‍കുട്ടികള്‍ ഋതുമതികളായാല്‍ അവര്‍ പ്രജനനത്തിന് തയ്യാറായി എന്നാണ് പ്രകൃതി നമ്മോട് പറയുന്നത്. പക്ഷേ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച് നല്‍കിയ ഭക്ഷണം കഴിച്ചതുകൊണ്ടല്ല ഈ കുട്ടികള്‍ ചെറു പ്രായത്തിലേ ഋതുമതികള്‍ ആകുന്നത് എന്ന കാര്യം മറക്കാനും പാടില്ല. ശരീരം ലൈംഗികതക്ക് തയ്യാറായി വരുന്പോഴും മനസ്സ് വേണ്ട രീതിയില്‍ പരുവപ്പെട്ടിട്ടുണ്ടാവില്ല എന്ന സത്യം മറക്കാതിരിക്കുന്നതാവും നല്ലത്.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആയി ഒരു നിയമം നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നിലെ സാമൂഹ്യ യാഥാര്‍ത്ഥ്യം എന്തായിരിക്കും എന്ന് ചിന്തിക്കുകയോ ,കാരണം മനസ്സിലാക്കുകയോ വേണം. ശാരീരിക വളര്‍ച്ച മാത്രമല്ല മാനസികമായ പക്വതയും ഉയര്‍ന്ന സാമൂഹ്യ ബോധവും വിവാഹ ജീവിതത്തിന് അത്യന്താപേക്ഷിതമാണെന്ന് നമ്മുടെ നിയമം വ്യക്തമാക്കുന്നുണ്ട്. വെറുതെ പ്രസവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന യന്ത്രങ്ങളാവരുത് സ്ത്രീകള്‍ എന്ന് നമ്മുടെ ഭരണ ഘടനക്ക് നിര്‍ബന്ധവുമുണ്ട്. അതുകൊണ്ടാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആക്കി നിശ്ചയിച്ചത്. മിനിമം വിദ്യാഭ്യാസമെങ്കിലും ഈ പ്രായത്തിനിടയില്‍ നേടാനാകും എന്നൊരു ഗുണവും ഉണ്ട്.

എന്നാല്‍ വ്യക്തി നിയമത്തിന്റെ പേരില്‍ ഇത്തരമൊരു നിയമത്തെ ചോദ്യം ചെയ്യുക എന്ന് പറയുമ്പോള്‍ അത് രാജ്യത്തിന്റെ പൊതു നിയമത്തിനെതിരെയുള്ള ഒരു കടന്നു കയറ്റമാണ് എന്നതില്‍ സംശയമില്ല. മുസ്ലീം സംഘടനകള്‍ ചേര്‍ന്ന് ഒരു പുതിയ സമിതി( മുസ്ലീം വ്യക്തി സംരക്ഷസമിതി) രൂപീകരിച്ച് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആയി നിശ്ചയിച്ചതിനെരെ കോടതി കയറാന്‍ ഒരുങ്ങുന്നത് ഇത്തരത്തില്‍ ഉള്ള ഒരു കടന്നുകയറ്റം തന്നെയാണ്.

പെണ്‍കുട്ടികള്‍ പ്രേമത്തില്‍ പെട്ട് വഴിതെറ്റിപ്പോകും എന്ന് ഭയക്കുന്ന ഒരു വിഭാഗം ചുറ്റുമുണ്ടെന്ന് പറയുന്നത് അത്ര ആശാസ്യമല്ല. ലോകത്ത് ഒരു മതവും തത്വസംഹിതയും പ്രണയത്തേയോ, സ്‌നേഹത്തേയോ നിരാകരിച്ചിട്ടില്ല. മറിച്ച് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇങ്ങനെ ഒക്കെ ആയിട്ടും മതത്തിന്റെ പേര് പറഞ്ഞ് പ്രണയത്തിനെതിരെ വാളെടുക്കയും, ആ വാള്‍ പിന്നീട് ഭരണഘടയുടെ കഴുത്തിന് താഴെ വക്കുകയും ചെയ്യുന്നതിന്റെ ലക്ഷ്യം ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. ശരീരം മാത്രം വളര്‍ന്ന, മനസ്സുറക്കാത്ത പാവം പെണ്‍കുട്ടികളെ കാമക്കലിക്ക് എറിഞ്ഞുകൊടുക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

വ്യക്തി ജീവിതത്തലും ചര്യകളിലും നമുക്ക മതം ആകാകം. പക്ഷേ സാമൂഹ്യ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ പൊതു നിയമങ്ങളെ വെല്ലുവിളിച്ച് മതത്തിന്റെ വേര്‍തിരിവുകള്‍ ഉണ്ടാക്കുന്നത് നാടിന് ഗുണം ചെയ്യില്ല. മത സംഘടനയെന്നോ, രാഷ്ട്രീയ സംഘടനയെന്നോ സ്വയം സംശയം തോന്നുന്ന ചിലര്‍ക്ക് ചിലപ്പോള്‍ അത് ഗുണം ചെയ്‌തേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+