കെ സുധാകരന്റെ 'കോസ്‌മെറ്റോളജി ചികിത്സ'! വ്യാജനെ തിരിച്ചറിയാതെ തലവച്ച നേതാവോ? ആ ചികിത്സ ഫലിച്ചുകാണുമോ?
കോൺഗ്രസ്സുകാരെ സംബന്ധിച്ച് വിവാദങ്ങൾ ഒന്നും പുത്തരിയല്ലെന്നാണ് പൊതുവേ പറയുക. എത്ര വലിയ അഴിമതി ആരോപണം വന്നാൽ പോലും അത് പാർട്ടിയിൽഅവരുടെ സ്ഥാനത്തെ കാര്യമായി ബാധിക്കാറില്ലെന്നും ചരിത്രം മുൻനിർത്തി പലരും പറയുന്നുണ്ട്. കെ സുധാകരനെതിരേയും അത്തരം ചില ആരോപണങ്ങൾ നേരത്തേ ഉണ്ടായിട്ടുണ്ട്. എന്തായാലും കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യം ഉയർന്ന ആരോപണം 'ഇത്തിരി ഗ്ലാമറസ്' ആണ്!
മോൻസൺ മാവുങ്കലിന്റെ അടുത്ത് 'സൗന്ദര്യ വർദ്ധക ചികിത്സയ്ക്കാണ്' താൻ പോയത് എന്നാണ് സുധാകരൻ തന്നെ പറയുന്നത്. മോൻസൺ കോസ്മറ്റോളജിസ്റ്റ് ആണെന്ന് പറഞ്ഞാണത്രെ കെ സുധാകരനെ ചികിത്സിച്ചത്.

കെ സുധാകരന്റെ പേര് മോൻസൺ മാവുങ്കൽ വിവാദത്തിന്റെ തുടക്കം മുതലേ ഉയർന്നുവന്നിരുന്നു. എന്നാൽ, സുധാകരനൊപ്പമുള്ള ചിത്രം പുറത്ത് വന്നതോടെയാണ് ചർച്ചകൾ ചൂടുപിടിച്ചത്. മാത്രമല്ല, മോൻസണെതിരെ നൽകിയ പരാതിയിലും കെ സുധാകരന്റെ പേര് പ്രത്യേകം പരാമർശിക്കപ്പെട്ടിരുന്നു. വെറും ഒരു പരാമർശം എന്ന് പറഞ്ഞാൽ മതിയാവില്ല. സുധാകരനും മോൻസൺ മാവുങ്കലും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വ്യക്തമായ സൂചന നൽകുന്നതായിരുന്നു ആ ആരോപണം.

എന്നാൽ മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തെ കെ സുധാകരൻ നിഷേധിച്ചതേയില്ല എന്നതാണ് പലരേയും ഞെട്ടിച്ചത്. സോളാർ തട്ടിപ്പുകേസിൽ സരിത എസ് നായരെ അറിയുക പോലുമില്ല എന്നായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നത്. പിന്നീട്, സരിതയും ഉമ്മൻ ചാണ്ടിയും തമ്മിലുള്ള അടുപ്പം തെളിയിക്കുന്ന വിവരങ്ങൾ ഓരോന്നോരോന്നായി പുറത്തുവരികയും ചെയ്തു. എന്തായാലും സുധാകരൻ, മാവുങ്കൽ ബന്ധം ആദ്യമേ സമ്മതിച്ചത് നന്നായി എന്നാണ് ഒരു വിഭാഗം പറയുന്നത്.

മോൻസൺ മാവുങ്കലിന്റെ അടുത്ത് ചികിത്സയ്ക്കായി പോയിട്ടുണ്ട് എന്ന് സുധാകരൻ പറഞ്ഞപ്പോഴാണ് പലരും ശരിക്കും ഞെട്ടിപ്പോയത്. കെ സുധാകരനെ പോലെയുള്ള ഒരാൾ എങ്ങനെയാണ് ഈ 'വ്യാജന്റെ' ചികിത്സയ്ക്ക് പാത്രമായത് എന്നതും സംശയം ജനിപ്പിക്കുന്ന ഒന്നാണ്. സൗന്ദര്യവർദ്ധക ചികിത്സയ്ക്കാണ് സുധാകരൻ മോൻസണെ സമീപിച്ചത് എന്നൊക്കെയാണ് ആരോപണം. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്നും പറയപ്പെടുന്നുണ്ട്.

താൻ മെഡിക്കൽ ഡോക്ടർ ആണെന്നാണ് മോൻസൺ തന്നെ പല അഭിമുഖങ്ങളിലും അവകാശപ്പെടുന്നത്. എന്നാൽ ഈ ഡോക്ടർ ബിരുദവും വ്യാജമാണെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. കെ സുധാകരന് ഈ വ്യാജ ഡോക്ടറുടെ ചികിത്സ കൊണ്ട് എന്തെങ്കിലും രോഗശാന്തി ഉണ്ടായോ എന്നതും നിർണായകമായ ചോദ്യമാണ്. ഡോക്ടർ എന്ന നിലയിൽ സന്ദർശിച്ചപ്പോഴാണ് പുരാവസ്തു ശേഖരം കണ്ടത് എന്നാണ് സുധാകരൻ പറയുന്നത്.

ഇതിലും സംശയം ജനിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. ഡോക്ടർ എന്ന നിലയിൽ മോൻസൺ മാവുങ്കലിന് ഏതെങ്കിലും തരത്തിൽ പ്രശസ്തിയുണ്ടായിരുന്നതായി അറിവില്ല. തന്റെ പ്രധാന മേഖല പുരാവസ്തു ശേഖരണമാണെന്ന് മോൻസൺ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും സുധാകരന്റെ 'കോസ്മറ്റിക് ചികിത്സ' ഇയാളുടെ കീഴിൽ ആയത് എങ്ങനെയാണ് എന്നതാണ് ചോദ്യം. ആ ചോദ്യത്തിനും ഉത്തരം പറയാൻ കെ സുധാകരൻ തന്നെയാണ് ബാധ്യസ്ഥൻ.

സാമാന്യ യുക്തിയ്ക്ക് നിരക്കുന്നതല്ല മോൻസൺ മാവുങ്കൽ തന്റെ കൈയ്യിൽ ഉണ്ട് എന്ന് അവകാശപ്പെട്ട പുരാവസ്തുക്കളുടെ ചരിത്രം. മോൻസണിന്റെ വീട്ടിൽ വലിയ പുരാവസ്തു ശേഖരം ഉണ്ടെന്നും അവിടെ ചെന്നപ്പോൾ അതെല്ലാം കണ്ടു എന്നും സുധാകരൻ പറയുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, കെ സുധാകരനേയും പലവിധത്തിൽ ഈ മോൻസൺ മാവുങ്കൽ പറ്റിച്ചിട്ടുണ്ട്. പലതവണ വീട്ടിൽ പോയിട്ടുണ്ടെങ്കിലും അയാളുമായി തനിക്ക് മറ്റ് ബന്ധങ്ങൾ ഒന്നുമില്ലെന്ന് കൂടി സുധാകരൻ പറഞ്ഞുവയ്ക്കുന്നുണ്ട്.

ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ കെ സുധാകരൻ ഇനി സ്വീകരിക്കേണ്ട ഒരു നിലപാട് ബാക്കിയുണ്ട്. ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ആരോപിക്കുന്നതിലൊന്നും തെറ്റില്ല. അതിനൊപ്പം തന്നെ മോൻസൺ മാവുങ്കലിനെതിരെ ഒരു പരാതി നൽകാൻ എങ്കിലും സുധാകരൻ തയ്യാറാകണം എന്നതാണത്. കാരണം, കെ സുധാകരനെ വ്യാജ ചികിത്സ നൽകി ഇയാൾ പറ്റിച്ചിട്ടുണ്ട്. ഡോക്ടർ അല്ലാത്ത ഒരാൾക്ക് എങ്ങനെയാണ് ഒരാളെ ചികിത്സിക്കാൻ കഴിയുക. മോൻസൺ മറ്റാരേയെങ്കിലും ഇതുപോലെ ചികിത്സിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ കൂടി സുധാകരൻ പരാതി നൽകിയാൽ അത് സഹായകമാകും. ഇങ്ങനെ ഒരു പരാതി നൽകാൻ സുധാകരൻ തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്.

കെ സുധാകരൻ മോൻസണ് വേണ്ടി പണം ലഭ്യമാക്കാൻ ഇടപെട്ടു എന്നതാണ് പരാതിയിൽ പറയുന്ന ഒരു ഗുരതരമായ ആരോപണം. ഫെമ പ്രകാരം തടഞ്ഞുവയ്ക്കപ്പെട്ടപ്പെട്ട കാൽ കോടി രൂപ വിട്ടുകിട്ടാൻ ആണത്രെ സുധാകരൻ സഹായിച്ചത്. എന്തായാലും പരാതിയിൽ പറയുന്ന തീയ്യതിയും മറ്റും ചില സംശയങ്ങൾക്ക് വഴിവയ്ക്കുന്നതാണെന്ന് പറയാതെ വയ്യ. സുധാകരൻ എംപി അല്ലാതിരുന്ന കാലത്താണ്, അദ്ദേഹത്തെ എംപി എന്ന് വിശേഷിപ്പിക്കുകയും മറ്റും ചെയ്തിരിക്കുന്നത്. പരാതിയിൽ അത്തരം ഒരു കള്ളത്തരം ഉണ്‌ചെങ്കിൽ അത് കൂടി അന്വേഷിക്കപ്പെടേണ്ട വസ്തുതയാണ്.

എന്തായാലും മോൻസൺ മാവുങ്കൽ ഇത്രയും കാലം പറ്റിച്ചുപോന്നത് കേരളത്തിലെ വമ്പൻമാരുൾപ്പെടെയുള്ള ആളുകളെയാണ്. രാഷ്ട്രീയ നേതാക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സിനിമാ താരങ്ങളും എല്ലാം മോൻസണിന്റെ പറ്റിക്കലിന് ഏതെങ്കിലും വിധത്തിൽ പാത്രമായിക്കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായ പറ്റിക്കലുകൾക്ക് ഇവർ ഇരയായിട്ടുണ്ടോ എന്നത് ഇനി പുറത്ത് വരേണ്ട കാര്യമാണ്. ഇത്തരമൊരു പരാതി പുറത്ത് വരുന്നത് വരെ കേരളത്തിലെ പല പ്രമുഖ മാധ്യമങ്ങളേയും മോൻസൺ പറ്റിക്കുകയായിരുന്നു. പല മാധ്യമങ്ങളിലും ഈ 'അസാധാരണ' പുരാവസ്തു ശേഖരണക്കാരനെ കുറിച്ചുള്ള അപദാനങ്ങൾ ഏറെ പ്രസിദ്ധീകരിച്ച് വരികയും ചെയ്തിട്ടുണ്ട് എന്നത് ഏറെ ദയനീയമായ കാര്യമാണ്.
Recommended Video

പലരും മോൺസണിന്റെ വീട് സന്ദർശിച്ചതിന് ശേഷം അയാളുടെ ആരാധകരായി മാറിയെങ്കിലും, അതിൽ വ്യത്യസ്തനായത് ഒരാൾ മാത്രമാണ്. അത് എഡിജിപി മനോജ് എബ്രഹാം ആയിരുന്നു. മോൻസണിന്റെ തട്ടിപ്പുകളെ കുറിച്ച് സംശയം തോന്നിയ അദ്ദേഹമാണ്, ഒരു രഹസ്യാന്വേഷണം നടത്താൻ നിർദ്ദേശിച്ചതും നിർണായകമായ പല കാര്യങ്ങൾ കണ്ടെത്തുകയും ചെയ്തത്.












Click it and Unblock the Notifications